മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ ശാസ്ത്രപ്രതിഭകൾ' എന്ന പുസ്തകത്തിൽ സി.വി. രാമനെ കുറിച്ചുള്ള അധ്യായത്തിൽ നിന്നുള്ള ഭാഗം വായിക്കാം. 

To advertise here,

രു സുതാര്യമാധ്യമത്തിലൂടെ കടന്നുപോകുമ്പോൾ, പ്രകീർണനം (Dispersion) സംഭവിക്കുന്ന ഏകവർണപ്രകാശത്തിൽ (Monochromatic light) ചെറിയൊരു ഭാഗത്തിന് തരംഗദൈർഘ്യത്തിൽ വ്യത്യാസമുണ്ടാകുന്നു എന്ന കണ്ടെത്തൽ സി.വി.രാമനും, അദ്ദേഹത്തിന്റെ വിദ്യാർഥി കെ.എസ്. കൃഷ്ണനും ചേർന്ന് അന്തിമമായി സ്ഥിരീകരിച്ചത് 1928 ഫെബ്രുവരി 28-നാണ്. അധികം വൈകാതെ ഈ പ്രതിഭാസം 'രാമൻ പ്രഭാവം' (Raman Effect) എന്ന് അറിയപ്പെടാൻ തുടങ്ങി. പ്രകാശകണങ്ങൾ (ഫോട്ടോണുകൾ) തന്മാത്രകളിൽ തട്ടിത്തെറിക്കുന്നതാണ് തരംഗദൈർഘ്യത്തിൽ വ്യത്യാസമുണ്ടാകാൻ കാരണം. പ്രകീർണനം മൂലം പ്രകാശകണങ്ങളുടെ ഊർജത്തിനോ തരംഗദൈർഘ്യത്തിനോ വ്യത്യാസമുണ്ടാകില്ലെന്ന പരമ്പരാഗത വിശ്വാസത്തെ പൊളിച്ചെഴുതുകയാണ് രാമൻ പ്രഭാവം ചെയ്തത്.

1930-ൽ ഫിസിക്‌സിനുള്ള നൊബേൽ പുരസ്‌കാരത്തിന് രാമനെ അർഹമാക്കിയ ആ കണ്ടുപിടിത്തത്തിന്റെ സ്മരണാർഥമാണ്, ഫെബ്രുവരി 28-നെ രാജ്യം 'ദേശീയശാസ്ത്രദിനം' ആയി ആചരിക്കുന്നത്. ആ കണ്ടുപിടിത്തത്തിന് രാമന് മാത്രം നൊബേൽ കിട്ടിയതിൽ ചില വിവാദങ്ങൾ ഉടലെടുത്തു. കെ.എസ്. കൃഷ്ണനെ നൊബേലിൽനിന്ന് ഒഴിവാക്കിയതിലും, രാമൻ പ്രഭാവം ക്വാർട്സ് പരലുകളിൽ ആദ്യമായി നിരീക്ഷിച്ച ലിയോനിഡ് മാൻഡെൽസ്റ്റാം, ഗ്രിഗറി ലാൻഡ്സ്ബർഗ് എന്നീ റഷ്യൻ ഗവേഷകർക്ക് പുരസ്‌കാരം നൽകാത്തതുമാണ് വിവാദത്തിന് മുഖ്യമായും കാരണമായത്.

1990-കളുടെ അവസാനം പുറത്തുവന്ന നൊബേൽ രേഖകൾ പരിശോധിച്ച ശാസ്ത്രചരിത്രകാരന്മാരായ രജീന്ദർ സിങും ഫാൽക് റീസും എത്തിയ നിഗമനം, ഇക്കാര്യത്തിൽ രാമനെ വിമർശിക്കുന്നതിൽ കാര്യമില്ല എന്നാണ്. രാമന്റെ നിയന്ത്രണത്തിലുള്ള സംഗതികളായിരുന്നില്ല അത്. പോരാത്തതിന്, 'രാമൻ പ്രഭാവ'ത്തിന്റെ കണ്ടുപിടിത്തത്തിന് മാത്രമായി രാമനെ പുരസ്‌കാരത്തിന് പരിഗണിക്കുകയായിരുന്നില്ല. 'പ്രകാശ പ്രകീർണനവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പരീക്ഷണങ്ങൾക്കും 'രാമൻ പ്രഭാവ'ത്തിന്റെ കണ്ടെത്തലിനു'മാണ് ('for his work on the scattering of light and for the discovery of the effect named after him') പുരസ്‌കാരം നൽകിയതെന്ന് നൊബേൽ വിജ്ഞാപനത്തിൽ പറയുന്നു. 1921-ൽ കടലിന്റെ നീലനിറം രാമൻ വിശദീകരിച്ചതു മുതൽ ആ ഗവേഷകൻ നടത്തിയ പ്രവർത്തനങ്ങളെയാകെ പരിഗണിച്ചാണ് നൊബേൽ പുരസ്‌ക്കാരം നൽകപ്പെട്ടത്.

ആ ഗവേഷണങ്ങളിൽ തന്റെ വിദ്യാർഥികൾ വഹിച്ച പങ്ക് പരാമർശിക്കാനുള്ള ഒരവസരവും രാമൻ നഷ്ടപ്പെടുത്തിയില്ല. 1930 ഡിസംബർ 11-ന് സ്റ്റോക്ക്ഹോമിൽ നടത്തിയ നൊബേൽ പ്രഭാഷണത്തിൽ ('The Molecular Scattering of Light') പോലും രാമനാഥൻ, കൃഷ്ണൻ തുടങ്ങിയവർ ആ കണ്ടുപിടിത്തത്തിൽ വഹിച്ച പങ്ക് രാമൻ വിശദീകരിക്കുകയുണ്ടായി. രാമൻ പ്രഭാവത്തിന്റെ കണ്ടെത്തലിൽ പ്രൊഫസറുടെ മാർഗനിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് താൻ ചെയ്തതെന്നും, നൊബേൽ പുരസ്‌കാരത്തിന് അദ്ദേഹം തന്നെയാണ് അർഹനെന്നും കൃഷ്ണൻ പിൽക്കാലത്ത് ഒരു സംശയത്തിനും ഇടകൊടുക്കാതെ പ്രസ്താവിച്ചു. 

റഷ്യൻ ഗവേഷകരും വിവാദവും
റഷ്യക്കാരുടെ കഥ അൽപം വിശദീകരിക്കേണ്ടതുണ്ട്. പ്രകാശപ്രകീർണനവുമായി ബന്ധപ്പെട്ട പഠനങ്ങൾ 1913 മുതൽ നടത്തിയിരുന്ന ഗവേഷകനാണ് മാൻഡെൽസ്റ്റാം. 1925 മുതൽ ലാൻഡ്സ്ബർഗുമായി ചേർന്ന് ആ പ്രവർത്തനം ശക്തിപ്പെടുത്തി. ക്വാർട്സ് ക്രിസ്റ്റലുകളാണ് (ക്വാർട്സ് പരലുകൾ) അവർ പഠനമാധ്യമമായി തിരഞ്ഞെടുത്തത്. ക്രിസ്റ്റലിൽ പ്രകീർണനം സംഭവിക്കുന്ന പ്രകാശത്തിൽ ചെറിയൊരു ഭാഗത്തിന്റെ തരംഗദൈർഘ്യത്തിന് വ്യത്യാസമുണ്ടാകുന്ന കാര്യം 1928 ഫെബ്രുവരി 21-ന് ഇരുവരും നിരീക്ഷിച്ചു. ആ കണ്ടെത്തലിന്റെ വിവരം അവർ ആദ്യമായി പൊതുവേദിയിൽ അവതരിപ്പിക്കുന്നത് 1928 ഏപ്രിൽ 27-നാണ്. റഷ്യയിൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഫിസിക്സിന്റെ പീപ്പിൾസ് കമ്മീഷരിയേറ്റ് ഓഫ് ഹെൽത്ത് നടത്തിയ മീറ്റിങ്ങിൽ ലാൻഡ്സ്ബർഗാണ് അത് അവതരിപ്പിച്ചത്.

തങ്ങളുടെ കണ്ടെത്തൽ പ്രസിദ്ധീകരിക്കാൻ റഷ്യൻ ഗവേഷകർ തീരെ തിടുക്കം കാട്ടിയില്ല എന്നാണ് കരുതേണ്ടത്. പലവിധ കാരണങ്ങളാൽ റിപ്പോർട്ട് തയ്യാറാക്കുന്നത് നീണ്ടുപോയി. 1928 മാർച്ച് 15 ന് അറസ്റ്റിലായ തന്റെയൊരു ബന്ധുവിനെ പുറത്തിറക്കാൻ കുറെ സമയം മാൻഡെൽസ്റ്റാമിന് ചെലവിടേണ്ടിവന്നതും പ്രസിദ്ധീകരണം നീണ്ടുപോകാൻ കാരണമായി. അവർ ആ കണ്ടെത്തിലെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ട് മെയ് ആറിനാണ് തയ്യാറാക്കിയത്. 1928 ജൂലായ് 13-ന് അത് പ്രസിദ്ധീകരിച്ചു ('Die Naturwissenschaften' ജേർണലിൽ).

റഷ്യക്കാരിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു രാമന്റെ ശൈലി. പഠനവിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് അൽപ്പവും വൈകിക്കുന്ന സ്വഭാവം രാമന് മുമ്പേ ഉണ്ടായിരുന്നില്ല. 1921-ൽ യൂറോപ്പിൽനിന്ന് മുംബൈയ്ക്കുള്ള യാത്രാമധ്യേ, കടലിന്റെ നീലനിറത്തെക്കുറിച്ച് കപ്പലിൽവെച്ച് നടത്തിയ നിരീക്ഷണം ഏദൻ തുറമുഖത്തുനിന്ന് നേച്ചർ ജേർണലിന് രാമൻ അയച്ചകാര്യം ഓർക്കുക. കൊൽക്കത്തയിൽ രാമന്റെ ശിക്ഷ്യനായിരുന്ന എൽ.എ. രാംദാസ് രാമന്റെ ശൈലിയെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെ: 'ഗവേഷണ പ്രബന്ധങ്ങൾ എഴുതുന്നതിലും എഡിറ്റ് ചെയ്യുന്നതിലും അദ്ദേഹം (രാമൻ) വളരെ വിദഗ്ധനായിരുന്നു. സാധാരണഗതിയിൽ പബ്ലീഷർമാർക്ക് പ്രബന്ധങ്ങളയയ്ക്കാൻ വൈകാറാണ് പതിവ്. രാമൻ പക്ഷേ ടാക്സി പിടിച്ച് ജനറൽ പോസ്റ്റോഫീസിലെത്തി വൈകിയതിനുള്ള ഫീസടച്ച് സയമത്ത് പ്രബന്ധം അയച്ചു എന്ന് ഉറപ്പുവരുത്തുമായിരുന്നു'.

രാമൻ പ്രഭാവം കണ്ടെത്തിയപ്പോഴും ഈ ശൈലി അദ്ദേഹം പിന്തുടർന്നു. 1928 മാർച്ച് 16-ന് ബാംഗ്ലൂരിൽ നടന്ന സൗത്ത് ഇന്ത്യ സയൻസ് അസോസിയേഷൻ സമ്മേളനത്തിൽ ആ കണ്ടുപിടിത്തത്തിന്റെ വിശദാംശങ്ങൾ രാമൻ അവതരിപ്പിച്ച കാര്യം സൂചിപ്പിച്ചല്ലോ. തിരികെ കൊൽക്കത്തയിലെത്തിയ അദ്ദേഹം റിപ്പോർട്ട് വേഗം തയ്യാറാക്കി കൊൽക്കത്ത യൂണിവേഴ്സിറ്റി പ്രസ്സിൽ 2000 കോപ്പി അച്ചടിപ്പിച്ച് ലോകമെമ്പാടുമുള്ള പ്രമുഖ ഗവേഷകർക്കും ഗവേഷണകേന്ദ്രങ്ങൾക്കും അയച്ചുകൊടുത്തു. ഫ്രാൻസ്, ജർമനി, റഷ്യ, കാനഡ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ പ്രകാശപ്രകീർണനരംഗത്ത് ഗവേഷണം നടത്തുന്നവർക്കെല്ലാം പ്രബന്ധത്തിന്റെ മുൻകൂർ കോപ്പി രാമൻ അയച്ചു. 'ഇന്ത്യൻ ജേർണൽ ഓഫ് ഫിസിക്സി'ന്റെ മാർച്ച് 31 ലക്കത്തിൽ ആ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പായിരുന്നു അത്.

ആ നടപടി വഴി രാമൻ അവിഹിതമായ എന്തോ സംഗതി ചെയ്യുകയായിരുന്നുവെന്ന് കരുതുന്നവരുണ്ട്. യഥാർഥത്തിൽ ഇന്റർനെറ്റിന്റെ വരവിനുമുമ്പ് ലോകത്തെവിടെയും ഗവേഷകർ പിന്തുടർന്നുപോന്ന നടപടി മാത്രമാണ് രാമനും ചെയ്തത്. ഒരു ഗവേഷണ ജേർണലിൽ പ്രസിദ്ധീകരിക്കാൻ പോകുന്ന പ്രബന്ധം Arxiv.org പോലുള്ള ഓൺലൈൻ സൈറ്റുകളിൽ മുൻകൂറായി നൽകുന്നത് ഇപ്പോഴത്തെ രീതിയാണ്. ഒരു പ്രത്യേക വിഷയത്തിൽ ഒരു പ്രബന്ധം വരാൻ പോകുന്ന കാര്യം, ആ മേഖലയിലുള്ളവരെ മുൻകൂട്ടി അറിയിക്കാൻ ഇത് സഹായിക്കും. മാത്രമല്ല, ഒരു ഗവേഷകനെ സംബന്ധിച്ചിടത്തോളം താനാണ് ആ കണ്ടെത്തൽ ആദ്യം പ്രസിദ്ധീകരിച്ചതെന്ന് ലോകത്തെ ബോധ്യപ്പെടുത്താനും അതുപകരിക്കും. ഓൺലൈൻ സൗകര്യങ്ങളില്ലാതിരുന്ന പഴയ കാലത്ത് മിക്ക ഗവേഷകരും ചെയ്തിരുന്നത്, പ്രസിദ്ധീകരിക്കാൻ പോകുന്ന പ്രബന്ധത്തിന്റെ മുൻകൂർ കോപ്പി അച്ചടിച്ച് ലോകത്തെ പ്രധാന ഗവേഷണകേന്ദ്രങ്ങൾക്കും ഗവേഷകർക്കും യൂണിവേഴ്സിറ്റികൾക്കും അയച്ചുകൊടുക്കുക എന്നതായിരുന്നു. രാമനും അതേ ചെയ്തുള്ളു.

രാമനും കൃഷ്ണനും ചേർന്നെഴുതിയ റിപ്പോർട്ട് നേച്ചർ ജേർണൽ പ്രസിദ്ധീകരിച്ചതും, ഇന്ത്യൻ ജേർണൽ ഓഫ് ഫിസിക്‌സിൽ രാമന്റെ പ്രബന്ധം പ്രസിദ്ധീകരിച്ചതും ഒരേ ദിവസമാണ്; 1928 മാർച്ച് 31 ന്. അതിന് 27 ദിവസം കഴിഞ്ഞ് ഏപ്രിൽ 27 നാണ് റഷ്യൻ ഗവേഷകർ തങ്ങളുടെ കണ്ടെത്തലിന്റെ വിവരം ഒരു പൊതുവേദിയിൽ ആദ്യമായി വെളിപ്പെടുത്തുന്നത്. രാമന്റെ കണ്ടെത്തൽ പ്രസിദ്ധീകരിച്ച് ഏതാണ്ട് മൂന്നര മാസം കഴിഞ്ഞ് ജൂലായ് 13 നാണ് റഷ്യൻ ഗവേഷകർ അത് പ്രസിദ്ധീകരിക്കുന്നത്. ഗവേഷണലോകത്ത് ഒരു കണ്ടെത്തൽ ആര് ആദ്യം പ്രസിദ്ധീകരിച്ചു, ആദ്യം ലോകത്തെ അറിയിച്ചു എന്നതാണ് പ്രധാനം. മാത്രമല്ല, റഷ്യക്കാർ തങ്ങളുടെ റിപ്പോർട്ട് പ്രസിദ്ധീകരിക്കുമ്പോഴേക്കും, രാമന്റെ കണ്ടെത്തലിനെ ആധാരമാക്കി 16 പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിരുന്നു. മാത്രമല്ല, മാർച്ച് 31 നും ഏപ്രിൽ 21 നും നേച്ചർ ജേർണലിൽ രാമനും കൃഷ്ണനും പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ റഷ്യൻ ഗവേഷകർ തങ്ങളുടെ ആദ്യപ്രബന്ധത്തിൽ റഫർ ചെയ്യുന്നുമുണ്ട്.

എങ്കിലും, രാമനെക്കാൾ മുമ്പ് റഷ്യൻ ഗവേഷകരല്ലേ ആ പ്രതിഭാസം കണ്ടുപിടിച്ചതെന്ന് ചിലർ ചോദിക്കാറുണ്ട്. പറയപ്പെടുന്ന തീയതികൾവെച്ച് നോക്കിയാൽ സംഭവം ശരിയാണ്. റഷ്യക്കാർ 1928 ഫിബ്രവരി 21-ന് കണ്ടുപിടിച്ച സംഗതി, ഏഴ് ദിവസം കഴിഞ്ഞ് ഫെബ്രുവരി 28 നാണ് രാമനും കൃഷ്ണനും സ്ഥിരീകരിച്ചത്! യഥാർഥത്തിൽ, 1928 ഫിബ്രവരി 28 നാണോ 'രാമൻ പ്രഭാവം' കണ്ടുപിടിക്കപ്പെട്ടത്? 1923-ൽ രാമന്റെ നിർദേശമനുസരിച്ച് കടൽജലത്തലൂടെ സൂര്യപ്രകാശം കടത്തിവിട്ട് നടത്തിയ പരീക്ഷണത്തിൽ രാമനാഥൻ നിരീക്ഷിച്ചതും 'ദുർബല ഫ്ളൂറസെൻസ്' എന്ന് വിശേഷിപ്പിച്ചതുമായ പ്രതിഭാസത്തിൽനിന്നാണ് രാമൻ പ്രഭാവത്തിലേക്ക് എത്തിയത്.

അരപതിറ്റാണ്ടിനിടെ, 80 ഓളം ലായനികളിലും ബാഷ്പങ്ങളിലും ഖരപദാർഥങ്ങളിലും ആ പ്രതിഭാസം രാമനും ശിക്ഷ്യരും നിരീക്ഷിച്ചു. കൃഷ്ണന്റെ ഡയറിക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുള്ളത് പ്രകാരം, ആ പ്രതിഭാസത്തിന്റെ സൈദ്ധാന്തിക വിശദീകരണം രാമൻ ആദ്യമായി ചർച്ചചെയ്യുന്നത് 1928 ഫെബ്രുവരി ഏഴിനാണ്. '.....ഞങ്ങൾ നിരീക്ഷിച്ചത് തീർച്ചയായും 'ക്രാമേഴ്സ്-ഹെയ്സൻബർഗ് പ്രഭാവം' (Kramers-Heisenberg effect) ആയിരിക്കണം എന്ന് പറയാനാണ് അദ്ദേഹം (രാമൻ) എത്തിയത്. അതിനെ 'മോഡിഫൈഡ് സ്‌കാറ്ററിങ്' (modefied scattering) എന്ന് വിളിക്കാൻ ഞങ്ങൾ തീരുമാനിച്ചു' - കൃഷ്ണൻ അന്ന് ഡയറിയിൽ കുറിച്ചു. ഇത് റഷ്യക്കാരുടെ കണ്ടുപിടിത്തം നടന്നു എന്ന് പറയുന്ന തിയതിക്ക് രണ്ടാഴ്ച്ച മുമ്പുള്ള സംഭവമാണ്.

ഫെബ്രുവരി 16-നാണ് രാമനും കൃഷ്ണനും ചേർന്ന് 'എ ന്യൂ ടൈപ്പ് ഓഫ് സെക്കൻഡറി റേഡിയേഷൻ' എന്ന തങ്ങളുടെ ആദ്യപ്രബന്ധം നേച്ചറിന് അയയ്ക്കുന്നത്. 60 ലായനികളിലൂടെ പ്രകാശം കടത്തിവിടുമ്പോൾ കുറഞ്ഞ ആവർത്തിയിലുള്ള അധികവികിരണം നിരീക്ഷിച്ച കാര്യമാണ് അതിൽ ഇരുവരും വിശദീകരിച്ചത്. ആ പ്രബന്ധം നേച്ചറിന് അയയ്ക്കുന്നത് റഷ്യക്കാരുടെ കണ്ടുപിടിത്തം നടന്ന തീയതിക്ക് അഞ്ചുദിവസം മുമ്പാണ്. രാമനും കൃഷ്ണനും തങ്ങളുടെ കണ്ടെത്തലും സൈദ്ധാന്തിക വിശദീകരണവും റഷ്യക്കാർക്ക് മുമ്പേതന്നെ നടത്തിക്കഴിഞ്ഞിരുന്നു എന്നാണ് ഇതിൽനിന്ന് മനസിലാക്കേണ്ടത്. അപ്പോൾ ഫെബ്രുവരി 28 ന് എന്താണ് സംഭവിച്ചത്? കണ്ടെത്തിയ പ്രതിഭാസത്തെ സ്പെക്ട്രോസ്‌കോപ്പ് വഴി നിരീക്ഷിച്ച് അന്തിമസ്ഥിരീകരണം നടത്തുകയാണ് അന്ന് രാമനും കൃഷ്ണനും ചെയ്തത്.

എന്നുവെച്ചാൽ, ഫെബ്രുവരി 28 എന്നത് ഒരു ആലങ്കാരിക സംഗതി മാത്രമാണ്. പറയാൻ ഒരു തീയതി, അത്രമാത്രം. എങ്കിലും, ഏതാണ്ട് ഒരേ സമയത്തുനടന്ന കണ്ടെത്തൽ തന്നെയാണത്. പ്രസിദ്ധീകരിക്കാൻ അൽപ്പം വൈകി എന്നതുകൊണ്ടു മാത്രം റഷ്യൻ ഗവേഷകരെ നൊബേൽ പുരസ്‌ക്കാരത്തിൽനിന്ന് ഒഴിവാക്കിയത് ഉചിതമാണോ? അല്ല എന്ന് കരുതുന്ന ഒട്ടേറെപ്പേരുണ്ട്. തീർച്ചയായും ഈ വാദത്തിൽ കുറെ കഴമ്പുമുണ്ട്. ഇത്തരം നീതികേടുകളുടെ വലിയൊരു പട്ടിക തന്നെ നൊബേൽ ചരിത്രത്തിലുണ്ടെന്ന കാര്യം മറന്നുകൂടാ. എന്നിരിക്കിലും, 1930-ലെ ഭൗതികശാസ്ത്ര നൊബേൽ രാമന് മാത്രം നൽകാൻ തക്കതായ ന്യായീകരണം നൊബേൽ കമ്മറ്റിയുടെ മുന്നിലുണ്ടായിരുന്നു എന്നാണ് നൊബേൽ രേഖകൾ പരിശോധിച്ച രജീന്ദർ സിങും ഫാൽക് റീസും രേഖപ്പെടുത്തിയത്.

മൂന്ന് സംഗതികളാണ് രാമന് പുരസ്‌കാരം നൽകാൻ നൊബേൽ കമ്മറ്റിയെ പ്രേരിപ്പിച്ചത്. അതിൽ ഒന്നാമത്തേത് നൊബേൽ പ്രഖ്യാപനത്തിൽതന്നെ വ്യക്തമാണ്. 'രാമൻ പ്രഭാവ'ത്തിന് മാത്രമായിരുന്നില്ല പുരസ്‌കാരം; പ്രകാശ പ്രകീർണനത്തെക്കുറിച്ച് രാമൻ നടത്തിയ പഠനങ്ങൾക്ക് കൂടിയായിരുന്നു. 'രാമൻ പ്രഭാവ'ത്തിന്റെ കാര്യത്തിൽ റഷ്യൻ ഗവേഷകർക്ക് കൂടി അർഹതപ്പെട്ടതല്ലേ പുരസ്‌കാരം എന്നകാര്യം നൊബേൽ കമ്മറ്റി പരിഗണിക്കാതിരുന്നില്ല. 1930 ൽ നൊബേൽ പുരസ്‌കാരം പ്രഖ്യാപിക്കുന്നതിനുമുമ്പ് ഇക്കാര്യം പരിശോധിക്കാൻ നൊബേൽ കമ്മറ്റിയംഗവും ഫിസിക്കൽ ഇൻസ്റ്റിട്ട്യൂട്ടിന്റെ ഡയറക്ടറുമായ എറിക് ഹ്യൂൽഥെനിനെ ചുമതലപ്പെടുത്തുകയുണ്ടായി. രാമനാണ് നൊബേലിന് അർഹൻ എന്നുകാണിച്ച് അദ്ദേഹം റിപ്പോർട്ട് നൽകി. അതിൽ റഷ്യക്കാരെ ഒഴിവാക്കാൻ ഒന്നാമതായി പറഞ്ഞിരിക്കുന്ന കാരണം, റഷ്യൻ ഗവേഷകർ തങ്ങളുടെ കണ്ടുപിടിത്തം പുറത്തറിയിക്കാൻ വൈകി എന്നതല്ല. പകരം, ആ പ്രതിഭാസത്തിന് സ്വതന്ത്രമായ സൈദ്ധാന്തിക വിശദീകരണം നൽകാൻ അവർക്കായില്ല എന്നതാണ്.

1928 മാർച്ച് 31, ഏപ്രിൽ 21 തീയതികളിൽ നേച്ചർ ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിലൂടെ രാമനും കൃഷ്ണനും അത് ഭംഗിയായി നിർവഹിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. എന്നുവെച്ചാൽ, റഷ്യക്കാർ ആ പ്രതിഭാസത്തിന്റെ വെറും നിരീക്ഷകർ മാത്രമായിരുന്നു. രാമൻ അത് നിരീക്ഷിക്കുക മാത്രമല്ല വിശദീകരിക്കുകയും ചെയ്തു. മാൻഡെൽസ്റ്റാമും ലാൻഡ്സ്ബർഗും തങ്ങളുടെ ആദ്യറിപ്പോർട്ടിൽ (ജൂലായ് 13 ലെ റിപ്പോർട്ടിൽ) ആ പ്രതിഭാസത്തിന്റെ സൈദ്ധാന്തിക വിശദീകരണം നൽകിയില്ല എന്നകാര്യം, അവരുടെ അഭ്യുദയകാംക്ഷിയും സഹപ്രവർത്തകനുമായിരുന്ന ഐ.എൽ. ഫാബെലിൻസ്‌കിയും സാക്ഷ്യപ്പെടുത്തുന്നു. അതായിരുന്നു റഷ്യക്കാരെ ഒഴിവാക്കാൻ നൊബേൽ കമ്മറ്റിക്ക് മുന്നിലെത്തിയ രണ്ടാമത്തെ സംഗതി.

'വലിയ തോതിലുള്ള നിരീക്ഷണങ്ങളിലൂടെ താൻ കണ്ടെത്തിയ പ്രതിഭാസത്തിന്റെ സാർവ്വത്രിക സ്വഭാവം സ്ഥാപിച്ചെടുക്കാൻ രാമന് കഴിഞ്ഞു' എന്ന് നൊബേൽ കമ്മറ്റിക്ക് ബോധ്യപ്പെട്ടതാണ് റഷ്യക്കാരെ ഒഴിവാക്കാനിടയാക്കിയ മൂന്നാമത്തെ സംഗതി. 80 ഓളം വ്യത്യസ്ത ദ്രാവകങ്ങളിലും വാതകങ്ങളിലും ഖരപദാർഥങ്ങളിലും നിരീക്ഷിച്ച ആ പ്രതിഭാസത്തെക്കുറിച്ച് സമഗ്രമായ വിശകലനം നടത്താൻ രാമന് കഴിഞ്ഞതായി റിപ്പോർട്ട് വിലയിരുത്തി. അതേസമയം, റഷ്യൻ ഗവേഷകർ ക്വാർട്സ് ക്രിസ്റ്റലുകളിൽ മാത്രമാണ് ആ പ്രതിഭാസം നിരീക്ഷിച്ചത്. റുഥർ ഫോർഡ്, നീൽസ് ബോർ തുടങ്ങിയ പാശ്ചാത്യ ശാസ്ത്രജ്ഞരുമായുണ്ടായിരുന്ന സുദൃഢ ബന്ധങ്ങളും കാര്യങ്ങൾ രാമന് അനുകൂലമാക്കി മാറ്റിയെന്ന് രജീന്ദർ സിങും ഫാൽക് റീസും അഭിപ്രായപ്പെടുന്നു.