പതിനൊന്നായിരത്തി എഴുനൂറു കോടി മനുഷ്യർ ഇതുവരെ ഭൂമിയിൽ ജീവിച്ചിരുന്നുവെന്നാണ് ഏകദേശകണക്ക്. ഹോമോസാപിയൻസിന്റെ രണ്ടുലക്ഷം വർഷത്തെ ചരിത്രത്തിൽ ഈ ഭൂമിയിൽ ജീവിച്ചിരുന്നവരുടെ കാര്യമാണിത്. വേട്ടയാടിയും പെറുക്കിത്തിന്നും അലഞ്ഞുനടന്നവർ പന്ത്രണ്ടായിരത്തോളം വർഷംമുൻപ്‌ കൃഷിതുടങ്ങി. കൃഷി, മനുഷ്യനെ സാമൂഹികജീവികളാക്കി. സമൂഹം, അതിന്റെ നിലനിൽപ്പിന് മനുഷ്യനിൽനിന്ന് അച്ചടക്കം ആവശ്യപ്പെട്ടു. അങ്ങനെ മതങ്ങളും തത്ത്വശാസ്ത്രങ്ങളുമുണ്ടായി.

To advertise here,

എങ്ങനെ ജീവിക്കണമെന്നതിനുള്ള പരികല്പനകളിലൂടെ അവ മനുഷ്യജീവിതത്തിൽ ഇടപെട്ടുതുടങ്ങി. ഇക്കാര്യങ്ങളെക്കുറിച്ച് ഒട്ടൊക്കെ നമുക്ക് അറിവുള്ളതാണ്. ജീവിതം മതബദ്ധമാകണോ അല്ലയോ എന്നുള്ളത് തികച്ചും വ്യക്തിഗതമായൊരു തിരഞ്ഞെടുപ്പാണ്. സ്വതന്ത്രചിന്തയാണ് ഈ കാലഘട്ടത്തിന് ചേർന്നുനിൽക്കുന്ന ഒരു മതം. സമൂഹത്തിൽ ശാസ്ത്രാഭിമുഖ്യം വളർത്താൻ സ്വദേശത്തും വിദേശത്തുമുള്ള സ്വതന്ത്രചിന്തകരുടെ ശ്രമങ്ങൾ ശ്ലാഘിക്കപ്പെടേണ്ടതുതന്നെ. എന്നാൽ, സ്വതന്ത്രചിന്തകരുടെ ചില നേതാക്കളും സോഷ്യൽ മീഡിയ ജീവിതോപദേശകരും സ്ഥിരമായി നൽകിവരുന്നൊരു ദർശനമുണ്ട്. ജീവിതത്തിന് സവിശേഷിച്ചൊരു അർഥമോ ലക്ഷ്യമോ ഇല്ല എന്നത്. ജീവിക്കുക എന്നതുതന്നെയാണ് ജീവിതത്തിന്റെ അർഥമെന്നും ഇവർ പഠിപ്പിക്കുന്നു.

റഷ്യൻ വിപ്ലവകാരികളുടെ കൂത്താട്ടങ്ങളിൽ സഹികെട്ട് പരാജിതനായ മനുഷ്യസ്നേഹി ഡോ. ഷിവാഗോ ഇങ്ങനെ പറയുന്നുണ്ട്: ‘‘അനന്തമായ തയ്യാറെടുക്കലിന്റെ അവസാനിക്കാത്ത ഈ ചുഴലിക്കാറ്റ് എന്തിനെന്നു നിനക്കറിയാമോ? കാരണം, അവർക്ക് യഥാർഥ കഴിവുകളില്ല; മേധാശക്തിയില്ല. ജീവിക്കാനാണ് മനുഷ്യൻ ജനിക്കുന്നത്; ജീവിതത്തിനുവേണ്ടി തയ്യാറാകാനല്ല. ജീവിതംതന്നെ-ജീവന്റെ വരം-ഉത്‌കണ്ഠാജനകമാംവിധം ഗൗരവമുള്ളതാണ്’’

ജീവിതവും ലക്ഷ്യവും

ജീവിക്കാനാണ് മനുഷ്യൻ ജനിക്കുന്നതെന്ന ചിന്ത രസമുള്ളതാണ്. ഒന്നിലും ഇടപെടാതെ, സ്വന്തം കാര്യംനോക്കി നിലവിലുള്ള മതത്തിലോ ഉണ്ടായിവരുന്ന സ്വതന്ത്രചിന്തകരുടെ മതത്തിലോ ഉൾച്ചേർന്ന് ജീവിതം അതിന്റെ വരവുപോലെ ആസ്വദിക്കാം. കുറച്ചുകാലം വെറുതേയിരുക്കുന്നതിലും വേണമെങ്കിൽ ആനന്ദം കണ്ടെത്താം. അതിൽ അസംഗതമായതൊന്നുമില്ല. 365 ദിവസവും ജീവിതലക്ഷ്യംതേടി പുകഞ്ഞുജീവിക്കുന്നതും ക്ലേശകരമാണ്. വെറുതേയിരുന്ന് ആനന്ദിക്കുക എന്നൊരു ജീവിതശൈലി തന്നെയുണ്ട്. ജീവിതാക്രാന്തത്തിൽ എല്ലാം കൈവിടുന്ന അവസ്ഥയിൽ ഉണർവ് വീണ്ടെടുക്കാൻ കുറെനാൾ വെറുതേ ആനന്ദിക്കുക അഭിലഷണീയമാണുതാനും.

എന്നാൽ, ലക്ഷ്യം ഒരിക്കലും വേണ്ടാ, ആനന്ദം മാത്രം മതിയെന്ന സ്വതന്ത്രചിന്തയിലാണ് പ്രശ്നം. കാർഷികസമൂഹം രൂപപ്പെട്ടുതുടങ്ങിയ കാലഘട്ടത്തിൽ മനുഷ്യകുലത്തിന്റെ ശരാശരി ആയുർദൈർഘ്യം 35 വയസ്സായിരുന്നു. രണ്ടായിരം വർഷംമുൻപ്‌ 45 വയസ്സിലേക്കും ഈ നൂറ്റാണ്ടിൽ 73 വയസ്സിലേക്കും മനുഷ്യന്റെ ശരാശരി ആയുസ്സ് ദീർഘപ്പെട്ടു. രണ്ടുലക്ഷം വർഷത്തെ കണക്കെടുത്താൽ ശിശുമരണനിരക്ക് ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിക്കുമ്പോൾ, മൊത്തത്തിൽ മനുഷ്യകുലത്തിന്റെ ശരാശരി ആയുർദൈർഘ്യം 28 വയസ്സാണ്. 25 വർഷത്തെ ശരാശരി ജീവിതം 73 വയസ്സാകുന്നതിൽ നിർണായകപങ്കുവഹിച്ചത് ശാസ്ത്ര-സാങ്കേതിക മേഖലകളിൽ നടന്നുവരുന്ന തീവ്രമായ പരീക്ഷണങ്ങളും അതിനായി സമർപ്പിക്കപ്പെട്ട ജീവിതങ്ങളുമാണ്; ലക്ഷ്യമില്ലാത്ത ജീവിതങ്ങളല്ല.

ജീവിതംതന്നെ ജീവിതം

സ്വന്തം ജീവിതം പണയംവെച്ചുകൊണ്ട് നൂറുകണക്കിന് ഭ്രാന്തൻനായകളുടെ വായിൽനിന്ന് സ്വന്തം വായിൽ ഘടിപ്പിച്ച ഗ്ലാസ് കുഴലിലൂടെ ഉമിനീർ വലിച്ചെടുത്ത് നിരന്തരം ഗവേഷണംനടത്തി പേപ്പട്ടിവിഷത്തിനെതിരായ വാക്‌സിൻ കണ്ടുപിടിച്ച ലൂയീസ് പാസ്ചറും ഒരുദശകം നീണ്ട ഗവേഷണങ്ങളെത്തുടർന്ന് പോളിയോ വാക്‌സിൻ വികസിപ്പിച്ചെടുത്ത ജോനാസ് സാൽക്കും മെഡിക്കൽ റേഡിയോളജി ചികിത്സാപദ്ധതിക്കായി സ്വന്തം ജീവിതംതന്നെ സമർപ്പിച്ച് ഒടുവിൽ റേഡിയേഷൻ പ്രഭാവത്താൽ അർബുദംബാധിച്ച് മരിച്ച മേരിക്യൂറിയുമൊക്കെ ജീവനംതന്നെ ജീവിതമെന്നമട്ടിൽ ജീവിച്ചുരസിച്ചിരുന്നെങ്കിൽ, അതൊരു സിദ്ധാന്തമായെടുത്തിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി. ഇത്തരം പതിനായിരക്കണക്കിന് ശാസ്ത്രജ്ഞരും ഗവേഷകരും സ്വന്തം ജീവിതലക്ഷ്യം മനുഷ്യകുലത്തിന്റെ നന്മയിൽ കോർത്തുവെച്ചതിന്റെ അനന്തരഫലമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, ശരാശരി ഏഴുപതിറ്റാണ്ടിലേറെ നീളുന്ന നമ്മുടെ ജീവിതം. 2019-ൽ തന്റെ 97-ാംവയസ്സിൽ രസതന്ത്ര നൊബേൽ സമ്മാനം ലഭിച്ച ജോൺ ഗുഡ്ഇനഫ് തന്നെ പ്രശസ്തനാക്കിയ ഒരു കണ്ടുപിടിത്തത്തിനായി ചെലവിട്ടത് രണ്ടുദശകമാണ്. മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്ന ലിഥിയം-അയേ ൺ ബാറ്ററി യാഥാർഥ്യമാക്കിയത് ഗുഡ്ഇനഫിന്റെ നിതാന്തസപര്യയാണ്.

ഈ ലേഖനത്തിന് പ്രേരകമായത് ഈയിടെ പുറത്തിറങ്ങിയ റട്ട്ഗർ ബ്രെഗ്മാന്റെ ‘മോറൽ അമ്പിഷൻ’ എന്ന പുസ്തകമാണ്.

മോറൽ അമ്പിഷൻ എന്നാൽ, ധാർമികമായ അഭിലാഷമാണ്. സമൂഹത്തിന് ഗുണകരമാവണമെന്ന ധർമനിഷ്ഠയോടെയുള്ള തൊഴിൽജീവിതം. ‘ഒരു കാര്യം ഉറപ്പാണ്: എല്ലാ മലാലകളും മണ്ടേലകളും മദർ തെരേസകളും സംയുക്തമായി രക്ഷിച്ചതിനെക്കാൾ മനുഷ്യജീവനുകളെ രക്ഷിച്ചത് ശാസ്ത്രസപര്യയാണ്.

അതുകൊണ്ടുതന്നെ നമ്മുടെ പ്രതിഭാശാലികളായ കുഞ്ഞുങ്ങൾ ക്ഷുദ്രങ്ങളായ മൊബൈൽ ആപ്പുകളും അൽഗൊരിതങ്ങളും സൃഷ്ടിക്കാൻ തങ്ങളുടെ ജീവിതം ചെലവിടുന്നു എന്നത് ദുരന്തമാണ്. നമ്മുടെ ജീവിതത്തിന് മാറ്റംവരണമെങ്കിൽ ധാർമികമായ ഉത്‌കർഷേച്ഛയുള്ള ശാസ്ത്രപ്രതിഭകളുടെ ഒരു സൈന്യംതന്നെ വേണം’ -റട്ട്ഗർ ബ്രെഗ്മാൻ പറയുന്നു

അസംബന്ധജോലികൾ!

ഒരാളുടെ ജീവിതകാലത്തെ ശരാശരി തൊഴിൽസമയം 80,000 മണിക്കൂറാണ്. അല്ലെങ്കിൽ 10,000 പ്രവൃത്തിദിനങ്ങൾ ഈ സമയം എത്രമാത്രം ധാർമികാഭിലാഷത്തോടെ നിങ്ങൾ ചെലവിടുന്നു എന്ന്‌ ആലോചിക്കാവുന്നതാണ്. നിങ്ങൾ ദീർഘകാലം, ജോലിചെയ്യാതെ സമരം ചെയ്താലും ഈ സമൂഹത്തിന് ഒരു ചുക്കും സംഭവിക്കില്ലെന്നുവെക്കുക. അത്തരം തൊഴിലിനെ അസംബന്ധതൊഴിലുകൾ (ബുൾഷിറ്റ് ജോബ്‌സ്) എന്ന് വിളിച്ചത് ഡേവിഡ് ഗ്രേബർ എന്ന നരവംശശാസ്ത്രജ്ഞനാണ്. കോവിഡ്കാലത്ത് നാം നമ്മളുടെ തൊഴിലുകളുടെ പ്രസക്തിയോ പ്രസക്തിയില്ലായ്മയോ തിരിച്ചറിഞ്ഞതാണ്. പുതുകാല സ്വതന്ത്രചിന്തയിൽ, ജീവിക്കൽ തന്നെയാണ് ജീവിതം.

ബ്രെഗ്മാൻ ചൂണ്ടിക്കാണിച്ചപ്രകാരമുള്ള മോറൽ അമ്പിഷനില്ലാത്ത തൊഴിലുകളെടുക്കുന്നവർ സമൂഹത്തിന് ഗുണകരമായതൊന്നും ചെയ്യുന്നില്ലെന്നു മാത്രമല്ല ദോഷം ഉണ്ടാക്കുന്നുമുണ്ട്. ലോകത്തെ ഏറ്റവും ബുദ്ധിയുള്ളവരുടെ ജോലി, ജനത്തെ ക്ലിക്കുചെയ്യാൻ പ്രേരിപ്പിക്കുകയാണെന്ന് ഫെയ്‌സ്ബുക്കിലെ എൻജിനിയർമാരെക്കുറിച്ചൊരു പരാതിയുണ്ട്. ഒരു മനുഷ്യനെ മോഹിപ്പിക്കുന്നതരത്തിലുള്ള വേതനവും സൗകര്യവുമാണ് ഫെയ്‌സ്ബുക്ക് തങ്ങളുടെ തൊഴിലാളികൾക്ക് നൽകുന്നതത്രേ! സ്വാഭാവികമായും പ്രതിഭാശാലികൾ അങ്ങോട്ടൊഴുകും. അവരുടെ അൽഗൊരിതങ്ങൾ പലപ്പോഴും നല്ലതുചെയ്യും. മിക്കസമയത്തും അത് നാശംവിതയ്ക്കുകയും ചെയ്യും. 2010-ൽ മ്യാൻമാറിൽ റോഹിംഗ്യൻ കൂട്ടക്കൊലയ്ക്ക് തുടക്കമിട്ടത് ഫെയ്‌സ്ബുക്കിന്റെ അത്തരമൊരു അൽഗൊരിതമാണെന്ന് ‘നെക്‌സസ്’ എന്ന പുസ്തകത്തിൽ യുവാൽ നോവ ഹരാരി പറയുന്നുണ്ട്. പത്തുവർഷത്തോളം ഫെയ്‌സ്ബുക്കിൽ പ്രവർത്തിച്ചശേഷം, സക്കർബർഗ്‌ ടീമിന്റെ കുതന്ത്രങ്ങളിലും ലാഭക്കൊതിയിലും മടുത്ത് ജോലിരാജിവെച്ച സാറാ വെയ്ൻ വില്യംസിന്റെ ഈയിടെ പുറത്തിറങ്ങിയ ‘കെയർലെസ് പീപ്പിൾ’ ഫെയ്‌സ്ബുക്കിന്റെ കുടിലതയിലേക്ക്‌ വിരൽചൂണ്ടുന്നുണ്ട്. ലോകം മാറ്റിമറിക്കാനായി ഐക്യരാഷ്ട്രസഭയിലെ ജോലി രാജിവെച്ച് ഫെയ്‌സ്ബുക്കിൽ ചേർന്ന സാറയോട്, കമ്പനിയുടെ ഗ്ലോബൽ പോളിസി ചീഫ് ലിവൈൻ മാർണെ പറയുന്നുണ്ട്:

‘‘ഫെയ്‌സ്ബുക്കിനെ സംബന്ധിച്ചിടത്തോളം മഹത്തായ ആശയങ്ങളൊന്നുമില്ല. ഓരോ പ്രശ്നങ്ങളും മുന്നിലെത്തുമ്പോൾ നേരിടും. പുതിയ ലോകം നിർമിക്കലല്ല നമ്മുടെ ജോലി.’’

ഒരാളുടെ ജീവിതത്തിന് ലക്ഷ്യംവേണമോ വേണ്ടയോ എന്നത് അയാൾതന്നെ തീരുമാനിക്കേണ്ടതായ കാര്യമാണ്. ഒരാളുടെ ജീവിതത്തിന് മാനവികലക്ഷ്യങ്ങളൊന്നുമില്ലെങ്കിലും ഈ ഭൂമി കറങ്ങിക്കൊണ്ടിരിക്കും. അതൊരു ജീവൽ സിദ്ധാന്തമാകുന്നതാണ് പ്രശ്നം. ലക്ഷ്യം വേണ്ടെന്നു പറയുന്നയാൾക്കാരുടെ ജീവിതത്തിനുപിന്നിൽ പതിനായിരങ്ങളുടെ സമർപ്പിതജീവിതമുണ്ടെന്ന് മനസ്സിലാക്കുമ്പോൾ ഈ സിദ്ധാന്തം തിരുത്തേണ്ടിവരും.

 

(കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് അസിസ്റ്റന്റ് ജനറൽ മാനേജരാണ് ലേഖകൻ)