
മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയായ ഗഗൻയാന്റെ ഭാഗമായുള്ള ആദ്യ ആളില്ലാ ദൗത്യത്തിന്റെ വിക്ഷേപണം ഈ വർഷം തന്നെ ഉണ്ടാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ അറിയിച്ചു. ഈ ദൗത്യവുമായി ബന്ധപ്പെട്ട ജോലികൾ വളരെ പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജിഎസ്എൽവി-എഫ്17 റോക്കറ്റ് ഉപയോഗിച്ച് ഇഒഎസ്-05 (EOS-05) ഭൗമനിരീക്ഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടപ്പ് സാമ്പത്തിക വർഷത്തിൽ ഐഎസ്ആർഒ നേടുന്ന ആദ്യ വിജയമാണിത്. ഈ സാമ്പത്തിക വർഷം തന്നെ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-03 (NVS-03) ഉൾപ്പെടെ ആറ് വിക്ഷേപണങ്ങൾ കൂടി ഐഎസ്ആർഒ ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇപ്പോൾ വിക്ഷേപിച്ച ഇഒഎസ്-05 ചാര ഉപഗ്രഹമാണെന്ന തരത്തിലുള്ള പ്രചാരണം അദ്ദേഹം തള്ളി. ഒമ്പത് വർഷമാണ് ഇഒഎസ്-05-ന്റെ പ്രവർത്തന കാലാവധിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രകടനമാണ് വിക്ഷേപണ വാഹനം കാഴ്ചവെച്ചതെന്ന് ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു. 29,000 കി.മീ ദൂരത്തുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹം എത്തിക്കാനാണ് പ്രതീക്ഷിച്ചതെങ്കിലും 171 കി.മീ x 31,026 കി.മീ ഓർബിറ്റിലാണ് ഉപഗ്രഹത്തെ എത്തിക്കാനായെന്ന് അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ നാലിന് പുലർച്ചെ 2.55 നായിരുന്നു ഇഒഎസ് -05 ഉപഗ്രഹ വിക്ഷേപണം. ഭൗമനിരീക്ഷണത്തിനായി ജിയോ സ്റ്റേഷനറി പ്ലാറ്റ്‌ഫോമിൽ (36,000 കി.മീ) സ്ഥാപിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹമാണിത്. പ്രവർത്തന സജ്ജമാകുന്നതോടെ ഈ ഉപഗ്രഹം സാമൂഹിക-സാമ്പത്തിക സുരക്ഷാ മേഖലകളിൽ ഇഒഎസ്-05 നൽകുന്ന വിവരങ്ങൾ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ. തത്സമയ വിവരങ്ങൾ ലഭ്യമാകുന്നതോടെ കാലാവസ്ഥാ നിരീക്ഷണം, ദുരന്തനിവാരണം, കൃഷി-പരിസ്ഥിതി, സുരക്ഷ തുടങ്ങിയ മേഖലകളിൽ ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനാവും.
ചുഴലിക്കാറ്റുകൾ, പെട്ടെന്നുണ്ടാകുന്ന മേഘവിസ്ഫോടനങ്ങൾ എന്നിവ തത്സമയം നിരീക്ഷിക്കാനും കൃത്യമായ മുന്നറിയിപ്പുകൾ നൽകാനും ഇത് സഹായിക്കും. പ്രളയം, കാട്ടുതീ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ സംഭവിക്കുമ്പോൾ അവയുടെ ഗതി നിരീക്ഷിക്കാനും ഈ ഉപഗ്രഹത്തിന്റെ സഹായത്തോടെ സാധിക്കും.
ജിഎസ്എൽവി ഇതുവരെ വിക്ഷേപിച്ചതിൽ വച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത് (2367 കിലോഗ്രാം). ജിഎസ്എൽവിയുടെ ആദ്യ വിക്ഷേപണത്തെ അപേക്ഷിച്ച് പേലോഡ് ശേഷിയിൽ 50% വർദ്ധനവ് ഉണ്ടായിട്ടുണ്ട്. സ്ട്രക്ചറൽ മാസ് കുറച്ചും പ്രൊപ്പൽഷൻ സിസ്റ്റം മെച്ചപ്പെടുത്തിയുമാണ് ഇത് സാധ്യമാക്കിയത്
ഈ സാമ്പത്തിക വർഷത്തിൽ ശ്രീഹരിക്കോട്ടയിൽ നിന്നുള്ള രണ്ടാമത്തെ വിജയകരമായ ദൗത്യമാണിത്. ആദ്യത്തേത് സ്കൈറൂട്ട് എന്ന സ്വകാര്യ സ്റ്റാർട്ടപ്പിന്റേതായിരുന്നുവെന്നും വി. നാരാണൻ ചൂണ്ടിക്കാട്ടി.
Content Highlights: ISRO plans to launch the first unmanned Gaganyaan mission later this year, following the successful deployment of the EOS-05 earth observation satellite which will significantly aid in real-time disaster management and weather forecasting.
Published: 04 Sept 2026, 09:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented