പ്രപഞ്ചത്തിലെ ഏറ്റവും പ്രധാനപ്പെട്ട തന്മാത്ര എന്നാണ് ഡിഎൻഎ എന്ന മൂന്നക്ഷരത്തിൽ അനശ്വരമായ 'ഡീഓക്സീ റൈബോന്യൂക്ലിക് ആസിഡി'നെ വിശേഷിപ്പിക്കാറ്. ഈ തന്മാത്രയുടെ ഇരട്ടപ്പിരിയൻ ഘടനയുടെ കണ്ടെത്തൽ, ജീവശാസ്ത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. 1953-ൽ ആ കണ്ടെത്തൽ നടത്തിയവരിൽ ഒരാളായ ജെയിംസ് വാട്സനാണ് തൊണ്ണൂറ്റിയേഴാം വയസിൽ ഇപ്പോൾ വിടവാങ്ങിയിരിക്കുന്നത്.

To advertise here,

'ജീവന്റെ തന്മാത്ര'യാണ് ഡിഎൻഎ. ഏതൊരു ജീവിയുടെയും, അത് ബാക്ടീരീയമാകട്ടെ മണ്ണിരയാകട്ടെ മനുഷ്യനാകട്ടെ, ജനിതകരഹസ്യങ്ങൾ മുഴുവൻ രേഖപ്പെടുത്തി സൂക്ഷിച്ചിട്ടുള്ള മാസ്റ്റർ തന്മാത്രയാണ് ഡിഎൻഎ. റോസലിന്റ് ഫ്രാങ്ക്ലിൻ എന്ന ഗവേഷക സമാഹരിച്ച എക്സ്റേ ക്രിസ്റ്റലോഗ്രാഫി വിവരങ്ങളുടെ സഹായത്തോടെ, ഫ്രാൻസിസ് ക്രിക്കുമായി ചേർന്ന് ഡിഎൻഎ ഘടന കണ്ടെത്തുമ്പോൾ വാട്സന് പ്രായം വെറും 25 വയസ്സ്. ഇംഗ്ലണ്ടിൽ കേംബ്രിഡ്ജിലെ പ്രസിദ്ധമായ കാവൻഡിഷ് ലാബിൽ വെച്ചായിരുന്നു ആ കണ്ടെത്തൽ.

പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിലുണ്ടായ രണ്ട് മുന്നേറ്റങ്ങളാണ് ആധുനിക ബയോളജിക്ക് അടിത്തറയിട്ടത്-ചാൾസ് ഡാർവിനും ആൽഫ്രഡ് റസ്സൽ വാലസും മുന്നോട്ടുവെച്ച 'സ്വാഭാവിക നിർദ്ധാരണം അഥവാ നാച്ചുറൽ സെലക്ഷൻ വഴിയുള്ള ജീവപരിണാമം' എന്നതും, പയർചെടികളിൽ നടത്തിയ പരീക്ഷണം വഴി ഗ്രിഗർ മെന്റൽ പാരമ്പര്യത്തിന്റെ ഘടകങ്ങൾ കണ്ടെത്തിയതും. ആ രണ്ട് മുന്നേറ്റങ്ങളുടെയും ശരിയായ അർഥം ശാസ്ത്രത്തിന് മനസിലാക്കാൻ ഡിഎൻഎ ഘടനയുടെ കണ്ടെത്തൽ വേണ്ടിവന്നു.

ജീവകോശങ്ങളുടെ ന്യൂക്ലിയസിൽ ക്രോമസോമുകളിലാണ് ഡിഎൻഎ തന്മാത്ര സ്ഥിതിചെയ്യുന്നത്. കോടിക്കണക്കിന് പടികളുള്ള ഇരട്ടപ്പരിയൻ ഗോവണിയുടെ (ഡബിൾ ഹെലിക്സ്) ആകൃതിയാണ് ഡിഎൻഎയ്ക്ക്. പിരിയൻ ഗോവണിയുടെ പടികൾ ന്യൂക്ലിയോടൈഡുകൾ കൊണ്ട് നിർമിച്ചിരിക്കുന്നു. 'ബേസുകൾ' എന്നറിയപ്പെടുന്ന അഡനൈൻ (എ), തൈമൈൻ (റ്റി), ഗ്വാനൈൻ (ജി), സൈറ്റോസെൻ (സി) എന്നീ രാസ ഉപയൂണിറ്റുകൾ അടങ്ങിയതാണ് ന്യൂക്ലിയോടൈഡുകൾ. നാല് 'ബേസുകളും' നൈട്രജൻ അടങ്ങിയ സംയുക്തങ്ങളാണ്. ഷുഗറിന്റെയും ഫോസ്ഫേറ്റിന്റെയും ആവർത്തിക്കുന്ന ശ്രേണിയിലാണ് ഈ ബേസുകൾ ഘടിപ്പിച്ചിരിക്കുന്നത്.

ഡിബിൾ ഹെലിക്സിന്റെ കണ്ടെത്തലിനൊപ്പം, 'ബേസുകളുടെ' ജോഡീകരണം (base pairing) സംബന്ധിച്ചുള്ളതാണ് വാട്സണും ക്രിക്കും നടത്തിയ ഏറ്റവും മൗലികമായ സംഭാവന. ഡി.എൻ.എ. തന്മാത്രയിൽ അഡനൈൻ (എ) എപ്പോഴും തൈമൈനുമായും (റ്റി), ഗ്വാനൈൻ (ജി) എല്ലായ്പ്പോഴും സൈറ്റോസെനുമായും (സി) മാത്രമേ ജോഡി ചേരൂ എന്നായിരുന്നു ആ കണ്ടെത്തൽ. ആധുനിക ജീവതന്മാത്രാശാസ്ത്രത്തെ വിപ്ലവകരമായി സ്വാധീനിച്ച ആശയമായി അത്.

1928 ഏപ്രിൽ ആറിന് ഷിക്കാഗോയിൽ ആണ് ജെയിംസ് വാട്സൺ ജനിച്ചത്. പതിനഞ്ചാം വയസ്സിൽ ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ ചേർന്നു. ക്വാണ്ടംഭൗതിക രംഗത്ത് പ്രമുഖനായിരുന്ന എർവിൻ ഷ്രോഡിംഗർ രചിച്ച 'വാട്ട് ഈസ് ലൈഫ്' എന്ന ഗ്രന്ഥം വായിച്ച് ജീനുകളോട് ആ വിദ്യാർത്ഥി പ്രണയത്തിലായി. 1947-ൽ ഗ്രാജ്വേഷന് ശേഷം ഇന്ത്യാന യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റിന് ചേർന്നു. സാൽവദോർ ലൂരിയയുടെ മേൽനോട്ടത്തിലായിരുന്നു പഠനം. 1950-ൽ ഡോക്ടറേറ്റ് നേടിയ വാട്സൺ, ഇംഗ്ലണ്ടിൽ കേംബ്രിഡ്ജിലെത്തുകയും ക്രിക്കുമായി ചേർന്ന് ഡിഎൻഎ ഘടന കണ്ടെത്തി ലോകപ്രസ്തനാവുകയും ചെയ്തു.

ആ മുന്നേറ്റത്തിന് 1962-ൽ ക്രിക്കിനും വാട്സനും, ലണ്ടൻ കിങ്സ് കോളേജിൽ ഫ്രാങ്ക്ലിന്റെ മേധാവിയായിരുന്ന മൗറിസ് വിൽക്കീൻസിനും വൈദ്യശാസ്ത്ര നൊബേൽ ലഭിച്ചതോടെ, ഡിഎൻഎ ഘടനയുടെ കണ്ടെത്തലുമായി ബന്ധപ്പെട്ട് വിവാദങ്ങളും ആരംഭിച്ചു. ക്യാൻസർ ബാധിച്ച് ഫ്രാങ്ക്ലിൻ അതിന് മുമ്പ് മരിച്ചെങ്കിലും, ഡിഎൻഎ ഘടനയുടെ കണ്ടെത്തലിൽ ആ ഗവേഷകയ്ക്ക് വേണ്ടത്ര ക്രെഡിറ്റ് നൽകുന്നതിൽ വാട്സനും ക്രിക്കും മര്യാദ കാട്ടിയില്ല എന്നതായിരുന്നു പ്രധാന വിവാദം.

ഡിഎൻഎ ഘടനയുടൈ കണ്ടെത്തിയതിനെപ്പറ്റി വാട്സൺ 1968-ൽ പ്രസിദ്ധീകരിച്ച 'ഡബിൾ ഹെലിക്സ്' എന്ന പുസ്തകം വിവാദമുയർത്തി. ക്രിക്ക് അടക്കമുള്ള സഹപ്രവർത്തകർ വിമർശനവുമായി രംഗത്തെത്തി. ആ പുസ്തകത്തിൽ ഫ്രാങ്ക്ലിനെ കുറിച്ചുള്ള വാട്സന്റെ പരാമർശങ്ങളും വലിയ തോതിൽ വിമർശനമുയർത്തി. പിൽക്കാലത്ത് വാട്സൺ നടത്തിയ പല പ്രസ്താവനകളും യഥാർഥ ശാസ്ത്രത്തെക്കാളേറെ, വികലശാസ്ത്രമായ യൂജനിക്സുമായി ചേർന്നു പോകുന്നതായി ആക്ഷേപമുയർന്നു. ആഫ്രിക്കൻ അമേരിക്കൻ വംശജർക്കെതിരെ വംശീയത പ്രതിഫലിക്കുന്നതാണ് വാട്സന്റെ പ്രസ്താവനകളെന്ന് പരക്കെ ആക്ഷേപമുയർന്നു.

1990-കളിൽ തുടങ്ങിയ ഹ്യുമൺ ജീനോം പദ്ധതിയിൽ സജീവസാന്നിധ്യമായ വാട്സൺ, 2014-ൽ തനിക്ക് ലഭിച്ച നൊബേൽ മെഡൽ ക്രിസ്റ്റീയിൽ ലേലത്തിന് വെച്ച് വീണ്ടും വിവാദം ക്ഷണിച്ചുവരുത്തി. റഷ്യൻ കോടീശ്വരനായ അലിഷർ ഉസ്മനോവ് 41 ലക്ഷം ഡോളറിന് ആ മെഡൽ ലേലത്തിൽ പിടിക്കുകയും, പിന്നീട് വാട്സണ് അത് തിരിച്ചുകൊടുക്കുകയും ചെയ്തു.

ആധുനികശാസ്ത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റത്തിൽ പങ്കാളിയായിട്ടും വിവാദമൊഴിയാത്ത ഒരു പ്രതിനായകന്റെ പരിവേക്ഷത്തിലേക്ക് ജീവിതാന്ത്യത്തിലെത്തിയ ഒരു വ്യക്തിയെയാണ് ഡോ. വാട്സണിൽ നമുക്ക് കാണാനാവുക.