Representational Image | Photo: Gettyimages
മദ്യത്തിന്റെ രാസഘടനയും മദ്യം കഴിക്കുമ്പോള്‍ ശരീരത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളുമൊക്കെകഴിഞ്ഞ ലക്കത്തില്‍നമ്മള്‍ കണ്ടു. ഇപ്പോഴും ആ പ്രധാനപ്പെട്ട ചോദ്യം മനസ്സില്‍ ചുറ്റിത്തിരിയുന്നുണ്ടാവും അല്ലേ? എങ്ങനെയാണ് മദ്യം ലഹരിയുണ്ടാക്കുന്നത് എന്ന കാതലായ സംശയം. അപ്പോ നമുക്കതിലേക്ക് വരാം.
മറ്റെല്ലാ വികാരങ്ങളേയും പോലെ ലഹരിയേയും അനുഭവവേദ്യമാക്കുന്നതും നിയന്ത്രിക്കുന്നതും നമ്മുടെ തലച്ചോറാണ്. ന്യൂറോണുകളുടെ പരസ്പര ബന്ധിതമായ വലക്കണ്ണികളിലൂടെ സിഗ്‌നലുകള്‍ തലങ്ങും വിലങ്ങും പായുന്ന വിവരങ്ങളുടെ ഒരു സൂപ്പര്‍ ഹൈവേ ആണ് നമ്മുടെ തലച്ചോര്‍. അല്ലെങ്കില്‍ ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍ എന്നും പറയാം. ഒരേസമയം പലതരം കാര്യങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുന്ന തലച്ചോറിലാണ് മദ്യം ഇടപെടുന്നത്. അപ്പോ എന്തുണ്ടാകും എന്നൂഹിക്കാവുന്നതല്ലേയുള്ളൂ.
ആദ്യ ഭാഗം വായിക്കാം: മദ്യപിക്കുമ്പോള്‍ ശരീരത്തില്‍ സംഭവിക്കുന്നതെന്ത്?; അറിയാം മദ്യത്തിന്റെ രസതന്ത്രം - ഭാഗം 1
മദ്യം സന്തോഷം നല്കുന്നതെങ്ങനെ ?
മദ്യം കുടിക്കുമ്പോള്‍ ആദ്യം തോന്നുന്ന ലാഘവത്വം നീണ്ടുനില്‍ക്കുന്നതല്ല എന്നാദ്യമേ പറയട്ടെ. ആ ഒരു തിരിച്ചറിവോടെ വേണം ബാക്കി വായിക്കാന്‍. മദ്യം കുടിക്കുമ്പോള്‍ ആകെ ഒരു ലാഘവത്വവും സന്തോഷവും ഒക്കെ തോന്നാന്‍ പ്രധാന കാരണം ഡോപ്പമിനാണ്. ഉല്ലാസ ഹോര്‍മോണ്‍ എന്നൊക്കെ ഡോപ്പമിനെ വിശേഷിപ്പിക്കാറുണ്ടെങ്കിലും വേറെയും കുറേ പണികളുണ്ട് ചങ്ങായിക്ക്. തലച്ചോറിനകത്തെ സെല്ലുകള്‍ തമ്മിലുള്ള വിവരക്കൈമാറ്റത്തില്‍ ഡോപ്പമിന് പ്രധാന പങ്കുണ്ട്. മാത്രമല്ല രക്തക്കുഴലുകള്‍ വികസിപ്പിക്കുന്നതിലും, മൂത്രത്തിലെ സോഡിയത്തിന്റെ അളവ് കൂട്ടുന്നതിലും, ഇന്‍സുലിന്‍ ഉത്പാദനം കുറയ്ക്കുന്നതിലും, കുടലിനകത്തെ ശ്ലേഷ്മാവരണത്തെ സംരക്ഷിക്കുന്നതിലുമൊക്കെ ഡോപ്പമിന് റോളുണ്ട്. ഇതിന്റെ ഉത്പാദനം ശരിയായ തോതിലല്ലെങ്കില്‍ പാര്‍ക്കിന്‍സണ്‍സ് ഡിസീസ് അടക്കം പലതരം ന്യൂറോ രോഗങ്ങള്‍ക്ക് കാരണമാകാം. ഭക്ഷണം കഴിക്കുമ്പോഴും, വീഡിയോ ഗെയിം പോലുള്ള കളികളില്‍ ഏര്‍പ്പെടുമ്പോഴും, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴും ഒക്കെ ഡോപ്പമിന്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. മദ്യം കഴിക്കുമ്പോള്‍ ഡോപ്പമിന്റെ അളവ് ഉയരുന്നത് നാഡീവ്യവസ്ഥയില്‍ ഒരു പ്രോത്സാഹനം (Reward) എങ്ങനെ പ്രവര്‍ത്തിക്കുന്നുവോ അതുപോലെ പ്രവര്‍ത്തിക്കുകയും അതുവഴി മദ്യാസക്തിയിലേക്ക് (Addiction) നയിക്കുകയും ചെയ്യും. അതുപോലെ മാനസികാവസ്ഥയെയും പെരുമാറ്റത്തെയും നിയന്ത്രിക്കുന്ന ന്യൂറോട്രാന്‍സ്മിറ്ററാണ് സെറോടോണിന്‍. സെറോടോണിന്റെ അളവ് കുറയുന്നത് ഡിപ്രഷന് ഇടയാക്കാറുണ്ട്. പഠനം, ഓര്‍മ, ഉറക്കം, വിശപ്പ് എന്നിവയിലൊക്കെയും സെറോടോണിന്റെ സ്വാധീനമുണ്ട്. മദ്യം കഴിക്കുമ്പോള്‍ ഇവ രണ്ടും ചേര്‍ന്ന് താല്‍ക്കാലികമായി സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും തോന്നലുണ്ടാക്കുന്നു. എന്നാല്‍ ഇവയുടെ സ്വാധീനം കഴിഞ്ഞാല്‍ ശരീരം വീണ്ടും അതേ അവസ്ഥക്കായി ദാഹിക്കുകയും അതിനായി വീണ്ടും മദ്യം കുടിക്കേണ്ടി വരികയും ചെയ്യുന്നു. ക്രമേണ തലച്ചോറ് മദ്യത്തോട് പരിചിതമാവുകയും ഈ എഫക്റ്റ് ഉണ്ടാക്കാന്‍ കൂടുതല്‍ കൂടുതല്‍ മദ്യം കഴിക്കേണ്ടി വരികയും ചെയ്യുന്നു. നിരന്തരമായി മദ്യം ഉപയോഗിക്കാന്‍ ഇത് പ്രേരണയാകുന്നു. ഡോപ്പമിന്റെ മായാജാലം ക്ഷണികമാണെന്ന് മനസ്സിലായല്ലോ. വലിയ പൊല്ലാപ്പുകള്‍ വരാനിരിക്കുന്നതേയുള്ളൂ.

Also Read
കുടിയന്മാരുടെ ആട്ടത്തിന് പിന്നില്‍
ഗാമ അമിനോ ബ്യൂട്ടിറിക് ആസിഡ് അഥവാ (GABA) എന്ന ന്യൂറോട്രാന്‍സ്മിറ്ററിന്റെ (മറ്റ് ന്യൂറോണുകളിലേക്കൊ സെല്ലുകളിലേക്കൊ വിവരങ്ങള്‍ കൈമാറുന്നതിനായി ന്യൂറോണുകള്‍ പുറപ്പെടുവിക്കുന്ന ദൂതന്മാരാണ് ന്യൂറോട്രാന്‍സ്മിറ്ററുകള്‍) സ്വീകരണികളെ ഉദാസീനമാക്കി GABA യുടെ അളവ് കൂട്ടുകയാണ് മദ്യത്തിന്റെ മറ്റൊരു പണി. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുന്നു. അമിതമായി മദ്യപിച്ചാല്‍ സംസാരം അവ്യക്തമാകുന്നതും, ശരീര ചലനങ്ങള്‍ നിയന്ത്രണമില്ലാതെയാകുന്നതും ചിന്താശേഷി തകരാറിലാകുന്നതും, ഉറക്കം വരുന്നതും ഒക്കെ ഇതുകൊണ്ടാണ്. കൂടാതെ ശാരീരിക ഏകോപനത്തെ നിയന്ത്രിക്കുന്ന സെറിബെല്ലത്തെ മദ്യം ബാധിക്കുന്നതുകൊണ്ടും നടക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു. ഇതാണ് ആടിയാടിയുള്ള നടത്തത്തിന് കാരണമാകുന്നത്.
എന്താണ് ഹാങ്ങോവര്‍
മദ്യം കഴിക്കുമ്പോഴുള്ള ആവേശം കഴിയുമ്പോഴേക്ക് പിന്നാലെ രസംകൊല്ലിയായി ഹാങ്ങോവറെത്തും. മാനസികവും ശാരീരികവുമായ പലതരം ആസ്വാസ്ഥ്യങ്ങളെ കൂട്ടിച്ചേര്‍ത്താണ് ഹാങ്ങോവര്‍ എന്ന് വിളിക്കുന്നത്. തലവേദന, ഉറക്കം തൂങ്ങല്‍, മനംപുരട്ടല്‍, ഛര്‍ദ്ദി, ദാഹം, വിയര്‍പ്പ്, ഡിപ്രഷന്‍, ദേഷ്യം, തലചുറ്റല്‍, ക്ഷീണം തുടങ്ങി ലക്ഷണങ്ങള്‍ പലതാകാം. ഏതാനും മണിക്കൂറുകള്‍ മുതല്‍ ഒരു ദിവസത്തിലധികം വരെ ഇത് നീണ്ടു നില്‍ക്കാം. കൃത്യമായ മെക്കാനിസം അറിയില്ലെങ്കിലും ആല്‍ക്കഹോളിന്റെ വിഘടനം വഴി ഉണ്ടാകുന്ന അസെറ്റാള്‍ഡിഹൈഡ് കോശങ്ങളില്‍ കുമിഞ്ഞുകൂടുന്നതാണ് പ്രധാന കാരണം. ഗ്ലൂക്കോസിന്റെ ചയാപചയത്തിലും (metabolism), പ്രതിരോധ വ്യവസ്ഥയുടെ പ്രവര്‍ത്തനത്തിലും മദ്യം വരുത്തുന്ന മാറ്റങ്ങളും, നിര്‍ജ്ജലീകരണവുമൊക്കെ കാരണങ്ങളാണ്. അപകടങ്ങള്‍, ജോലിയിലെ അലസത, പഠനത്തിലെ അശ്രദ്ധ തുടങ്ങി ഇതുണ്ടാക്കുന്ന പുകിലുകളും ചെറുതല്ല. ഹാങ്ങോവര്‍ മാറ്റാന്‍ പല മുറിവൈദ്യങ്ങളും പലരും നിര്‍ദ്ദേശിക്കാറുണ്ടെങ്കിലും അവയൊന്നും ഫലപ്രദമല്ല എന്നാണ് ശാസ്ത്രം പറയുന്നത്. ഒന്നുകില്‍ കുടിക്കാതിരിക്കുക, അല്ലെങ്കില്‍ മിതമായി കുടിക്കുക എന്നീ രണ്ട് ഓപ്ഷനേ ഉള്ളൂ. മദ്യം ഉണ്ടാക്കുന്ന മറ്റ് കുണ്ടാമണ്ടികള്‍ കൂടി ഓര്‍ക്കുമ്പോ കുടിക്കാത്തതാവും ഭേദം.
.jpg?$p=5935712&&q=0.8)
മദ്യപാനം എന്തുകൊണ്ട് ആരോഗ്യത്തിന് ഹാനികരം ?
മദ്യം എല്ലാവരിലും ഉണ്ടാക്കുന്ന സ്വാധീനം ഒരേ അളവിലല്ല. പ്രായം, ജന്റര്‍, ജനിതക സവിശേഷതകള്‍ ഒക്കെ അനുസരിച്ച് മദ്യാസക്തിയിലും, അതുണ്ടാക്കുന്ന കുഴപ്പങ്ങളിലും വ്യത്യാസം വരും. സ്ത്രീകളുടെ ശരീരത്തിലെ കൊഴുപ്പ് എങ്ങനെ ആഗിരണത്തില്‍ ഇടപെടുന്നു എന്ന് ഒന്നാം ഭാഗത്തില്‍ കണ്ടിരുന്നു. ജനിതക ഘടകങ്ങളും മദ്യത്തിന്റെ ചയാപചയത്തെ ബാധിക്കുന്നുണ്ട്. ഇതില്‍ പ്രധാനമാണ് ആല്‍ക്കോഹോള്‍ ഡീഹൈഡ്രോജിനേസിന്റെ അളവ്.
മദ്യം ശരീരത്തില്‍ ഉണ്ടാക്കുന്ന ഫലങ്ങളെ ഒന്നുകൂടി വിശദമായി പരിശോധിക്കാം.
- മദ്യത്തിന്റെ ചയാപചയം ശരീരത്തിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്കുന്ന രാസപ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്നു (NAD+/NADH). ഇത് സാധരണ ശാരീരിക പ്രവര്‍ത്തനങ്ങളെ കുഴപ്പത്തിലാക്കുന്നു.
- മദ്യത്തിന്റെ വിഘടനഫലമായുണ്ടാകുന്ന ഹാനികരമായ വസ്തുക്കള്‍ ഓക്‌സിഡെറ്റീവ് സ്‌ട്രെസ് ഉണ്ടാക്കുകയും കോശമരണത്തിന് കാരണമാകുകയും ചെയ്യാം. ഇതില്‍ ഏറ്റവും പ്രധാന കുഴപ്പക്കാരന്‍ അസെറ്റാള്‍ഡിഹൈഡ് തന്നെയാണ്. എഥനോളിനേക്കാള്‍ മുപ്പതിരട്ടി ടോക്‌സിക് ആണ് ഇത്. മാത്രമല്ല മദ്യം കുടിച്ചിട്ട് മണിക്കൂറുകള്‍ കഴിഞ്ഞാലും ശരീരത്തില്‍ നിലനില്‍ക്കുകയും ചെയ്യും.
- അസെറ്റാള്‍ഡിഹൈഡിന് ഓക്‌സീകരണം നടന്നുണ്ടാകുന്ന അസറ്റേറ്റ് അയോണും തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്ന് എലികളില്‍ നടത്തിയ പഠനം തെളിയിച്ചിട്ടുണ്ട്.
- മദ്യത്തിന്റെ വിഘടനം നടക്കുന്നതിനൊപ്പം ശരീരത്തില്‍ നിന്ന് ധാരാളം വൈറ്റമിനുകളും ധാതുലവണങ്ങളും നഷ്ടപ്പെടും. ശരീരത്തിലെ ജലാംശവും ലവണങ്ങളും മൂത്രത്തിലൂടെ പുറംതള്ളാനും മദ്യം കാരണമാകുന്നു. ഇതുകൊണ്ടാണ് മദ്യപിച്ച ശേഷം കൂടുതലായി മൂത്രമൊഴിക്കുന്നതും ദാഹം അനുഭവപ്പെടുന്നതും.
- വൈറ്റമിന്‍ ബി, സി, പൊട്ടാസ്യം, സിങ്ക് മഗ്‌നീഷ്യം തുടങ്ങിയവ നഷ്ടപ്പെടുന്നത് ക്ഷീണത്തിനും ശരീര വേദനയ്ക്കും കാരണമാകും.
- ആല്‍ക്കോഹോളിന്റെ സാന്നിധ്യത്തില്‍ ആമാശയത്തില്‍ ഹൈഡ്രോക്ലോറിക് ആസിഡ് കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നു. ഇതാണ് മനം പുരട്ടലിനും ഛര്‍ദ്ദിക്കും കാരണമാകുന്നത്.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയിലും താഴ്ന്നുപോകാന്‍ മദ്യം കാരണമാകാം. ഇത് കോമയിലേക്കും മരണത്തിലേക്കും നയിക്കും. ഇതിന്റെ ലക്ഷണങ്ങള്‍ മദ്യപിച്ചതു കൊണ്ടുള്ളതായി തെറ്റിദ്ധരിക്കപ്പെടുന്നത് മരണസാധ്യത കൂട്ടുന്നു.
- ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ഉയര്‍ന്ന ഹൃദയമിടിപ്പ് എന്നിവയൊക്കെയും മദ്യം ഉണ്ടാക്കുന്ന സൈഡ് എഫക്റ്റ്‌സ് ആണ്.
.jpg?$p=2d0e1ab&&q=0.8)
മദ്യത്തിന്റെ നിറവും ലഹരിയും തമ്മില്‍ എന്ത് ബന്ധം എന്നല്ലേ ചോദിക്കാന്‍ വന്നത്. ലഹരിയുമായി നേരിട്ടല്ലെങ്കിലും ഹാങ്ങോവറുമായി ഇതിന് ബന്ധമുണ്ട്. മദ്യത്തിലടങ്ങിയ എഥനോള്‍ അല്ലാത്ത മറ്റ് വസ്തുക്കള്‍ (Congeners) ഉണ്ടാക്കുന്ന സ്വാധീനം പ്രസക്തമാണ്. മെഥനോള്‍, അമീനുകള്‍, അമൈഡുകള്‍, അസറ്റോണ്‍, പോളിഫീനോളുകള്‍, എസ്റ്ററുകള്‍, ടാനിന്‍ തുടങ്ങി പലതരം മറ്റ് വസ്തുക്കള്‍ ഫെര്‍മന്റേഷന്റെ ഉപോത്പന്നങ്ങളായി മദ്യത്തില്‍ കാണാറുണ്ട്. മദ്യം സൂക്ഷിക്കുന്ന ഓക്ക് ബാരലുകളില്‍ നിന്ന് കിനിഞ്ഞിറങ്ങുന്ന പോളിഫീനോളുകളും, ടാനിനുമൊക്കെ മദ്യത്തിന് അതിന്റെ ഫ്‌ലേവര്‍ നല്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുമുണ്ട്. ഇരുണ്ട നിറമുള്ള മദ്യങ്ങളില്‍ ഇവയുടെ സാന്നിധ്യം കൂടുതലും, അധികം നിറമില്ലാത്തവയില്‍ കുറവുമായിരിക്കും. ഇവയില്‍ പലതും ടോക്‌സിക് ആയതുകൊണ്ട് ശാരീരിക പ്രവര്‍ത്തനങ്ങളെ ബാധിച്ച് അസ്വാസ്ഥ്യങ്ങള്‍ക്ക് കാരണമാകും. ഫെര്‍മന്റേഷന്റെ ഉപോത്പന്നമായി ഉണ്ടാകുന്ന മെഥനോള്‍ അളവില്‍ കൂടിയാല്‍ മരണത്തിന് വരെ കാരണമാകും. ഇതിന്റെ വിഘടന ഫലമായുണ്ടാകുന്ന ഫോര്‍മാല്‍ഡിഹൈഡ് (മൃതശരീരങ്ങള്‍ കേടാകാതെ സൂക്ഷിക്കുന്ന ഫോര്‍മാലിന്‍ തന്നെ), ഫോര്‍മിക് ആസിഡ് എന്നിവ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. Congeners ന്റെ അളവ് ഏറ്റവും കുറവ് ബിയറിലും ഏറ്റവും കൂടുതലുള്ളത് ബ്രാണ്ടിയിലുമാണ്. അതുകൊണ്ട് തന്നെ ഹാങ്ങോവറിന്റെ കാഠിന്യവും ദൈര്‍ഘ്യവും ഇതേ ക്രമത്തില്‍ തന്നെയായിരിക്കും എന്ന് പഠനങ്ങള്‍ കാണിക്കുന്നു. മദ്യത്തിന്റെ നിറവും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഇപ്പോള്‍ ബോധ്യമായില്ലേ?
.jpg?$p=03fb3f0&&q=0.8)
ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍
പ്രതിവര്‍ഷം 33 ലക്ഷം മരണങ്ങള്‍ മദ്യപാനം മൂലമുണ്ടാകുന്നു എന്നാണ് ഏകദേശ കണക്ക്. ആകെ മരണങ്ങളുടെ ആറ് ശതമാനത്തോളം വരും ഇത്. പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടുള്ളതും, മദ്യപിച്ച് ഉണ്ടാകുന്ന ആക്‌സിഡന്റുകള്‍ കാരണമുള്ളതും ഒക്കെ ഇതില്‍പ്പെടും. തലച്ചോറ് മുതല്‍ രക്തചംക്രമണ വ്യവസ്ഥ വരെ എല്ലാ ശാരീരികാവയവങ്ങളേയും വ്യവസ്ഥകളേയും മദ്യം ദോഷകരമായി ബാധിക്കും. ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്ന അവയവം കരള്‍ തന്നെയാണ്. നമ്മുടെ ശരീരത്തിലെത്തുന്ന എല്ലാ ഹാനികരമായ വസ്തുക്കളേയും കൈകാര്യം ചെയ്യേണ്ട ജോലി കരളിനായതുകൊണ്ടാണിത്. കൂടിയ അളവിലും ദീര്‍ഘകാലവുമായുള്ള മദ്യപാനം കരളിന് പണി കൂട്ടും. ഫാറ്റി ലിവര്‍, മഞ്ഞപ്പിത്തം മുതല്‍ സിറോസിസ് മൂലമുള്ള മരണം വരെ ഇത് നീളാം.
- ദൈനംദിന മദ്യപാനം ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, സ്‌ട്രോക് എന്നിവയും സാധാരണമാണ്.
- പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കി മരണ കാരണമാകാം
- മദ്യപാനം എല്ലാത്തരം കാന്‍സറിനുമുള്ള സാധ്യത കൂട്ടുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു
- വേണ്ടത്ര പോഷണങ്ങള്‍ ലഭ്യമല്ലാത്ത അവസ്ഥ പലതരം രോഗങ്ങള്‍ക്ക് ഇടയാക്കുന്നു
- അള്‍സറുകള്‍ ഗ്യാസ്‌ട്രൈറ്റിസ് എന്നിവയ്ക്ക് കാരണമാകുന്നു
- മദ്യം തലച്ചോറിലെ കോശങ്ങള്‍ക്ക് വന്‍തോതില്‍ നാശമുണ്ടാക്കും. ഇത് ഓര്‍മക്കുറവ്, സ്ഥലകാലവിഭ്രമം, അപസ്മാരം തുടങ്ങിയവയിലേക്ക് നയിക്കാം
- ഞരമ്പുകള്‍ക്ക് തകരാറുകള്‍, വേദന, മരവിപ്പ് എന്നിവയും ഉണ്ടാക്കും
- വിഷാദരോഗം, പല വിധ ഫോബിയകള്‍, മാനിയ, ഷിസോഫ്രീനിയ, ആത്മഹത്യാ പ്രവണത തുടങ്ങിയവയാണ് മാനസികമായ പ്രത്യാഘാതങ്ങള്‍
Content Highlights: chemistry of liquor, alcohol drinking, health issues of alcohol, science news,malayalam, mathrubhumi
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..