Representational image | Photo: Gettyimages
കാപ്പിയുടേയും ചായയുടേയും രസതന്ത്രം എഴുതിക്കഴിഞ്ഞ് അടുത്തതെന്ത് എന്നാലോചിച്ചിരിക്കുമ്പോള്‍ ഒരു ഐഡിയ തോന്നി. ഏറ്റവും പോപ്പുലര്‍ ആയ അതേസമയം സ്ഥിരം വിവാദത്തില്‍ നില്‍ക്കുന്ന, ഒരുപാട് പേര്‍ വെറുക്കുന്ന, വേറെ ഒരുപാട് പേര്‍ ആരാധിക്കുന്ന, ഡോക്ടര്‍മാര്‍ പലപ്പോഴും പടിപ്പുറത്ത് നിര്‍ത്താനുപദേശിക്കുന്ന ആ പാനീയത്തേക്കുറിച്ചാവാം എഴുത്ത്.
മദ്യത്തിന്റെ സ്വഭാവത്തെക്കുറിച്ച് മാത്രമല്ല അതെങ്ങനെ മനുഷ്യരെ അടിമപ്പെടുത്തുന്നു എന്നും അതുണ്ടാക്കുന്ന ദോഷഫലങ്ങള്‍ എന്തൊക്കെ എന്നും കൂടി പറയാനുണ്ട്. ഇത് കള്ളുകുടി മാറ്റി നിങ്ങളെ നന്നാക്കാനുള്ള ഉപദേശങ്ങള്‍ ഒന്നുമല്ല കേട്ടോ. മദ്യത്തേയും മദ്യപാനത്തേയും ശാസ്ത്രീയമായി സമീപിക്കാനുള്ള ഒരു ശ്രമം മാത്രം.
എന്താണ് മദ്യം
നമ്മളുപയോഗിക്കുന്ന മറ്റ് പല വസ്തുക്കളേയും പോലെ മദ്യവും ഒരു ഓര്‍ഗാനിക് സംയുക്തമാണ്. കാര്‍ബണും ഹൈഡ്രജനും പ്രധാനമായുള്ള, ഓക്‌സിജനും നൈട്രജനും ക്ലോറിനും പോലുള്ള മറ്റ് പല മൂലകങ്ങളും അടങ്ങിയിരിക്കാവുന്നവയാണ് ഓര്‍ഗാനിക് സംയുക്തങ്ങള്‍. നമ്മുടെ ശരീരം ഉണ്ടാക്കിയിരിക്കുന്നത് പോലും ഇവ കൊണ്ടാണ്. (ഓര്‍ഗാനിക് പച്ചക്കറി, ഓര്‍ഗാനിക് പഞ്ചസാര എന്നൊക്കെയുള്ള വിളികളെ ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്ന് പുനര്‍വായിച്ച് നോക്കാവുന്നതുമാണ്, അത് മറ്റൊരു അവസരത്തിലെഴുതാം). അവയില്‍ അടങ്ങിയിരിക്കുന്ന ചില പ്രത്യേക ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിലാണ് ഓര്‍ഗാനിക് സംയുക്തങ്ങളെ തിരിച്ചറിയുകയും വേര്‍തിരിക്കുകയും പട്ടികപ്പെടുത്തുകയും ഒക്കെ ചെയ്യുക. അത്തരത്തില്‍ പ്രധാനപ്പെട്ട ഒരുകൂട്ടം രാസവസ്തുക്കളാണ് ആല്‍ക്കഹോളുകള്‍.
അതൊക്കെ ഞങ്ങക്കറിയാം മദ്യത്തെ ആല്‍ക്കഹോള്‍ എന്നല്ലേ വിളിക്കുക എന്നല്ലേ ആലോചിച്ചത്? എന്നാല്‍ ആല്‍ക്കഹോള്‍ എന്നുവെച്ചാല്‍ മദ്യം മാത്രമല്ല. -OH എന്ന ഫങ്ഷണല്‍ ഗ്രൂപ്പ് അടങ്ങിയ വിഭാഗം തന്മാത്രകളെയെല്ലാം ആല്‍ക്കഹോളുകള്‍ എന്ന് വിളിക്കും. അതിലെ ഒരംഗം മാത്രമാണ് എഥനോള്‍ എന്ന ഈഥൈല്‍ ആല്‍ക്കഹോള്‍ അഥവാ മദ്യം. CH3-CH2-OH എന്നാണ് ഇതിന്റെ രാസവാക്യം. ഇതല്‍പ്പം മാറി CH3-OH അഥവാ മെഥനോള്‍ ആയാല്‍ കളിമാറും, അതിനെക്കുറിച്ച് പിന്നെപ്പറയാം. ഇവ രണ്ടിന്റേയും അടുത്ത ബന്ധുവായ ഐസോപ്രൊപ്പനോളാണ് ഹാന്റ്‌സാനിറ്റൈസറുകളിലെ പ്രധാന ഘടകം. വൈറ്റമിന്‍ എ1 എന്ന റെറ്റിനോളും, കൊളസ്‌ട്രോളും, ഗ്ലിസറിനും, ഫിനെയ്‌ലില്‍ അടങ്ങിയ ഫീനോളുമൊക്കെ ആല്‍ക്കഹോള്‍ ഗ്രൂപ്പ് അടങ്ങിയ രാസവസ്തുക്കളാണ്.
.jpg?$p=fad68fb&&q=0.8)
എഥനോള്‍ ഉത്പാദനം
പറഞ്ഞു വന്നത് ആല്‍ക്കഹോളിന്റെ രാസഘടനയെപ്പറ്റിയാണ്. ഇനി അതെങ്ങനെ ഉണ്ടാകുന്നു എന്ന് നോക്കാം. ജൈവരാസപ്രവര്‍ത്തനങ്ങളിലൂടെയാണ് അന്നജം അടങ്ങിയ വസ്തുക്കളില്‍ നിന്ന് എഥനോള്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. പ്രധാനമായും യീസ്റ്റ് വിഭാഗത്തില്‍പ്പെട്ട സൂക്ഷ്മജീവികളാണ് (ചിലയിനം ബാക്റ്റീരിയകളും) അവ ഉത്പാദിപ്പിക്കുന്ന എന്‍സൈമുകളുടെ സഹായത്തോടെ ഈ പ്രക്രിയകള്‍ സാധ്യമാക്കുന്നത്.
ആദ്യഘട്ടത്തില്‍ എഥനോള്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളിലുള്ള അന്നജം, സൂക്രോസ്, ഫ്രക്ടോസ് തുടങ്ങിയവയെ എന്‍സൈമുകള്‍ വഴി വിഘടിപ്പിച്ച് ഗ്ലൂക്കോസ് ആക്കി മാറ്റും. രണ്ടാം ഘട്ടത്തില്‍ ക്വിണനം അഥവാ ഫെര്‍മെന്റേഷന്‍ എന്ന പ്രക്രിയയിലൂടെ ഗ്ലൂക്കോസ്, എഥനോളും കാര്‍ബണ്‍ഡയോക്‌സൈഡുമായി മാറും. എഥനോള്‍ ഉത്പാദിപ്പിക്കുന്ന വസ്തുവിന് അനുസരിച്ച് അവയുടെ ആല്‍ക്കഹോള്‍ ശതമാനത്തില്‍ വ്യത്യാസങ്ങളുണ്ടാകും. വായുവിന്റെ അസാന്നിധ്യത്തിലാണ് പല യീസ്റ്റ് വിഭാഗങ്ങളും നന്നായി പ്രവര്‍ത്തിക്കുക. മാത്രമല്ല താപനിലയും, pH ഉം പ്രധാനമാണ്.
പല മദ്യങ്ങളുടേയും അടിസ്ഥാന വസ്തുക്കള്‍ പലതാണ് വൈന്‍ (മുന്തിരി), സൈഡര്‍ (ആപ്പിള്‍), ബിയര്‍, വിസ്‌കി, വോഡ്ക (ധാന്യങ്ങള്‍), റം (കരിമ്പ്) തുടങ്ങിയവ ഉദാഹരണം. മാവ് പുളിപ്പിക്കുന്ന പ്രക്രിയയിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. സൂക്ഷ്മജീവികള്‍ അന്നജത്തെ എഥനോളും കാര്‍ബണ്‍ഡയോക്‌സൈഡുമാക്കി മാറ്റും. ഇങ്ങനെയുണ്ടാകുന്ന കാര്‍ബണ്‍ഡയോക്‌സൈഡാണ് മാവ് പൊങ്ങിവരാന്‍ കാരണം. അപ്പം ചുട്ടുകഴിയുമ്പോഴേക്ക് പക്ഷേ ചെറിയൊരു അളവ് എഥനോളേ അതില്‍ ബാക്കിയാവൂ.

വ്യാവസായികാടിസ്ഥാനത്തില്‍ എഥനോള്‍ ഉത്പാദിപ്പിക്കുന്നത് പഞ്ചസാര ഉത്പാദനത്തിന്റെ അവശിഷ്ടമായ മൊളാസസ് എന്ന ദ്രാവകത്തില്‍ നിന്നാണ്. ഫെര്‍മെന്റേഷന്‍ തന്നെയാണ് അവിടേയും നടക്കുന്ന പ്രക്രിയ. രാസപ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളെ കൃത്യമായി നിയന്ത്രിക്കും എന്ന് മാത്രം. ഏത് പ്രക്രിയ വഴി ഉത്പാദിപ്പിച്ചതായാലും ഉപോത്പന്നമായുണ്ടാവുന്ന മറ്റ് രാസവസ്തുക്കള്‍ നീക്കി, ആവശ്യമായ ഗാഡത ഉറപ്പ് വരുത്തണം. സ്വേദനം അഥവാ ഡിസ്റ്റിലേഷന്‍ (വാറ്റല്‍ തന്നെ) എന്ന പ്രക്രിയയാണ് ഇതിന് ഉപയോഗിക്കുന്നത്. ഉയര്‍ന്ന താപനിലയില്‍ ചൂടാക്കി ബാഷ്പരൂപത്തിലാക്കി എഥനോള്‍ വേര്‍ത്തിരിച്ച്, തണുപ്പിച്ച് വീണ്ടും ദ്രാവക രൂപത്തിലാക്കുന്ന പ്രക്രിയയാണിത്. വെള്ളവും എഥനോളുമായുള്ള ഗാഡമായ ബന്ധം കാരണം ഒരു പരിധി കഴിഞ്ഞാല്‍ പിന്നെ ജലാംശം നീക്കാനാവില്ല. അതായത് നൂറുശതമാനം ശുദ്ധമായ എഥനോള്‍ നിര്‍മിക്കാന്‍ സ്വേദന പ്രക്രിയ കൊണ്ട് കഴിയില്ല.
കുടിക്കാനല്ലാതെ എന്തിന് കൊള്ളാം?
എഥനോള്‍ എന്ന് കേള്‍ക്കുമ്പോഴേ കുടിക്കാനുള്ളത് എന്ന് തള്ളിക്കളയണ്ട, അതിന് മറ്റനേകം വ്യാവസായിക ഉപയോഗങ്ങളുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന രാസവസ്തുക്കളില്‍ ഒന്നാണിത്. നല്ലൊരു ലായകമായ എഥനോള്‍ പല രാസപ്രവര്‍ത്തനങ്ങളിലും ഉപയോഗിക്കുന്നു. പെയിന്റുകള്‍, വാര്‍ണിഷുകള്‍ എന്നിവയിലും സിറപ്പുകളും, അരിഷ്ടങ്ങളും ഉള്‍പ്പടെ പലതരം മരുന്നുകളിലും എഥനോള്‍ ലായകമായി ഉപയോഗിക്കുന്നുണ്ട്. അണുനാശക ശേഷിയുള്ളതിനാല്‍ മെഡിക്കല്‍ രംഗത്തും പല ഉപയോഗങ്ങളുമുണ്ട്. പെര്‍ഫ്യൂമുകള്‍, ആഫ്റ്റര്‍ഷേവ് ലോഷനുകള്‍, കൊളോണ്‍, മൌത്ത് വാഷുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവയിലെല്ലാം എഥനോള്‍ ഉപയോഗിക്കുന്നു. പ്ലാസ്റ്റിക് നിര്‍മാണത്തിലും ഈ രാസവസ്തുവിന്റെ സഹായമുണ്ട്. കൂടാതെ വാഹനങ്ങളിലും റോക്കറ്റുകളിലും അടക്കം ഇന്ധനമായി എഥനോള്‍ ഉപയോഗിക്കുന്നുണ്ട്. മെഥനോള്‍ അടക്കം മറ്റ് ആല്‍ക്കഹോളുകള്‍ ഉള്ളില്‍ച്ചെന്നാല്‍ മറുമരുന്നായും ഇത് നല്‍കും. ചുരുക്കിപ്പറഞ്ഞാല്‍ എഥനോള്‍ ഉപയോഗിക്കാത്ത മേഖലകള്‍ കണ്ടെത്താനാവും പ്രയാസം.
മദ്യം കുടിക്കുമ്പോള്‍ സംഭവിക്കുന്നതെന്ത്?
എഥനോളും വെള്ളവും തമ്മില്‍ വളരെ ഗാഢമായ ബന്ധമാണ് ഉള്ളതെന്ന് നേരത്തേ പറഞ്ഞല്ലോ. ഇക്കാരണം കൊണ്ടു തന്നെ ജലത്തില്‍ ലയിച്ച് എല്ലാ കോശങ്ങളിലും കടന്നു ചെല്ലാന്‍ ഇതിനാവും. കോശസ്തരത്തിനുള്ളിലൂടെ കടന്നുചെന്ന് മസ്തിഷ്‌കകോശങ്ങളില്‍ അടക്കം ഇത് ചെന്നെത്തുന്നു. പ്രധാനമായും ചെറുകുടലില്‍ വെച്ചാണ് രക്തക്കുഴലുകള്‍ വഴി എഥനോള്‍ ആഗിരണം ചെയ്യപ്പെടുകയും അങ്ങനെ കരളില്‍ എത്തിച്ചേരുകയും ചെയ്യുന്നത്. അവിടെവച്ച് വിവിധ പ്രക്രിയകളിലൂടെ അത് വിഘടിപ്പിക്കപ്പെടുന്നു. 90% ആല്‍ക്കഹോള്‍ വിഘടനവും കരളിലാണ് നടക്കുന്നത്. ആമാശയത്തില്‍ വെച്ചും ചെറിയൊരളവ് വിഘടിപ്പിക്കപ്പെടുന്നു.
ശരീരത്തില്‍ മദ്യം ഉണ്ടാക്കുന്ന പ്രഭാവങ്ങള്‍ രക്തത്തില്‍ എത്രയളവ് ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഇത് കുടിക്കുന്ന മദ്യം ഏതാണ്, ആമാശയത്തില്‍ ഭക്ഷണത്തിന്റെ സാന്നിധ്യം, മദ്യപാനശീലം എന്നിവയൊക്കെ അനുസരിച്ചിരിക്കും. 20-30% ആല്‍ക്കഹോള്‍ അടങ്ങിയ മദ്യം വെറും വയറ്റില്‍ കഴിക്കുമ്പോഴാണ് ഏറ്റവും കൂടുതല്‍ ആഗിരണം നടക്കുക. ഭക്ഷണത്തിന്റെ സാന്നിധ്യം, പ്രത്യേകിച്ച് അന്നജത്തിന്റെ സാന്നിധ്യം പെട്ടെന്നുള്ള ആഗിരണം തടയും. ശരീര വലിപ്പം, ലിംഗ വ്യത്യാസം തുടങ്ങി ആര്‍ത്തവ ചക്രത്തില്‍ ഏത് ഘട്ടത്തിലാണ് എന്നതുപോലും മദ്യത്തിന്റെ ആഗിരണത്തെ സ്വാധീനിക്കും.
സ്ത്രീകളിലും പുരുഷന്മാരിലും എഥനോള്‍ ആഗിരണം ഒരേ തോതിലല്ല. സ്ത്രീകളില്‍ കൊഴുപ്പ് കലകള്‍ കൂടുതലും, രക്തത്തിന്റെ അളവ് കുറവുമായതിനാല്‍ രക്തത്തിലെ ആല്‍ക്കഹോള്‍ അംശം പെട്ടെന്ന് കൂടും. ആന്റിഹിസ്റ്റമിനുകള്‍ അടക്കമുള്ള മരുന്നുകള്‍ കഴിക്കുമ്പോഴും ആഗിരണത്തോതില്‍ വ്യത്യാസങ്ങള്‍ വരും.
ആല്‍ക്കഹോള്‍ ഡീഹൈഡ്രോജിനേസ്, ആല്‍ഡിഹൈഡ് ഡീഹൈഡ്രോജിനേസ്, സൈറ്റോക്രോം P450, കാറ്റലേസുകള്‍ തുടങ്ങി ഒരുകൂട്ടം എന്‍സൈമുകള്‍ നമ്മുടെ ശരീരത്തിലെത്തുന്ന മദ്യത്തെ വിഘടിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. അങ്ങനെ നടക്കുന്ന പ്രക്രിയ അല്‍പ്പം ചുരുക്കിപ്പറയാം.
ആല്‍ക്കഹോള്‍ ഡീഹൈഡ്രോജിനേസ് എഥനോളിനെ ഓക്‌സീകരിച്ച് അസെറ്റാല്‍ഡിഹൈഡ് ആക്കി മാറ്റുന്നതാണ് ആദ്യ ഘട്ടം. പിന്നീട് ആരോഗ്യമുള്ള വ്യക്തികളില്‍ ആല്‍ഡിഹൈഡ് ഡീഹൈഡ്രോജിനേസ് അസെറ്റാല്‍ഡിഹൈഡിനെ അസറ്റേറ്റ് ആക്കി മാറ്റുന്നു. ഈ അസറ്റേറ്റിനെ പിന്നീട് കരളില്‍ വെച്ച് നിരുപദ്രവകാരികളായ കാര്‍ബണ്‍ഡയോക്‌സൈഡും ജലവുമാക്കി മാറ്റും. ഇതിനിടെ രൂപപ്പെടുന്ന അസെറ്റാല്‍ഡിഹൈഡ് ശരീരത്തെ ദോഷകരമായി ബാധിക്കുന്ന രാസവസ്തുവാണ്. ആല്‍ഡിഹൈഡ് ഡീഹൈഡ്രോജിനേസിന്റെ ശരിയായ പ്രവര്‍ത്തനം നടന്നില്ലെങ്കില്‍ ശരീരകലകളില്‍ അസെറ്റാല്‍ഡിഹൈഡ് അടിഞ്ഞൂകൂടുന്നു. ഇതാണ് തലവേദന, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. മാത്രമല്ല ഇത് ശരീര കലകള്‍ക്ക് കേടുപാടുണ്ടാക്കുകയും ചെയ്യും. സ്ഥിരം മദ്യപാനികള്‍ താരതമ്യേന വലിയ അളവ് മദ്യം അകത്തു ചെന്നാലും ഫിറ്റാവാത്തത് കണ്ടിട്ടില്ലേ? ഇതിനും ശാസ്ത്രീയമായ വിശദീകരണമുണ്ട്.
സ്ഥിരം മദ്യപാനികളില്‍ സാധാരണയുള്ള വിഘടനത്തിന്റെ നിരക്ക് കൂട്ടുന്നത് കൂടാതെ സൈറ്റോക്രോം P450 യെ ആശ്രയിച്ചുള്ള മറ്റൊരു വിഘടന പ്രക്രിയ കൂടി നടക്കും. സാധാരണയായി മരുന്നുകളും മറ്റും വിഘടിപ്പിക്കാന്‍ ശരീരം സ്വീകരിക്കുന്ന മാര്‍ഗമാണിത്. ഇത് ചയാപചയ പ്രക്രിയക്ക് കൂടുതല്‍ ഭാരമാകുന്നു. അരക്കുപ്പി വിസ്‌കി കുടിക്കുന്നത് അരക്കിലോ ആസ്പിരിന്‍ അല്ലെങ്കില്‍ ഒന്നേകാല്‍ കിലോ ടെട്രാസൈക്ലിന്‍ കഴിക്കുന്നതിന് തുല്യമാണത്രേ [1]. മാത്രമല്ല അരക്കുപ്പി വിസ്‌കിയില്‍ ഏതാണ്ട് 1650 കിലോ കലോറി ഊര്‍ജം അടങ്ങിയിരിക്കുന്നു. ഒരു ദിവസം മൊത്തം മനുഷ്യന് ആവശ്യമുള്ള ഊര്‍ജം 2500 കിലോ കലോറിക്ക് അടുത്താണ് എന്നോര്‍ക്കണം. കള്ളുകുടിയന്മാര്‍ തടിയന്മാരാവാന്‍ എന്തെളുപ്പം.
അപ്പോ ആല്‍ക്കഹോളിന്റെ ശാസ്ത്രം കുറച്ചൊക്കെ നമുക്ക് മനസ്സിലായി, മദ്യം കുടിക്കുമ്പോള്‍ ലഹരിയുണ്ടാകുന്നതെങ്ങനെ എന്നും, ആല്‍ക്കഹോള്‍ അഡിക്ഷന്റെ ശാസ്ത്രവുമൊക്കെ ഉടനേ തന്നെ എഴുതാം.
1. Alcohol in the body, Alex Paton, BMJ. 2005 Jan 8; 330(7482): 85-87.
Content Highlights: chemistry of liquor alcohol
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..