തൃശ്ശൂർ: ഒന്നാം തീയതി ചൊവ്വാഴ്ച ബാറുകൾക്ക് അവധിയായതിനാൽ തിങ്കളാഴ്ച വൻ വിൽപനയായിരുന്നു. തിക്കും തിരക്കുമുള്ള അർധരാത്രിയിലെ അവസാന വിൽപ്പനസമയത്ത് പതിനേഴുകാരന്റെ രൂപത്തിൽ തനിക്ക് പണി കിട്ടുമെന്ന് ബാറുടമ പ്രതീക്ഷിച്ചില്ല. തിങ്കളാഴ്ച രാവിലെ കേസിന്റെ വിവരവുമായി പോലീസെത്തിയപ്പോഴാണ് നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങിയെന്ന് ഉടമ മനസ്സിലാക്കിയത്.

To advertise here,

മണ്ണുത്തി പോലീസ്സ്റ്റേഷൻ പരിധിയിലാണ് സംഭവം. തിങ്കളാഴ്ച അർധരാത്രിയോടെ സ്റ്റേഷനിലേക്ക് ഒരു യുവാവെത്തി. അല്പം മദ്യപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ യുവാവ് പരാതിയുമായാണ് എത്തിയത്. കൂടെ മദ്യപിക്കാനെത്തിയ വ്യക്തിയുമായി ഉന്തും തള്ളുമുണ്ടായെന്നും കൂടെച്ചേർന്ന് ബാർജീവനക്കാർ മർദിച്ചെന്നുമായിരുന്നു പരാതി. മർദനമേറ്റതിന്റെ പാടുകളും യുവാവ് കാണിച്ചു. കേസെടുക്കേണ്ടതിലേക്കായി പോലീസ് യുവാവിന്റെ തിരിച്ചറിയൽരേഖ ആവശ്യപ്പെട്ടു.

രേഖ കണ്ടതോടെ പോലീസും ജാഗരൂകരായി. യുവാവ് നൽകിയ തിരിച്ചറിയൽരേഖപ്രകാരം വയസ്സ് 17 ആയിരുന്നു. ഈ പ്രായത്തിൽ മദ്യം വാങ്ങാൻ പാടില്ലെന്ന് പോലീസ് പറഞ്ഞതോടെ അപകടം മണത്ത യുവാവ് തനിക്ക് പ്രായം 18 ആയെന്ന് വാദിച്ചു. മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള കുറഞ്ഞ പ്രായം 23 ആണെന്ന് പോലീസ് പറഞ്ഞതോടെ യുവാവ് പെട്ടു.

യുവാവിന്റെ അമ്മയെ വിളിച്ചുവരുത്തി പരാതി വാങ്ങി. യുവാവിനെ മർദിച്ചതിന് കൂട്ടുകാരനെതിരേയും പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് മദ്യം വിറ്റതിന് ബാറുടമയുടെ പേരിലും മണ്ണുത്തി പോലീസ് കേസെടുത്തു. കേസ് പ്രകാരം പിഴയായ അര ലക്ഷം രൂപ ബാറുടമ ഒടുക്കേണ്ടിവരും. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ ആറു പേർക്കെതിരെ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അന്വേഷണത്തിൽ മണ്ണുത്തി കൊഴുക്കുള്ളി സ്വദേശികളായ ഗണു, ജിത്തു എന്നീ രണ്ടുപേരെ അറസ്റ്റു ചെയ്തു.