ലണ്ടൻ: അപ്രതീക്ഷിതമായിട്ടായിരുന്നു ഇംഗ്ലീഷ് ക്രിക്കറ്റ് താരം ബെൻ സ്റ്റോക്ക്‌സ് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ട്രെന്റ് ബ്രിഡ്ജിൽ നടന്ന ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിലുള്ള മൂന്നാം ടെസ്റ്റിനിടെയായിരുന്നു പ്രഖ്യാപനം. ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച തീരുമാനമായിരുന്നു അത്. ഒന്നാം ടെസ്റ്റിന് പിന്നാലെ ലണ്ടനിലെ ഒരു നൈറ്റ് ക്ലബ്ബിൽ നടന്ന സംഭവവും സ്‌റ്റോക്ക്‌സിന്റെ വിരമിക്കലിലേക്ക് നയിച്ചുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഒന്നാം ടെസ്റ്റിലെ വിജയമാഘോഷിക്കാൻ സ്‌റ്റോക്സും പേസ് ബൗളർ അറ്റ്കിൻസണും ടീമിന്റെ മിഡ്‌നൈറ്റ് കർഫ്യൂ തെറ്റിച്ച് നൈറ്റ് ക്ലബ്ബിൽ പോകുകയും ഒരു റഗ്ബി താരവുമായി തർക്കമുണ്ടാകുകയും ചെയ്തു. തുടർന്ന് ഇരുവർക്കുമെതിരെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അന്വേഷണം പ്രഖ്യാപിക്കുകയും രണ്ടാം ടെസ്റ്റിൽനിന്ന് മാറ്റിനിർത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മൂന്നാം ടെസ്റ്റിലായിരുന്നു സ്റ്റോക്സ് വിരമിച്ചത്.

To advertise here,

ഇപ്പോഴിതാ ഈ വിരമിക്കലിനേക്കുറിച്ചും ക്രിക്കറ്റിലെ മദ്യപാന സംസ്‌കാരത്തേക്കുറിച്ചുമെല്ലാം മനസ്സുതുറക്കുകയാണ് സ്റ്റോക്സ് വർഷങ്ങളായി ക്രിക്കറ്റിൽ നിലനിൽക്കുന്നതാണ് മദ്യപാന സംസ്‌കാരമെന്നും അത് ഒരു രാജ്യത്തിനേയോ ടീമിനെയോ മാത്രം ബാധിക്കുന്ന കാര്യമല്ലെന്നും സ്‌റ്റോക്സ് വ്യക്തമാക്കി. 'ഫോർ ദി ലവ് ഓഫ് ക്രിക്കറ്റ്' എന്ന പോഡ്കാസ്റ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു മുൻ ഇംഗ്ലീഷ് താരം.

'വർഷങ്ങളായി ക്രിക്കറ്റിൽ നിലനിൽക്കുന്ന ഒരു സംസ്‌കാരമാണിത്. അതിൽ ഇംഗ്ലണ്ടിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പല രാജ്യങ്ങളുടേയും ആഭ്യന്തര, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ സംസ്‌കാരമുണ്ട്. അതിനാൽ ഈ വിഷയത്തെ വിശാലമായ കാഴ്ച്ചപ്പാടോടെ കാണണം. 1980-കളിൽ ക്രിക്കറ്റും മദ്യപാനവും തമ്മിലുള്ള ബന്ധം ഇങ്ങനെതന്നെ നിലനിന്നിരുന്നു. കളി മെച്ചപ്പെട്ടുകൊണ്ടിരുന്നപ്പോഴും ആ കാര്യം അവിടെത്തന്നെ നിന്നു. എന്റെ കരിയറിൽ ചില സമയങ്ങളിൽ മദ്യവുമായുള്ള ബന്ധം അപകടകരമായിരുന്നു. എന്നാൽ, ഇപ്പോൾ ഞാൻ തികച്ചും വ്യത്യസ്തനാണ്', ബെൻ സ്റ്റോക്സ് വ്യക്തമാക്കി. 2025-ൽ പരിക്കിൽനിന്ന് മുക്തി നേടുന്നതിനിടയിൽ ഒരു കാലയളവിൽ താൻ മദ്യം ഉപേക്ഷിച്ചതായും സ്റ്റോക്സ് പറഞ്ഞു.

ബ്രണ്ടൻ മക്കല്ലം ഇംഗ്ലണ്ടിന്റെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടതിന്റെ ഉത്തരവാദിത്വവും ബെൻ സ്റ്റോക്സ് ഏറ്റെടുത്തു. താൻ വിരമിക്കാൻ തീരുമാനിച്ചില്ലായിരുന്നെങ്കിൽ മക്കല്ലം ഇപ്പോഴും പരിശീലകനായി തുടരുമായിരുന്നെന്ന് സ്റ്റോക്സ് വ്യക്തമാക്കി. 'ഞങ്ങൾ തമ്മിൽ ഒരു തർക്കവുമുണ്ടായിട്ടില്ല. എന്നാൽ, ചില കാര്യങ്ങളിൽ ഞങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഞങ്ങൾ രണ്ടുപേരും അത് സമ്മതിക്കുന്നു. മക്കല്ലം തന്നെ അത് തുറന്നുപറഞ്ഞിട്ടുണ്ട്', സ്റ്റോക്സ് വ്യക്തമാക്കി. ഇംഗ്ലണ്ട് ടീമിലേക്ക് ഇനി തിരിച്ചുവരില്ലെന്നും പരിശീലകനാകാനാണ് ഇനി ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.