പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ചാള്‍സ് ഡാര്‍വിന്‍ ഗ്രാമത്തിലെ ക്രിസ്ത്യന്‍ പള്ളിയില്‍ പുരോഹിതനാകാന്‍ ശ്രമിച്ച ആളാണ്. ഇതിനായി അദ്ദേഹം കുറേക്കാലം ദൈവ ശാസ്ത്രം പഠിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് മറ്റൊരു ഇഷ്ടം കൂടി അന്നുണ്ടായിരുന്നു. കുടുംബ സുഹൃത്തായ ഒരാളുടെ മകളായ ഫാനി ഓവെനെ വിവാഹം കഴിക്കണം. വിവാഹ ശേഷം സ്വന്തം ഗ്രാമത്തിലെ ഇടവകയുടെ ചുമതല ഏറ്റെടുക്കണം. പിന്നീട് ഇഷ്ടപ്പെട്ട പ്രകൃതി ശാസ്ത്രത്തില്‍ പഠനവും അന്വേഷണവും നടത്തണം. അധിക വരുമാനം ഉണ്ടാകില്ലെങ്കിലും സംതൃപ്തമായ കുടുംബ ജീവിതം തനിക്ക് ഉണ്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. വൈദ്യ ശാസ്ത്ര പഠനത്തിന് ചേര്‍ന്ന അദ്ദേഹത്തെ ദൈവ ശാസ്ത്ര പഠനത്തിലേക്ക് തള്ളിവിട്ടതിനു പിന്നില്‍ മറ്റൊരു ഘടകം കൂടിയുണ്ട്. പിതാവ് റോബര്‍ട്ട്, മുത്തച്ഛന്‍ ഇറാസ്മസ് എന്നിവരെ പോലെ ഡോക്ടര്‍ ആകാന്‍ ഡാര്‍വിന്‍ പഠനം ആരംഭിച്ചിരുന്നു. പക്ഷേ എഡിന്‍ബര്‍ഗിലെ മെഡിക്കല്‍ പാഠ്യപദ്ധതി അദ്ദേഹത്തിന് തീരെ ആകര്‍ഷകമായി തോന്നിയില്ല. അപ്പോഴാണ് ചെറിയ കുട്ടികളില്‍ അനസ്തീഷ്യ നല്‍കാതെ ശസ്ത്രക്രിയ നടത്തുന്നതിന് അദ്ദേഹം സാക്ഷിയാകുന്നത്. ഈ കാഴ്ചകള്‍ കണ്ട് മാനസിക വിഷമമേറിയാണ് അദ്ദേഹം വൈദ്യ പഠനം ഉപേക്ഷിച്ചത്.
അതിന് മുന്‍പ് തന്നെ ഡാര്‍വിന്റെ കുടുംബം, പ്രത്യേകിച്ച് പിതാവ് റോബര്‍ട്ട് വാറിംഗ് ഡാര്‍വിന്‍, മകനെ ഒരു പുരോഹിതനായി കാണാന്‍ ആഗ്രഹിച്ചിരുന്നു. ആംഗ്ലിക്കന്‍ സഭയിലെ വൈദികന്‍ എന്ന ബഹുമാന്യമാര്‍ന്ന പദവി മാത്രമല്ല അത് സുസ്ഥിരവുമായ തൊഴിലുമാണെന്ന് പിതാവ് പറയുമായിരുന്നു. മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ അദ്ദേഹം ദൈവശാസ്ത്രത്തിലേക്ക് മാറി. കേംബ്രിഡ്ജിലെ ക്രൈസ്റ്റ് കോളേജിലാണ് ദൈവ ശാസ്ത്ര പഠനത്തിന് ചേര്‍ന്നത്. കേംബ്രിഡ്ജില്‍, സസ്യശാസ്ത്രജ്ഞനും ജിയോളജിസ്റ്റുമായ റെവറന്റ് ജോണ്‍ ഹെന്‍സ്ലോ ആയിരുന്നു അദേഹത്തിന്റെ ഗുരു. ഹെന്‍സ്ലോ പ്രകൃതി ശാസ്ത്രത്തില്‍ അതീവ താല്പര്യക്കാരനായിരുന്നു. ഈ സ്വാധീനം കൂടിയാണ് ഡാര്‍വിനെ പ്രകൃതി ചരിത്രത്തിലേക്ക് നയിച്ചത്. മാത്രമല്ല സസ്യ, ജന്തുശാസ്ത്രങ്ങളിലേക്ക് കൂടി കൂടുതല്‍ അടുപ്പിച്ചു. പരിണാമ സിദ്ധാന്ത പഠനത്തില്‍ പിന്നീട് തനിക്ക് സഹായകരമായി മാറിയ ജോണ്‍ ജെയിംസ് ഔഡുബോണ്‍, ചാള്‍സ് ലീല്‍ തുടങ്ങിയ പ്രകൃതിശാസ്ത്രജ്ഞരുടെ കൃതികളിലേക്ക് ഡാര്‍വിനെ നയിച്ചത് ഹെന്‍സ്ലോ ആയിരുന്നു. ഈ കാലഘട്ടത്തിലാണ് നിര്‍ണായക യാത്രാ ദൗത്യം ഡാര്‍വിനിലേക്ക് എത്തുന്നത്. HMS ബീഗിള്‍ എന്ന പര്യവേക്ഷണ കപ്പലിന്റെ രണ്ടാമത്തെ ദൗത്യം.
ബീഗിള്‍ കപ്പലിന്റെ രണ്ടാം പര്യടന ചുമതല ക്യാപ്റ്റന്‍ റോബര്‍ട്ട് ഫിറ്റ്‌സ് റോയ്ക്കായിരുന്നു. ഇദ്ദേഹം ഹെന്‍സ്ലോയുടെ അടുത്ത സുഹൃത്താണ്. തനിക്കൊപ്പം സഞ്ചരിക്കാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും താല്പര്യവും കഴിവുമുള്ള ഒരാളെ ആവശ്യമുണ്ടെന്ന് ഫിറ്റ്‌സ് റോയ് അറിയിച്ചു. ഈ വ്യക്തി സമ്പന്ന കുടുംബാംഗമാകണം. തനിക്ക് സംസാരിക്കാനും ഒരുമിച്ച് ഭക്ഷണം കഴിക്കാനും അര്‍ഹതയുള്ള ആളുമാകണം. ഇത് മാത്രമല്ല യാത്രികന്‍ ആരാണോ അയാള്‍ യാത്രയിലെ സ്വന്തം ചിലവ് സ്വയം വഹിക്കണം. സാമ്പത്തിക സഹായമോ ശമ്പളമോ ഇല്ല. ഇതിലെ ആകര്‍ഷണീയത ഭൂമിയിലെ സൃഷ്ടികളുടെ വ്യത്യസ്തമായ കാഴ്ചകള്‍ കാണാമെന്നതാണ്. ബ്രിട്ടീഷ് ആധിപത്യമുള്ള കാലമാണ്. ലോകത്ത് എവിടേയും തങ്ങള്‍ക്ക് കടന്നു ചെല്ലാമെന്ന ധാര്‍ഷ്ട്യം ആ രാജ്യക്കാര്‍ വച്ചു പുലര്‍ത്തുന്ന കാലവുമാണ്. പ്രകൃതി ശാസ്ത്രത്തില്‍ കൂടുതല്‍ അറിയണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്ന ഡാര്‍വിനെ ഉടന്‍ തന്നെ ഹെന്‍സ്ലോ ശിപാര്‍ശ ചെയ്തു. ആദ്യം താനുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് ഡാര്‍വിനെ അയയ്ക്കാന്‍ ഫിറ്റ്‌സ് റോയ് ആവശ്യപ്പെട്ടു. പിന്നീട് ഹെന്‍സ്ലോയെ കണ്ട ഫിറ്റ്‌സ് റോയ് താന്‍ ഡാര്‍വിനെ യാത്രയ്ക്ക് തിരഞ്ഞെടുത്തുവെന്ന് അറിയിച്ചു. പക്ഷേ ഡാര്‍വിനെ തിരഞ്ഞെടുക്കാന്‍ കാരണം പ്രകൃതി ശാസ്ത്രത്തിലുള്ള അയാളുടെ ജ്ഞാനമോ അയാളുടെ കഴിവോ അല്ലെന്നും അയാളുടെ വ്യത്യസ്തമായ മൂക്ക് ആണെന്നും പറഞ്ഞു. അതു കേട്ട് ഹെന്‍സ്ലോ അത്ഭുതപ്പെട്ടു. അന്നു വരെ ശാസ്ത്ര ലോകത്ത് ആരും പരീക്ഷിക്കാത്ത കാര്യമായിരുന്നു അത്. മൂക്കിന്റെ രൂപവും വലിപ്പവും കൊണ്ടു മാത്രം ലഭിക്കുന്ന അവസരം. അതും ശാസ്ത്ര അന്വേഷണത്തില്‍.
യഥാര്‍ത്ഥത്തില്‍ ഡാര്‍വിന്റെ മൂക്ക് ഏറെ പ്രശസ്തമായിരുന്നു. അത് നിരവധി ഊഹാപോഹങ്ങള്‍ക്ക് കാരണമായി. മൂക്ക് വളരെ വലുതും വളരെ എടുത്തു കാണുന്ന വിധത്തിലുമായിരുന്നു. പരിണാമ സിദ്ധാന്തം അവതരിപ്പിച്ച കാലത്ത് അദ്ദേഹത്തെ പരിഹസിക്കാന്‍ കാരിക്കേച്ചറുകളിലും കാര്‍ട്ടൂണുകളിലും ഈ മൂക്കിനെ ഉപയോഗിക്കുമായിരുന്നു. അത് ചെറുതായി വളഞ്ഞ നിലയിലായിരുന്നു. എന്താണ് കാരണമെന്ന് ഡാര്‍വിന്‍ പറഞ്ഞിട്ടില്ല. ഒരു പക്ഷേ കുട്ടിക്കാലത്ത് പരിക്ക് പറ്റിയതാകാമെന്നാണ് കരുതുന്നത്. ഡാര്‍വിന്‍ തന്നെ പലപ്പോഴും തന്റെ മൂക്കിനെക്കുറിച്ച് തമാശയുള്ള പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു, ഇത് ഇക്കാര്യങ്ങള്‍ അദ്ദേഹം തന്നെ ഗൗരവമായി എടുത്തിട്ടില്ലെന്ന് വ്യക്തമാക്കുന്നു. ഡാര്‍വിന്റെ മൂക്കിനെക്കുറിച്ചുള്ള പരിഹാസവും ഒപ്പം ചില ഗൗരവമാര്‍ന്ന സിദ്ധാന്തങ്ങളും അക്കാലത്ത് തന്നെ ഉയര്‍ന്നിരുന്നു. പരിണാമപരമായ നേട്ടമെന്നായിരുന്നു മുഖ്യ പരിഹാസം. ഡാര്‍വിന്റെ വലിയ മൂക്ക് പരിണാമപരമെന്നും, പുതിയ ജീവിവര്‍ഗങ്ങളെയും കണ്ടെത്തലുകളെയും മണക്കാന്‍ അദ്ദേഹത്തെ അനുവദിച്ചിരിക്കാമെന്നും ചിലര്‍ തമാശയായി അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച ഒരു ജനിതക സ്വഭാവമായിരിക്കാം എന്ന് മറ്റുള്ളവര്‍ അനുമാനിക്കുന്നു. അതെന്തായാലും ബൗദ്ധിക ജിജ്ഞാസയുടെ പ്രതീകമായാണ് ഡാര്‍വിന്റെ മൂക്ക് ഇന്നും ചിലര്‍ പരാമര്‍ശിക്കുന്നത് .
ഫിറ്റ്‌സ് റോയിക്കൊപ്പം യാത്ര പുറപ്പെടാമെന്ന് ഡാര്‍വിന്‍ സമ്മതിച്ചു. തലമുറകളായി സമ്പന്ന കുടുംബമാണ് ഡാര്‍വിന്റേത്. യാത്രയില്‍ തനിക്ക് ചിലവാകുന്ന പണം സ്വയം കണ്ടെത്താമെന്ന് അദ്ദേഹം ഫിറ്റ്‌സ് റോയിയോടും സമ്മതിച്ചു. വീട്ടിലെത്തി പിതാവിനോട് കാര്യം പറഞ്ഞപ്പോള്‍ ഈ യാത്ര അദ്ദേഹത്തിന് തീരെ താത്പര്യപ്പെട്ടില്ല. ദൈവ ശാസ്ത്രം പഠിച്ച് വേഗം പുരോഹിതനാകാന്‍ പിതാവ് നിര്‍ബന്ധിച്ചു. മാത്രമല്ല യാത്രക്ക് പണം നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു. എന്നാല്‍ ഡാര്‍വിന്റെ മാതൃ സഹോദരന്‍ ജോസീയ വെഡ്ഗ്വുഡ് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പിതാവ് സഹായം നല്‍കാമെന്ന് മനസില്ലാ മനസോടെ സമ്മതിച്ചു. അപ്പോഴും പിതാവ് കുടുംബത്തിന് പേരു ദോഷമുണ്ടാക്കിയ മകനെന്ന് ഡാര്‍വിനെ ആക്ഷേപിക്കുകയായിരുന്നു. HMS ബീഗിളിലെ രണ്ടാം പര്യവേക്ഷണ യാത്ര അഞ്ച് വര്‍ഷം നീളുന്നതായിരുന്നു. യാത്രയെ കുറിച്ച് അറിഞ്ഞപ്പോള്‍ ഡാര്‍വിനുമായി കൂട്ടുകാരി ഫാനി വഴക്കിട്ടു. ഉടന്‍ വിവാഹം കഴിക്കണമെന്നും യാത്ര വേണ്ടെന്നും അവള്‍ നിലപാടെടുത്തു. അഞ്ച് വര്‍ഷം കാത്തിരിക്കാന്‍ കഴിയില്ലെന്ന് തുറന്നു പറഞ്ഞ അവളുടെ വിവാഹത്തെ കുറിച്ചു പിന്നീട് ഡാര്‍വിന്‍ അറിയുന്നത് ഇടയ്ക്ക് വീട്ടില്‍ നിന്നും ലഭിച്ച കത്തുകളിലൂടെയാണ്.
ഇടവേളയില്ലാതെ അഞ്ച് വര്‍ഷം നീണ്ട യാത്ര പൂര്‍ത്തിയാക്കി തിരികെ എത്തുമ്പോള്‍ ഇളയ സഹോദരന്‍ ഇറാസ്മസ് ലണ്ടനിലേക്ക് താമസം മാറിയിരുന്നു. ഡാര്‍വിന്‍ തന്റെ പഠനാവശ്യങ്ങള്‍ക്കായി അവനൊപ്പം താമസിച്ചു തുടങ്ങി. വൈകാതെ വിവാഹത്തെക്കുറിച്ചും ചിന്തിക്കാന്‍ തുടങ്ങി. പാരമ്പര്യമായി വലിയ സമ്പത്തുള്ള കുടുംബമാണ് ഡാര്‍വിന്റേതെന്ന് പറഞ്ഞല്ലോ. സ്വത്തിന്റെ വലിയൊരു ഭാഗം അനന്തരാവകാശമായി ലഭിക്കും. സത്യത്തില്‍ വലിയ സമ്പത്തുള്ളവര്‍ അക്കാലത്ത് വിവാഹം കഴിക്കാനോ എന്തെങ്കിലും തൊഴില്‍ ചെയ്യാനോ ശ്രമിക്കാറില്ലായിരുന്നു. മാത്രമല്ല യാത്ര കഴിഞ്ഞ് തിരികെ എത്തിയ ഡാര്‍വിനെ കുറിച്ച് സമൂഹത്തില്‍ വലിയ മതിപ്പുണ്ടായത് പിതാവ് മനസിലാക്കി. അതോടെ കുടുംബത്തിന് പേരുദോഷം ഉണ്ടാക്കിയവന്‍ എന്ന കുറ്റപ്പെടുത്തല്‍ പിന്നീട് ഉണ്ടായിട്ടില്ല. മാത്രമല്ല ഡാര്‍വിന്‍ മുന്നോട്ട് വെയ്ക്കുന്ന ശാസ്ത്രീയ പഠനങ്ങളിലും ആശയങ്ങളിലും അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തു. ഇവിടെ മറ്റൊരു കാര്യം കൂടി സൂചിപ്പിക്കണം. ഡാര്‍വിന്റെ മുത്തച്ഛന്‍ ഇറാസ്മസ് ഡോക്ടറും ഒപ്പം ഒരു കവിയുമായിരുന്നു. പരിണാമ ചിന്തകള്‍ പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ ഒരു പുസ്തകത്തില്‍ ചൂട് വെള്ളമുണ്ടായിരുന്ന ഒരു കുളത്തില്‍ നിന്നാണ് ജീവന്‍ ഉണ്ടായതെന്ന് വെളിപ്പെടുത്തിയിരുന്നു. അത് ആരും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ കുട്ടിക്കാലത്ത് മുത്തച്ഛന്റെ ചിന്തകള്‍ തന്നെ സ്വാധീനിച്ചിരുന്നില്ലെന്ന് ഡാര്‍വിന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
ലണ്ടനില്‍ താമസിക്കുന്ന കാലത്താണ് എമ്മ വെഡ്വുഡിനെ ഡാര്‍വിന്‍ കണ്ടുമുട്ടുന്നത്. ഇരുവരും അടുത്ത ബന്ധുക്കളായിരുന്നു. എമ്മയ്ക്ക് ഡാര്‍വിനെയും ഇഷ്ടമായിരുന്നു. അവര്‍ വിവാഹിതരായി. ആറ് ആണ്‍മക്കളും നാല് പെണ്‍മക്കളും ഈ ദമ്പതികള്‍ക്ക് ഉണ്ടായിരുന്നു. ഒരു മകന്‍ പിന്നീട് പ്രശസ്ത സസ്യശാസ്ത്രജ്ഞനും മറ്റൊരാള്‍ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനും മറ്റൊരാള്‍ പാര്‍ലമെന്റ് അംഗവുമായി. മൂത്ത മകള്‍ ആനി പത്താം വയസില്‍ മരിച്ചു. എമ്മ ഉറച്ച ഏകദൈവ വിശ്വാസിയായിരുന്നു. ഭൂമി ദൈവ സൃഷ്ടിയാണെന്ന വീക്ഷണത്തെക്കുറിച്ച് ഡാര്‍വിന്‍ വിവാഹത്തിന് മുമ്പുതന്നെ സംശയം പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍, ഡാര്‍വിന്‍ തന്റെ പരിണാമ സിദ്ധാന്തങ്ങള്‍ വികസിപ്പിച്ചപ്പോള്‍, അദ്ദേഹത്തിന്റെ അടുത്ത ചില സുഹൃത്തുക്കള്‍ പരിണാമ ശാസ്ത്രം അംഗീകരിക്കുമ്പോള്‍ തന്നെ പരമ്പരാഗത ക്രിസ്ത്യന്‍ വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കുന്നതായും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അത്തരമൊരു രഞ്ജിപ്പിന് ഡാര്‍വിന് കഴിഞ്ഞില്ല. ജീവിതാവസാനം വരെ ചാള്‍സ് ഡാര്‍വിന്‍ ഒരു അജ്ഞേയവാദിയായിരുന്നു. ഈ വിശ്വാസത്തിലേക്ക് നയിക്കാന്‍ പ്രധാനപ്പെട്ട കാരണം പത്താം വയസുകാരിയായിരുന്ന മകള്‍ ആനിയുടെ മരണം കൂടിയാണ്.
രണ്ട് മരണങ്ങള്‍ ഡാര്‍വിനെ സ്വാധീനിച്ചിട്ടുണ്ട്. എട്ടാം വയസില്‍ അമ്മയുടെ മരണവും ആനിയുടെ മരണവും. അമ്മയുടെ മരണം ഡാര്‍വിന്റെ ഏട്ടാമത്തെ വയസില്‍ ആയിരുന്നു. ഇത് അദ്ദേഹത്തെ മാനസികമായി എങ്ങനെ ബാധിച്ചുവെന്ന് വ്യക്തമല്ല. പക്ഷേ അതേ കുറിച്ച് അദ്ദേഹം പിന്നീട് സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ മകളുടെ മരണം അദ്ദേഹത്തെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തു കളഞ്ഞു. ഡാര്‍വിന്‍ ദൈവ വിശ്വാസം ഉപേക്ഷിച്ചത് എമ്മയെ നിരന്തരം വിഷമിപ്പിക്കുന്നതായി. വിശ്വാസം ഉണ്ടെന്ന് കള്ളം പറയാന്‍ തനിക്ക് കഴിയുന്നില്ലല്ലോ എന്ന അവസ്ഥ ഡാര്‍വിന് മാനസികമായി വലിയ വേദന നല്‍കി. ഇരുവരും ഇത് സംബന്ധിച്ച് കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്. ദൈവ വിശ്വാസം നഷ്ടപ്പെട്ട ഡാര്‍വിന്‍ തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തുന്നല്ലോ എന്ന് എമ്മ ഭയപ്പെട്ടു. എങ്കിലും ജീവിതകാലം മുഴുവന്‍ ഡാര്‍വിന്റെ വിശ്വസ്ത പങ്കാളിയായി അവര്‍ തുടര്‍ന്നു. ഒരിക്കല്‍ ഡാര്‍വിന്‍ എഴുതിയ കുറിപ്പില്‍ ഇപ്രകാരം പറയുന്നു. 'പ്രിയപ്പെട്ട എമ്മ.... ഇക്കാര്യമോര്‍ത്ത് എത്ര തവണ ഞാന്‍ കരഞ്ഞിട്ടുണ്ടെന്ന് നിനക്കറിയില്ല'
ലണ്ടനില്‍ നിന്നും അധികം അകലെയല്ലാതെ ഡൌണ്‍ മേഖലയില്‍ ദമ്പതികള്‍ ഒരു വീട് വാങ്ങി. അപ്പോഴേക്കും ഡാര്‍വിന്‍ രോഗബാധിതനായി. പിന്നീടൊരിക്കലും അദ്ദേഹം അധികം യാത്ര ചെയ്തിട്ടില്ല. തലവേദന, ഹൃദയമിടിപ്പ്, ദഹനക്കേട്, ദേഹത്ത് പരുക്കള്‍, പേശിവലിവ്, എക്സിമ തുടങ്ങി വിവിധ രോഗങ്ങള്‍ ഡാര്‍വിന് അനുഭവപ്പെട്ടു. നിരവധി ചികിത്സ തേടിയെങ്കിലും രോഗ ശമനം ഉണ്ടായില്ല. ബീഗിള്‍ പര്യടനത്തിന് ഏറെ മുന്‍പ് തന്നെ ഈ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. അതു കൊണ്ട് യാത്രാ മദ്ധ്യേ വിഷം തീണ്ടിയത് മൂലമോ മറ്റോ ഉണ്ടായ പ്രശ്‌നമെന്ന് കരുതാന്‍ കഴിയില്ല. അതെന്തായാലും ഡാര്‍വിന്റെ രോഗങ്ങള്‍ ശമിപ്പിക്കാന്‍ ഒരു ഡോക്ടര്‍ക്കും കഴിഞ്ഞില്ല. ഒരു മരുന്നിനുമായില്ല. ഡാര്‍വിനും എമ്മയും അടുത്ത ബന്ധുക്കള്‍ ആയിരുന്നത് പോലെ ഡാര്‍വിന്റെ മാതാ പിതാക്കള്‍ റോബര്‍ട്ട്, സൂസന്ന എന്നിവരും വളരെ അടുത്ത ബന്ധുക്കള്‍ ആയിരുന്നു. എമ്മയുടെ സഹോദരന്‍ ജോസീയയുടെ ഭാര്യയും അടുത്ത രക്ത ബന്ധത്തില്‍ ഉള്ള ആളായിരുന്നു. ഇവരുടെ ഒരു കുഞ്ഞ് ജനന സമയത്ത് തന്നെ മരിച്ചിരുന്നു. ഡാര്‍വിന്റെ മകള്‍ ആനി മരിച്ചതും അടുത്ത ബന്ധുക്കള്‍ എന്ന നിലയിലുള്ള ജനിതക തകരാര്‍ മൂലമാകാമെന്ന് വിശ്വസിക്കപ്പെടുന്നു.
ഒരര്‍ത്ഥത്തില്‍ ഡാര്‍വിന്റെ കരുത്തും സൗന്ദര്യവും എമ്മയായിരുന്നു. ഭാര്യ മാത്രമല്ല നല്ല കൂട്ടുകാരിയും നഴ്സുമായി അവര്‍ മാറി. എമ്മ നല്‍കിയ പരിചരണവും സൗഹൃദവും ഡാര്‍വിനെ തന്റെ കഠിന രോഗാവസ്ഥകളില്‍ കരുത്ത് പകര്‍ന്നു. അന്നു വരെ നില നിന്ന വിശ്വാസ പ്രമാണങ്ങളെ തച്ചുടയ്ക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ജീവിതത്തിലുടനീളം ഡാര്‍വിന്‍ വിമര്‍ശിക്കപ്പെട്ടു. ആ പ്രശ്‌നങ്ങള്‍ക്കിടയിലും ഗവേഷണവും എഴുത്തും തുടരാന്‍ പ്രാപ്തനാക്കിയത് എമ്മയുടെ വാക്കും പ്രവര്‍ത്തിയുമാണ്. എമ്മ നന്നായി പിയാനോ വായിക്കുമായിരുന്നു. വൈകുന്നേരങ്ങളില്‍ അവര്‍ ഒരുമിച്ച് പിയാനോ വായിക്കുന്നതും പതിവായിരുന്നു. എമ്മയുടെ സ്ഥാനത്ത് മറ്റൊരു സ്ത്രീ ആയിരുന്നെങ്കില്‍ ചാള്‍സ് ഡാര്‍വിന് തന്റെ കൃതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നില്ല എന്ന് കരുതുന്നവര്‍ ഏറെയാണ്. വലിയ സമ്പത്തിന്റെ ഉടമ ആയതിനാല്‍ വരുമാനത്തിന് തൊഴില്‍ ചെയ്യേണ്ട കാര്യം ഡാര്‍വിന് ഉണ്ടായിരുന്നില്ല. അസുഖങ്ങളുടെ നീണ്ട നിര പലപ്പോഴും വീട്ടില്‍ തന്നെ തുടരാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കി. രോഗം ശല്യം ചെയ്യാത്ത മുഴുവന്‍ സമയവും ശാസ്ത്ര പഠനത്തിനായി നീക്കിവയ്ക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. അത് ചിലപ്പോള്‍ ഒരു ദിവസം ഒന്നോ രണ്ടോ മണിക്കൂര്‍ ആയിരുന്നുവെന്ന് മാത്രം. ഇതിനിടെ തനിക്ക് കണ്ടെത്താനാകുന്ന എല്ലാ ശാസ്ത്ര പുസ്തകങ്ങളും ലേഖനങ്ങളും അദ്ദേഹം വായിക്കുവാന്‍ ശ്രമിച്ചു. ലോകമെമ്പാടുമുള്ള സഹ ശാസ്ത്രജ്ഞരുമായി കത്തിടപാടുകള്‍ നടത്തുകയും ചെയ്തു. തന്റെ വീടിന് ചുറ്റുമുള്ള വസ്തുവിലൂടെ ദീര്‍ഘ നേരം നടക്കുമ്പോഴായിരുന്നു ശാസ്ത്ര ചിന്തകളിലേക്ക് അദ്ദേഹം കടന്നിരുന്നതെന്ന് എമ്മ പറഞ്ഞിട്ടുണ്ട്.
ആധുനിക പരിണാമ സിദ്ധാന്തത്തില്‍ മാത്രമല്ല, പരിസ്ഥിതി, പരാഗണ ജീവശാസ്ത്രം, സസ്യ ശരീരശാസ്ത്രം എന്നീ ശാസ്ത്രശാഖകളിലും ഡാര്‍വിന്‍ തന്റെ കണ്ടെത്തലുകള്‍ നടത്തി. തന്റെ ജീവിതാവസാനം വരെ മറ്റുള്ളവരുടെ ശ്രദ്ധയില്‍ വരാത്ത കാര്യങ്ങള്‍ ആണ് അദ്ദേഹം ശ്രദ്ധിച്ചത്. അദ്ദേഹത്തിന്റെ അവസാന പുസ്തകം ഭൂപ്രകൃതിയെ രൂപാന്തരപ്പെടുത്തുന്നതിലും മണ്ണിനെ സൃഷ്ടിക്കുന്നതിലും മണ്ണിരകളുടെ പങ്കിനെ കുറിച്ചായിരുന്നു.
ഡാര്‍വിന്റെ ആദ്യ പുസ്തകം ഒറിജിന്‍ ഓഫ് സ്പീഷീസ് 1250 കോപ്പികളാണ് പ്രസിദ്ധീകരിച്ചത്. എല്ലാം ആദ്യ ദിനത്തില്‍ തന്നെ വിറ്റ് തീര്‍ന്നു. 1859 നവംബര്‍ 24 നായിരുന്നു പുസ്തക പ്രസിദ്ധീകരണം. മനുഷ്യന്റെ പരിണാമം സംബന്ധിച്ച് വിവരങ്ങള്‍ ഉണ്ടാകുമെന്ന ധാരണയിലാണ് വായനക്കാര്‍ ആദ്യ ദിനം തന്നെ ഇവ വാങ്ങിയത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡാര്‍വിന്‍ മനുഷ്യന്റെ തുടക്കം ആഫ്രിക്കയില്‍ നിന്ന് എന്ന കണ്ടെത്തല്‍ വെളിപ്പെടുത്തിയ 'ദി ഡിസന്റ് ഓഫ് മാന്‍' പുറത്തിറക്കുന്നത്. 1882 ഏപ്രില്‍ 19 നാണ് ചാള്‍സ് ഡാര്‍വിന്‍ അന്തരിക്കുന്നത്. അദ്ദേഹത്തിന്റെ തല അപ്പോള്‍ എമ്മയുടെ കൈകളിലായിരുന്നു. വെസ്റ്റ് മിന്‍സ്റ്റര്‍ ആബേയില്‍ സര്‍ ഐസക് ന്യൂട്ടണ്‍ ന്റെ ശവ കുടിരത്തിന് സമീപമാണ് ഡാര്‍വിനെ അടക്കിയത്. അദ്ദേഹത്തിന്റെ ജനനത്തില്‍ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 1809 ഫെബ്രുവരി 12 ന് ഇംഗ്ലണ്ടിലെ ഷ്രൂസ്ബറിയില്‍ ചാള്‍സ് ഡാര്‍വിന്‍ പിറന്ന അതേ ദിനത്തിലാണ് അമേരിക്കയിലെ കെന്റക്കിയില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തിയ എബ്രഹാം ലിങ്കണ്‍ ജനിച്ചത്. ഇരുവരും ലോകത്തെ മാറ്റി മറിച്ചവര്‍.
Content Highlights: charles darwin unheard stories
Published: 17 Feb 2025, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented