86 ദശലക്ഷം വര്‍ഷം പഴക്കമുള്ള രണ്ട് ഫോസിലുകള്‍ ടൈറനോസോറുകളുടെ പരിണാമചരിത്രത്തെത്തന്നെ തിരുത്തിക്കുറിക്കുകയാണ്. മംഗോളിയന്‍ മ്യൂസിയത്തിലെ ഫോസിലില്‍ നടത്തിയ പഠനത്തിലാണ് പുതിയ ഡൈനസോര്‍ സ്പീഷീസിനെ കണ്ടെത്തിയത്. ഈ സ്പീഷീസിന് മംഗോളിയയിലെ ഡ്രാഗണ്‍ രാജകുമാരന്‍ എന്ന് അര്‍ഥം വരുന്ന ഖാന്‍ഖൂലൂ മംഗോളിയന്‍സിസ് എന്ന പേരുംനല്‍കി.

To advertise here,

വടക്കേ അമേരിക്കയെയും ഏഷ്യയെയും വിറപ്പിച്ചിരുന്ന ടൈറനോസറുകള്‍ എന്ന ഭീമന്മാരുടെ ഏറ്റവും അടുത്ത പൂര്‍വികനായിരുന്നു ഇവയെന്ന് ഗവേഷകര്‍ പറയുന്നു. രണ്ടു കാലുകളില്‍ നടന്ന മാംസഭോജികളായ ൈഡനസോറുകളുടെ സൂപ്പര്‍ഫാമിലിയാണ് ടൈറനോസോറോയിഡുകള്‍. പരിണാമദശയുടെ തുടക്കത്തില്‍ ഇവ ചെറുതായിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ കണ്ടെത്തിയതിനെ രാജകുമാരന്‍ എന്ന് വിശേഷിപ്പിക്കുന്നത്. പിന്നീട് ഇവ പരിണമിച്ചാണ് ടി റെക്‌സ് ഉള്‍പ്പെടെയുള്ള ഭയങ്കരര്‍ ഉണ്ടായതത്രേ. ടൈറനോസോറുകളുടെ കുടുംബവൃക്ഷം പരിഷ്‌കരിക്കാനും ടൈറനോസോറുകളുടെ പരിണാമത്തെക്കുറിച്ച് നമുക്കറിയാവുന്ന കാര്യങ്ങള്‍ മാറ്റിയെഴുതാനും കണ്ടെത്തല്‍ സഹായിച്ചുവെന്ന് നേച്ചറില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കാനഡയിലെ കാല്‍ഗറി സര്‍വകലാശാലയിലെ ഗവേഷകസംഘം പറയുന്നു.