ലണ്ടൻ: പന്ത്രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ഇന്നത്തെ വിയറ്റ്‌നാമിൽ ജീവിച്ചിരുന്ന ഒരു യുവാവ് ശാസ്ത്രജ്ഞരുടെ ഉറക്കം കെടുത്തുകയാണ്. അടുത്തിടെ കണ്ടെടുത്ത വലിയ കേടുപാടുകളില്ലാത്ത, ഹിമയുഗത്തിൽ ജീവിച്ചുവെന്നു കരുതുന്ന മുപ്പത്തഞ്ചുകാരന്റെ കഴുത്തിലേറ്റ പരുക്കാണ് ശാസ്ത്രലോകത്തിന്റെ ജിജ്ഞാസയ്ക്ക് ആക്കം കൂട്ടുന്നത്. മനുഷ്യനിർമ്മിതമെന്ന് ഉറപ്പുള്ള വെള്ളാരങ്കല്ലു(ക്വാർട്‌സ്) പോലെ കൂർത്ത മുനയുള്ള ആയുധമേറ്റതായിരുന്നു ഇയാളുടെ മരണകാരണം.

To advertise here,

ഈ അസ്ഥികൂടത്തിൽനിന്നു ശേഖരിച്ച മൈറ്റോകോൺട്രിയൽ ഡിഎൻഎയിലാണ് ഇതു തെളിഞ്ഞത്. ആയുധം കൊണ്ടുള്ള കുത്തേറ്റയുടൻ ഇയാൾ മരിച്ചിരുന്നില്ല. പരുക്കേറ്റ കഴുത്തിലെ വാരിയെല്ലിന്റെ (cervical rib) പരിശോധനയിൽ കോശവളർച്ചയുടെയും അണുബാധയുടെയും ലക്ഷണങ്ങൾ കണ്ടെത്തി. ഇതായിരിക്കാം മരണകാരണമെന്ന് പ്രൊസീഡിംഗ്‌സ് ഓഫ് ദി റോയൽ സൊസൈറ്റി ബി: ബയോളജിക്കൽ സയൻസസ് എന്ന ജേണലിൽ ഒരു കൂട്ടം ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. (പരിണാമപ്രക്രിയയിൽ സെർവിക്കൽ റിബ് മനുഷ്യരിൽനിന്ന് ഇല്ലാതായെങ്കിലും അത്യപൂർവം ചിലരിൽ ഇത് കാണാറുണ്ട്).

ഗവേഷകർ 'TBH1' എന്ന് പേരിട്ട ഈ അസ്ഥികൂടം 2017 ഡിസംബറിലാണ് കണ്ടെത്തിയത്. തലയോട്ടി തകർന്ന് പോയിരുന്നെങ്കിലും, മിക്കവാറും എല്ലാ ഭാഗങ്ങളും അവിടെയുണ്ടായിരുന്നു- എല്ലാ പല്ലുകളും ഉൾപ്പെടെ. ഇടുപ്പെല്ലും നട്ടെല്ലുകളും കഷണങ്ങളായിരുന്നു. അവശിഷ്ടങ്ങൾ പൊടിഞ്ഞുപോയതുകൊണ്ടും ഗുഹയിലെ പ്രതികൂല സാഹചര്യങ്ങൾ കാരണവും TBH1-ന്റെ അസ്ഥിക്കഷണങ്ങൾ വീണ്ടെടുക്കൽ 2018 വരെ തുടർന്നു. പഠനത്തിന്റെ മുഖ്യ രചയിതാവും യുകെയിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ ഗവേഷകനും ഓണററി അസോസിയേറ്റുമായ ക്രിസ് സ്റ്റിംസൺ പറയുന്നു.

കൂടുതൽ കേടുപാടുകൾ സംഭവിക്കാതിരിക്കാൻ സംഘാംഗങ്ങൾ തലയോട്ടിയും അസ്ഥിക്കഷണങ്ങളും വലിയ മൺകട്ടകളായിട്ടാണ് നീക്കം ചെയ്തത്. പിന്നീട് മാസങ്ങളെടുത്ത് ലാബിൽവെച്ച് അവ യോജിപ്പിച്ചു. എല്ലുകളുടെ പഴക്കം നിർണ്ണയിക്കാൻ ആവശ്യമായ കൊളാജൻ ഇല്ലായിരുന്നു. എന്നാൽ, അടക്കം ചെയ്ത സ്ഥലത്തിനടുത്തുള്ള കരിയുടെ റേഡിയോ കാർബൺഡേറ്റിംഗ് സൂചിപ്പിക്കുന്നത് അസ്ഥികൂടത്തിന് 12,000 മുതൽ 12,500 വർഷം വരെ പഴക്കമുണ്ടെന്നാണ്.

അസ്ഥികൂടത്തിന്റെ വിശകലനത്തിൽ കണങ്കാലിന് ചെറിയ പരിക്ക് കണ്ടെത്തിയെങ്കിലും, മരണത്തിന് കാരണമായ മുറിവിന് മുമ്പ് ഇയാളുടെ മൊത്തത്തിലുള്ള ആരോഗ്യം നല്ലതായിരുന്നു. മൈറ്റോകോൺട്രിയൽ ഡിഎൻഎയുടെ പരിശോധനയിൽ ഇത് ഒരു പുരുഷന്റേതാണെന്ന് സ്ഥിരീകരിക്കുകയും ഈ പ്രദേശത്തേക്ക് ആദ്യമായി കുടിയേറിയ മനുഷ്യരുടെ പിൻഗാമികളായ പ്രാദേശിക നായാടി-വിഭവങ്ങൾ ശേഖരിക്കുന്നവരുമായി ബന്ധപ്പെട്ട ഒരു മാതൃപരമ്പരയെക്കുറിച്ച് സൂചന നൽകുകയും ചെയ്തു.

മനുഷ്യരിൽ അപൂർവ്വമായി മാത്രം കാണുന്ന കഴുത്തിലെ അധിക എല്ലായ സെർവിക്കൽ റിബ്ബിന് (cervical rib) സംഭവിച്ച ക്ഷതം കണ്ടെത്തുന്നത് ഒരു വലിയ അത്ഭുതം തന്നെയായിരുന്നു. മറ്റൊരു അത്ഭുതം കൂടി ശാസ്ത്രജ്ഞരെ കാത്തിരിക്കുന്നുണ്ടായിരുന്നു. പരിക്കേറ്റ സെർവിക്കൽ റിബ്ബിന് സമീപം 0.7 ഇഞ്ച് (18.28 മില്ലിമീറ്റർ) നീളവും ഏകദേശം 0.014 ഔൺസ് (0.4 ഗ്രാം) ഭാരവുമുള്ള ഒരു ക്വാർട്‌സ് കഷണം കണ്ടെത്തി. ആ കാലഘട്ടത്തിലെ ശിലായുധങ്ങളിൽ സാധാരണയായി കാണുന്ന അടയാളങ്ങൾ അതിലുണ്ടായിരുന്നു. എന്നാൽ ഗുഹയിൽ മറ്റ് ക്വാർട്‌സ് ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇത് ഈ ആയുധത്തിന്റെ മുന 'പുറത്തുനിന്നുള്ള സാങ്കേതികവിദ്യ' ആകാമെന്ന് പഠനം പറയുന്നു.

മുറിവേറ്റതിന് ശേഷം ഇദ്ദേഹം മാസങ്ങളോളം ജീവിച്ചിരുന്നിരിക്കണം. പിന്നീട് മരിക്കുകയും ഇപ്പോൾ യുനെസ്‌കോയുടെ ലോക പൈതൃകകേന്ദ്രമായ ട്രാങ് ആൻ ലാൻഡ്സ്‌കേപ്പ് കോംപ്ലക്‌സിലെ തുങ് ബിൻ 1 എന്ന ഗുഹയിൽ അടക്കം ചെയ്യപ്പെടുകയുമായിരുന്നു. ഇയാൾക്ക് എങ്ങനെയാണ് ഗുരുതരമായി പരിക്കേറ്റതെന്നതിനെക്കുറിച്ച് വ്യക്തതയില്ല. പക്ഷേ, പഠനം അനുസരിച്ച്, തെക്കുകിഴക്കൻ ഏഷ്യൻ ഭൂപ്രദേശത്തെ നായാടി- വിഭവങ്ങൾ ശേഖരിക്കുന്നവർ (hunter-gatherers) തമ്മിലുള്ള സംഘർഷത്തിന്റെ ഏറ്റവും പുരാതനമായ തെളിവായിരിക്കാം ഇതെന്നാണ് കരുതുന്നത്.

ഏകദേശം 26 ലക്ഷം മുതൽ 11,700 വർഷം മുൻപ് വരെയുള്ള പ്ലീസ്റ്റോസീൻ യുഗത്തിന്റെ അവസാനനാളുകളിൽ ഈ പ്രദേശത്തെ മനുഷ്യരുടെ ജീവിതത്തിലേക്ക് അപൂർവ വെളിച്ചം വീശുന്നതാണ് ഇയാളുടെ കഴുത്തിലേറ്റ മുറിവും അതിന് ശേഷം കുറച്ചുകാലം ജീവിച്ചതും.

'ഹോളോസീൻ കാലഘട്ടത്തിൽ വ്യക്തികൾ തമ്മിലുള്ള അക്രമങ്ങൾക്ക് ധാരാളം തെളിവുകളുണ്ട്. പ്രത്യേകിച്ചും ജനങ്ങൾ ഭക്ഷ്യോത്പാദന രീതികളിലേക്ക് മാറുകയും സമൂഹങ്ങൾ കൂടുതൽ തട്ടുകളായി തിരിയുകയും ചെയ്തപ്പോൾ. എന്നാൽ, ഭക്ഷ്യവിഭവങ്ങൾ ശേഖരിച്ച് ജീവിച്ചിരുന്ന പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ ജനവിഭാഗങ്ങളിൽനിന്ന് ഇത്തരം ഉദാഹരണങ്ങൾ കുറവാണ്.' കെന്റക്കി സർവകലാശാലയിലെ ആന്ത്രോപോളജി അസിസ്റ്റന്റ് പ്രൊഫസർ ഹ്യൂഗോ റെയ്സ് സെന്റീനോ പറഞ്ഞു. 

'ഒരു വലിയ അത്ഭുതം'

'പരിക്കേൽപ്പിച്ച ആയുധവും, ആ സ്ഥലത്തുനിന്ന് കണ്ടെത്തിയ മറ്റ് ആയുധങ്ങളും തമ്മിലുള്ള വ്യത്യാസം കണക്കിലെടുക്കുമ്പോൾ, വ്യത്യസ്ത ജനവിഭാഗങ്ങളിലെ അംഗങ്ങൾ തമ്മിലുള്ള അക്രമത്തിന്റെ  സാധ്യതകളിലേക്കാണ് ഈ പഠനം വിരൽ ചൂണ്ടുന്നത്.' റെയ്സ് സെന്റീനോ പറയുന്നു. 

ക്വാർട്‌സ് കഷണത്തിന്റെ ആകൃതിയെ അടിസ്ഥാനമാക്കി, കഴുത്തിന്റെ വലതുഭാഗത്ത് തുളച്ചുകയറി സെർവിക്കൽ റിബ്ബ് തകർക്കുകയും ഒടുവിൽ മാരകമായ അണുബാധയിലേക്ക് നയിക്കുകയും ചെയ്ത ആയുധത്തിന്റെ മുനയാണെന്ന് ശാസ്ത്രജ്ഞർ വ്യാഖ്യാനിച്ചു. മുറിവിന്റെ സ്ഥാനവും വലുപ്പവും സ്വഭാവവും ചെറുതും എന്നാൽ വേഗതയേറിയതുമായ ഒരു വസ്തുവിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഒരു വലിയ കൂർത്ത കല്ലായിരുന്നെങ്കിൽ മരണം ഒരുപക്ഷേ, തൽക്ഷണം സംഭവിക്കുമായിരുന്നു. പരിക്കേറ്റതിന് ശേഷവും അയാൾ ജീവിച്ചതും പിന്നീട് അടക്കം ചെയ്യപ്പെട്ടതും അയാൾ ഒറ്റയ്ക്കല്ല വേദനിച്ചതും മരിച്ചതുമെന്ന് സൂചിപ്പിക്കുന്നു.

'ഇതൊരു ഊഹം മാത്രമാണ്. പക്ഷേ, ഏതാനും മാസങ്ങൾ പിടിച്ചുനിൽക്കാൻ ഇയാൾക്കു കഴിഞ്ഞു എന്നതും ഇയാളെ അടക്കം ചെയ്ത രീതിയും സ്ഥലവും കണക്കിലെടുക്കുമ്പോൾ, ജീവിതത്തിലും മരണത്തിലും പരിപാലിക്കാൻ ആളുകൾ ഉണ്ടായിരുന്നുവെന്ന് അനുമാനിക്കാം.' പഠനം പറയുന്നു.