പരിണാമ സിദ്ധാന്തത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ചാൾസ് ഡാർവിൻ തന്റെ ഗവേഷണ കാലം മുതൽ മരണം വരെ കടന്നുപോയ മാനസിക സംഘർഷങ്ങൾ വിവരണാതീതമാണ്. വ്യക്തി, കുടുംബം, സമൂഹം എന്നിവയ്ക്ക് പുറമേ മതവും ഈ അവസ്ഥ സൃഷ്ടിക്കുന്നതിൽ പങ്കുവഹിച്ചു. പരിണാമവുമായി ബന്ധപ്പെട്ട തന്റെ കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കാൻ 20 വർഷം ഡാർവിൻ കാത്തിരുന്നത് വ്യത്യസ്ത കാരണങ്ങളാൽ നേരിട്ട ഇത്തരം മാനസിക സംഘർഷങ്ങൾ മൂലമാണ്.

To advertise here,

ആധുനിക ജീവശാസ്ത്രം, പരിസ്ഥിതിശാസ്ത്രം, സംരക്ഷണം എന്നിവയിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയ പഠനങ്ങളാണ്  പത്തൊൻപതാം നൂറ്റാണ്ട് സംഭാവന ചെയ്ത ഏറ്റവും സ്വാധീനമുള്ള ശാസ്ത്രജ്ഞരിൽ പ്രമുഖനായ ചാൾസ് ഡാർവിന്റേത്. ആധുനിക ജീവശാസ്ത്രത്തിൻ്റെ മൂലക്കല്ലായി അദ്ദേഹത്തിൻ്റെ പരിണാമ സിദ്ധാന്തം തുടരുന്നു. കടുത്ത മാനസിക പിരിമുറുക്കങ്ങൾക്കിടയിലും സ്ഥിരോത്സാഹത്തോടെ പരിണാമ സിദ്ധാന്തത്തിൽ തൻ്റെ പഠനം ഡാർവിൻ തുടർന്നു. പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള നിശ്ചയദാർഢ്യത്തിൻ്റെ  തെളിവാണ് അദ്ദേഹത്തിന്റെ കണ്ടെത്തലുകളെന്ന് നിസംശയം പറയാം.

സംഘർഷങ്ങളിലേക്ക് നയിച്ചതിൽ പ്രധാനം  കണ്ടെത്തലുകൾ തന്റെ തന്നെ മത വിശ്വാസത്തെ വെല്ലുവിളിക്കുന്നതായിരുന്നുവെന്നതാണ്. ഇത് ആന്തരിക സംഘട്ടനത്തിലേക്കും സ്വന്തം വ്യക്തിത്വത്തോടുള്ള സംഘർഷത്തിലേക്കും നയിച്ചു. 1831 ൽ തുടങ്ങി 1836 ൽ അവസാനിച്ച എച്ച്.എം.എസ്. ബീഗിൾ കപ്പൽ പര്യവേക്ഷണ യാത്രയ്ക്ക് മുൻപ് തന്നെ ആ കുടുംബം വേറിട്ട ചിന്താഗതികൾ പുലർത്തിയിരുന്നു. ഡാർവിന്റെ മുത്തച്ഛൻ ഇറാസ്മസ് ഡോക്ടർ ആയിരുന്നു. പരിണാമ ചിന്തകൾ അടങ്ങുന്ന ഒരു ചെറിയ കൃതി അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡാർവിന്റെ പരിണാമ സിദ്ധാന്തം പരമ്പരാഗത മതചിന്തകളെയും പഠിപ്പിക്കലുകളെയും വിശ്വാസങ്ങളെയും വെല്ലുവിളിച്ചപ്പോൾ മത നേതാക്കൾ അദ്ദേഹത്തിനെതിരെ തിരിഞ്ഞു.  ക്രിസ്തീയ പുരോഹിതനാകാൻ തിയോളജി പഠിക്കാൻ കേംബ്രിഡ്ജ് സർവകലാശാലയിൽ ചേർന്ന സഭയിലെ ഉത്തമനായ ഒരു വിശ്വാസിയായ ഡാർവിനിൽ നിന്നും അന്നത്തെ ക്രിസ്തീയ സഭയും ഇത്തരമൊരു ഗവേഷണ ഫലം പ്രതീക്ഷിച്ചില്ല. ചർച്ച് ഓഫ് ഇംഗ്ലണ്ടും മറ്റ് ക്രിസ്ത്യൻ വിഭാഗങ്ങളും ഡാർവിൻ്റെ പരിണാമ സിദ്ധാന്തത്തെ ബൈബിളിലെ സൃഷ്ടിയെക്കുറിച്ചുള്ള വിവരണത്തിനും പ്രത്യേക സൃഷ്ടി എന്ന ആശയത്തിനും വെല്ലുവിളിയായി കണ്ടു. പ്രഗത്ഭ ശരീര ശാസ്ത്രജ്ഞനായ റിച്ചാർഡ് ഓവൻ, ഭൗതികശാസ്ത്രജ്ഞനായ ലോർഡ് കെൽവിൻ എന്നിവരെപ്പോലുള്ള ശാസ്ത്രജ്ഞർ ഡാർവിൻ്റെ സിദ്ധാന്തത്തെ എതിർത്തു. അനുഭവപരമായ തെളിവുകളുടെ അഭാവവും സൃഷ്ടിയെക്കുറിച്ചുള്ള പരമ്പരാഗത വീക്ഷണങ്ങളിലുള്ള അതിൻ്റെ പ്രത്യാഘാതങ്ങളുമായിരുന്നു കാരണം.

ജീവിവർഗങ്ങളുടെ വൈവിധ്യം, ഫോസിൽ രേഖകൾ, ജീവികളുടെ ഭൂമിശാസ്ത്രപരമായ വിതരണം എന്നിവ ഉൾപ്പെടെയുള്ള പ്രകൃതിയെക്കുറിച്ചുള്ള ഡാർവിൻ്റെ നിരീക്ഷണങ്ങൾ ബൈബിളിലെ വ്യാഖ്യാനങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതായി. ഗാലപ്പഗോസ് ഫിഞ്ചുകളുടെ കണ്ടെത്തലും വിവിധ ദ്വീപുകളിലുടനീളമുള്ള ജീവിവർഗങ്ങളുടെ വ്യതിയാനവും സൃഷ്ടിയെക്കുറിച്ചുള്ള പരമ്പരാഗത വീക്ഷണത്തെ  വെല്ലുവിളിക്കുന്നതായി. ഈ ഘട്ടത്തിൽ ബൈബിളിലെ പ്രത്യേക സൃഷ്ടി എന്ന ആശയത്തെയും ഡാർവിൻ ചോദ്യം ചെയ്യാൻ തുടങ്ങി. കുടുംബത്തിൽ ഈ ചോദ്യം അസ്വസ്ഥതകൾ സൃഷ്ടിച്ചു. കാരണം അദ്ദേഹത്തിന്റെ ഭാര്യ എമ്മയും അടുത്ത ബന്ധുക്കളും ഉറച്ച ഏക ദൈവ വിശ്വാസികളായിരുന്നു. ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചുവെന്നും എന്നാൽ അതിൻ്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നില്ലെന്നും വാദിക്കുന്നവരുണ്ട്. ഈ ചിന്തയിലേക്ക് ഡാർവിൻ ആകൃഷ്ടനായി. പിന്നീടുള്ള ജീവിതത്തിൽ, ദൈവത്തിൻ്റെ അസ്തിത്വത്തെക്കുറിച്ചോ സ്വഭാവത്തെക്കുറിച്ചോ ഉറപ്പില്ലാത്ത ഒരു അജ്ഞേയവാദിയാണ് താനെന്ന് ഡാർവിൻ സ്വയം വിശേഷിപ്പിച്ചു.

placeholder
ചാൾസ് ഡാർവിന്റെ നോട്ട്ബുക്കുകൾ. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽനിന്നുള്ള ചിത്രം | ഫോട്ടോ: AFP

ഡാർവിൻ്റെ സിദ്ധാന്തം സൂചിപ്പിക്കുന്നത് മനുഷ്യർ പ്രകൃതി ലോകത്തിൻ്റെ ഭാഗമാണെന്നും  ഒരു പൊതു പൂർവ്വികനിൽ നിന്ന് പരിണമിച്ചതാണെന്നുമായിരുന്നു. അത് അക്കാലത്തെ വ്യത്യസ്തമായ ആശയമായിരുന്നു. സമൂഹത്തിന്റെ ധാർമ്മികതയിൽ തൻ്റെ സിദ്ധാന്തം സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം ആകുലപ്പെടാൻ ഇത് കാരണമായി. തൻ്റെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളെ ആത്മീയ വിശ്വാസങ്ങളുമായി പൊരുത്തപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. ഇത് അദ്ദേഹത്തെ മാനസിക പ്രതിസന്ധിയിൽപെടുത്തി. വിശ്വാസ പ്രതിസന്ധി വ്യക്തിപരമായ പ്രതിസന്ധിക്ക് കാരണമായി.

തൻ്റെ സിദ്ധാന്തം സാമൂഹിക ബഹിഷ്‌കരണത്തിലേക്ക് നയിക്കുമെന്നും സുഹൃത്തുക്കളും സഹപ്രവർത്തകരും തന്നെ ഒഴിവാക്കുമെന്നും ഡാർവിൻ ഭയപ്പെട്ടു. തൻ്റെ പരിണാമ സിദ്ധാന്തത്തിൻ്റെ സ്വീകാര്യതയെക്കുറിച്ച് അദ്ദേഹം ആശങ്കാകുലനായിരുന്നു. ശാസ്ത്ര സമൂഹവും പൊതുജനങ്ങളും തന്നെ നിരസിക്കുമോയെന്ന് ഭയപ്പെട്ടു. തൻ്റെ സിദ്ധാന്തം ചില ശാസ്ത്രജ്ഞരുടെ സംശയത്തിനും പരിഹാസത്തിനും വിധേയമാകുമെന്നും ഡാർവിന് അറിയാമായിരുന്നു, മാത്രമല്ല തൻ്റെ പ്രശസ്തിക്ക് കോട്ടം തട്ടുമെന്ന് അദ്ദേഹം ഭയപ്പെട്ടു. ഈ ആശങ്കയായിരുന്നു പരിണാമ സിദ്ധാന്തത്തിൻ്റെ പ്രസിദ്ധീകരണം 20 വർഷത്തിലേറെ വൈകിപ്പിക്കാൻ കാരണം. 

ഡാർവിൻ തൻ്റെ സിദ്ധാന്തത്തിൻ്റെ സ്വീകാര്യതയെക്കുറിച്ച് ആശങ്കപ്പെടാനുള്ള കാരണങ്ങൾ പലതാണ്. അക്കാലത്തെ ശാസ്ത്ര സമൂഹവും മനുഷ്യൻ പ്രത്യേക സൃഷ്ടി എന്ന ആശയത്തിൽ വിശ്വസിച്ചിരുന്നു. പല ശാസ്ത്രജ്ഞരും ജീവിവർഗങ്ങൾ സ്ഥിരവും മാറ്റമില്ലാത്തതുമാണെന്നും വിശ്വസിച്ചു. എന്നാൽ ഡാർവിൻ്റെ സിദ്ധാന്തം ബീഗിൾ യാത്രയ്ക്കിടയിലുള്ള തൻ്റെ നിരീക്ഷണങ്ങളെയും ശേഖരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു. എന്നാൽ തൻ്റെ ആശയങ്ങളെ പിന്തുണയ്ക്കാൻ കൂടുതൽ തെളിവുകൾ ആവശ്യമാണെന്ന് അദ്ദേഹത്തിന് തോന്നി. ഈ ലക്ഷ്യത്തോടെ അദ്ദേഹം കൂടുതൽ പഠനങ്ങൾ നടത്തുകയും തെളിവുകൾ ശേഖരിക്കുകയും തൻ്റെ ആശയങ്ങൾ പരിഷ്കരിക്കുകയും ചെയ്തു.  

1859-ൽ "ഓൺ ദി ഒറിജിൻ ഓഫ് സ്പീഷീസ്" പുറത്തിറക്കുന്നതുവരെ അദ്ദേഹം തൻ്റെ പരിണാമ സിദ്ധാന്തത്തേക്കുറിച്ചുള്ള സൂചന പോലും പുറം ലോകത്തിന് നൽകിയില്ല. കൃതി പൂർത്തിയാക്കിയ ഡാർവിൻ അത് മുഴുവനായി ആദ്യം ഭാര്യ എമ്മയ്ക്ക് കൈമാറി. ഭർത്താവിന്റെ കണ്ടെത്തലുകളോട് അന്നുവരെ കടുത്ത എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു എമ്മ. ആശയം അറിഞ്ഞിരുന്ന അടുത്ത സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും നിർബന്ധം പുസ്തക പ്രകാശനത്തിനുണ്ടായിരുന്നു. എന്നാൽ എമ്മയുടെ സമ്മതത്തിനു പിന്നാലെ മാത്രമാണ് കൃതി പുറത്തിറക്കാൻ അദ്ദേഹം സമ്മതിച്ചത്. ഇതിനിടെ കുടുംബത്തിലെ ചില പ്രശ്നങ്ങളും ഡാർവിനു നേരിടേണ്ടി വന്നു. മകളുടെ മരണമായിരുന്നു അതിൽ പ്രധാനം. 

മകൾ ആനി എലിസബത്ത് ഡാർവിൻ  1851 ഏപ്രിൽ 23-ന്  മരിച്ചു. ആ 10 വയസുകാരിയുടെ മരണം ഡാർവിനെ ആഴത്തിൽ സ്വാധീനിച്ചു, അത് വർഷങ്ങളോളം നീണ്ടുനിന്ന തീവ്ര ദുഃഖത്തിലേക്കാണ് അദ്ദേഹത്തെ നയിച്ചത്.  ക്ഷയരോഗമായിരുന്നു മകളുടെ രോഗ കാരണം. മകളോട് അഗാധമായ അടുപ്പമുണ്ടായിരുന്ന ഡാർവിനെ സംബന്ധിച്ചിടത്തോളം ആ മരണം ഹൃദയം തകർക്കുന്നതായിരുന്നു. അദ്ദേഹം തൻ്റെ സുഹൃത്തും സഹ ശാസ്ത്രജ്ഞനുമായ ജോസഫ് ഡാൽട്ടൺ ഹുക്കറിന് എഴുതിയ കത്തിൽ "ഞങ്ങൾക്ക് ഞങ്ങളുടെ പ്രിയപ്പെട്ട കൊച്ചു ആനിയെ നഷ്ടപ്പെട്ടു"വെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. മകളോടുള്ള ഡാർവിൻ്റെ ദുഃഖം തീവ്രമായിരുന്നു. മരണം വരെ അവളുടെ ഓർമ്മകൾ അദ്ദേഹത്തെ വേട്ടയാടി. മകളുടെ വേർപാടുമായി പൊരുത്തപ്പെടാൻ പാടുപെട്ട അദ്ദേഹം പലപ്പോഴും തളർന്നുപോയി. ആനിയുടെ മരണം ദൈവത്തിൻ്റെ അസ്തിത്വത്തെ ചോദ്യം ചെയ്യാൻ ഡാർവിനെ പ്രേരിപ്പിച്ചു. തൻ്റെ പ്രിയപ്പെട്ട മകളുടെ കഷ്ടപ്പാടും മരണവും ദയാലുവായ ഒരു ദൈവത്തെക്കുറിച്ചുള്ള തന്റെ ആശയവുമായി പൊരുത്തപ്പെടുന്നില്ലെന്ന്  അദ്ദേഹം വ്യക്തമാക്കി.

മകളെ ഓർത്തുള്ള ദുഃഖം തീവ്രമായപ്പോൾ ഓർമ്മകളിൽ നിന്ന് മുക്തി നേടാൻ  ശാസ്ത്രീയ പ്രവർത്തനങ്ങളിൽ കൂടുതൽ മുഴുകാൻ ഡാർവിനെ പ്രേരിപ്പിച്ചു. പ്രത്യേകിച്ച് പരിണാമത്തെക്കുറിച്ചുള്ള തൻ്റെ ഗവേഷണത്തിൽ. ഈ മരണം ഡാർവിൻ കുടുംബത്തിൻ്റെ ജീവിതത്തിലും മാറ്റങ്ങൾ വരുത്തി. ചാൾസിൻ്റെ ഭാര്യ എമ്മ ഡാർവിൻ കൂടുതൽ ഏകാന്തതയിലേക്ക് കടന്നു.  പ്രാർത്ഥനകൾക്ക് കൂടുതൽ സമയം ചിലവഴിച്ചു. കുടുംബത്തിൻ്റെ സാമൂഹിക ജീവിതം കുറയുന്നതിലേക്ക് ഇതെല്ലാം വഴിതെളിച്ചു. ആനിയുടെ മരണം ഡാർവിനെ വൈകാരികമായി സ്വാധീനിച്ചതിന്റെ തെളിവുകൾ വർഷങ്ങൾക്ക് ശേഷവും കാണാമായിരുന്നു. പലപ്പോഴും തൻ്റെ കത്തുകളിലും എഴുത്തുകളിലും ഡാർവിൻ മകളെ പരാമർശിച്ചു.

placeholder
ചാൾസ് ഡാർവിന്റെ നോട്ട്ബുക്കിൽനിന്നുള്ള ദൃശ്യം. ഡാർവിൻ വരച്ച 'ട്രീ ഓഫ് ലൈഫി'ന്റെ ചിത്രമാണിത് | ഫോട്ടോ: AFP

ജീവിതത്തിലുടനീളം വിട്ടുമാറാത്ത അസുഖങ്ങളും ഡാർവിനെ ബാധിച്ചു. ഇതും അദ്ദേഹത്തിൻ്റെ ദൈനംദിന പ്രവർത്തനങ്ങളെയും ഗവേഷണങ്ങളെയും സാരമായി ബാധിച്ചു. ഇടയ്ക്കിടെയുള്ള തലവേദനയും മൈഗ്രേനും അദ്ദേഹത്തെ അലട്ടിയിരുന്നു, ഇത് ക്ഷീണം കൂടുതൽ വഷളാക്കി. ക്രമരഹിതമായ ഹൃദയമിടിപ്പ് ഡാർവിനിൽ കാര്യമായ ഉത്കണ്ഠയും അസ്വസ്ഥതയും ഉണ്ടാക്കി. പലപ്പോഴും ഓക്കാനം, ഛർദ്ദി എന്നിവ അനുഭവപ്പെട്ടു. ഇത് ഭക്ഷണം കഴിക്കാനും കഴിച്ച ഭക്ഷണം ദഹിക്കാനും ബുദ്ധിമുട്ടായി. ഇക്കാരണത്താൽ ദൈനംദിന ജോലികൾ ചെയ്യാനും അദ്ദേഹം പ്രയാസപ്പെട്ടു. ബലഹീനതയും പേശികളിൽ ബലക്കുറവും അനുഭവപ്പെടുന്നതായി അദ്ദേഹംതന്നെ അറിയിച്ചിട്ടുണ്ട്.    ശാരീരിക പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചു. തളർച്ചയും ഊർജമില്ലായ്മയും പതിവായതോടെ ഇടയ്ക്കിടെ ഇടവേളകളും വിശ്രമവും എടുക്കാൻ നിർബന്ധിതനായി.

ഡാർവിൻ്റെ അസുഖം തൻ്റെ സാമൂഹിക ഇടപെടലുകൾ പരിമിതപ്പെടുത്താനും പൊതുപരിപാടികൾ ഒഴിവാക്കാനും അദ്ദേഹത്തെ നിർബന്ധിതനാക്കി. ഇത് അദ്ദേഹത്തിൻ്റെ വ്യക്തിബന്ധങ്ങളെയും സാമൂഹിക ജീവിതത്തെയും ബാധിച്ചു. പലപ്പോഴും ജോലിയുടെ സമയക്രമം ക്രമീകരിക്കേണ്ടിതായും കൂടുതൽ ഇടവേളകൾ എടുക്കേണ്ടതായും വന്നു. ഇടയ്ക്കിടെയുള്ള ഇടവേളകളിൽ മാത്രം ജോലി ചെയ്യുന്ന സാഹചര്യം വന്നു.  ഗവേഷണങ്ങളിലും ദൈനംദിന ജോലികളിലും  സഹായിക്കാൻ കുടുംബത്തെയും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ഡാർവിൻ ഏറെ ആശ്രയിച്ചിരുന്നു.

പരിണാമ സിദ്ധാന്തത്തിൻ്റെ എതിരാളികൾ
 
പ്രശസ്ത മാഗസിനുകളിലെ കാർട്ടൂണുകളിലും കാരിക്കേച്ചറുകളിലൂടെയും ഡാർവിനെ കുരങ്ങനോ വിചിത്ര ജീവിയായോ  ചിത്രീകരിച്ച് പരിഹാസത്തിന് വിധേയനാക്കുന്നത് ഒരു കൂട്ടർക്ക് ഹരമായിരുന്നു. ഇവരിൽ നിന്ന് വ്യത്യസ്തരായി ഡാർവിൻ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നവരും ഉണ്ടായിരുന്നു. തോമസ് ഹക്‌സ്‌ലിയെപ്പോലുള്ള ഈ അനുയായികൾ ഡാർവിന്റെ എതിരാളികളുമായി പരസ്യമായ സംവാദങ്ങളിൽ ഏർപ്പെട്ടിരുന്നു. സംവാദങ്ങൾ പൊതുജന സമക്ഷത്ത് ആയിരുന്നതിനാൽ ഇത് പൊതുജനങ്ങളുടെ നിരീക്ഷണത്തിനും വിമർശനത്തിനും ആക്കം കൂട്ടി. ചില ശാസ്ത്രജ്ഞരിൽ നിന്നും പുരോഹിതന്മാരിൽ നിന്നും ഡാർവിന് വേദനിപ്പിക്കുന്നതും നിരസിക്കുന്നതുമായ അനേകം കത്തുകൾ ലഭിച്ചു. ഈ കത്തുകൾ തന്റെ  മാനസികാരോഗ്യത്തെ ബാധിച്ചുവെന്ന് അദ്ദേഹത്തിന്റെ തന്നെ വെളിപ്പെടുത്തലുകളുണ്ട്.

വിമർശനങ്ങളും പ്രതിഷേധങ്ങളും ഡാർവിൻ്റെ മാനസികാരോഗ്യത്തിൽ സ്വാധീനം ചെലുത്തി. തീവ്രമായ വിമർശനങ്ങളും പരിഹാസങ്ങളും ഡാർവിനിൽ കാര്യമായ ഉത്കണ്ഠയും സമ്മർദ്ദവും സൃഷ്ടിച്ചു. ഇത് അദ്ദേഹത്തിൻ്റെ  ആരോഗ്യപ്രശ്നങ്ങളെ കൂടുതൽ വഷളാക്കി. വിമർശനം സ്വയസംശയത്തിലേക്ക് നയിച്ചു. തൻ്റെ സിദ്ധാന്തത്തിൻ്റെ സാധുതയെയും ശാസ്ത്രജ്ഞനെന്ന നിലയിൽ സ്വന്തം കഴിവുകളെയും അദ്ദേഹം ചോദ്യം ചെയ്തു. പൊതുജനങ്ങളുടെ നിരീക്ഷണവും വിമർശനവും ഏകാന്തതയ്ക്ക് കാരണമായി. പൊതു ഇടങ്ങളിൽ പരസ്യമായി പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കുകയും സാമൂഹിക ഇടപെടലുകൾ പരിമിതപ്പെടുത്തുകയും ചെയ്തു.

ഈ വെല്ലുവിളികൾക്കിടയിലും, ഡാർവിൻ പഠനമെന്ന സ്ഥിരോത്സാഹത്തിൽ തുടർന്നു,  പരിണാമ സിദ്ധാന്തം  ശാസ്ത്ര സമൂഹത്തിൽ വ്യാപകമായ സ്വീകാര്യത നേടി.  തൻ്റെ ജോലിയിലും എഴുത്തിലും ഡാർവിൻ ആശ്വാസം കണ്ടെത്തി, തന്നിലെ ഉത്കണ്ഠയും വിഷാദവും നേരിടാൻ ഇത് മാത്രമാണ് സഹായിക്കുന്നതെന്ന് അദ്ദേഹം മനസിലാക്കി. പ്രകൃതിയിൽ ആശ്വാസം കണ്ടെത്തുവാൻ ശ്രമിച്ചു. വിവിധ കേന്ദ്രങ്ങളിലേക്ക് സഞ്ചരിച്ചു.  നടന്നു പോയി കണ്ടെത്തലുകൾക്ക് തെളിവുകൾ തേടി. അങ്ങനെ സ്വന്തം കണ്ടെത്തലുകൾക്ക് കൂടുതൽ സാധുത നേടി.  പുസ്തകം പുറത്തിറങ്ങിയത് മുതൽ കുടുംബവും സുഹൃത്തുക്കളും ഡാർവിന് വൈകാരിക പിന്തുണ നൽകി, അത് അദ്ദേഹത്തിൻ്റെ മാനസികാരോഗ്യ പോരാട്ടങ്ങളെ മുന്നോട്ട് നയിച്ചു. ഉത്കണ്ഠയും വിഷാദവും നിയന്ത്രിക്കാൻ ഡോക്ടർമാരിൽ നിന്നും തെറാപ്പിസ്റ്റുകളിൽ നിന്നും അദ്ദേഹം പ്രൊഫഷണൽ സഹായം തേടിയിട്ടുണ്ട് .

ഉത്കണ്ഠയും വിഷാദവും ഉള്ള ഡാർവിൻ്റെ പോരാട്ടങ്ങൾ മാനസികാരോഗ്യത്തിൻ്റെ സങ്കീർണ്ണവും പലപ്പോഴും വെല്ലുവിളി നിറഞ്ഞതുമായ സ്വഭാവത്തിൻ്റെ തെളിവാണ്. തൻ്റെ പോരാട്ടങ്ങൾക്കിടയിലും, ഡാർവിൻ തുടർന്നും പ്രവർത്തിക്കുകയും  ഗവേഷണ ഫലങ്ങൾ കണ്ടെത്തുകയും ചെയ്തുവെന്നത് നിസാരമല്ല. സമാന രീതിയിൽ കടന്നുപോയ മറ്റൊരു ഗവേഷകനും അന്നോളം ഉണ്ടായിട്ടില്ല, പിന്നീടും. കാരണം ഡാർവിൻ ചോദ്യം ചെയ്തത് മതത്തിന്റെ അടിസ്ഥാന വിശ്വാസത്തെയാണ്. അന്നുവരെ നിലനിന്നിരുന്ന പല മേഖലയിലെ വിശ്വാസങ്ങളെയും ചോദ്യം ചെയ്യുന്നതായിരുന്നു ഡാർവിൻ മുന്നോട്ടുവെച്ച പരിണാമ സിദ്ധാന്തം. 
 
ഡാർവിന്റെ ജോലി ശൈലിയും വ്യത്യസ്തമായിരുന്നു. പലപ്പോഴും തൻ്റെ സിദ്ധാന്തങ്ങളെയും ആശയങ്ങളെയും കുറിച്ച് ആലോചിക്കാൻ മണിക്കൂറുകൾ ചെലവഴിക്കുമായിരുന്നു. ഒരു ദിവസം പലപ്പോഴും12-14 മണിക്കൂർ  ഗവേഷണത്തിനും  സിദ്ധാന്തങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനും എഴുത്തിനുമായി ചെലവഴിക്കുമായിരുന്നു. ഈ സമയങ്ങളിൽ ചുറ്റുപാടുകളേയും കുടുംബത്തേയും സുഹൃത്തുക്കളേയും അവഗണിക്കുകയായിരുന്നു പതിവ്. സ്വന്തം നിരീക്ഷണങ്ങളും ആശയങ്ങളും സിദ്ധാന്തങ്ങളും  നിറയ്ക്കുന്നതിലും കുറിപ്പുകൾ എടുക്കുന്നതിലും ഡാർവിൻ സൂക്ഷ്മത പുലർത്തിയിരുന്നു. എണ്ണിയാൽ ഒടുങ്ങാത്ത നോട്ട് ബുക്കുകളാണ് അദ്ദേഹത്തിന്റെ ശേഖരത്തിൽ നിന്നും ലഭിച്ചിട്ടുള്ളത്.

placeholder
ചാൾസ് ഡാർവിന്റെ കൈപ്പടയിലെഴുതിയ കുറിപ്പ്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽനിന്നുള്ള ചിത്രം | ഫോട്ടോ: AFP

തൻ്റെ ആശയങ്ങളെയും സിദ്ധാന്തങ്ങളെയുംകുറിച്ച് ആഴത്തിൽ ചിന്തിച്ച് ഡാർവിൻ തൻ്റെ എസ്റ്റേറ്റിന് ചുറ്റും പലപ്പോഴും നടക്കുമായിരുന്നു. തൻ്റെ ചിന്തകളും ആശയങ്ങളും പ്രതിഫലിപ്പിക്കാൻ സമയമെടുക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു, പലപ്പോഴും മണിക്കൂറുകൾ ധ്യാനത്തിൽ ചെലവഴിച്ചു. ഡാർവിൻ്റെ ഭ്രാന്തമെന്ന് വിളിപ്പേരിട്ട ജോലി ശീലങ്ങൾ  കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായുമുള്ള ബന്ധത്തിൽ പലപ്പോഴും വിള്ളലുണ്ടാക്കി. ജോലിയിലുള്ള അദ്ദേഹത്തിൻ്റെ തീവ്രമായ ശ്രദ്ധയാണ്  ശാരീരികവും മാനസികവുമായ അനാരോഗ്യത്തിലേക്ക് നയിച്ചതെന്ന് വ്യക്തം. അദ്ദേഹത്തിൻ്റെ വിട്ടുമാറാത്ത രോഗങ്ങൾക്ക് ഇവയെല്ലാം കാരണമായി. ( തെക്കേ അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെ പരാന്നഭോജിയായ ചാഗാസ് മൂലമുള്ള രോഗം അദ്ദേഹത്തിന് പിടിപെട്ടിരിക്കാമെന്ന് ചില ഗവേഷകർ വിശ്വസിക്കുന്നു. ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐ.ബി.എസ്) അഥവാ  ദഹനനാളത്തിൻ്റെ തകരാറുകൾ ഡാർവിന് അനുഭവപ്പെട്ടിരിക്കാമെന്ന് കരുതുന്നവരുമുണ്ട്. ഉത്കണ്ഠ, സമ്മർദ്ദം, വിഷാദം തുടങ്ങിയ മാനസിക ഘടകങ്ങൾ ഡാർവിൻ്റെ അസുഖം വഷളാക്കിയിരിക്കാമെന്നാണ് വിദഗ്ധരുടെ നിലപാട്.)

അതെന്തായാലും ഡാർവിൻ്റെ ഭ്രാന്തമായ ഈ സ്വഭാവം ഒരേ സമയം അനുഗ്രഹവും ശാപവുമായി. ശ്രദ്ധേയമായ സൃഷ്ടികൾ നിർമ്മിക്കാനും ലോക ചിന്തകളെ സ്വാധീനിക്കാനും കാരണമായി. അതേസമയം അദ്ദേഹത്തിൻ്റെ വ്യക്തിജീവിതത്തെയും ആരോഗ്യത്തെയും ബാധിക്കുകയും ചെയ്തു.