ഒരു ഹോമോ സ്പീഷീസ് എന്ന നിലയിൽ ഏകദേശം ഒരേ ജനിതകഗുണങ്ങൾ പങ്കുവെക്കുമ്പോഴും മനുഷ്യർ പ്രാദേശികമായി വ്യത്യാസപ്പെട്ടാണിരിക്കുന്നത്. ചിലപ്പോഴൊക്കെ ആ വ്യത്യാസം നമ്മെ ഏറെ അത്ഭുതപ്പെടുത്തും. ഓരോ ജനസമൂഹവും അതത് ഭൂവിഭാഗത്തിനും ജീവിതരീതിക്കുമനുസരിച്ച് ചില ശേഷികൾ ആർജിക്കുന്നുണ്ട്. ആ ശേഷികൾ പലപ്പോഴും നമുക്ക് അത്ഭുതകരവും അവിശ്വസനീയവുമാണ്. അതിൽ പലതും ദിവ്യശക്തിയായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ,  ഇതിനെല്ലാം പരിണാമപരമായി കൃത്യമായ വിശദീകരണങ്ങളുണ്ട്. ഒരു അപസർപ്പകകഥപോലെ കേട്ടിരിക്കാവുന്ന അത്തരം ചില അത്ഭുതജനസമൂഹങ്ങളെ പരിചയപ്പെടാം.

To advertise here,

ബജാവുക്കൾ എന്ന അത്ഭുതമനുഷ്യർ

ഒരു മനുഷ്യന് എത്രസമയം വെള്ളത്തിനടിയിൽ ശ്വാസം പിടിച്ചുനിൽക്കാൻ കഴിയും? പരമാവധി നാലോ അഞ്ചോ മിനിറ്റ് മാത്രം. അപ്പോഴേക്കും വീണുപോവും. തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹം കുറഞ്ഞാൽ പിന്നീടുണ്ടാവുന്ന പരിക്ക് പരിഹരിക്കാനാവില്ല. അപ്പോൾ 13 മിനിറ്റ് ശ്വാസംപിടിച്ച് വെള്ളത്തിനടിയിൽ ജീവിക്കുക എന്നത് അസാധ്യമല്ലേ?

എന്നാൽ, തെക്കുകിഴക്കൻ ഏഷ്യയിലെ ബജാവു (Bajau) എന്ന കടൽനാടോടികൾക്ക് അതൊരു പ്രശ്നമേയല്ല. അവർ 60-70 മീറ്റർ ആഴത്തിൽ വരെ ചെന്ന് മീൻപിടിക്കും. അതിന് കാരണം പരിണാമപരമായ അനുകൂലനമാണ്. കൂടുതൽ സമയം വെള്ളത്തിൽ കഴിയുന്നവർക്കേ കൂടുതൽ മീൻ ലഭിക്കൂ. അവർക്കേ അതിജീവനസാധ്യതയുള്ളൂ. 2018 ൽ കോപ്പൻഹേഗനിലെ ഗവേഷകയായ മെലിസ്സ എ ലാർഡോയുടെ നേതൃത്വത്തിൽ നടന്ന ഒരു പഠനത്തിൽ അതിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഈ പഠനം പിന്നീട് 'സെൽ' മാഗസിനിൽ പ്രസിദ്ധീകരിച്ചു.

അവരുടെ കണ്ടെത്തൽ കൗതുകകരമായിരുന്നു. സാധാരണ മനുഷ്യരേക്കാൾ ഇരട്ടി വലിപ്പം അവരുടെ പ്ലീഹക്ക് (spleen) ഉണ്ടായിരുന്നു. അതാണ് അവരെ സഹായിക്കുന്നത്. പ്ലീഹയാണ് ചുവന്ന രക്താണുക്കളുടെ ശേഖരണ കേന്ദ്രം. വെള്ളത്തിനിടിയിലേക്ക് പോകുമ്പോൾ പ്ലീഹ ചുരുങ്ങുകയും കൂടുതൽ ചുവന്ന രക്താണുക്കളെ രക്തത്തിലേക്ക് പമ്പുചെയ്യുകയും ചെയ്യും. ഇതുവഴി കൂടുതൽ ഓക്സിജൻ രക്തത്തിലേക്ക് ലഭിക്കും. അങ്ങനെയാണ് ഓക്സിജൻകുറവ് പരിഹരിക്കുന്നത്. 'ബയോളജിക്കൽ സ്‌കൂബാ ടാങ്ക്' എന്നാണ് ഗവേഷകർ അതിനെ വിശേഷിപ്പിക്കുന്നത്. ഇതിലെ കൗതുകമെന്തെന്നാൽ, ഇക്കൂട്ടരിൽ വെള്ളത്തിനടിയിൽ പോവുന്നവർക്ക് മാത്രമല്ല, അല്ലാത്തവർക്കും ഈ ശേഷിയുണ്ടെന്നതാണ്. അതായത്, പരിശീലനം വഴിമാത്രമല്ല, ജനിതകപരമായിക്കൂടി ലഭിച്ച ശേഷിയാണിതെന്നർത്ഥം. അതുകൊണ്ടുതന്നെ പരിണാമത്തിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് ബജാവുകൾ. മറ്റു രണ്ട് ജീനുകളിൽ കൂടി ചില സവിശേഷതകൾ ഇവർക്ക് കണ്ടെത്തിയിട്ടുണ്ട്.

വെള്ളത്തിനടിയിലും വ്യക്തമായി കാണാം

നല്ല തെളിഞ്ഞ വെള്ളത്തിൽ മുങ്ങിയാൽ കുറച്ചൊക്കെ നമുക്ക് പരസ്പരം കാണാം. അകലംകൂടുന്നതിനനുസരിച്ചും വെള്ളത്തിന്റെ തെളിമയനുസരിച്ചും കാഴ്ചയുടെ വ്യക്തതകുറയും. എന്നാൽ മോകൻ (Mokan) വിഭാഗത്തിൽ പെടുന്നവർക്ക് കലങ്ങിയ വെള്ളത്തിലും വളരെ ദൂരത്തുള്ളതുപോലും കാണാൻ കഴിയും. മനുഷ്യന്റെ കണ്ണ് യഥാർഥത്തിൽ വായുവുള്ള ഇടങ്ങളിൽ കാണാൻ വേണ്ടി പരിണമിച്ചുണ്ടായതാണ്. വെള്ളത്തിൽ ഒരു പരിധിയിൽ കൂടുതൽ കണ്ണ് തുറന്നുപിടിക്കാൻപോലും കഴിയില്ല. അപ്പോൾ ഈ പരിമിതി അവർ മറികടന്നതെങ്ങനെയാണ്?

തായ്ലൻഡിന്റേയും മ്യാൻമറിന്റേയും തീരപ്രദേശത്ത് ജീവിക്കുന്നവരാണ് മോകൻ സമൂഹം. കടൽച്ചിപ്പികൾ ശേഖരിച്ചും മീൻപിടിച്ചും ജീവിക്കുന്ന ഇവർ ചെറുപ്രായത്തിൽത്തന്നെ വെള്ളത്തിലേക്കിറങ്ങും. ഇവരുടെ കുട്ടികളിലാണ് ഈ ശേഷി കൂടുതൽ കണ്ടെത്തിയത്. 2003ൽ സ്വീഡിഷ് ഗവേഷകയായ അന്ന ജിസ്ലൻ ആണ് മോകൻ കുട്ടികളെ വിശദമായി പഠിച്ചത്. അവരുടെ പരീക്ഷണത്തിൽ സാധാരണ കുട്ടികളേക്കാൾ വെള്ളത്തിനടിയിലെ കാഴ്ചശേഷി ഇവർക്ക് ഇരട്ടിയുണ്ട്. കണ്ണുതുറന്നുപിടിച്ചു തന്നെ വെള്ളത്തിനടിയിൽ സഞ്ചരിക്കാം. സാധാരണയായി കണ്ണും വായുവും തമ്മിലുള്ള റിഫ്രാക്ടീവ് ഇൻഡെക്സ് ഉപയോഗിച്ചാണ് കോർണിയ വെളിച്ചം ഫോക്കസ് ചെയ്യുന്നത്. അതായത്, ഒരു വസ്തുവിലേക്ക് പ്രവേശിക്കുമ്പോൾ പ്രകാശം എത്രത്തോളം മന്ദഗതിയിലാവുകയും വളയുകയും ചെയ്യുന്നു(അപവർത്തനം) എന്നതിന്റെ അളവാണ് റിഫ്രാക്ടീവ് ഇൻഡെക്സ്. വെള്ളത്തിനടിയിൽ വെള്ളവും കോർണിയയും തമ്മിലുള്ള റിഫ്രാക്ടീവ് ഇൻഡെക്സ് ഏകദേശം ഒരുപോലെയാവും. അതോടെ ഫോക്കസ് നഷ്ടപ്പെടുകയും കാഴ്ച അവ്യക്തമാവുകയും ചെയ്യും. എന്നാൽ, മോകൻ കുട്ടികൾക്ക് കൃഷ്ണമണി നന്നായി ചുരുക്കാൻ കഴിയും. ലെൻസിന്റെ രൂപംമാറ്റി ഫോക്കസ് വർധിപ്പിക്കാനും കഴിയും. അങ്ങനെയാണ് അവർക്ക് വ്യക്തമായ കാഴ്ച സാധ്യമാവുന്നത്. മാത്രമല്ല, ഇത് ജനിതകപരമായ കഴിവല്ലെന്നും പരിശീലനത്തിലൂടെ (Learned biological adaption) നേടിയെടുക്കുന്നതാണെന്നും പഠനത്തിൽ ബോധ്യമായി.

ഓക്സിജൻ കുറഞ്ഞാലും ശ്വാസംമുട്ടില്ല

ഉയരംകൂടിയ പർവതങ്ങളിൽ കയറുന്നവരും ആഴമേറിയ കിണറുകളിലിറങ്ങുന്നവരും അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് ശ്വാസംമുട്ടൽ, ക്ഷീണം, തലവേദന എന്നിവ. ഓക്സിജന്റെ കുറവാണ് കാരണം. സാധാരണ അന്തരീക്ഷവായുവിൽ 21 ശതമാനമാണ് ഓക്സിജൻ. പക്ഷേ, ഉയരത്തിലേക്കും ആഴത്തിലേക്കും പോകുന്തോറും ഓക്സിജൻ നന്നായി കുറയും. എന്നാൽ, ടിബറ്റുകാർ ആയിരക്കണക്കിന് വർഷമായി അത്യുന്നതങ്ങളിൽ ജീവിക്കുന്നു. അവർക്കാണെങ്കിൽ ഒരു പ്രശ്നവുമില്ല. എവറസ്റ്റിന് താഴെപ്പോലും ഓക്സിജൻ സാധാരണ അന്തരീക്ഷത്തിന്റെ പകുതിയോളമേയുള്ളൂ. എന്നിട്ടും ഇവർക്ക് പ്രശ്നങ്ങളില്ലാത്തത് എന്തുകൊണ്ടാവാം.

ഉയരങ്ങളിലേക്ക് കയറിപ്പോവുമ്പോൾ മനുഷ്യന്റെ ശരീരം കൂടുതൽ ഓക്സിജൻ ലഭിക്കാൻ കൂടുതൽ ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കും. എന്നാൽ ഇതിന് ഒരു പാർശ്വഫലമുണ്ട്. രക്തം കൂടുതൽ കട്ടിയാവുകയും ഹൃദയത്തിന് അമിതാധ്വാനം വേണ്ടിവരികയും ചെയ്യും. അത് രക്താദിസമ്മർദത്തിനും ഹൃദയാഘാതത്തിനും കാരണമാവും. ഇവിടെയാണ് ടിബറ്റുകാരുടെ പ്രത്യേകത. അവരുടെ ശരീരത്തിൽ ഇങ്ങനെ അമിതമായി ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കില്ല. കൂടുതൽ ഓക്സിജൻ ഉത്പാദിപ്പിക്കുന്നതിനേക്കാൾ ലഭ്യമായ ഓക്സിജനെ വേണ്ടരീതിയിൽ ഉപയോഗിക്കുകയാണ് അവരുടെ ശരീരം ചെയ്യുന്നത്. സാധാരണക്കാരേക്കാൾ കൂടുതൽ തവണ അവർ ശ്വാസോച്ഛ്വാസം ചെയ്യും. അങ്ങനെ ആവശ്യമുള്ള ഓക്സിജൻ ശേഖരിക്കും. ഇത് പരിണാമപരമായ ഒരു അനുകൂലനമാണ്.

മറ്റൊന്ന്, നൈട്രിക് ഓക്സൈഡിന്റെ ആധിക്യമാണ്. ഇത് രക്തക്കുഴലുകളെ വികസിപ്പിക്കുകയും ഓക്സിജൻ പ്രവാഹത്തെ വേഗത്തിലാക്കുകയും ചെയ്യും. 2010 ൽ ടിബറ്റുകാരിൽ നടത്തിയ ജനിതകപഠനത്തിൽ ഇ.പി.എ.എസ് ഒന്ന് (EPAS1) എന്ന ഒരു പ്രത്യേക ജീൻ കണ്ടെത്തിയിരുന്നു. ഇത് ശരീരത്തിൽ ഓക്സിജൻ കുറവുണ്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ജീനാണ്. ഈ ജീനിന് ഹോമോസാപിയൻസിന്റെ സമകാലികരായിരുന്ന ഡെനിസോവൻ വിഭാഗത്തിന്റെ ഡി.എൻ.എയുമായി അടുത്ത സാമ്യമുണ്ടെന്നും പഠനത്തിൽ കണ്ടെത്തി. ഈ കൂടിക്കലരലും ഇവരുടെ ഈ ശേഷിവർധിക്കാൻ കാരണമായിട്ടുണ്ടെന്ന് ചുരുക്കം. ഉയരങ്ങളിൽ ജീവിക്കുന്ന 'ആൻഡിസ്' എന്ന മറ്റൊരു ജനതയുണ്ട്. അവർ ഇതിന് വിപരീതമായി കൂടുതൽ ഹീമോഗ്ലോബിൻ ശരീരത്തിലുണ്ടാക്കിയാണ് ഈ അനുകൂലനം നേടിയത്. ഒരേ പ്രശ്നത്തിന് മനുഷ്യശരീരം രണ്ട് വിപരീത പരിഹാരങ്ങൾ കണ്ടെത്തിയതിന്റെ കൗതുകംകൂടി ഇതിലുണ്ട്.

ഓടിച്ചിട്ട് വേട്ടയാടുന്ന മസായിമാർ

കെനിയ,ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിൽ വസിക്കുന്ന ഒരു വിഭാഗമായ മസായി (Massai) മാർ ദിവസവും മുപ്പത് -നാൽപത് കിലോമീറ്ററോളം കൊടുംചൂടിൽ കന്നുകാലികളേയും മെയ്ച്ച് നടക്കുന്നവരാണ്. പരമ്പരാഗതമായി ഇതേ ജോലി ചെയ്യുന്നതുകൊണ്ടുതന്നെ ഇക്കൂട്ടർക്ക് അപാരമായ ശാരീരികശേഷിയുണ്ട്. മൃഗങ്ങളുടെ പിറകേഓടി, അവയെ ക്ഷീണിപ്പിച്ച് വേട്ടയാടി കൊന്നിരുന്നവരാണവർ. മണിക്കൂറുകളോളം നിർത്താതെ ഓടാനുള്ള ശേഷി അവർക്കുണ്ട്. പൊതുവെ മൃഗങ്ങളെ സംബന്ധിച്ചിടത്തോളം എത്ര വേഗത്തിൽ ഓടുന്നവക്കും നിശ്ചിതസമയത്തിൽ കൂടുതൽ ഒരേ ഊർജ്ജം നിലനിർത്താനാവില്ല. വിയർത്തുകൊണ്ട് ചൂടിനെ പ്രതിരോധിക്കാനുള്ള സംവിധാനം അവരുടെ ശരീരത്തിലില്ലാത്തതാണ് കാരണം. ഇവിടെയാണ് മസായിമാരുടെ വിജയം. കുറച്ചുകഴിയുമ്പോൾ മൃഗങ്ങൾ ക്ഷീണിക്കും, അപ്പോൾ അവർ പിടികൂടുകയും ചെയ്യും. നീളമുള്ള കാലുകളും മെലിഞ്ഞ് കൊഴുപ്പുകുറഞ്ഞ ശരീരവും ബലമുള്ള പേശികളുമെല്ലാമാണ് അവരെ ഇതിന് സഹായിക്കുന്നത്. ശ്വാസകോശത്തിന്റേയും ഹൃദയത്തിന്റേയും മികച്ചപ്രവർത്തനവും ഒരു പ്രധാനകാരണമാണ്. ജനിതകമെന്നതിലേറെ ആർജ്ജിതശേഷിതന്നെയാണ് ഇവരെ ഇതിന് പ്രാപ്തരാക്കുന്നതെന്നാണ് ഗവേഷകർ കരുതുന്നത്. ഇക്കൂട്ടരിൽ നിന്നൊക്കെയാണ് കൂടുതലും ദീർഘദൂര ഓട്ടക്കാർ ഒളിമ്പിക്സിലും മറ്റും ഉണ്ടായിട്ടുള്ളത്.

കാലടയാളം നോക്കി കാര്യങ്ങൾ ഗണിക്കുന്നവർ

ടാൻസാനിയയിലെ ഒരു ഗോത്രവർഗ്ഗമായ ഹഡ്സ (Hadza) ലോകത്തിലെത്തന്നെ ഏറ്റവും പുരാതന വേട്ടക്കാരാണ്. ഇന്നും അവരുടെ പ്രധാന ഉപജീവനമാർഗം വേട്ടയാടലും കാട്ടുപഴങ്ങളും തേനും ശേഖരിക്കലുമെല്ലാമാണ്. അതുകൊണ്ടുതന്നെ പരമ്പരാഗതമായി അവർക്ക് കൈമാറിക്കിട്ടിയ ചില അറിവുകളുണ്ട്. മൃഗങ്ങളുടെ കാൽപാടുകൾ നോക്കി അത് ഏത് മൃഗമാണെന്നും എത്രനേരം മുൻപാണ് കടന്നുപോയതെന്നും എത്ര വേഗത്തിലാണ് സഞ്ചരിച്ചതെന്നും എന്തെങ്കിലും പരിക്കുകൾ ഉണ്ടോ എന്നുമെല്ലാം തിരിച്ചറിയാൻ അവർക്ക് കഴിയുമത്രെ. കാൽപാടുകളോടൊപ്പം പരിസരംകൂടി നിരീക്ഷിച്ചാണ് അവർ ഇത് സാധ്യമാക്കുന്നത്. വളരെ ചെറിയ പ്രായം മുതലേ വേട്ടയുടെ ലോകത്ത് ജീവിക്കുന്ന അവർക്ക് നിരന്തര പരിശീലനംകൊണ്ട് ലഭിക്കുന്നതാണ് ഈ കഴിവ്. ഓരോ മൃഗങ്ങളുടേയും പെരുമാറ്റരീതികൾ അവർക്ക് ഹൃദിസ്ഥമാണ്. അതോടൊപ്പം മികച്ച കേൾവിശക്തിയുമുണ്ട്. വിഷംപുരട്ടിയ അമ്പുകൾ ഉപയോഗിച്ചാണ് അവർ വേട്ടയാടുക.

ദക്ഷിണാഫ്രിക്ക, നമീബിയ, അങ്കോള തുടങ്ങിയ മണൽപ്രദേശങ്ങളിൽ ജീവിക്കുന്ന സാൻ ബുഷ്മെൻ എന്ന ഗോത്രവർഗ്ഗക്കാരും ഇതേ ശേഷി പ്രകടിപ്പിക്കുന്നവരാണ്. മണലിലെ പാടുകൾ, പുല്ലുകളിലെ അടയാളം, മണ്ണിന്റെ നിറവ്യത്യാസം എന്നിവയെല്ലാം നോക്കി അവരും മൃഗസഞ്ചാരം കൃത്യമായി മനസ്സിലാക്കും. ആറുമണിക്കൂർ വരെയൊക്കെ ഒരു മൃഗത്തെ പിന്തുടരും. മൃഗം ക്ഷീണിക്കുമ്പോൾ അവയെ പിടികൂടും. സസ്യങ്ങളുടെ പ്രത്യേകതയും മണ്ണിന്റെ ഈർപ്പവുമെല്ലാം നോക്കി വെള്ളം കണ്ടെത്താനുള്ള കഴിവും ഇവർക്കുണ്ട്. ഏതൊക്കെ വേരുകളിലും കിഴങ്ങുകളിലും വെള്ളം ശേഖരിച്ചുവെച്ചിരിക്കുന്നു എന്ന് അവർക്കറിയാം. ഇങ്ങനെ വലിയ ഭാരമേന്തി കൊടും ശൈത്യത്തിൽ മലകേറാൻ കഴിവുള്ള ഷെർപ്പകൾ മുതൽ മഞ്ഞുപാളികളിൽ ജീവിക്കാൻ കഴിവുള്ള ഇൻയൂട്ട് (inuit) വിഭാഗക്കാർ വരെയുള്ള വിചിത്രമായ അതിജീവനശേഷിയുള്ള മനുഷ്യസമൂഹങ്ങൾ ഇന്നും ഭൂമിയിലുണ്ട്. നമ്മൾ ദിവ്യം എന്ന് കരുതുന്ന പല സിദ്ധികളും ജനിതകസവിശേഷതകൾ വഴിയോ, നിരന്തരപരിശീലനങ്ങൾ വഴിയോ പരിണാമപരമായി ലഭിക്കുന്നവയാണെന്നാണ് ഈ വൈവിധ്യങ്ങൾ ബോധ്യപ്പെടുത്തുന്നത്.