
തിരുവനന്തപുരത്തെ കോട്ടണ്‍ ഹില്‍സ് സ്‌കൂളില്‍നിന്നു പുറത്തിറങ്ങി വരുന്ന പെണ്‍കുട്ടികളെ നോക്കി സി.എച്ച്. മുഹമ്മദ് കോയ കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു കലിക്കറ്റ് യൂണിവേഴ്‌സിറ്റി. തട്ടമിട്ട മുസ്ലീം പെണ്‍കുട്ടികള്‍ കലാലയങ്ങളില്‍നിന്ന് ഇറങ്ങിവരുന്നത് സ്വപ്നം കണ്ട് അദ്ദേഹം ഉയര്‍ത്തിയ സര്‍വകാലശാലയില്‍ സീതി സാഹിബിന്റെ നാട്ടിലെ കോളേജില്‍നിന്നൊരു പെണ്‍കുട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് തിരിഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട പി.കെ. ഷിഫാന കലാലായങ്ങളിലെ ആര്‍എസ്എസ് വത്കരണത്തെ കുറിച്ചും മുസ്ലീം ലീഗിലെ വനിതാ മുന്നേറ്റത്തെ കുറിച്ചും സംസാരിക്കുന്നു.
സീതി ഹാജിയുടെ നാട്ടിലെ കോളേജില്‍നിന്ന് സി.എച്ച്. മുഹമ്മദ് കോയ സ്ഥാപിച്ച യൂണിവേഴ്‌സിറ്റിയിലെ ചെയര്‍പേഴ്‌സണ്‍ പദവിയിലേക്ക്. ഈ ചരിത്രനിയോഗത്തെ എങ്ങനെ കാണുന്നു?
ഒരുപാട് അഭിമാനം തോന്നുന്നു, എല്ലാം ഒരു നിമിത്തം പോലെയാണ് ഞാന്‍ കരുതുന്നത്. മലപ്പുറത്താണ് എന്റെ വീട്. അവിടെ തന്നെ ഇഎംഇഎ കോളേജില്‍ എനിക്ക് പ്രവേശനം ലഭിച്ചെങ്കിലും ആ വിഷയത്തോടുള്ള താത്പര്യക്കുറവ് കാരണമാണ് ഞാന്‍ കൊടുങ്ങല്ലൂര്‍ കെകെടിഎം കോളേജിലേക്ക് പ്രവേശം നേടുന്നത്. ഈ കോളേജില്‍ എത്തി കലാലയ രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയും ആദ്യ തവണ മത്സരിച്ച് തോല്‍ക്കുകയും ചെയ്ത ആളാണ് ഞാന്‍. രണ്ടാമത്തെ മത്സരത്തിലാണ് യുയുസിയായി തിരഞ്ഞെടുക്കപ്പെടുകയും യൂണിവേഴ്‌സിറ്റി ചെയര്‍പേഴ്‌സാണാവുകയും ചെയ്യുന്നത്. സീതി സാഹിബിന്റെ മണ്ണില്‍നിന്നു കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് എന്ന് കേള്‍ക്കുന്നത് തന്നെ എനിക്ക് വളരെ സന്തോഷം തരുന്നൊരു കാര്യമാണ്. കൊടുങ്ങല്ലൂരിലെ കോളേജില്‍നിന്നു ഒരു പെണ്‍കുട്ടി തിരഞ്ഞെടുക്കപ്പെട്ട വിവരം അറിഞ്ഞ് പലരും വിളിക്കുകയും അഭിനന്ദിക്കുകയും ഒക്കെ ചെയ്തിരുന്നു. ആ കോളേജില്‍ എത്തിയ ശേഷമാണ് സീതി സാഹിബിന്റെ മണ്ണില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളൊക്കെ നന്നായി മനസ്സിലാക്കാന്‍ പറ്റിയത്. കാമ്പസ്സില്‍ അദ്ദേഹത്തിന്റെ കുടുംബത്തില്‍നിന്നുള്ള അംഗങ്ങള്‍ വരികയും ഞങ്ങള്‍ എംഎസ്എഫ് പ്രവര്‍ത്തകരെ ഒക്കെ സന്ദര്‍ശിക്കുകയും ചെയ്യാറുണ്ട്. അദ്ദേഹത്തിന്റെ മണ്ണില്‍നിന്നു യൂണിവേഴ്‌സിറ്റിയില്‍ എത്താനായല്ലോ എന്നത് എനിക്കേറെ അഭിമാനകരമാണ്. പിന്നെ സി.എച്ചിനെ കുറിച്ച് പറയുകയാണെങ്കില്‍ വിദ്യാഭ്യാസരംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ രണ്ട് രീതിയിലാണ് ഞാന്‍ കാണുന്നത്. അതില്‍ ആദ്യത്തേത് നമുക്ക് പ്രകടമായി കാണാവുന്ന സംഭാവനകളാണ്. വിദ്യാഭ്യാസരംഗത്ത് ഒരുപാട് മുന്നേറ്റങ്ങള്‍ നടത്തിയ അദ്ദേഹമാണ് കലിക്കറ്റ് സര്‍വകലാശാലയും കുസാറ്റും സ്ഥാപിച്ചതെങ്കില്‍ കാസര്‍കോട്, കണ്ണൂര്‍, മലയാളം സര്‍വകലാശാലകള്‍ സ്ഥാപിച്ചത് അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ആണ്. രണ്ടാമതായി അദ്ദേഹം ചെയ്ത ഒരു കാര്യം തന്റെ പിന്‍ഗാമികളുടെ ഹൃദയത്തിലേക്ക് ഒരു 'ഫയര്‍' അദ്ദേഹം കൈമാറിയിട്ടുണ്ട്. വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നല്‍കേണ്ടത് സാമൂഹിക പുരോഗതിക്ക് വിദ്യാഭ്യാസം ഒരു ആയുധമാണെന്ന് നിരന്തരം പറയുകയും അത് പ്രവര്‍ത്തിച്ച് കാണിച്ച് ആ ആശയം വരുംതലമുറകളിലേക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്ത നേതാവാണ് അദ്ദേഹം.
കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മകള്‍ മുസ്ലീം ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന്റെ ഭാഗമായത് എങ്ങനെയാണ്?
മലപ്പുറം കൊണ്ടോട്ടിയിലാണ് എന്റെ വീട്. ഉപ്പയും ഉമ്മയും രണ്ട് സഹോദരിമാമാരും ഒരു സഹോദരനും അടങ്ങുന്നതാണ് കുടുംബം. കോഴിക്കോട് ചാലിയത്തുള്ള ഉമ്മയുടെ വീടാണ് ലീഗ് രാഷ്ട്രീയത്തിന്റെ പാതയിലേക്ക് എന്നെ എത്തിച്ചത്. കുട്ടിക്കാലത്ത് വല്യുപ്പയുടെ കൂടെ മുസ്ലീം ലീഗ് സംഘടിപ്പിക്കുന്ന പരിപാടികള്‍ക്കൊക്കെ പോകാറുണ്ടായിരുന്നു. പാണക്കാട് കുടുംബത്തിലും പാണക്കാട്ടെ തങ്ങന്‍മാര്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയിലും എനിക്ക് വിശ്വാസവും പ്രതീക്ഷയും ഉണ്ടായിരുന്നു. എന്നെങ്കിലും രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുന്നുണ്ടെങ്കില്‍ അത് ലീഗ് രാഷ്ട്രീയം ആയിരിക്കുമെന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്ത് തന്നെ മനസ്സില്‍ ഉറപ്പിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ പ്രസംഗങ്ങളും പാണക്കാട്ടെ തങ്ങന്‍മാരുടെ ഇടപെടലുകളും പ്രവര്‍ത്തനരീതികളും ദേശീയ ലീഗ് നേതാക്കളുടെ പ്രസംഗങ്ങളും ഒക്കെ എംഎസ്എഫിന്റെ ഭാഗമാകാനുള്ള എന്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. എല്ലാ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും യൂണിറ്റ് ഉള്ള ഒരു കാമ്പസ്സാണ് ഞാന്‍ പഠിക്കുന്ന കൊടുങ്ങല്ലൂര്‍ കെകെടിഎം കോളേജ്. അവിടെ ബിഎ ഹിസ്റ്ററി വിദ്യാര്‍ത്ഥിയായി പ്രവേശനം നേടിയ ഉടന്‍ തന്നെ ഞാന്‍ എംഎസ്എഫിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു തുടങ്ങി. എംഎസ്എഫിന്റെ ഭാഗമാകുന്നതില്‍ ആശയക്കുഴപ്പവും ആശങ്കയും ഉണ്ടായിരുന്നില്ല.
എസ്എഫ്‌ഐയുടെ വെല്ലുവിളികളേയും കടുത്ത എതിര്‍പ്പുകളെ മറികടന്നാണ് ഷിഫാനയുടെ വിജയം. കാമ്പസ്സ് രാഷ്ട്രീയത്തോട് വിദ്യാര്‍ത്ഥികളുടെ സമീപനത്തില്‍ മാറ്റം വന്നതായി തോന്നുന്നുണ്ടോ?
തീര്‍ച്ചയായും ഉണ്ട്. അക്രമണ രാഷ്ട്രീയം നിലനില്‍ക്കുന്ന കാമ്പസ്സുകളും ആ രീതിയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകളും നമ്മുടെ നാട്ടില്‍ ഇപ്പോഴും ഉണ്ടെങ്കിലും അത്തരക്കാരോടുള്ള വിദ്യാര്‍ത്ഥികളുടെ സമീപനത്തില്‍ മാറ്റം വന്നു. അക്രമ രാഷ്ട്രീയത്തോട് വിയോജിപ്പുള്ള, അതിനെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന് കരുതുന്ന ഒരാളാണ് ഞാന്‍. സമൂഹത്തിന് ഗുണപരമായ കാര്യങ്ങളിലേക്ക് വിദ്യാര്‍ത്ഥി രാഷ്ട്രീയം മാറണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇതേരീതിയില്‍ ചിന്തിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ കാമ്പസ്സുകളില്‍ അധികവും ഉള്ളത്. എസ്എഫ്‌ഐ എന്ന വിദ്യാര്‍ത്ഥി സംഘടന മാത്രം ഇവിടെ മതിയെന്നു കരുതുന്ന പ്രവര്‍ത്തകര്‍ ഉള്ള കാമ്പസ്സില്‍നിന്നാണ് എന്റെ തുടക്കം. എന്ത് ചെയ്താലും ചോദിക്കാനും പറയാനും ആരും ഇല്ല. സംരക്ഷിക്കാന്‍ ഭരിക്കുന്ന ആള്‍ക്കാര്‍ ഉണ്ടെന്നു കരുതുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നമുക്കിടയില്‍ ഉണ്ട്. നിരവധി പ്രതിസന്ധികള്‍ ഞാനും നേരിട്ടിട്ടുണ്ട്. എംഎസ്എഫ് പ്രസ്ഥാനത്തില്‍നിന്നു ഒരു പെണ്‍കുട്ടി ഉയര്‍ന്നുവരാന്‍ പാടില്ല, ജയിക്കാന്‍ പാടില്ല എന്ന നിലപാടായിരുന്നു എന്റെ കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നത്. ഞാന്‍ മത്സരിക്കാതിരിക്കാനും എന്നെ തോല്‍പ്പിക്കാനും എന്തെല്ലാം ചെയ്യാന്‍ പറ്റുമോ അതെല്ലാം അവര്‍ ചെയ്തു.
ആദ്യം അവരുടെ ഭീഷണി കേള്‍ക്കുമ്പോള്‍ എനിക്ക് ചെറിയ പേടി ഉണ്ടായിരുന്നു. കാരണം അവര്‍ പ്രതിനിധാനം ചെയ്യുന്ന അക്രമ രാഷ്ട്രീയമാണ് ഞാന്‍ കാമ്പസ്സില്‍ എത്തുമ്പോള്‍ മുതല്‍ കാണുന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെ മാഗസിന്‍ എഡിറ്റര്‍ പോസ്റ്റില്‍ മത്സരിക്കുമ്പോള്‍ അന്ന് അവിടുത്തെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് പറഞ്ഞത് ഇവളെ ജയിക്കാന്‍ അനുവദിക്കില്ല, ജയിച്ചാലും നിലനില്‍ക്കാന്‍ അനുവദിക്കില്ല എന്നായിരുന്നു. അങ്ങ് ഇല്ലാതാക്കി കളയും എന്ന തരത്തില്‍ ആയിരുന്നു ആ ഭീഷണി. അത് കേട്ടപ്പോള്‍ മുന്നോട്ട് പോകണം, ഇവരുടെ വാക്ക് കേട്ട് നില്‍ക്കരുത് എന്ന വാശി എന്റെ ഉള്ളില്‍ വന്നു. ആ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും അവിടുന്നങ്ങോട്ട് എസ്എഫ്‌ഐയുടെ അക്രമരാഷ്ട്രീയത്തോട് പൊരുതി മുന്നേറി. അങ്ങനെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുയുസി പോസ്റ്റില്‍ മത്സരിക്കുന്നതും ജയിക്കുന്നതും. അക്രമ രാഷ്ട്രീയത്തോട് നമ്മുടെ കാമ്പസ്സുകള്‍ മുഖം തിരിച്ചു തുടങ്ങി എന്നതിന് തെളിവാണ് ആ കാമ്പസ്സിലെ വിദ്യാര്‍ത്ഥികള്‍ എനിക്ക് സമ്മാനിച്ച വിജയം. ഞാന്‍ യുയുസി ആയി ജയിച്ചപ്പോള്‍ എന്നെക്കാള്‍ സന്തോഷം അവിടുത്തെ നിഷ്പക്ഷരായ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു. ആ കാമ്പസിലെ രാഷ്ട്രീയം തിരുത്താന്‍ എന്നെക്കാള്‍ ഏറെ അവര്‍ ആഗ്രഹിച്ചിരുന്നുവെന്ന് എനിക്ക് മനസ്സിലായി. മാത്രമല്ല, കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും കോളേജുകളില്‍ നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ എസ്എഫ്‌ഐ ഏറ്റുവാങ്ങിയ തോല്‍വിയും അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കാന്‍ കാമ്പസ്സുകള്‍ ആഗ്രഹിക്കുന്നില്ല എന്നതിന്റെ തെളിവാണ്.
മുസ്ലീം ലീഗിലെ സ്ത്രീ പ്രാതിനിധ്യം എല്ലാ കാലത്തും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ സംഘടനക്കുള്ളില്‍ നടക്കുന്ന നവീകരണത്തെ എങ്ങനെ വിലയിരുത്തുന്നു?
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലേക്കും സ്ത്രീകള്‍ കൂടുതലായി കടന്നുവരുന്ന കാലമാണിത്. കാലോചിതമായ മാറ്റങ്ങള്‍ മുസ്ലീം ലീഗിനകത്ത് കൊണ്ടുവരാനും ഉചിതമായ തീരുമാനങ്ങള്‍ എടുത്ത് മുന്നോട്ട് പോകാനും പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് പ്രാപ്തിയുണ്ട്. അതല്ലാതെ സിപിഎമ്മിന്റെ ഉപദേശമോ വിമര്‍ശനമോ കേട്ടല്ല ലീഗ് തീരുമാനം എടുക്കുന്നത്. ഇപ്പോള്‍ തന്നെ നോക്കൂ, കേരളത്തിലെ എറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ലീഗ് വളരുന്നു. പെണ്‍കുട്ടികളായ മൂന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍- അഡ്വക്കറ്റ് റുമൈസ റഫീക്ക്, അഡ്വ തൊഹാനി, ആയിഷാ ബാനു- എന്നിവര്‍ ലീഗ് സ്റ്റേറ്റ് കമ്മറ്റിയുടെ ഭാഗമായി. അതുപോലെ പാര്‍ട്ടി ദേശീയ നേതൃത്വത്തിലും ജയന്തി രാജനും ഫാത്തിമാ മുസാഫിറും കടന്നുവന്നു. യൂത്ത് ലീഗിലും എംഎസ്എഫിലും വനിതകള്‍ നേതൃസ്ഥാനത്തുണ്ട്. കഴിവുകളെ അംഗീകരിക്കുന്ന പ്രസ്ഥാനമാണ് എന്റേത്. യൂണിവേഴ്‌സിറ്റി യൂണിയനെ നയിക്കാന്‍ എനിക്ക് പ്രാപ്തിയുണ്ടോ എന്ന് നോക്കിയാണ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് എന്നെ മത്സരിപ്പിക്കാന്‍ എന്റെ പ്രസ്ഥാനം തീരുമാനിച്ചത്. ഹരിതയിലൂടെ ഒരുപാട് കുട്ടികള്‍ ഈ പ്രസ്ഥാനത്തിലേക്ക് എത്തുന്നുണ്ട്. പഞ്ചായത്ത് തലത്തിലെ വലിയ മുന്നേറ്റം പരിശോധിച്ചാല്‍ മനസ്സിലാവാവുന്നതേയുളളൂ.
സര്‍വകലാശാലകളിലെ ആര്‍എസ്എസ് വത്കരണം ഉയര്‍ത്തുന്ന ആശങ്കള്‍ എങ്ങനെ പരിഹരിക്കും?
ഗാന്ധിയുടേയും നെഹ്‌റുവിന്റെയും വീക്ഷണങ്ങള്‍ കണ്ണൂര്‍ സര്‍വകലാശാലയിലെ സിലബസില്‍ ഒഴിവാക്കിയതൊക്കെ നമ്മള്‍ കണ്ടതാണ്. പഴയ സിലബസ്സില്‍നിന്നു പലതും വെട്ടിക്കുറച്ച് പുതിയ സിലബസ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. നമ്മുടെ കുട്ടികള്‍ പഴയ ചരിത്രം പൂര്‍ണമായി പഠിച്ച് തന്നെ ഇന്നത്തെ സമൂഹത്തില്‍ വളരണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതാണ് വേണ്ടത്. പല കുട്ടികളും രാഷ്ട്രീയത്തില്‍ വലിയ ഫോക്കസ് കൊടുക്കാത്ത ഒരു സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. കാമ്പസ്സിലേക്ക് കടന്നുവരുമ്പോള്‍ പലനിറത്തിലുള്ള കൊടികളും പ്രവര്‍ത്തനങ്ങളുമൊക്കെയാണ് അവര്‍ കാണുന്നത്. കുട്ടികളെ ബോധവത്കരിച്ച് മുന്നോട്ട്‌പോവണം എന്നാണ് ഞാന്‍ കരുതുന്നത്. കുട്ടികള്‍ക്കിടയില്‍ ആര്‍എസ്എസ് ഉദ്ദേശിക്കുന്ന രാഷ്ട്രീയം ചൂണ്ടിക്കാട്ടണം, അവരുടെ അജണ്ടകളെ തുറന്ന് കാട്ടണം. ഇതല്ല ഈ നാടിന് വേണ്ടതെന്ന അവരുടെ ബോധ്യം ഉയര്‍ത്തിപ്പിടിച്ച് അതിനെതിരെ ശബ്ദിക്കാന്‍ അവരെ പ്രാപ്തരാക്കണം. ആര്‍എസ്എസ് വത്കരണത്തോട് വലിയ കോലാഹലങ്ങള്‍ ഉയര്‍ത്തിയ എസ്എഫ്‌ഐ പോലും അതിനോട് സമരസപ്പെട്ടു. അവര്‍ ഒരു കീഴടങ്ങലിലേക്ക് പോവുന്നതാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. ഇത്തരം സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞ് ബോധിപ്പിച്ച് മുന്നോട്ട് പോകണം എന്നാണ് എന്റെ നിലപാട്.
കലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഉള്‍പ്പടെ നമ്മുടെ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നം എന്താണ് ?
വളരെ മോശമായിക്കൊണ്ടിരിക്കുകയാണ് നമ്മുടെ സര്‍വകലാശാലകളിലെ അക്കാദമിക സാഹചര്യം. 4 വര്‍ഷ ബിരുദ കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാക്കിയ ബുദ്ധിമുട്ടുകളും ആശങ്കകളും ചെറുതല്ല. കേന്ദ്ര സര്‍വകലാശാലകളിലെ കുട്ടികള്‍ പഠിക്കുന്ന രീതിയിലുള്ള കോഴ്‌സുകള്‍ നമ്മുടെ നാട്ടിലെ കുട്ടികളും പഠിക്കണം. ആ തീരുമാനത്തോടും ആശയത്തോടും യോജിപ്പുണ്ട്. എന്നാല്‍, കേരളത്തില്‍ അത് ഇംപ്ലിമെന്റ് ചെയ്ത രീതി തെറ്റിപ്പോയി എന്നാണ് എന്റെ അഭിപ്രായം. മതിയായ പഠനങ്ങളും തയ്യാറെടുപ്പുകളും നടത്തി കൃത്യമായ അടിത്തറ ഉണ്ടാക്കിയിട്ട് വേണം ഇത്തരം കോഴ്‌സുകൾ നടത്താന്‍. അതില്ലാതെ കോഴ്‌സുകള്‍ ഇംപ്ലിമെന്റ് ചെയ്താല്‍ അത് വിജയകരമാവില്ല. ആ നിലവാരത്തകര്‍ച്ച ഇപ്പോളത്തെ നാല് വര്‍ഷ ഡിഗ്രി കോഴ്‌സില്‍ ഉണ്ട്. സിലബസ് എന്താണെന്ന് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അറിയില്ല. ഇനി എന്ത് പഠിക്കണം എന്ന് കുട്ടികള്‍ക്കും അറിയില്ല അധ്യാപകരോട് ചോദിച്ചാല്‍ അവര്‍ക്കും കൃത്യമായ ഉത്തരം ഇല്ല. മൂന്ന് വര്‍ഷ ഡിഗ്രി കോഴ്‌സിലെ അവസാന ബാച്ച് വിദ്യാര്‍ത്ഥിയാണ് ഞാന്‍. എനിക്ക് കൃത്യമായ സിലബസ് ഉണ്ട് പഠിക്കാന്‍. പക്ഷെ, എനിക്ക് ശേഷം വന്ന ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ സിലബസ് ഇല്ല, പുസ്തകങ്ങള്‍ ഇല്ല. പക്ഷെ, പരീക്ഷകള്‍ കൃത്യമായി നടക്കുന്നുണ്ട്. പരീക്ഷാഫലം വരുന്നുണ്ട്. ഇങ്ങനെ മാരത്തോണ്‍ പരീക്ഷകള്‍ നടത്താന്‍ കാണിക്കുന്ന ശ്രദ്ധ കുട്ടികള്‍ക്ക് പഠിക്കാന്‍ കൃത്യമായി സിലബസ്സും പഠിക്കാനുള്ള മെറ്റീരിയലും കൊടുക്കുന്ന കാര്യത്തില്‍ കൂടി വേണം. ഭൂരിഭാഗം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇക്കാര്യത്തില്‍ പരാതിയുണ്ട്. ഇനി വിദ്യാര്‍ത്ഥികളുമായി കൂടുതല്‍ സംവദിച്ച് അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ് അത് തിരിച്ചറിയാനും അവര്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന രീതിയില്‍ പ്രവര്‍ത്തിക്കാനുമാണ് ആഗ്രഹിക്കുന്നത്.
ഭാവിയെ കുറിച്ചുള്ള ഷിഫാനയുടെ കാഴ്ചപ്പാടുകള്‍?
നിലവില്‍ ഞാന്‍ ഹരിത സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പറാണ്. പൊതുപ്രവര്‍ത്തന രംഗത്ത് മുന്നോട്ട് പോകാന്‍ തന്നെയാണ് താത്പര്യം. പൊതുസമൂഹത്തില്‍ ഇടപെടാനും മനുഷ്യരെ മനസ്സിലാക്കാനും സ്‌നേഹിക്കാനും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനുമുള്ള ഒരിടമായാണ് ഞാന്‍ രാഷ്ട്രീയത്തെ കാണുന്നത്. 45 വര്‍ഷത്തിന് ശേഷം യൂണിവേഴ്‌സിറ്റി യൂണിയന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം എംഎസ്എഫിലേക്ക് വരുമ്പോള്‍ ആ ചുമതല എന്റെ പ്രസ്ഥാനം എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചിരിക്കുകയാണ്. ആ തീരുമാനം മുന്നോട്ടുള്ള എന്റെ വഴികളില്‍ വലിയൊരു പ്രചോദനമാണ്. എനിക്ക് തുടര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജമാണ്.
Content Highlights: First mfs university union chaiperson in calicut university, Interview with PK Shifana
Published: 31 Jul 2025, 02:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented