കോളേജിയേറ്റ് എഡ്യൂക്കേഷൻ അഡിഷണൽ ഡയറക്ടർ ആയിരുന്ന ഡോ. സിറിയക് മാത്യൂസ് വർഷങ്ങൾക്കുമുൻപ് പറഞ്ഞ കഥ ഞാൻ എപ്പോഴും ഓർക്കും. അത്യധികം ആത്മവിശ്വാസത്തോടെ ഒരു അദ്ധ്യാപകൻ കുട്ടികൾക്ക് നോട്ട് വായിച്ചു കൊടുക്കുകയായിരുന്നു. പറഞ്ഞു പകുതിയായപ്പോൾ കൂട്ടത്തിൽ മിടുക്കനായ ഒരു കുട്ടി അദ്ദേഹത്തെ തടസ്സപ്പെടുത്തി, ഭവ്യതയോടെ ഇങ്ങനെ പറഞ്ഞു: ‘സർ, അവസാനം വായിച്ചത് ഘടനാപരമായി തെറ്റാണ്. ആ വാക്യത്തിൽ ഒരു വ്യാകരണപ്പിശകുണ്ട്.’ 
അധ്യാപകൻ ഒരു നിമിഷം പോലും താമസിക്കാതെ പറഞ്ഞു: 'അതിന് യാതൊരു സാധ്യതയുമില്ല. പണ്ട് റോമിൽ പോയി പഠിച്ച പീറ്റർ അച്ചൻ ഞാൻ വിദ്യാർഥിയായിരുന്നപ്പോൾ തന്ന കുറിപ്പുകളാണ് ഇവ.’

To advertise here,

ഇവിടെ തമാശ റോമിനെപ്പറ്റിയല്ല. ആധികാരികതയുമായി ഒരു സംസ്കാരത്തിനുള്ള ബന്ധത്തെപ്പറ്റിയാണ്, അതിലെ കുറിപ്പുകളുടെ ശ്രദ്ധേയമായ ആയുസ്സിനെപ്പറ്റിയും.

ഈ ലോകം മാറിയേക്കാം. അറിവുകൾ മാറിയേക്കാം. സമൂഹം മാറിയേക്കാം. എന്നാലും പല കുറിപ്പുകളും മാറാതെ, അതേപോലെ, സനാതനമായി നിലനിൽക്കുന്നു, കാരണം കൂടുതൽ അറിവുണ്ടെന്നു കരുതപ്പെടുന്ന ഒരാൾ അധികാരപ്പെടുത്തിയതാണ് അവ. ഇവിടെ അധ്യാപകൻ വാക്യം പരിശോധിക്കുന്നില്ല. അത് ശരിയാണോയെന്നു ചോദിക്കുന്നുമില്ല. അയാളെ സംബന്ധിച്ചിടത്തോളം അതിന്റെ ആധികാരികത കിടക്കുന്നത് അതിന്റെ ഉറവിടത്തിലാണ്; പീറ്റർ അച്ചൻ റോമിൽ പഠിച്ച വന്നതാണ്, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നോട്ട് ശരിയായിരിക്കണം.

പഠനത്തെക്കുറിച്ച് പലരും പുലർത്തുന്ന സങ്കൽപ്പമിതാണ്, ലോകം മാറുന്നു പക്ഷെ, നോട്ടുകൾ മാറുന്നില്ല. അറിവിന്റെ സത്യം സംവാദത്തിനുപരി പാരമ്പര്യത്തിൽനിന്നുള്ളതാവുമ്പോൾ അറിവ് അറിവല്ലാതെയാകും. റോമിൽനിന്ന് വന്നു എന്നതുകൊണ്ട് ഒരു വാക്യം വ്യാകരണമപരമായി ശരിയാകുന്നില്ല. ഡൽഹിയുടെ മുദ്ര ചാർത്തിയിട്ടുണ്ട് എന്നതുകൊണ്ട് മാത്രം ഒരു വിദ്യാഭ്യാസനയം ബൗദ്ധികമായി കുറ്റമറ്റതാകുന്നില്ല.

എന്നാൽ, ദുഃഖകരമെന്നു പറയട്ടെ. അന്വേഷണത്തിനു പകരം അധികാരമാണ് എന്താണ് അറിവായി കണക്കാക്കേണ്ടതെന്ന് നിർണയിക്കുന്ന, കൂടാതെ നിശ്ചയിച്ചുവച്ച ഒരു മാനദണ്ഡത്തോട് (standard) ഒത്തുപോകുന്നതിനെ പഠനം എന്നുതന്നെ തെറ്റിദ്ധരിക്കുന്ന വ്യവസ്ഥയാണ് നാം ക്രമേണ കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഒരു പക്ഷെ നമുക്ക് ഭരണഘടനയിൽനിന്ന് തുടങ്ങേണ്ടിയിരിക്കുന്നു.

ഭരണഘടനാപരമായ ചോദ്യം

കൺകറന്റ് ലിസ്‌റ്റിലെ കൺകറൻ്റ് അവ്യക്തമായ ഭരണഘടനാപരമായ സാങ്കേതികത്വമല്ല. ഒരുമിച്ചു പ്രവർത്തിക്കുക, ഒരുമിച്ചുവരിക, അധികാരം പങ്കുവെക്കുക എന്നെല്ലാമാണ് അത് അർത്ഥമാക്കുന്നത്. കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും തമ്മിൽ പരസ്പരം നിർദേശങ്ങൾ പുറപ്പെടുവിക്കാത്ത തരത്തിലുള്ള ബന്ധമാണ് കൺകറന്റ് ലിസ്റ്റ് മുൻകൂട്ടി കാണുന്നത്.

വിദ്യാഭ്യാസം തുടക്കത്തിൽ അവിടെ (കൺകറന്റ് ലിസ്റ്റിൽ) അല്ല ഉൾപ്പെടുത്തിയിരുന്നത്. ഭരണഘടന നിലവിൽ വന്ന സമയത്ത് വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിൽ ആയിരുന്നു. ഇന്ത്യയെപ്പോലെ അസാധാരണമാംവണ്ണം വൈവിധ്യപൂർണമായ ഒരു രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ സ്വഭാവത്തെയാണ് ഇത് പ്രതിഫലിപ്പിച്ചത്. ഭാഷ, സംസ്കാരം, പ്രാദേശികചരിത്രം, സാമൂഹിക അനുഭവങ്ങൾ എന്നിവയിൽനിന്ന് വിദ്യാഭ്യാസത്തെ വേർപെടുത്തി കാണാനാവില്ല. കേരളത്തിന്റെ വിദ്യാഭ്യാസപരമായ ആവശ്യങ്ങൾ പഞ്ചാബിന്റെയോ അസമിന്റെയോ അല്ലെങ്കിൽ തമിഴ്നാടിന്റെയോ ആവശ്യങ്ങൾക്ക് സമാനമാണെന്ന് ധരിക്കാൻ പറ്റില്ല.

അപ്പോഴാണ് 1976-ൽ അടിയന്തിരാവസ്ഥക്കാലത്തു നാൽപത്തിരണ്ടാമത് ഭരണഘടനാ ഭേദഗതി നിലവിൽ വന്നത്. അതിന്റെ ഭാഗമായി കേന്ദ്രീകരണത്തിന്റെതായ പല മാർഗങ്ങളിൽ ഒന്നായി വിദ്യാഭ്യാസത്തെ സ്റ്റേറ്റ് ലിസ്റ്റിൽനിന്ന് മാറ്റി കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി. അതുവഴി NEET, NET, NAAC, NIRF എന്നിവയൊന്നും സൃഷ്ടിക്കപ്പെട്ടില്ല. അതുപോലെ തന്നെ വിദ്യാഭ്യാസം കേന്ദ്രീകൃത വിഷയമായി മാറ്റിയതുമില്ല. പക്ഷെ, വിദ്യാഭ്യാസത്തിന്റെ അധികാരം ഭരണഘടനാപരമായി എവിടെയാണെന്നതിൽ മാറ്റം വരുത്തി. മുൻപ് ഉണ്ടായിരുന്ന പരിമിതമായ പങ്കല്ല പിന്നീട് കേന്ദ്ര സർക്കാരിന് എന്ന് വന്നു.

മുൻപുണ്ടായിരുന്ന പരിമിതി എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ നമുക്ക് കോൺസ്റ്റിറ്റുവന്റ് അസെംബ്ലിയിലേക്ക് തിരിച്ചുപോകണം. യൂണിയന് ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മേലുള്ള നിയമനിർമ്മാണപരമായ അധികാരങ്ങളെക്കുറിച്ച് 1949 ഓഗസ്റ്റ് 31-ന് ചർച്ച നടന്നു. അംബേദ്‌കർ മുന്നോട്ടുവെച്ച ആശയം വിദ്യാഭ്യാസ 'മാനദണ്ഡങ്ങളുടെ ഏകോപനവും പരിപാലനവും' (Co-ordination and maintenance of standards) എന്ന വിഷയത്തെ മുൻനിർത്തിയായിരുന്നു. അതുപോലും പ്രാദേശിക മേഖലകളിൽ അനാവശ്യമായ കടന്നുകയറ്റമാകാനിടയുണ്ടെന്ന കാരണത്താൽ വി.എസ്. സർവതെ എതിർത്തു. വൈവിധ്യവും വ്യത്യസ്തതകളും നിലനിർത്തണമെന്നും വിദ്യാഭ്യാസ പരീക്ഷണങ്ങൾക്കുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം വാദിച്ചു. ഡോ. പി.എസ്. ദേശ്മുഖ് ഒരു അനുബന്ധചോദ്യം ഉന്നയിച്ചു: സർവകലാശാലാ വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ ആണെങ്കിൽപിന്നെ, ഏകോപിപ്പിക്കാനും മാനദണ്ഡങ്ങൾ നിർണയിക്കാനുമുള്ള യൂണിയന്റെ അധികാരം പാർലിമെന്റിനെ എന്തിനാണ് അധികാരപ്പെടുത്തുക?

തുടർന്ന് ഇന്ന് നമ്മൾ ദേശീയ വിദ്യാഭ്യാസനയം (NEP) എന്ന് വിളിക്കുന്നതിനോട് അടുത്തുവരുന്ന ഒരു നിർദേശം ബസന്ത് കുമാർ ദാസ് മുന്നോട്ടുവെച്ചു: 'സമാനമായ ഒരു ദേശീയ വിദ്യാഭ്യാസനയം നിലനിർത്തുക എന്ന ആവശ്യത്തിനായി' (for the purpose of maintaining a uniform national educational policy) സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും അതോടൊപ്പം യൂണിയനിൽ എമ്പാടും സമാനമായ വിദ്യാഭ്യാസ നിലവാരം നിലനിർത്തുന്നതിന് സാമ്പത്തിക സഹായം നൽകുകയും ചെയ്യുക. അതായത് കേന്ദ്രീകൃത ഏകോപനമുള്ള ഒരു ദേശീയവിദ്യാഭ്യാസനയം എന്നത് നമ്മുടെ നിയമനിർമാണ സമിതി സങ്കല്പിച്ചിട്ടില്ലാത്ത, പരിഗണിച്ചിട്ടില്ലാത്ത ഒരു സാധ്യതയല്ല. അവരത് ഭാവന ചെയ്തു, എന്നാലും ഭരണഘടനയിലേയ്ക്ക് അത് ഉൾചേർത്തില്ല. ദാസ് ആ നിർദേശം സ്വമേധയാ പിൻവലിക്കുകയാണ് ഉണ്ടായത്. 

മാനദണ്ഡങ്ങളുടെ ഏകോപനമെന്ന അശയം മുന്നോട്ടുവെച്ച അംബേദ്ക്കറുടെ ശ്രദ്ധാവിഷയം വാസ്തവത്തിൽ താരതമ്യേന ഇടുങ്ങിയതായിരുന്നു. യോഗ്യതകളെയെല്ലാം നിഷ്പ്രഭമാക്കുന്ന രീതിയിൽ സർവ്വകലാശാലകൾ തങ്ങളുടെ മാനദണ്ഡങ്ങൾ ലഘൂകരിക്കുകയോ പരീക്ഷാഫലങ്ങളെ സ്വാധീനിച്ചു മാറ്റാൻ ശ്രമിക്കുകയോ ചെയ്താലോ എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ആശങ്ക. ഹാസ്യാത്മകമാംവണ്ണം സാധാരണമായിരുന്നു അദ്ദേഹം ഉപയോഗിച്ച ഉദാഹരണം: ബി.എ. ബിരുദ യോഗ്യതക്കുള്ള മാനദണ്ഡം 15% മാർക്ക് ആണെന്ന് ഒരു സർവകലാശാലയും 20% ആണെന്ന് മറ്റൊരു സർവകലാശാലയും നിശ്ചയിച്ചാൽ പിന്നെ ബിരുദം എന്ന പദത്തിനുതന്നെ എന്താണർത്ഥം? 

അദ്ദേഹത്തിന്റെ ശ്രദ്ധ യോഗ്യതയുടെ വിശ്വാസ്യത സംരക്ഷിക്കുന്നതിലായിരുന്നു, ഏകരൂപത്തിലുള്ള ദേശീയ വിദ്യാഭ്യാസദർശനം രൂപകൽപന ചെയ്യുന്നതിലായിരുന്നില്ല. മാനദണ്ഡം ഉറപ്പു വരുത്തുന്നതിലായിരുന്നു ഭരണഘടനാ ശില്പികൾക്ക് താല്പര്യമുണ്ടായിരുന്നത്. അല്ലാതെ, വിദ്യാഭ്യാസത്തെ മാനകീകരിക്കുന്നതിൽ (standardize) ആയിരുന്നില്ല. ഒരു യോഗ്യതയുടെ വിശ്വാസ്യതയും ആ യോഗ്യത ഉല്പാദിപ്പിക്കുന്ന സ്ഥാപനങ്ങളുടെ വൈവിധ്യവും തമ്മിലുള്ള വ്യത്യാസം അവർ തിരിച്ചറിഞ്ഞിരുന്നു.

സർവതെ വൈവിധ്യങ്ങളിന്മേൽ നൽകിയ ഊന്നൽ മാനദണ്ഡങ്ങൾക്ക് എതിരായ വാദമായിരുന്നില്ല, ഏകരൂപത്തെ മാനദണ്ഡമായി തെറ്റിദ്ധരിക്കുന്നതിന് എതിരായ വാദമായിരുന്നു. അത്തരമൊരു ഭരണഘടനാ സങ്കല്പത്തിൽനിന്നാണ് നാം ഇന്ന് ഇവിടെവരെ എത്തിനിൽക്കുന്നത്.

‘സ്റ്റേറ്റ്' (ഭരണകൂടം/അവസ്‌ഥ) മാറിയപ്പോൾ

ഭരണഘടനാപരമായ മാറ്റത്തോടൊപ്പം മറ്റൊന്നുകൂടി മാറി, ലോകത്തെ നാം മനസ്സിലാക്കിയിരുന്ന പഴയ ഭാഷകൂടി മാറി. ധനതത്വശാസ്ത്രത്തിൽ നോബൽ സമ്മാനിതനായ മിൽട്ടൺ ഫ്രീഡ്‌മാന്റെ ആവിർഭാവത്തോടെ മുതലാളിത്തത്തെ വ്യവഹരിക്കുവാൻ ഒരു പുതിയ ഭാഷ സൃഷ്ടിക്കപ്പെട്ടു. “The Social Responsibility of Business Is to Increase Its Profits” എന്ന 1970-ലെ തന്റെ പേരുകേട്ട ലേഖനത്തിൽ മിൽട്ടൺ ഫ്രീഡ്‌മാൻ വാദിക്കുന്നത് മുതലാളിമാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ വ്യവസായം നടത്തിക്കൊണ്ടുപോവുകയാണ് കോർപ്പറേറ്റ് എക്സിക്യൂട്ടീവുകളുടെ ഉത്തരവാദിത്തം എന്നാണ്. ചുരുക്കിപ്പറഞ്ഞാൽ, സമൂഹത്തിന്റെ അടിസ്ഥാന മര്യാദകൾ പാലിച്ചുകൊണ്ട് കഴിയാവുന്നത്ര ലാഭം ഉണ്ടാക്കുക.

ഈ മാറ്റം സൂക്ഷ്മമെങ്കിലും ആഴത്തിലുള്ളതായിരുന്നു. ഒരു സ്ഥാപനത്തിന്റെ നടത്തിപ്പിലെ ധാർമികതയുടെ പ്രശ്‍നത്തെക്കാൾ അതിന് അനുവദനീയമായത് എന്തെല്ലാം എന്ന പ്രശ്നമാണ് പ്രസക്തമെന്ന് വന്നു, ഒരു സ്ഥാപനം ചെയ്യേണ്ടുന്നത് എന്താണ് എന്നല്ല, പകരം അതിന് ചെയ്യാൻ അനുവാദമുള്ളത് എന്താണ് എന്ന ചോദ്യം പ്രസക്തമായി.

ഭരണകൂടത്തിന് ഒരു നിയന്ത്രകനായി, സ്വയം ഒരു ധാർമ്മിക തത്വമായി, വിപണിക്ക് വെളിയിൽ കാവൽ നിൽക്കേണ്ട ആവശ്യമില്ലാതായി വന്നു. വിപണികൾ സൃഷ്ടിക്കപ്പെടുകയും അളക്കപ്പെടുകയും വിലകല്പിക്കപ്പെടുകയും ചെയ്യുന്ന നിയമങ്ങളുടെ നിർമാതാവാകാം ഇനിമുതൽ ഭരണകൂടത്തിന് എന്നായി. മാനദണ്ഡങ്ങൾ, പരീക്ഷകൾ, അക്രെഡിറ്റേഷൻ, റാങ്കിങ്ങുകൾ, സർട്ടിഫിക്കേഷൻ എന്നിവക്കെല്ലാം സ്വയം വിപണികളായിമാറാം.

മാനദണ്ഡങ്ങൾ സംരക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ട ഭരണകൂടത്തിനുതന്നെ മാനദണ്ഡങ്ങളുടെ ഒരു വിപണിയുടെ ശില്പിയാവാം എന്നായിമാറി. നിയന്ത്രകനും നിയന്ത്രിക്കപ്പെടുന്നതും ഒരേ സംവിധാനത്തിന്റെ ഗുണഭോക്താക്കളാകാം. ഇതിന്റെയെല്ലാം ഫലമായി ഉണ്ടായത് നമ്മുടെ ഭരണഘടനാപദ്ധതിയെ നേരെ തലമറിച്ചിടലാണ്. സർവ്വകലാശാലകൾ മാനദണ്ഡങ്ങൾ താഴ്ത്തുകയും പരീക്ഷാഫലം പെരുപ്പിച്ചുകാട്ടുകയും ചെയ്യുന്നത് ഭരണകൂടം തടയണമെന്ന് അംബേദ്‌കർ ആഗ്രഹിച്ചു. എന്നാൽ, ഇപ്പോൾ നമ്മൾ അതിലും എത്രയോ ശക്തമായൊരു കേന്ദ്രീകൃത നിയന്ത്രണ സംവിധാനം നിർമിച്ചിരിക്കുന്നു, ആ സംവിധാനത്തിനുതന്നെ ഇന്ന് പരീക്ഷകൾക്കും റാങ്കിങിനും കോച്ചിങ്ങിനും യോഗ്യതാപത്രങ്ങൾക്കും ചുറ്റുമായി വിപണികൾ സൃഷ്ടിക്കാനുള്ള കഴിവുണ്ട്

സംവിധാനം കൂടുതൽ ശക്തമായപ്പോൾ രോഗം കൂടുതൽ വഷളാവുകയാണ് ഉണ്ടായത്. ഈയൊരു പ്രതിസന്ധി ചൂഷണം ചെയ്യാനുള്ള ഭാഷ നൽകുകയാണ് ഫ്രീഡ്‌മാൻ ചെയ്തത്.

വിദ്യാഭ്യാസം പ്രതിസന്ധിയായപ്പോൾ

കൊട്ടിഘോഷിക്കപ്പെട്ട '68 മെയ് മാസത്തിനു മുമ്പുതന്നെ അസ്വസ്ഥതകൾ ദൃശ്യമായിരുന്നു. വിയറ്റ്നാം യുദ്ധം അമേരിക്കൻ ഐക്യനാടുകളിൽ കലുഷമായപ്പോൾ സർവകലാശാലാ ക്യാമ്പസുകളെല്ലാം രാഷ്ട്രീയവിപ്ലവങ്ങൾക്ക് വേദിയായി. 1968-ൽ ഫ്രാൻ‌സിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ കൂടുതൽ വലുതായി വ്യവസ്ഥാപിത അധികാരകേന്ദ്രങ്ങൾക്കെതിരായി വലിയ വിപ്ലവമായി മാറി. അതേവർഷം മെക്സിക്കോയിൽ നടന്ന വിദ്യാർത്ഥി മുന്നേറ്റം സ്വേച്ഛാധിപത്യപരമായ രാഷ്ട്രീയ വ്യവസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ട് ഒരു വൻ പൊതുജന പ്രസ്ഥാനമായി മാറുകയും അത് കൂട്ടക്കൊലയിൽ (Tlatelolco massacre) കലാശിക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള സർവ്വകലാശാലകൾ അധികാരകേന്ദ്രങ്ങൾക്കെതിരെയുള്ള എതിർപ്പിന്റെ കേന്ദ്രങ്ങളായി. പഴയ വിദ്യാഭ്യാസക്രമത്തിന് അതിന്റെ പ്രാമാണ്യം നഷ്ടപ്പെട്ടുതുടങ്ങി.

ഇന്ത്യയിലും അതിന്റെ അലയൊലികൾ മുഴങ്ങി. 1977-ൽ JNU  വിദ്യാർഥികൾ ഇന്ദിര ഗാന്ധിയുടെ വസതിയിലേക്ക് മാർച്ച് നടത്തി അവരോട് സർവകലാശാല ചാൻസലർ പദവി രാജിവെക്കാൻ ആവശ്യപ്പെട്ടു. ഇന്ദിര ഗാന്ധി അതിനു വഴങ്ങുകയും ചെയ്തു.

കാലഗണന പ്രധാനമാണ്

ആദ്യം വന്നത് അധികാരത്തിന്റെ പ്രതിസന്ധിയായിരുന്നു. തുടർന്ന് ആ പ്രതിസന്ധിയെ കൈകാര്യം ചെയ്യാനുള്ള മൂലധനത്തിന്റെ പുതിയ ഭാഷ വന്നു. നിയന്ത്രണം, മാനേജ്‌മെന്റ്, വിപണിവൽക്കരണം എന്നിവയുടെ പദാവലി ഫ്രീഡ്‌മാൻ നൽകിയിരിക്കാം. എന്നാൽ, ഈ പരിവർത്തനത്തിൽ എന്തോ പരിചിതമായ ഒന്നുണ്ടായിരുന്നു: ചരിത്രം പുതിയ വേഷത്തിൽ മടങ്ങിവരുന്നതുപോലെ; നിർദയമായ പഴയ അങ്ങാടി യുക്തിയുടെ പഴയൊരു വാക്യം പുതിയ പദാവലിയിൽ പുതിയ പ്രസക്തി നേടുന്നതുപോലെ ‘തെരുവിൽ രക്തം ചിന്തുമ്പോൾ വാങ്ങുക.’ ഇത് പ്രഹസനമായി ആവർത്തിക്കപ്പെട്ട ദുരന്തമായിരുന്നില്ല; മറിച്ച്, അതിലും വലിയൊരു ദുരന്തമായി ആവർത്തിക്കപ്പെട്ട ദുരന്തമായിരുന്നു.

വിദ്യാഭ്യാസം വിൽക്കപ്പെട്ടു: പൂർണ്ണമായും തീറെഴുതിക്കൊടുക്കപ്പെട്ടു

വിദ്യാഭ്യാസത്തിനും അധികാരത്തിനും എന്തുകൊണ്ട് അവയുടെ പ്രാമാണ്യത നഷ്ടപ്പെട്ടുവെന്നുചോദിക്കുന്നതിനു പകരം ഉയർന്നുവന്ന യുക്തി ഇങ്ങനെ ചോദിച്ചു: വിദ്യാഭ്യാസത്തെ എങ്ങനെ നിയന്ത്രിക്കാം, എങ്ങനെ നടത്തിക്കൊണ്ടുപോകാം, എങ്ങനെ ലാഭം പരമാവധി കിട്ടാൻ പാകത്തിനു വില്പനയ്ക്കുവെക്കാം?

നാല്പത്തിരണ്ടാം ഭേദഗതിക്ക് ശേഷം ഭരണഘടനയുടെ വേദി അതിനായി ഒരുക്കപ്പെട്ടു കഴിഞ്ഞു. വിപണിയുടെ ഭാഷ മറ്റൊരു പാളികൂടി അതിലേക്ക് ചേർത്തുവെച്ചു. പതിയെ മറ്റൊരു നയരേഖ രൂപംകൊണ്ടു, പിന്നാലെതന്നെ മറ്റൊരു ചുരുക്ക അക്ഷരക്കൂട്ടവും: NAAC, NEET, NET NATA, NEST, NEP.

വിഭിന്നമായ ഉപകരണങ്ങൾ, വ്യത്യസ്തമായ ഉദ്യോഗസ്ഥവൃന്ദങ്ങൾ. എന്നാൽ, അവയെല്ലാം കൂടുതൽ കൂടുതൽ സമാനമായ യുക്തിയെ ചുറ്റിയാണ് പ്രവർത്തിക്കുന്നത്. മാനകീകരിക്കുക, അളക്കുക, ശ്രേണീകരിക്കുക, സാക്ഷ്യപ്പെടുത്തുക, മത്സരിപ്പിക്കുക, വിലകല്പിക്കുക എന്നിങ്ങനെ. ചുരുക്കപ്പേരുകൾ വർധിച്ചു, അതോടൊപ്പം കടലാസുപണികളും കുന്നുകൂടി. മാനകീകരിച്ച പരീക്ഷകൾ കൂടിവന്നു. ഫ്രീഡ്‌മാൻ സൃഷ്ടിച്ച പുതിയ ഭാഷാഗ്രഹത്തിന് ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളാണ് അവയെല്ലാം. മുൻപ് വിദ്യാഭ്യാസം എന്ന പറഞ്ഞിരുന്നിടത്ത് ഇന്ന് സാവധാനം അത് നിയന്ത്രണത്തിന്റെയും അളവിന്റെയും ലാഭത്തിന്റെയുമായ ഒരു പരിതഃസ്ഥിതിയായി മാറിക്കൊണ്ടിരിക്കുന്നു.

ഈ പുതിയ വിദ്യാഭ്യാസക്രമം വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും എന്താണ് നൽകിയത്?
കൂടുതൽ ജോലിഭാരം. കൂടുതൽ മത്സരം. ഉറക്കമില്ലാത്ത രാത്രികൾ. മോശം ഭക്ഷണശീലങ്ങൾ. ഉത്കണ്ഠ. വിഷാദം, ആത്മഹത്യാ പ്രവണത... ആത്മഹത്യയിൽ അവസാനിക്കുന്ന ദുര്യോഗം.

കോച്ചിങ് സെന്ററുകൾ ഒരു വിപണി സൃഷ്ടിക്കുന്നു; അവരുണ്ടാക്കുന്ന പ്രതിസന്ധികൾ മറ്റൊരു വിപണിയും. തെരുവുകളിൽ കൂടുതൽ രക്തം ചൊരിയപ്പെടുന്നു, അതിനനുസരിച്ചു കൂടുതൽ വ്യാവസായിക അവസരങ്ങൾ ഉണ്ടാക്കപ്പെടുന്നു. പ്രചോദനത്തിൽ വൈദഗ്ധ്യമുള്ളവർ (motivational speakers), കൗൺസിലിങ് സേവനങ്ങൾ, വെൽനെസ്സ് പരിപാടികൾ, സ്ട്രെസ് നിയന്ത്രണത്തിലാക്കാനുള്ള കോഴ്സുകൾ എന്നിങ്ങനെ. വ്യവസ്ഥിതി ആദ്യം ഉത്കണ്ഠ നിർമിക്കുന്നു. എന്നിട്ട് അത്തരമൊരു പരിതസ്ഥിതിയെ അതിജീവിക്കാനുള്ള മാർഗ്ഗങ്ങൾ നമുക്ക് വിൽക്കുന്നു.

തെറ്റായ തളപ്പ്

മലയാളത്തിലെ ഏറെ പരിചിതമായൊരു പഴഞ്ചൊല്ല് ഇവിടെ പ്രസക്തമാണ്: 'തെങ്ങിനും കവുങ്ങിനും ഒരേ തളപ്പിടരുത്'. തളപ്പ് എന്നാൽ മരം കയറുന്നയാളുടെ കാലുകൾ വെക്കാൻ പാകത്തിന് കെട്ടിയ ഒരു കയർക്കുരുക്കാണ്. തളപ്പിന്റെ വലിപ്പം പക്ഷെ കേറേണ്ട മരത്തിന്റെ വണ്ണത്തിന് അനുസരിച്ചാവണം നിശ്ചയിക്കേണ്ടത്. അതായത് കയറേണ്ട മരം ഏതാണെന്ന് അറിഞ്ഞിട്ട് വേണം മരംകയറ്റക്കാരനു തളപ്പ് തെരഞ്ഞെടുക്കാൻ. തെങ്ങുപോലൊരു വലിയ തടിക്ക് പാകത്തിനുണ്ടാക്കിയ തളപ്പ് അതേപടി കവുങ്ങിന്റെ മെലിഞ്ഞ തടിക്ക് ഉപയോഗിക്കാനാവില്ല. തളപ്പ് ഉണ്ടാക്കുന്നതിനുമുന്പ് മരം അറിഞ്ഞേതീരൂ.

ഓരോ വിദ്യാഭ്യാസ വൃക്ഷത്തിനും അതിന്റെതായ ചുറ്റളവുണ്ട്, ഭാഷയിലേക്കും സംസ്കാരത്തിലേക്കും ചരിത്രത്തിലേക്കും സാമൂഹ്യഘടനയിലേക്കും സാമ്പത്തിക സാഹചര്യങ്ങളിലേക്കും വിദ്യാർത്ഥികളുടെ ജീവിത സാഹചര്യങ്ങളിലേക്കും നീളുന്ന ശിഖരങ്ങളുണ്ട്. കേരളത്തിന് പഞ്ചാബിന്റെയോ അസമിന്റെയോ തമിഴ്‌നാടിന്റെയോ അതേ ചുറ്റളവല്ല ഉള്ളത്.

ഒരു സംയോജിത (federal) വിദ്യാഭ്യാസവ്യവസ്ഥക്ക് കേന്ദ്രീകൃതവ്യവസ്ഥ ചെയ്യാൻ വിഷമിക്കുന്ന ചിലത് ചെയ്യാനാവും. പ്രാദേശിക സാംസ്‌കാരിക മേഖല മനസ്സിലാക്കാൻ കഴിയുന്ന അധ്യാപകരെ സൃഷ്ടിക്കുക, പ്രാക്ടിസ് ചെയ്യുന്ന പ്രദേശങ്ങളിലെ രോഗാവസ്ഥകൾ എന്തെല്ലാമെന്ന് അറിയുന്ന ഡോക്ടർമാരെ ഉണ്ടാക്കുക എന്നിങ്ങനെ.

ഇങ്ങനെയാണെങ്കിലും നമ്മുടെ കേന്ദ്രീകൃത വ്യവസ്ഥ ഒരൊറ്റ തളപ്പ് നിർമിക്കുകയും അത് എല്ലായിടത്തേക്കും വിതരണം ചെയ്യുകയും ചെയ്യുന്നു. അത് മരം അളന്നുനോക്കുന്നില്ല. തളപ്പിനനുസരിച്ചു മരം അളക്കുകയാണ് ചെയ്യുന്നത്. മരം കയറുന്നയാൾ താഴെ വീണാൽ അതിനെ കഴിവില്ലായ്മയെന്ന് വിളിക്കുന്നു.

പക്ഷെ കൂടുതൽ ആഴത്തിലുള്ള ചോദ്യം ഈ തളപ്പ് ഉണ്ടാക്കുന്നത് ആരാണ് എന്നതാണ്. മരത്തിന്റെ പ്രത്യേക സ്വഭാവം അപ്രസക്തമാണ് എന്നു പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഒരൊറ്റ തളപ്പ് കേന്ദ്രീകൃതമായി രൂപകൽപന ചെയ്യാം, നിർമിച്ചു വിൽക്കാം, സാർവലൗകികമായി മരം കയറാനുള്ള ഉപകരണമായി നിർദേശിക്കാം. മരമല്ല ഇനിമേലിൽ ആരംഭം. ഉല്പന്നമാണ്, അതായത് തളപ്പാണ്.

എന്റെ NET എന്നെ പഠിപ്പിക്കാഞ്ഞത്

വളരെ കുറച്ചു മാത്രം ആളുകൾ പാസ്സായിരുന്ന 2000 കാലഘട്ടത്തിൽ വിവരണാത്മക പരീക്ഷയായിരുന്ന കാലത്തു യുജിസി NET നേടിയ ഒരാളായിരുന്നു ഞാൻ.

എന്നിട്ടും എന്റെ അധ്യാപനജോലിയുടെ ആദ്യകാലത്തു ത്രിപുരയിലെ സോനമുരയിലേയും കേരളത്തിലെ മൂന്നാറിലേയും അങ്ങേയറ്റം പാർശ്വവൽകൃതരായ വിദ്യാർത്ഥികളെ പഠിപ്പിക്കുമ്പോൾ എന്റെ ബിരുദാനന്തര ബിരുദമോ നെറ്റോ എന്നെ പ്രാപ്തനാക്കാത്ത ഒന്ന് ഞാൻ കണ്ടെത്തി. എനിക്ക് മുൻപിലുള്ള വിദ്യാർത്ഥികളിൽനിന്ന് പഠിക്കാൻ, അവരെ പഠിപ്പിക്കാൻ ആവശ്യമായ വൈകാരികവും സാംസ്കാരികവും ക്രയവിക്രയപരവുമായ ബുദ്ധി എന്റെ ബിരുദാനന്തര ബിരുദമോ നെറ്റോ എനിക്ക് തന്നിരുന്നില്ല. അത്തരം സ്ഥാപനങ്ങളിൽ പ്രവേശനം ലഭിച്ച ഞങ്ങളിൽ മിക്കവരും നിഷ്കളങ്കമായി കരുതിയിരുന്നത് ഞങ്ങളുടെ യോഗ്യതകൾ ഞങ്ങളുടെ കഴിവിന്റെ തെളിവാണെന്നും മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ അവരുടെ പോരായ്മകളുടെ തെളിവാണെന്നും ആയിരുന്നു.

അസ്വസ്ഥമാക്കുന്ന സത്യം ഇതായിരുന്നു; ഒരു പ്രത്യേക വിദ്യാഭ്യാസലോകവുമായി പൊരുത്തപ്പെട്ടുപോകാനുള്ള കഴിവിനാണ് ഞങ്ങളിൽ ഭൂരിഭാഗം പേരെയും പരിശീലിപ്പിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്തിരുന്നത്. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവും അതിന്റെ സാംസ്കാരിക സൂചനകളെയും രീതികളെയും പരിചയവുമൊക്കെ നേരത്തേ തന്നെ വലിയ പ്രാധാന്യം നേടിയിരുന്ന, നഗരകേന്ദ്രിതവും മധ്യവർഗീയവുമായ ഒരു ലോകമായിരുന്നു അത്.

ഒരർത്ഥത്തിൽ, ഞങ്ങൾ പ്രത്യേകമായ ഒരു പരിതസ്ഥിതിയിൽ ഒരു പ്രത്യേക ദൗത്യം നിർവഹിക്കാൻ പരിശീലിപ്പിക്കപ്പെട്ട പ്രോഗ്രാം ചെയ്ത യന്ത്രങ്ങളായിരുന്നു, ആ ദൗത്യം നിർവഹിക്കാനുള്ള ഞങ്ങളുടെ കഴിവിനെയാണ് പിന്നീട് ബുദ്ധിശക്തിയെന്നു തെറ്റിദ്ധരിക്കാൻ ഞങ്ങളെ പഠിപ്പിച്ചത്.

വിദ്യാർത്ഥികളും നമ്മളുമായുള്ള അന്തരത്തെ കഴിവിന്റെ തെളിവായി കണ്ടു. ആ അന്തരം താണ്ടാൻ വിദ്യാർത്ഥികൾക്ക് കഴിയാത്തപ്പോൾ അതവരുടെ കഴിവില്ലായ്മയായും കണ്ടു. ബുദ്ധിയും അജ്ഞതയും തമ്മിലുള്ളതായിരുന്നില്ല ആ അന്തരം എന്ന് തിരിഞ്ഞു നോക്കുമ്പോൾ ഞാൻ മനസ്സിലാക്കുന്നുണ്ട്.

ഒരു കേന്ദ്രീകൃത പരീക്ഷാ സമ്പ്രദായത്തിന് അളക്കാനാകാത്ത സാംസ്കാരികവും വൈകാരികവും ക്രയവിക്രയപരവുമായുള്ള ബുദ്ധിയുടെ വിവിധരൂപങ്ങളിലുള്ള അന്തരം തന്നെയായിരുന്നു അത്. ഗവണ്മെന്റ് എനിക്ക് കോക്ക്ബൊറോക്കിലോ തമിഴിലോ ബംഗാളിയിലോ വേണ്ടത്ര പരിശീലനം നൽകിയിരുന്നെങ്കിൽ ആ മേഖലകളിൽ ചെന്നപ്പോൾ ഞാൻ എത്രയോ ഭേദപ്പെട്ട അധ്യാപകനായേനെ.

നാം സ്ഥിരമായി കേൾക്കുന്ന കാര്യമാണ് വിദ്യാഭ്യാസത്തിലൂടെ തൊഴിലിന് പാകത്തിന് തയ്യാറായ ബിരുദധാരികളെ ഉല്പാദിപ്പിക്കേണ്ടതാണെന്ന്‌. ഓരോരോ തൊഴിൽ മേഖലയ്ക്കും സാഹചര്യത്തിനും പാകത്തിനു വ്യക്തിയെ തയ്യാറാക്കാനുള്ള പൂർണ ചുമതല വിദ്യാഭ്യാസം മാത്രമായി എന്തിന് വഹിക്കണം? ഒരു പ്രത്യേക ജോലിയിലേക്ക്, തൊഴിലിടത്തേക്ക്, അല്ലെങ്കിൽ കമ്പനിയിലേക്ക് ആവശ്യമായ വേണ്ട വ്യതിരിക്തമായ നൈപുണികൾ തൊഴിലാളിക്ക് നൽകേണ്ടത് തൊഴിൽ ദാതാവിന്റെ ഉത്തരവാദിത്തമാക്കുന്ന ഒരു നിയമം പാർലമെന്റ് കൊണ്ടുവന്നാൽ എംപ്ലോയബിലിറ്റിയുമായി ബന്ധപ്പെട്ട് ഇന്ന് കാണുന്ന കോലാഹലങ്ങൾ മിക്കതും ഇല്ലാതാകും.

ആശയക്കുഴപ്പങ്ങളുടെ ഈ ചുഴിയെ അപ്പാടെ ഒഴുക്കി കളയാൻ പാർലമെന്റിന്റെ അത്തരമൊരു നിയമത്തിനു സാധിക്കും. ഒരു ആശുപത്രിയിലോ ഫാക്ടറിയിലോ പ്രസിദ്ധീകരണ സ്ഥാപനത്തിലോ ജോയിൻ ചെയ്യുന്ന ഒരു വ്യക്തിക്ക് അവിടത്തെ പ്രത്യേക വ്യവസ്ഥയും സാങ്കേതികവിദ്യകളും സമ്പ്രദായങ്ങളും പഠിച്ചെടുക്കേണ്ടതായി വരും. അതിനാണ് പരിശീലനം എന്നൊന്നുള്ളത്.

വിദ്യാഭ്യാസത്തിന് മറ്റൊരു പങ്കാണ് വഹിക്കാനുള്ളത്. ആളുകൾക്ക് അതുവരെ അറിയാനാകാത്ത ഒരു ലോകത്തെ നേരിടാനുള്ള ബൗദ്ധികവും സാംസ്കാരികവും മാനുഷികവുമായ ശേഷികൾ നൽകുക എന്ന പങ്ക്. തൊഴിൽ അധിഷ്ഠിത പരിശീലനത്തിൽനിന്ന് വിദ്യാഭ്യാസത്തെ വേർതിരിച്ചു കഴിഞ്ഞാൽ അതിന് അതിന്റെ ശരിയായ ധർമ്മത്തിലേക്ക് മടങ്ങാം. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ എന്താണ് വിപണിക്ക് ആവശ്യം വരിക എന്ന ഊഹിച്ചുകൊണ്ടിരിക്കേണ്ട കാര്യമില്ല പിന്നെ അതിന്. എങ്ങനെ ചിന്തിക്കണം, അന്വേഷിക്കണം, ആശയവിനിമയം നടത്തണം, മറ്റുള്ളവരെ മനസ്സിലാക്കണം, തങ്ങൾ ഭാവിയിൽ ചെല്ലുന്ന തൊഴിലിടത്തിനും അപ്പുറമുള്ള വലിയ ലോകത്തിൽ എങ്ങനെ കഴിയണം എന്നെല്ലാം അപ്പോൾ വിദ്യാഭ്യാസത്തിനു കുട്ടികളെ പഠിപ്പിക്കാം.

പാർലമെന്റ് വിപണിയെക്കൊണ്ട് ജനങ്ങൾക്ക് സേവനം ചെയ്യിക്കണം. അതിനു പകരം അത് വീണ്ടും വീണ്ടും വിദ്യാഭ്യാസത്തോട് ആവശ്യപ്പെടുന്നത് ജനങ്ങളെക്കൊണ്ട് വിപണിക്ക് സേവനം ചെയ്യിക്കാനാണ്. പൗരൻ തൊഴിലാളിയായി മാറുന്നു. വിദ്യാർത്ഥി ഭാവി തൊഴിലാളിയാവുന്നു. വിദ്യാഭ്യാസം എന്നത് വിപണിക്ക് തയാറായ മനുഷ്യരെ സൃഷ്ടിക്കുന്ന ഫാക്ടറിയായിമാറുന്നു. കോർപ്പറേറ്റ് കയറ്റക്കാർക്ക് അവരുടെ ആഗ്രഹവൃക്ഷങ്ങളുടെ മുകളിൽ കയറിപ്പറ്റാൻ പാകത്തിന് അവരുടെ കാലിലെ തളപ്പായി മാറുന്നു വിദ്യാർത്ഥി.

പുതിയ കാലത്തെ ഏകലവ്യൻ

മത്സരപ്പരീക്ഷകളെയും മാർക്കുകളെയും ഗ്രേഡുകളെയും ചുറ്റിപ്പറ്റി നടക്കുന്ന സംസാരങ്ങളെല്ലാം പണ്ടത്തെ ദ്രോണാചാര്യരുടെ കൗശലമാണ് ഓർമിപ്പിക്കുന്നത്. അർജുനനെ അതികേമനാക്കി കാണിക്കാനായി ഏകലവ്യന്റെ പെരുവിരൽ അറുക്കുക. ഏകലവ്യന് കഴിവില്ലെന്നു വ്യവസ്ഥ പ്രഖ്യാപിക്കേണ്ട കാര്യമില്ല. മത്സരിക്കാനുള്ള അമ്പും വില്ലും അവരുടെ കൈവശമില്ലെന്ന് ഉറപ്പുവരുത്തുക മാത്രം ചെയ്താൽ മതി.

വിദൂര ഗ്രാമത്തിലെ മിടുക്കനായ കുട്ടിക്ക് ജിജ്ഞാസയും ബുദ്ധിയും നിശ്ചയദാർഢ്യവും ഉണ്ടായിരിക്കാം, പക്ഷെ, പരീക്ഷയ്ക്ക്‌ മാർക്ക് കിട്ടുന്ന തരത്തിലുള്ള ഭാഷയോ പരിശീലനമോ സാംസ്‌കാരിക മൂലധനമോ സാങ്കേതിക സൗകര്യമോ ഉണ്ടായിരിക്കില്ല. ദ്രോണാചാര്യരുടെ കൈയാൽ പെരുവിരൽ അറുക്കപ്പെടുന്നില്ല. വ്യവസ്ഥാപിത മത്സര പരീക്ഷകളും കോച്ചിങ് സെൻററുകളും കൂടി ദ്രോണാചാര്യരുടെ പണി വൃത്തിയായി നിർവഹിക്കുന്നുണ്ട്. ആനുകൂല്യങ്ങളുള്ള അർജുനൻമാർ പരീക്ഷകളിൽ ജയിക്കുകയും ഏകലവ്യന്മാർ പരാജയപ്പെടുകയും ചെയ്യുമ്പോൾ നാം ആ ഫലത്തെ മെറിറ്റ് എന്നു വിളിക്കുന്നു .

ഈ സന്ദർഭത്തിൽ ഒരു സാങ്കല്പിക അനുമാനം നടത്തി നോക്കാം. ആ 'മികവുറ്റ' വിദ്യാർത്ഥികളിൽ എത്രപേർ കേവലം തീക്ഷ്ണമായ അഭിരുചിയുടെ പേരിലോ ബൗദ്ധികമായ ജിജ്ഞാസ കൊണ്ടോ സമൂഹത്തെ സേവിക്കാനുള്ള താല്പര്യം കൊണ്ടോ മാത്രം- അല്ലാതെ ആ തൊഴിലുകൾ നൽകുന്ന സാമൂഹികവും സാമ്പത്തികവുമായ മൂലധനം മോഹിക്കാതെ- ഡോക്ടർമാരോ എഞ്ചിനീയർമാരോ പ്രൊഫസർമാരോ ഒക്കെ ആകാൻ തീരുമാനിക്കും?

ഒരുപക്ഷെ ദുർലഭമായ ഒരു യോഗ്യതക്കായി മത്സരിക്കുന്നതിനുള്ള കഴിവിനെ നമ്മൾ സമൂഹത്തിനു സംഭാവനകൾ നൽകുന്നതിനുള്ള കഴിവായി തെറ്റിദ്ധരിച്ചിരിക്കാം. വിപണി രൂപകൽപന ചെയ്ത ചോദ്യങ്ങൾക്ക് ഉത്തരം നല്കാൻ പഠിച്ചയാളാണ് വിജയിയായ വിദ്യാർത്ഥി. ആ ചോദ്യങ്ങളുടെ ഉത്തരങ്ങൾ എടുത്തുപയോഗിക്കാൻ പാകത്തിന് ആദ്യമേതന്നെ ആ ഉത്തരങ്ങൾ വിപണിയിൽ ലഭ്യമാണ് താനും. പക്ഷെ, ജീവിതം ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും വിദ്യാഭ്യാസം നമ്മെ പഠിപ്പിക്കണം. അതെല്ലാം ഒരേ ചോദ്യങ്ങൾ ആയിരിക്കുകയുമില്ല.

ഉത്തരത്തിനും മുൻപേ ചോദ്യം

എന്റെ അഭിപ്രായത്തിൽ വിദ്യാഭ്യാസമെന്നാൽ ന്യൂട്ടൺ ഗുരുത്വാകർഷണത്തെക്കുറിച്ചു പറഞ്ഞതോ പിന്നീട് ഐൻസ്റ്റീൻ അത് പുനരവതരിപ്പിച്ചതോ കാണാതെ പഠിച്ചു ചൊല്ലാൻ കുട്ടികളോട് പറയലല്ല. പകരം അവരെ ആ അദ്‌ഭുതത്തിനു മുൻപിൽ, ആ ചോദ്യത്തിന് മുൻപിൽ കൊണ്ടുചെന്നു നിർത്തലാണ്.
“എന്തുകൊണ്ടാണ് വീഴുന്ന വസ്തു എപ്പോഴും താഴേക്ക് വരുന്നത്? അവിടെ എന്താണ് സംഭവിക്കുന്നതെന്നാണ് നിങ്ങൾ കരുതുന്നത്? നിങ്ങൾ അതിനെ എങ്ങനെയാണ് വിശദീകരിക്കുക?”

അവർ നൽകുന്ന ഉത്തരം ഒരുപക്ഷെ തെറ്റായിരിക്കും. അത് തന്നെയാണ് ഉദ്ദേശ്യവും. വിദ്യാർത്ഥിയെക്കൊണ്ട് ന്യൂട്ടന്റെ ഉത്തരം അതേപടി ആവർത്തിക്കുകയല്ല വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം. നാളെ ഒരു വിദ്യാർത്ഥി ന്യൂട്ടനോ ഐൻസ്റ്റീനോ ചോദിച്ചിട്ടില്ലാത്ത ചോദ്യം ചോദിക്കാനുള്ള ഒരു സാധ്യത സൃഷ്ടിക്കുക എന്നതാണ്. അതിലൊരു വിദ്യാർത്ഥി ഒരുപക്ഷെ ന്യൂട്ടനും ഐൻസ്റ്റീനും പോലും വിട്ടുപോയ എന്തെങ്കിലുമൊരു കാര്യം അവസാനം കണ്ടുപിടിച്ചെന്ന് വരാം. ആ ഒരു സാധ്യതയാണ് യഥാർത്ഥത്തിൽ വിദ്യാഭ്യാസം നേടിയ ഒരു മനസ്സ് കാത്തുസൂക്ഷിക്കുന്നത്: ഉത്തരം ആദ്യമേ തന്നെ അറിയാവുന്നതാണെന്ന തീർച്ചയല്ല, ചോദ്യങ്ങൾ ചോദിച്ചു കഴിഞ്ഞിട്ടില്ലെന്ന ആത്മവിശ്വാസം.

ഷിൽ ദെല്യൂസ് (Gilles Delueze) ഇതേക്കുറിച്ചു തീർത്തും വ്യത്യസ്തമായൊരു ചിന്തയാണ് പങ്കുവെക്കുന്നത്. 'ഡിഫറെൻസ് ആൻഡ് റെപ്പറ്റീഷൻ' എന്ന കൃതിയിൽ അദ്ദേഹം അറിവിനെ (knowledge) 'അനന്തമായ പഠിച്ചറിയലിൽ' (infinite learning) നിന്ന് വേർതിരിച്ചു കാണിക്കുന്നു: പ്രശ്നങ്ങളെ മനസ്സിലാക്കുന്നതിലൂടെയാണ്, പഠിതാവിനെ രൂപാന്തരപ്പെടുത്തുന്ന ഏറ്റുമുട്ടലുകളിലൂടെയാണ് പഠിച്ചറിയൽ (learning) പരിണമിക്കുന്നത്.

നീന്തൽ എന്താണെന്ന് ഒരാൾക്കു പറഞ്ഞുകൊടുക്കാൻ പറ്റും, അതിൽ ഉള്ളടങ്ങിയിരിക്കുന്ന പ്രയോഗതത്വങ്ങൾ വിശദീകരിക്കാം, നീന്തലിനെക്കുറിച്ചു അറിവുള്ളതെല്ലാം പറഞ്ഞുകൊടുക്കാം. എന്നാൽ, അതൊന്നുംതന്നെ ആ ശരീരത്തെ നീന്താൻ പഠിപ്പിക്കില്ല. അതിന് എപ്പോഴെങ്കിലും പഠിതാവ് വെള്ളത്തിൽ ഇറങ്ങിയേ മതിയാവൂ. ഭാഷ പഠിക്കുന്ന കാര്യത്തിലും അത് ശരിയാണ്. വെറുതെ കുറെ വാക്കുകൾ പഠിച്ചു കൂട്ടുക മാത്രമല്ല ചെയ്യുന്നത്. മറ്റൊരു ഭാഷാലോകത്തേക്ക് കടന്നുചെല്ലുന്നു, അത് നമ്മുടെ ഭാഷയെയും നമ്മളും ലോകവുമായുള്ള ബന്ധത്തെയും എല്ലാം രൂപാന്തരപ്പെടുത്തുന്നു. അതുകൊണ്ടാണ് പഠിച്ചറിയലും (learn) പാഠപഠനവും (study) വ്യത്യസ്തമാകുന്നത്.

എന്തിനെങ്കിലും വേണ്ടി, ഉദാഹരണത്തിന് പരീക്ഷയ്ക്ക്‌, ഒരു പ്രത്യേക യോഗ്യതക്കായി, ബിരുദത്തിനു വേണ്ടി, ജോലിക്ക് വേണ്ടി ഒക്കെയാണ് നമ്മൾ പാഠപഠനം നടത്തുന്നത്. നിശ്ചിതമായ ഒരു ലക്ഷ്യസ്ഥാനത്തേക്ക്, മിക്കപ്പോഴും ആദ്യമേതന്നെ അറിവുള്ള ഒരു ഉത്തരത്തിലേക്ക് ആണ് നമ്മൾ പഠിക്കുന്നത്. പഠിച്ചറിയൽ എന്നത് തുടക്കം മുതലേ നമ്മെ വെല്ലുവിളിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന ഒരു ഏറ്റുമുട്ടലാണ്. നിങ്ങൾക്ക് വേണ്ടി വേറെ ആർക്കും നീന്താനാവില്ല. മറ്റുള്ളവർ ഒരു നൂറുതവണ നീന്തി മറുകര കണ്ടിരിക്കാം, എന്നാൽ, ഓരോ ശരീരത്തിനും സ്വയം പുതുതായി വെള്ളത്തിൽ ഇറങ്ങാതെ നീന്താനാവില്ല.

അതേകാര്യം ബൗദ്ധിക ജീവിതത്തിനും സത്യമാണ്. ന്യൂട്ടൺ ആദ്യംതന്നെ ഗുരുത്വാകർഷണം വിശദീകരിച്ചിട്ടുണ്ട്, ഐൻസ്റ്റീൻ അതിനെ സമൂലം മാറ്റിയെഴുതിയിട്ടുണ്ട്. പക്ഷെ, വിദ്യാർത്ഥി അപ്പോഴും താഴേക്ക് മാത്രം വീഴുന്ന വസ്തുവിനെ ഒരു പ്രശ്നമായി തന്നെ കാണണം. ആ നിമിഷത്തിലാണ് ഒരു കാര്യത്തെക്കുറിച്ചുള്ള പാഠപഠനം പഠിച്ചറിയൽ ആകുന്നത്.

പഠിച്ചറിയൽ തന്നെയാണ് പ്രതിഫലം

നീന്തൽ പഠിക്കാൻ പോകുന്നെന്നോ സൈക്കിൾ ഓടിക്കാൻ പഠിക്കാൻ പോകുന്നെന്നോ ഓർത്തിട്ട് ആരും ബേജാറാകാറില്ല. പതിയെ പഠിക്കാം, വീണേക്കാം, തെറ്റിയേക്കാം, വീണ്ടും ശ്രമിച്ചു ശ്രമിച്ച് ഒടുവിൽ സമനില കൈവരിക്കാം. നീന്താനോ സൈക്കിൾ ചവിട്ടാനോ പഠിച്ചു കഴിഞ്ഞാൽ കിട്ടാൻപോകുന്ന പ്രതിഫലം നീന്തുന്നതിലൂടെ കിട്ടുന്ന പണമോ സമൂഹത്തിലെ ആദരവോ അല്ല. നീന്തൽ തന്നെയാണ് ആ പഠനത്തിനുള്ള പ്രതിഫലം. ഒരു സൈക്കിൾ ടെസ്റ്റ് കഴിഞ്ഞാൽ അവസാനിക്കുന്നതല്ല സൈക്കിൾ പഠനം. സൈക്കിൾ ഓടിക്കുന്ന അനുഭവം തന്നെ സന്തോഷകരമായതിനാൽ പഠനം തുടരുകയാണ്. ഇതിലേക്കാണ് ദെല്യൂസ് 'അനന്തമായ പഠിച്ചറിയൽ' എന്ന ആശയത്തിലൂടെ വിരൽ ചൂണ്ടുന്നത്.

ബാഹ്യമായ ഒരു പ്രതിഫലത്തിൽ അവസാനിപ്പിക്കേണ്ടതില്ല എന്നതുകൊണ്ട് തന്നെയാണ് പഠിച്ചറിയൽ രൂപാന്തരണത്തിന് കാരണമാകുന്നത്. പണവും ജോലിയും സാമൂഹ്യപദവിയുമെല്ലാം പിന്നാലെ വന്നേക്കാം, പക്ഷെ, അവയല്ല പഠിച്ചറിയലിനെ അര്ഥവത്താക്കുന്നത്. നമ്മുടെ വിദ്യാഭ്യാസവ്യവസ്ഥയ്ക്ക് ഏതാണ്ട് പൂർണ്ണമായും നഷ്ടപ്പെട്ടുപോയത് ഇതാണ്. ആഴത്തിലുള്ള പ്രതിഫലം അതിൽത്തന്നെ നിക്ഷിപ്തമായിരുന്ന ഒരു പ്രവർത്തനത്തെ നാം മാറ്റിമറിച്ച്, ബാഹ്യമായ പ്രതിഫലങ്ങളുടെ ഒരു ശൃംഖലയാക്കി മാറ്റിയിരിക്കുന്നു; മാർക്കുകൾ, ഗ്രേഡുകൾ, റാങ്കുകൾ, സർട്ടിഫിക്കറ്റുകൾ, ജോലികൾ, ശമ്പളങ്ങൾ, സാമൂഹിക പദവി.

വിദ്യാർത്ഥിയോട് 'നിങ്ങൾ എന്താണ് പഠിക്കാൻ ആഗ്രഹിക്കുന്നത്?' എന്ന് ഇപ്പോൾ ചോദിക്കുന്നേയില്ല, പകരം 'ഇത് പഠിച്ചതുകൊണ്ട് നമുക്ക് എന്ത് കിട്ടും?' എന്നായി ചോദ്യം മാറി.

വിദ്യാഭ്യാസത്തെ ക്രമീകരിക്കുന്ന തത്വം അതായി മാറിക്കഴിയുമ്പോൾ വിദ്യാഭ്യാസ പ്രക്രീയ എന്നത് ഒരു കാര്യം അറിയുകയെന്ന ജൈവക്രിയയിൽനിന്ന് മാറി അതിനെ'ക്കുറിച്ചു' പഠിക്കൽ എന്ന യാന്ത്രിക പ്രവൃത്തിയായി മാറുന്നു, ജിജ്ഞാസ മത്സരത്തിന് വഴിമാറുന്നു, അറിവ് യോഗ്യതാപത്രമായി മാറുന്നു, കണ്ടെത്തലിന്റെ ആനന്ദത്തിനു പകരം തൊഴിലിനു ക്ഷമമാണോ എന്ന ആശങ്കയായി മാറുന്നു. പതിയെ ഇതൾ വിടരുന്ന അറിവാനന്ദത്തിന് പകരം ജീവൻ കൈയിൽപിടിച്ചുള്ള ഓട്ടമായി മാറുന്നു.

തെറ്റായ വിളക്കുകാലിനു കീഴിലുള്ള തിരച്ചിൽ

ഈ കാരണം കൊണ്ടാണ് മറ്റൊരു ഏജൻസിയുടെ കീഴിൽ അല്ലെങ്കിൽ മറ്റൊരു സംവിധാനത്തിൽ തുടർന്നും NEET നടത്തുന്നതിന് വിരോധമില്ലാത്ത പ്രതിപക്ഷ പാർട്ടികളുടെ നിലപാട് എനിക്ക് അപര്യാപ്തമായി തോന്നുന്നത്. അവർ രോഗലക്ഷണത്തെയാണ് ചികിത്സിക്കുന്നത്, രോഗത്തെയല്ല. ആരാണ് പരീക്ഷ നടത്തുന്നത്? എത്രത്തോളം നീതിപൂർവ്വകമായാണ് നടത്തപ്പെടുന്നത്? എത്ര സീറ്റുകളാണ് ലഭ്യമായുള്ളത്? വിദ്യാർത്ഥികളെ എങ്ങനെയാണു റാങ്ക് ചെയ്യുന്നത്? ഇവയെല്ലാം ന്യായമായ ചോദ്യങ്ങൾ തന്നെയാണ്.

പക്ഷെ, അവർ ആഴമേറിയ മറ്റൊരു ചോദ്യം ഉയർത്താതെ വിട്ടുകളയുന്നു: എന്തിനാണ് വിദ്യാഭ്യാസത്തെ ആദ്യം തന്നെ അത്തരമൊരു പരീക്ഷക്ക് ചുറ്റുമായി ക്രമീകരിക്കുന്നത്?

വിദ്യാർത്ഥികൾക്കിടയിൽ രൂപം കൊള്ളുന്ന രാഷ്ട്രീയം അതുകൊണ്ടുതന്നെ പരീക്ഷകൾക്കെതിരായത് മാത്രമല്ല. പരീക്ഷ പ്രതിനിധാനം ചെയ്യുന്ന ഒരു ലോകവ്യവസ്ഥയ്ക്ക്‌ എതിരായുള്ള രാഷ്ട്രീയം കൂടിയാവാം അത്. വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികൾ കേൾക്കാൻ ഇനിയും പഠിച്ചിട്ടില്ലാത്ത ഒരു ചോദ്യം ചോദിയ്ക്കാൻ ഒരുമ്പെടുകയാണ് അവർ: വിരളമായ യോഗ്യതാപത്രങ്ങൾക്കായുള്ള മത്സരമല്ല വിദ്യാഭ്യാസം എങ്കിലോ?

പഴയൊരു മുല്ലാ നസറുദ്ദീൻ കഥയാണ് എനിക്കിവിടെ ഓർമ്മ വരുന്നത്. തെരുവ് വിളക്കിനു കീഴിൽ മുല്ലാ നസറുദ്ദീൻ കാണാതായ താക്കോൽ തിരയുകയാണ്. തിരയുന്നയിടത്താണോ താക്കോൽ കളഞ്ഞുപോയത് എന്ന് ഒരുവൻ അദ്ദേഹത്തോട് ചോദിക്കുന്നു.
“അല്ല.”
“പിന്നെ ഇവിടെ തിരയുന്നത് എന്തിനാണ്?”
“കാരണം,” അദ്ദേഹം മറുപടി പറഞ്ഞു: “ഇവിടെ വെളിച്ചമുണ്ട്.”

താക്കോൽ മറ്റെവിടെയോ ആണ് കളഞ്ഞുപോയതെങ്കിലും കാഴ്ചയ്ക്കു സൗകര്യമുള്ളിടത്താണ് തിരച്ചിൽ തുടരുന്നത്. അതാണ് വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നമ്മുടെ രാഷ്ട്രീയക്കാരും ചെയ്യുന്നത്. താക്കോൽ മറ്റൊരിടത്തു കളഞ്ഞുപോയിരിക്കുന്നു.

പഠനത്തെ ആശ്ചര്യത്തിൽനിന്ന് വേർപിരിച്ചപ്പോൾ, വിദ്യാഭ്യാസത്തെ ജീവിതത്തിൽനിന്ന് വേർപിരിച്ചപ്പോൾ, അറിവിനെ വിപണിക്കുവേണ്ട യോഗ്യതാപത്രമാക്കി മാറ്റിയപ്പോൾ എല്ലാം താക്കോൽ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. എന്നിട്ടും നമ്മൾ പരിചയമുള്ള വിളക്കിനു കീഴെ തിരയുന്നത് തുടർന്നു.

NEET ആര് നടത്തണം? എങ്ങനെ നടത്തണം? മാർക്കുകൾ എങ്ങനെ മാനകീകരിക്കണം? പരീക്ഷകൾ എങ്ങനെ കൂടുതൽ സുതാര്യമാക്കാം?

ഇവയെല്ലാം ഒരുപക്ഷെ ചോദിക്കേണ്ട ചോദ്യങ്ങൾ തന്നെ. പക്ഷെ, അവയെല്ലാം വിളക്കിനു കീഴിലുള്ള ചോദ്യങ്ങളാണ്. പക്ഷെ, താക്കോൽ നഷ്ടപ്പെട്ടത് മറ്റെവിടെയോ ആണ്. വിദ്യാഭ്യാസം തന്നെ എന്തിനാണ് എന്ന് നമ്മൾ ചോദിക്കുന്നത് നിർത്തിയ നിമിഷം താക്കോൽ കളഞ്ഞുപോയി.

ഇത് ഒരുപക്ഷെ ഇന്നത്തെ വിദ്യാർത്ഥി പ്രക്ഷോഭത്തെക്കുറിച്ചു കൂടുതൽ പ്രസക്തമായ ഒരു കാര്യം വിശദീകരിക്കുന്നുണ്ട്. അവർ NEET-നെതിരായി സമരം ചെയ്യുന്നു എന്നതല്ല ശ്രദ്ധേയമായ സംഗതി, അവരെ പ്രതിനിധാനം ചെയ്യുന്നു എന്നവകാശപ്പെടുന്ന രാഷ്ട്രീയ പാർട്ടികൾക്ക് പുറത്തുനിന്നുകൊണ്ട് അവർ നൈസർഗ്ഗികമായി സംഘടിച്ചു എന്നതാണ്.

ഇത് രാഷ്ട്രീയത്തിന്റെ നിരാസമാവണമെന്നില്ല. അവരുടെ അനുഭവങ്ങളെക്കുറിച്ചു സംസാരിക്കാൻ അശക്തമായിത്തീർന്ന ഒരു രാഷ്ട്രീയഭാഷയെ നിരസിക്കുന്നതുമാവാം. വ്യവസ്ഥാപിത രാഷ്ട്രീയം തുടർന്നും ചോദിക്കുന്നു: 'ആരാണ് പരീക്ഷ നടത്തേണ്ടത്? അതിന്റെ നടത്തിപ്പ് എങ്ങനെ വേണം? അതെങ്ങനെ കൂടുതൽ നീതിപൂർവ്വകമാക്കാം? അവയെല്ലാം ന്യായമായ ചോദ്യങ്ങൾ തന്നെ. പക്ഷെ, അവ നിലനിൽക്കുന്ന വ്യവസ്ഥിതിക്കുള്ളിൽ നിന്നുകൊണ്ടുള്ളതാണ്.

ആ ചട്ടക്കൂടിനുള്ളിൽത്തന്നെ പൂർണമായും നിലനിൽക്കാൻ വിദ്യാർഥികൾ വിസമ്മതിക്കുന്നത് അതുകൊണ്ടുതന്നെ പ്രധാനമാണ്. അവർ അരാഷ്ട്രീയവാദികൾ ആവണമെന്നില്ല, വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികൾ ചോദിക്കാതായ ചോദ്യങ്ങൾ ചോദിക്കാൻ കഴിയുന്ന രാഷ്ട്രീയത്തിന് വേണ്ടിയുള്ള അന്വേഷണത്തിലാവാം അവർ.

അവരുടെ ഒരുമിച്ചു ചേരലിന്റെ നൈസർഗിക സ്വഭാവം കാണിക്കുന്നത് രാഷ്ട്രീയമായ പക്വതയില്ലായ്മയെക്കാളേറെ പഴയ തലമുറയുടെ രാഷ്ട്രീയഭാഷ തങ്ങളുടെ അനുഭവങ്ങളെ ഉൾക്കൊള്ളുന്നില്ല എന്നു പുതിയ തലമുറ മനസ്സിലാക്കുന്നതാവാം.

ഒരുപക്ഷേ, അവർ നഷ്ടപ്പെട്ട താക്കോൽ മറ്റെവിടെയോ തിരയുകയായിരിക്കാം. കാരണം, ഏതോ അബോധതലത്തിൽ- അവരുടെ ആ സ്വാഭാവികമായ പ്രതികരണം അത്രയെങ്കിലും സൂചിപ്പിക്കുന്നുണ്ട്- ആദ്യംതന്നെ ഈ ജീർണിച്ച വ്യവസ്ഥയ്ക്ക് രൂപം നൽകാൻ സഹായിച്ച രാഷ്ട്രീയക്കാരെക്കാൾ നന്നായി അവർക്ക് അറിയാമെന്ന് തോന്നുന്നു; താക്കോൽ നഷ്ടപ്പെട്ടത് മറ്റെവിടെയോ ആണ്.

തങ്ങളുടെ സമരത്തിലൂടെ വിദ്യാർഥികൾ ഒരുപാട് പഠിച്ചറിയൽ അനുഭവിക്കുന്നുണ്ട്. കാരണം അവർ നേരിടുന്നത് ഒരു തലമുറയുടെ പ്രശ്നമാണ്. ആ സമരം ചുറ്റുപാടും ഒരുപാട് അതിക്രമങ്ങൾ നേരിടുമ്പോൾ പോലും അവരെ അങ്ങേയറ്റം സര്ഗാത്മകതയുള്ളവരും ആനന്ദവാന്മാരും ആക്കിയിരിക്കുന്നു. അവരുടെ ധൈര്യത്തിലൂടെയും അത് നിലനിർത്താൻ അവർ കണ്ടെത്തുന്ന മാര്ഗങ്ങളിലൂടെയും ഞങ്ങളുടെ തലമുറക്ക് കൈമോശം വന്ന ചിലത് തിരിച്ചുപിടിക്കുകയാണ് അവർ ചെയ്യുന്നത്- ധീരത, അതോടൊപ്പം സമരത്തിന്റെ ആനന്ദവും.

അതാണ് പഠിച്ചറിയലിന്റെ ശരിയായ സൗന്ദര്യം. അവർക്ക് അധികാരം കിട്ടണമെന്നുണ്ടെന്ന് തോന്നുന്നില്ല. ഒരുപക്ഷെ നമ്മുടെ തലമുറ മറന്നുപോയ ഒരു സൂത്രം അവർ ഇപ്പോൾത്തന്നെ പഠിച്ചറിഞ്ഞിരിക്കണം: ഭരിക്കാനുള്ള അധികാരമില്ല അധികാരം, സേവിക്കാനുള്ള അധികാരമാണത്. അധികാരം വാഗ്ദാനം ചെയ്യുന്ന ചില്ലറ സംതൃപ്തികൾക്കും ഊതിവീർപ്പിച്ച അഹന്തക്കുമപ്പുറം, അതിലേറെ ആനന്ദം നൽകുന്ന ചിലതാണ് അവർക്ക് വേണ്ടത്. കേവലം അധികാരത്തിന് വേണ്ടിയുള്ള മറ്റ് സമരങ്ങളിൽനിന്ന്‌ അവരുടെ സമരത്തെ കൂടുതൽ അപകടകാരിയാക്കുന്നത് അതാണ്.

അവർ ഭരണകൂടത്തെ താഴെയിറക്കാൻ ആഗ്രഹിക്കുന്നില്ല. വ്യവസ്ഥയെ താറുമാറാക്കിയവർ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അതിനെ ശരിയാക്കണമെന്നുമാണ് അവർ ആഗ്രഹിക്കുന്നത്. കടമ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ നിങ്ങൾ അവരെ സംബന്ധിച്ചിടത്തോളം എത്രത്തോളം അപ്രസക്തനാണെന്ന് അവരുടെ റീലുകൾ നിങ്ങളെ ഓർമിപ്പിക്കും. അതാണ് അവരെ അപകടകാരികളാക്കുന്നത്. ഭരണാധികാരികളെന്ന് പറയുന്നവരെ അവർ യഥാർത്ഥത്തിൽ ആരാണെന്ന് ഒരു വളച്ചുകെട്ടുമില്ലാതെ അവർ (സമരം ചെയ്യുന്ന വിദ്യാർഥികൾ) ഓർമിപ്പിക്കുന്നു: ജനങ്ങളുടെ സേവകർ മാത്രമാണ് അവർ എന്ന്.
അത്രയുമായപ്പോൾ ഭരണാധികാരികൾ പാർലമെന്റിൽനിന്ന് അപ്രത്യക്ഷരായി!

ഒരുപക്ഷെ അതാണവർ അവർക്കുമേൽ അടിച്ചേൽപ്പിച്ച വിധി. സ്വയം ഭരണാധികാരികളാണെന്നു സങ്കൽപ്പിക്കുന്നത് നിർത്തി ഭരണഘടനാ അവരെ വിഭാവനം ചെയ്തിരിക്കുപാർലമെന്നതുപോലെ ഉത്തരവാദിത്വമുള്ള പൗരന്മാരായി ഭരണഘടനയ്ക്കു വിധേയരായി ജനങ്ങളുടെ സേവകരായി പ്രവർത്തിക്കുക. അതിനു മീതെ നോൺ ബയോളോജിക്കൽ മണ്ഡലത്തിൽ കഴിയുന്നവരായി സ്വയം സങ്കല്പിക്കാതിരിക്കുക. അതുകൊണ്ടുതന്നെ സാങ്കല്പികമായ ഒരേ മരത്തിനുള്ള മെച്ചപ്പെട്ട തളപ്പ് രൂപകൽപന ചെയ്യലല്ല നിയമനിർമാതാക്കളുടെ ജോലി, പകരം ആദ്യം തന്നെ ചോദിക്കുക: ഏത് മരമാണ് നമ്മൾ കയറാൻ പോകുന്നത്? തുടർന്ന് ചോദിക്കുക: അതിൽ കയറലാണോ വിദ്യാഭ്യാസം കൊണ്ട് അർത്ഥമാക്കുന്ന കാര്യം?

ഒരുപക്ഷെ ഉള്ളിന്റെ ഉള്ളിൽ നമ്മൾ മറന്നു കഴിഞ്ഞ ഒരു കാര്യം ആദ്യം മുതൽക്കേ വിദ്യാർത്ഥികൾക്ക് അറിയാം: താക്കോൽ കളഞ്ഞുപോയത് വേറെവിടെയോ ആണ്, അത് കളയുന്നതിൽ മുതിർന്നവർ പങ്കാളികളുമാണ്. അടിയന്തിരമായ ചോദ്യം സ്വാഭാവികമായും അപ്പോഴും അവശേഷിക്കുന്നു: വിദ്യാഭ്യാസം എന്തിനുള്ളതാണ്? നമ്മുടെ ഭരണഘടനാശില്പികൾ എന്തുകൊണ്ടാണ് അത് സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ നിലനിർത്തിയത്?

ആ ചോദ്യങ്ങൾ അങ്ങനെ തന്നെ നിലനിൽക്കട്ടെ. അവിടെയായിരിക്കും ഒരുപക്ഷെ പഠിച്ചറിയൽ ആരംഭിക്കുന്നത്.

 

(അനിൽകുമാർ പയ്യപ്പിള്ളി വിജയൻ, a/nil എന്ന പേരിൽ എഴുതുന്ന അദ്ദേഹം കേരളത്തിലെ പത്തിരിപ്പാല ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറാണ്. ലോകപ്രസിദ്ധ തത്വചിന്തകനായ സ്ലാവോയ് ഷീഷെക് (Slavoj Žižek) ‘ഒരു ആധികാരിക അത്ഭുതം’ എന്നും ‘കവിതകളുടെ രൂപത്തിലുള്ള യഥാർത്ഥ ചിന്ത’ എന്നും വിശേഷിപ്പിച്ച The Absent Color എന്ന കവിതാസമാഹാരത്തിന്റെ രചയിതാവാണ് അദ്ദേഹം.

ജാതി, സംസ്കാരം, നീതി എന്നീ വിഷയങ്ങളുമായി ഇടപെടുന്ന The Wire, Round Table India, Caste: A Global Journal, Contemporary Voice of Dalit (Sage), Journal of Religion and Film തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും മറ്റു വേദികളിലും അദ്ദേഹത്തിന്റെ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

placeholder
ഡോ. സൗമ്യ പി. എൻ

The Wire-ൽ 2026 ഓഗസ്റ്റ് 14-ന് പ്രസിദ്ധീകരിച്ച “The Students Are Looking for Education's Lost Key” എന്ന ലേഖനത്തിന്റെ മലയാള പരിഭാഷ നിർവഹിച്ചിരിക്കുന്നത് പത്തിരിപ്പാല ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അതിഥി അധ്യാപികയും വിവർത്തകയും ഭാഷാശാസ്ത്ര ഗവേഷകയുമായ ഡോ. സൗമ്യ പി. എൻ. ആണ്.