ഡേറ്റിങും സെക്സും വിവാഹവും ഇല്ലെന്ന് സ്ത്രീകൾ, ട്രംപിസത്തിൽ അമേരിക്കയിൽ സംഭവിക്കുന്നത്| 4B Movement
വിവാഹമോ കുട്ടികളോ വേണ്ട...പുരുഷന്മാരുമായി ഡേറ്റിങ്ങിനോ ലൈംഗികബന്ധത്തിനോ പോലും താത്പര്യമില്ല....യുഎസില്‍ ട്രംപ് വീണ്ടും അധികാരത്തില്‍ വന്നതിന് പിന്നാലെ അമേരിക്കയില്‍ ശക്തമാവുകയാണ് 4ബി പ്രസ്ഥാനം. ലിംഗസമത്വം പാലിക്കാത്ത വ്യവസ്ഥകളോടുള്ള ഒരു കൂട്ടം സ്ത്രീകളുടെ പ്രതിഷേധം.
ട്രംപ് വിജയമുറപ്പിച്ചതോടെ ഗൂഗിള്‍ സെര്‍ച്ചില്‍ 4ബി പ്രസ്ഥാനത്തെക്കുറിച്ച് 48 മണിക്കൂറിനുള്ളില്‍ തിരഞ്ഞത് അഞ്ച് ലക്ഷം പേരാണ്. തീര്‍ന്നില്ല ടിക്ടോകിലും എക്സിലും ഫോര്ബിയെ പ്രോത്സാഹിപ്പിച്ച് സ്ത്രീകള്‍ രംഗത്തെത്തി. ലിംഗസമത്വം, ഗര്‍ഭഛിദ്ര നിയന്ത്രണം എന്നീ വിഷയങ്ങളോടുള്ള ട്രംപിന്റെ നിലപാടും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പുരുഷാധിപത്യ- സ്ത്രീവിരുദ്ധ നയങ്ങളിലുള്ള പ്രതിഷേധമാണ് ഫോര്‍ബി പ്രസ്ഥാനത്തിലേക്കെത്തിച്ചത്.
സത്യത്തില്‍ എന്താണ് ഈ 4ബി പ്രസ്ഥാനം? എവിടെയാണ് ഈ പ്രസ്ഥാനത്തിന്റെ തുടക്കം
വാസ്തവത്തിലെ ട്രംപിനോടുള്ള എതിര്‍പ്പില്‍ രൂപപ്പെട്ടതല്ല ഫോര്‍ബി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദക്ഷിണ കൊറിയയിലാണ് 4B പ്രസ്ഥാനത്തിന്റെ തുടക്കം. 4ബി എന്നാല്‍ 4 ബികള്‍. കൊറിയന്‍ ഭാഷയില്‍ ബി എന്നാല്‍ നോ എന്നാണര്‍ഥം. വിവാഹം, പ്രസവം, പ്രണയം, ലൈംഗികബന്ധം എന്നിവയോടാണ് ഇവിടെ നോ പറയുന്നത്. മാത്രമല്ല ഇത് നാല് കൊറിയന്‍ പദങ്ങളെയും സൂചിപ്പിക്കുന്നു. 1. bihon എതിര് ലിംഗത്തില്‍പ്പെട്ടവരുമായി വിവാഹമില്ല; 2. bichulsan പ്രസവിക്കില്ല; 3. biyeonae - ഇനി ഡേറ്റിങ് ഇല്ല; 4. bisekseu എതിര് ലിംഗത്തിലുള്ളവരുമായി ലൈംഗിക ബന്ധങ്ങള്‍ പാടില്ല. അതായത്, 4B അനുയായികള്‍ എതിര്‍ലിംഗത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കുകയോ സെക്സേലേര്പ്പെടുകയോ പ്രസവിക്കുകയോ ചെയ്യില്ല. പുരുഷന്മാരുമായുള്ള ലൈംഗികവും സാമൂഹികവുമായ അടിമത്തം പൂര്‍ണ്ണമായും ഉപേക്ഷിക്കാനാണ് 4 ബി ആഹ്വാനം ചെയ്യുന്നത്.
തുടക്കം കൊറിയയില്‍
2010-ല്‍ ദക്ഷിണ കൊറിയയില്‍ ഫെമിനിസത്തില്‍ താത്പര്യം വര്‍ധിച്ചതോടെയാണ് 4ബി പ്രസ്ഥാനവും തുടങ്ങുന്നത്. എന്നാല്‍ പ്രസ്ഥാനത്തിന് ആക്കം കൂട്ടിയത് 2016-ല്‍ സിയോള്‍ സബ്വേ സ്റ്റേഷനിലെ ടോയ്ലറ്റില് യുവതി കൊല്ലപ്പെട്ടതും സ്ത്രീകളുടെ ഒളിക്യാമറാ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതുമാണ്. സ്ത്രീകളുടെ ബാത്ത്റൂമില്‍ നിന്നും ലൈംഗികബന്ധത്തിനിടയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വ്യാപകമായി പങ്കുവെക്കുകയും വില്‍ക്കുകയും ചെയ്തു. അപരിചിതര്‍ക്ക് പുറമെ അവര്‍ക്ക് അറിയാവുന്ന പുരുഷന്മാരും ഇതിനുപിന്നിലുണ്ടായിരുന്നതും പോലീസ് ഇരകള്‍ക്കെതിരായ നിലപാട്് സ്വീകരിച്ചതും സ്ത്രീകളെ അരക്ഷിതരാക്കി.
ആരെ വിശ്വസിക്കുമെന്ന് സ്വയം ചോദിച്ച സ്ത്രീകള്‍ പുരുഷന്മാരില് നിന്നും സ്വയം വിട്ടുനിന്നു. ഇതിനിടെ ആര്‍ട്ട് ക്ലാസില്‍ പങ്കെടുത്ത പുരുഷമോഡല് ജനനേന്ദ്രിയം മറയ്ക്കാതിരുന്നത് ചിത്രീകരിച്ച യുവതിയെ അറസ്റ്റ് ചെയ്തത് സ്ത്രീകള്‍ ചോദ്യം ചെയ്തു. ഇരട്ടത്താപ്പാണെന്ന് അവര്‍ കുറ്റപ്പെടുത്തി. സ്ത്രീകള്‍ക്ക് അവരുടെ നിരാശകള്‍ പങ്കുവെക്കാനും പുരുഷാധിപത്യ നിയമങ്ങളെ വിമര്‍ശിക്കാനും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനുമുള്ള ഇടങ്ങളായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് മാറി. പതിയെ യുവതികള്‍ക്ക് തങ്ങളുടെ അതൃപ്തിയും രോഷവും പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമായി 4B പ്രസ്ഥാനം മാറി. സമാന്തരമായി ഉയര്‍ന്നുവന്ന MeToo പ്രസ്ഥാനവും ഫോര്ബിയുടെ ശക്തികൂട്ടി.
എന്തുകൊണ്ട് കൊറിയ?
ഒരു പുരുഷാധിപത്യ സമൂഹമാണ് ദക്ഷിണ കൊറിയയിലേത്. ലിംഗം, സൗന്ദര്യ സാമ്പത്തിക അസമത്വങ്ങള്‍, സാംസ്കാരിക സമ്മര്‍ദ്ദങ്ങള്‍, വീട്ടിലെ അസ്ഥിരത, ഡിജിറ്റലായുള്ള ലൈംഗിക അതിക്രമങ്ങള്‍ തുടങ്ങി ദക്ഷിണ കൊറിയയിലെ സ്ത്രീകള്‍ നേരിടുന്നത് നിരവധി പ്രശ്നങ്ങളാണ്. മക്കളെ നോക്കേണ്ടതും വീട്ടുജോലികള്‍ ചെയ്യേണ്ടതുമെല്ലാം അവിടെ സ്ത്രീയുടെ കടമയാണ്. ജോലിക്ക് പോകുന്ന സ്ത്രീയും ഇതെല്ലാം ചെയ്യേണ്ടിവരുമ്പോള്‍ അവരുടെ ജോലിഭാരം ഇരട്ടിയാവുകയാണ്. പുരുഷന്മാരേക്കാള് കൊറിയയിലെ സ്ത്രീകള്‍ മൂന്നര മടങ്ങ് അധികം ജോലികള്‍ വീട്ടില്‍ ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജോലിക്കുപോകുന്ന സ്ത്രീക്കും പുരുഷനും ലഭിക്കുന്ന വേതനത്തിന്റെ കാര്യത്തിലും വലിയ അന്തരമുണ്ട്.
നോ മാത്രമല്ല
പുരുഷന്മാരെ വെറുക്കുന്ന കുടുംബജീവിതം നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളുടെ വികലമായ ഒരു പ്രസ്ഥാനമെന്നാണ് 4ബിക്കെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. പക്ഷേ പുരുഷന്മാരോട് നോ പറയുന്നത് മാത്രമല്ല, അതിനുമപ്പുറം ചില കാര്യങ്ങള്‍ കൂടെ 4ബി മൂവ്മെന്റിലുണ്ട്.
ഭാര്യ, അമ്മ എന്നതിനപ്പുറത്തേക്ക് സ്ത്രീകളുടെ ലോകം വിശാലമാകണം. അത് സാധ്യമാകുന്നത് വേലിക്കെട്ടുകളില്ലാത്ത പുരുഷനിയന്ത്രണമില്ലാത്ത, ഇടങ്ങളിലാണെന്ന് ഫോര്‍ബി വാദിക്കുന്നു. വീട്ടുജോലികള്പ്പുറം അവനവനായി സമയം കണ്ടെത്തുന്ന സ്ത്രീകളത്രയും ഈ വേലിക്കെട്ടിന് പുറത്താണെന്നും ഫോര്‍ബി അനുയായിതള് വിശ്വസിക്കുന്നു. പരസ്പരം താങ്ങാവുക എന്നുകൂടി ഉദ്ദേശിച്ച് ലെസ്ബിയന്‍ റിലേഷന്ഷിപ്പുകളേയും ഫോര്‍ബി പ്രോത്സാഹിക്കുന്നു.
4B ചിലപ്പോള്‍ 6B4T ആയി വിപുലപ്പെടാറുണ്ട്. അതായത് സ്ത്രീവിരുദ്ധമായി കരുതപ്പെടുന്ന സ്ഥാപനങ്ങളില്‍ നിന്ന് അകന്നു നില്ക്കുക, ഫാന്റം സംസ്കാരം നിരസിക്കുക, പുരുഷകേന്ദ്രീകൃത സൗന്ദര്യസങ്കല്‍പ്പങ്ങള്‍ നിരസിക്കുക എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണിത്.
കുറയുന്ന ജനനനിരക്ക്
ദക്ഷിണ കൊറിയയില്‍ ജനന നിരക്ക് കുറയുന്നതില്‍ ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത് 4ബി പ്രസ്ഥാനമാണ്. ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ദക്ഷിണ കൊറിയ. ഏകദേശം 42% ഇവിടെ കുടുംബങ്ങളും ഒറ്റയ്ക്ക് താമസിക്കുന്നവരാണ്. സിയോളില്‍, 40% യുവാക്കള്‍ കഴിഞ്ഞ വര്‍ഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും സ്ത്രീകളുടെ താല്‍പ്പര്യക്കുറവാണ് ഇതിന്റെ പ്രധാന കാരണമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 4B-പ്രസ്ഥാനത്തിലല്ലെങ്കിലും പരമ്പരാഗത ചട്ടകൂടിലൊതുങ്ങാതെ സ്വതന്ത്രപാതയില് തന്നെയാണ് മിക്ക സ്ത്രീകളും.
യുഎസില്‍ 4B ആദ്യമായിട്ടോ?
ഒരിക്കലുമില്ല. 4B യ്ക്ക് മുന്‍പ് അമേരിക്കന്‍ സോഷ്യല്‍ മീഡിയയില്‍ 'ബോയ്‍സോബര്‍' എന്നൊരു ട്രെന്‍ഡ് ഉണ്ടായിരുന്നു. സ്ത്രീകള്‍ സ്വന്തം സന്തോഷത്തിനും ക്ഷേമത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്കാന് പുരുഷന്മാരുമായുള്ള പ്രണയ, ലൈംഗിക ബന്ധങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായിരുന്നു ഈ ട്രെന്‍ഡ്. അതുപോലെ 1960 കളുടെ അവസാനത്തിലും 1970 കളുടെ തുടക്കത്തിലും യുഎസില്‍ സെല്‍ 16 പ്രസ്ഥാനം ഉണ്ടായിരുന്നു. സ്ത്രീകള്‍ ബ്രഹ്മചര്യം പാലിക്കണമെന്നും പുരുഷന്മാരില് നിന്ന് അകന്നുനില്‍ക്കണമെന്നും കരാട്ടെ പോലുള്ള സ്വയം പ്രതിരോധത്തിന്റെ ആയോധനരീതികള് പഠിക്കണമെന്നുമായിരുന്നു ആ പ്രസ്ഥാനം വാദിച്ചത്.
ഫോര്‍ബി പ്രസ്ഥാനങ്ങളോട് അത്ര അനുകൂല പ്രതികാരണമല്ല സമൂഹത്തില്‍ നിന്നുണ്ടായിട്ടുള്ളത്. സോഷ്യല്‍മീഡിയ ബുള്ളിയിങ്ങിനപ്പുറം യുക്തിസഹജമായ വിമര്‍ശനങ്ങളും പ്രസ്ഥാനത്തിനെതിരെ ഉയരുന്നുണ്ട്. പുരുഷന്മാരുടെ ചിന്താഗതിയില്‍ മാറ്റമുണ്ടാക്കുന്നതിന് പകരം അവരില്‍ നിന്ന് അകന്നു നില്‍ക്കേണ്ട ബാധ്യത കൂടി സ്ത്രീയുടെ മേല്‍ ചുമത്തുകയാണെന്നും പുരുഷന്മാരോടുള്ള സമ്പര്‍ക്കം കുറയ്ക്കുന്നത് പ്രശ്നത്തിനൊരു പരിഹാരമല്ലെന്നുമാണ് പ്രധാന വിമര്‍ശനം. ട്രംപ് അധികാരത്തിലെത്തിയാല്‍ തങ്ങളുടെ പ്രത്യുല്പാദന അവകാശങ്ങള്‍ കുറയുമെന്ന ആശങ്കയാണ് യുഎസിലെ സ്ത്രീകളെ 5ബി പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിപ്പിച്ചത്. എന്തായാലും ഇനി യുഎസിനെ ഈ പ്രസ്ഥാനം സ്വാധീനിക്കുമോയെന്ന് കാണണം.
Inshort: The 4B movement, originating in South Korea, encourages women to reject marriage, childbirth, dating, and sex with men. Learn its origins, ideology, and impact on modern society.
Producer- Aswathi Ayanikkal
Camera- Shaheer CH
Edit- Anandrag K
Content Highlights: 4B Movement: What It Is & Why It`s Trending
Published: 13 Nov 2024, 07:45 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented