മലബാർ ചരിത്രത്തിൽ, പ്രത്യേകിച്ച് ബ്രിട്ടീഷ് അധിനിവേശകാലഘട്ടത്തിൽ, കമ്പനിഭരണത്തെ സഹായിച്ച ഒരു പ്രധാന ഉദ്യോഗസ്ഥനായിരുന്നു കരുണാകരമേനോൻ.

To advertise here,

കളക്ടറേറ്റിലെ ശിരസ്തദാറായിരുന്ന അദ്ദേഹം പഴശ്ശിരാജാവിനെ ഇല്ലാതാക്കാനും അദ്ദേഹത്തിന്റെ രാജ്യം പിടിച്ചെടുക്കാനും ബ്രിട്ടീഷുകാരെ സഹായിച്ചു. പിന്നീട് കൊടക് രാജാവിനെ വശപ്പെടുത്തി കമ്പനിക്കു കീഴിലാക്കുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചു.

ബ്രിട്ടീഷ് ഭരണകൂടം തങ്ങളുടെ ഉദ്യോഗസ്ഥരെ എത്രത്തോളം കാര്യക്ഷമമായി സംരക്ഷിച്ചിരുന്നുവെന്നതിന് ഉദാഹരണമായി കരുണാകരമേനോന്റെ ചരിത്രം ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിരമിച്ചപ്പോൾ, തന്റെ ജീവന് ഭീഷണിയുണ്ടെന്നും അന്തസ്സോടെ ജീവിക്കാൻ പെൻഷൻ പോരെന്നും കാട്ടി അദ്ദേഹം ഈസ്റ്റിന്ത്യാ കമ്പനിക്ക് അപേക്ഷ നൽകി. കേരളത്തിലെ യാത്രകൾക്കായി നാലുപേർ ചുമക്കുന്ന ഒരു പല്ലക്ക് അദ്ദേഹം ആവശ്യപ്പെട്ടു.

കരുണാകരമേനോന്റെ ഈ അപേക്ഷ കളക്ടർ, ബോർഡ് ഓഫ് റവന്യൂ, മദ്രാസ് ഗവൺമെന്റ്, കൊൽക്കത്തയിലെ ഗവർണർ ജനറൽ എന്നിവർ വഴി ലണ്ടനിലെ സ്റ്റേറ്റ് സെക്രട്ടറിക്കെത്തി. വിമാനസർവീസുകളില്ലാതിരുന്ന ആ കാലത്ത് വെറും നാലുമാസത്തിനുള്ളിൽ ലണ്ടനിൽനിന്ന് മറുപടി വരികയും അദ്ദേഹത്തിന് പല്ലക്കും പെൻഷനും അനുവദിക്കുകയും ചെയ്തു.

കരുണാകരമേനോന് ലഭിച്ച പല്ലക്ക് വർഷങ്ങൾക്കുശേഷം രാമനാട്ടുകരയിലെ അദ്ദേഹത്തിന്റെ കുടുംബവീട്ടിൽനിന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ചരിത്രപഠന വിഭാഗം കണ്ടെത്തുകയുണ്ടായി. അതിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മുദ്ര പതിപ്പിച്ചിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ സൂക്ഷിച്ചിരുന്ന പല്ലക്ക് പിൽക്കാലത്ത് നശിച്ചുപോയി എന്നത് വലിയൊരു ചരിത്രനഷ്ടമായി കണക്കാക്കപ്പെടുന്നു.