ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റേയും ഭാര്യ ബ്രിജിറ്റ് മക്രോണിന്റേയും പ്രണയകഥയെ ഏറെ കൗതുകത്തോടെയാണ് ലോകം നോക്കി കണ്ടത്. അധ്യാപികയായിരിക്കെ 15 കാരനായ വിദ്യാര്‍ഥി മക്രോണുമായി പ്രണയം ഒടുവില്‍ വിവാഹം.

To advertise here,

 

ഭാര്‍ത്താവുമായി 24 വയസ്സിന്റെ പ്രായ വ്യത്യാസം. എന്തിന് ബ്രിജിറ്റിന്റെ ആദ്യ ഭര്‍ത്താവിലെ മകള്‍ അന്ന് മക്രോണിന്റെ സഹപാഠി പോലുമായിരുന്നു. ഇങ്ങനെ ചട്ടക്കൂടുകളെയെല്ലാം പൊളിച്ചടക്കിയുള്ള അവരുടെ ജീവിതം പലതവണ വാര്‍ത്തകളിലും ഇടം പിടിച്ചു. 2017 മെയ് 14 ന് തന്റെ 39-ാം വയസ്സില്‍ ഫ്രാന്‍സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന റെക്കോര്‍ഡിട്ട് ബ്രിജിറ്റിന്റെ കയ്യും പിടിച്ച് എലീസി പാലസിലേക്ക് മക്രോണ്‍ കടന്ന് വരുമ്പോള്‍ ജനങ്ങള്‍ അവരെ നോക്കി ചിരിച്ചു, കളിയാക്കി, സോഷ്യല്‍മീഡിയ ട്രോളി. പക്ഷെ കഴിഞ്ഞ കുറച്ചുവര്‍ഷമായി ബ്രിജിറ്റിന്റെ ജെന്‍ഡറുമായി ബന്ധപ്പെട്ട വിവാദത്തിലും ചര്‍ച്ചകളിലുമാണ് ഈ ദമ്പതിമാർ. ഇത് വലിയ നിയമപോരാട്ടത്തിലേക്കും നയിച്ചു.

ബ്രിജിറ്റ് ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് ആരോപിച്ച് ചില സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സർമാർ രംഗത്തെത്തിയതാണ് തുടക്കം. ഇതിനെ ചോദ്യം ചെയ്ത് ഇവര്‍ നിയമപോരാട്ടത്തിനും ഇറങ്ങി. അത് ഫ്രാന്‍സും കടന്ന് അമേരിക്കയിലെത്തി. അങ്ങനെ തന്റെ 77-ാം വയസ്സില്‍ സ്ത്രീയെന്ന് തെളിയിക്കാനുള്ള  നിയമപോരാട്ടത്തിൽ വിജയത്തിന്റെ വക്കിലുമെത്തിയിരിക്കുന്നു ബ്രിജിറ്റ്.

 

 

തിരഞ്ഞെടുപ്പുകാലത്തെ ആളിക്കത്തച്ച ട്രാന്‍സ്‌ജെന്‍ഡര്‍ ആരോപണം

2021 -ല്‍ ഫ്രാന്‍സ് മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയപ്പോഴാണ് ഫ്രാന്‍സിന്റെ പ്രഥമ വനിതയായ ബ്രിജിറ്റിനെതിരേ ആദ്യ ആരോപണം വരുന്നത്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരെന്ന് അവകാശപ്പെട്ടിരുന്ന നടാഷെ റെയും അമാന്‍ഡിനെ റോയുമായിരുന്നു ആരോപണത്തിന് പിന്നില്‍. ബ്രിജിറ്റ് സ്ത്രീയല്ലെന്നും ട്രാന്‍സ് ജെന്‍ഡര്‍ ആണെന്നുമായിരുന്നു ആരോപണം. ആരോപണവുമായി യുട്യൂബ് വീഡിയോകളിലടെ ഇവര്‍ രംഗത്ത് വന്നതോടെ അത് തിരഞ്ഞെടുപ്പ് കാലത്ത് വൈറലാവുകയും ചെയ്തു. ബ്രിജിറ്റ് ജനിച്ചത് പുരുഷന്‍ ആയിട്ടാണെന്നും ജീന്‍ മൈക്കിള്‍ ട്രോഗ് ന്യൂക്സ് എന്നാണ് ഇവരുടെ പഴയപേര് എന്നുമായിരുന്നു ആരോപണം. എന്നാല്‍ ബ്രിജിറ്റിന്റെ ജേഷ്ടന്റെ പേരാണ് ജീന്‍ മൈക്കിള്‍ ട്രോക്ന്യൂക്സ് എന്നും തങ്ങള്‍ക്കെതിരായുള്ള തെറ്റായ പ്രചാരണം ലോക വ്യാപകമായ അധിക്ഷേപത്തിലേക്ക് തങ്ങളെ നയിച്ചെന്നുമായിരുന്നു മക്രോണ്‍ ദമ്പതിമാര്‍ ചൂണ്ടിക്കാട്ടിയത്. ഇതിനെതിരേ പാരീസ് കോടതിയിലും പിന്നീട് യുഎസിലും നിയമനടപടി സ്വീകരിക്കുകയും ചെയ്തു.

തന്റെ പോഡ്കാസ്റ്റ് പരിപാടി കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ വേണ്ടിയാണ് ബ്രിജിറ്റിന്റെ ജെന്‍ഡര്‍ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട് ആരോപണ വിധേയര്‍ തെറ്റായ പ്രചാരണം നടത്തുന്നതെന്നായിരുന്നു മാക്രോണ്‍ ദമ്പതിമാരുടെ ആരോപണം. എട്ടുഭാഗങ്ങളായി പുറത്തിറക്കിയ ബികമിങ് ബ്രിജിറ്റ് എന്ന പോഡ്കാസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് പരാതി നല്‍കിയിരിന്നത്. പുരുഷനായി ജനിച്ചെന്നും പിന്നീട് ലിംഗമാറ്റത്തിന് വിധേയയായെന്നും പോഡ്കാസ്റ്റില്‍ ആരോപിക്കുന്നതായി പരാതിയിലുണ്ട്. മാത്രമല്ല, മാക്രോണും ബ്രിജിറ്റും തമ്മില്‍ രക്തബന്ധമുണ്ടെന്നും നിഷിദ്ധ വിവാഹമാണ് ഇരുവരുടേതെന്നും പറഞ്ഞതായും പരാതിയില്‍ പറയുന്നുണ്ടായിരുന്നു.

യു.എസ് കോടതിയിലെത്തിയ കേസ് 

തെറ്റായ ആരോപണമെന്ന് പറഞ്ഞ് 2024 സെപ്റ്റംബര്‍ മാസമാണ് ബ്രിജിറ്റ് തനിക്കെതിരേയുള്ള ആരോപണത്തിനെതിരേ ആദ്യമായി പാരീസ് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. കേസ് വിജയിക്കുകയും 8000 യൂറോ ബ്രിജിറ്റിനും അവരുടെ സഹോദരന് 5000 യുറോയും നഷ്ടപരിഹാരമായി നല്‍കണമെന്നും വിധി വന്നു. എന്നാല്‍ 2025 ജൂലായ് മാസം പാരീസ് അപ്പീല്‍ കോടതി ആ വിധി റദ്ദാക്കി. പരാമര്‍ശങ്ങള്‍ 'ഉത്തമ വിശ്വാസത്തോടെ' നടത്തിയതാണെന്നും അത് അപകീര്‍ത്തിയായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു.

എന്നാല്‍ അമേരിക്കയുടെ തീവ്ര വലതുപക്ഷ വക്താവായ കാന്‍ഡെസ് ഓവന്‍ 2024-ല്‍ ഈ ആരോപണം ഏറ്റെടുത്തതോടെയാണ് വീണ്ടും ലോകശ്രദ്ധയിലേക്കും വന്നുത്. നാല്‍പത് ലക്ഷത്തില്‍ അധികം യൂട്യൂബ് സബ്സ്‌ക്രൈബര്‍മാരുള്ള കാന്‍ഡേസ് ഓവന്‍സ് ഫ്രാന്‍സിന്റെ പ്രഥമ വനിത ഒരു പുരുഷനാണെന്ന് ആവര്‍ത്തിച്ച് ആരോപിക്കുകയും ഈ വാദത്തില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു. ഒരു വര്‍ഷത്തോളം ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഫലമില്ലാതെ വന്നതോടെ 2025 ജൂലായ് മാസം മാക്രോണ്‍ ദമ്പതികള്‍ കാന്‍ഡേസ് ഓവന്‍സിനെതിരെ മാനനഷ്ടക്കേസ് നല്‍കി.

 

കാന്‍ഡേസ് ഓവന്‍സ് ഈ കേസിനെ 'നിരാശാജനകമായ ഒരു പബ്ലിക് റിലേഷന്‍സ് തന്ത്രം എന്നാണ് വിശേഷിപ്പിച്ചത്. ബ്രിജിറ്റ് മാക്രോണിനെ വിഡ്ഢിയായ മനുഷ്യനെന്ന് പരിഹസിച്ച് വിളിക്കുകയും ചെയ്തു. അമേരിക്കയില്‍ കാന്‍ഡേസ് ഓവന്‍സിനെതിരായ മാനനഷ്ടക്കേസ് പുരോഗമിക്കുമ്പോള്‍, പ്രഥമ വനിതയുടെ ജെന്‍ഡര്‍ തെളിയിക്കാന്‍ കോടതിയില്‍ പ്രതിരോധിക്കേണ്ടി വരുന്ന അസാധാരണമായ ഒരു സാഹചര്യത്തിലാണ് മാക്രോണ്‍ ദമ്പതിമാർ. എന്നാല്‍ സ്വകാര്യ കുടുംബ ചിത്രങ്ങളും മെഡിക്കല്‍ തെളിവുകളും ഹാജരാക്കുന്നത് അപമാനകരവും അതേസമയം അനിവാര്യവുമാണെന്ന് അവരുടെ നിയമസംഘം അറിയിച്ചു.

സ്ത്രീയാണെന്ന് തെളിയിക്കാന്‍ ശാസ്ത്രീയ തെളിവുകളും ഫോട്ടോഗ്രാഫുകളും കോടതിയില്‍ ഹാജരാക്കാന്‍ തങ്ങള്‍ തയ്യാറാണെന്നാണ് മക്രോണ്‍ ദമ്പതിമാർ യു.എസ് കോടതിയെ അറിയിച്ചിരിക്കുന്നത്. ബ്രിജിറ്റിന്റെ പ്രസവ കാലത്തേയും കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിന്റേയും ചിത്രങ്ങളടക്കം കോടതിയില്‍ ഹാജരാക്കാനാണ് ദമ്പതികളുടെ നീക്കം.

ബിബിസിയുടെ 'ഫെയിം അണ്ടര്‍ ഫയര്‍' എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കവെ, മാക്രോണ്‍ ദമ്പതിമാര്‍ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകനായ ടോം ക്ലെയര്‍ ആരോപണങ്ങള്‍ ബ്രിജിറ്റിന് അങ്ങേയറ്റം വിഷമമുണ്ടാക്കുന്നതാണെന്നും അവിശ്വസനീയമാംവണ്ണം അസ്വസ്ഥതയുളവാക്കിയ ഒന്നാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ഈ ആരോപണം അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങളെ ഏതെങ്കിലും തരത്തില്‍ ബാധിച്ചുവെന്ന് പറയുന്നില്ല. എന്നാല്‍, ജോലിയും കുടുംബജീവിതവും ഒരുമിച്ച് കൊണ്ടുപോകുന്ന ഏതൊരാളെയും പോലെ, കുടുംബം ആക്രമിക്കപ്പെടുമ്പോള്‍ അത് നമ്മളെ തളര്‍ത്തും. ഒരു രാജ്യത്തിന്റെ പ്രസിഡന്റായതുകൊണ്ട് മാത്രം അദ്ദേഹം അതില്‍ നിന്ന് മുക്തനാവില്ലെന്നും ക്ലെയര്‍ ചൂണ്ടിക്കാട്ടി.

കാന്‍ഡേസ് ഓവന്‍സിന്റെ അവകാശവാദങ്ങളെ നിരാകരിക്കുന്ന മറ്റ് തെളിവുകള്‍ക്കൊപ്പം, ശാസ്ത്രീയ സ്വഭാവമുള്ള' വിദഗ്ദ്ധ മൊഴികളും ഹാജരാക്കാന്‍ ദമ്പതിമാര്‍ തയ്യാറാണെന്ന് ക്ലെയര്‍ സ്ഥിരീകരിച്ചു. ഇത്തരത്തിലുള്ള തെളിവുകള്‍ ഹാജരാക്കാന്‍ ഒരാള്‍ക്ക് സ്വയം മുന്നിട്ടിറങ്ങേണ്ടി വരുന്നു എന്നത് അങ്ങേയറ്റം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. 'പക്ഷേ, അവര്‍ അതിന് തയ്യാറാണ്. സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ എന്തും ചെയ്യാന്‍ അവര്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നുവെന്നും -അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

  • അധ്യാപികയെ പ്രണയിച്ച മക്രോണ്‍

മാക്രോണ്‍ ദമ്പതിമാരുടെ സൗന്ദര്യപ്പിണക്കവും ജെന്‍ഡര്‍ വിഷയവുമെല്ലാം തലക്കെട്ടുകളില്‍ ഇടംപിടിച്ചതുപോലെ ഇവരുടെ പ്രണയവും വലിയ വാര്‍ത്തയായിരുന്നു. പത്താം ക്ലാസില്‍ തന്നെ പഠിപ്പിച്ച അധ്യാപികയായിരുന്ന ബ്രിജിറ്റുമായുള്ള ഇമ്മാനുവല്‍ മാക്രോണിന്റെ പ്രണയം ചിലര്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇരുവരുടേയും പ്രണയകഥ ലോകമാകെ വൈറലായിരുന്നു. അമിയന്‍സിലെ കാത്തലിക് ലയ്‌സ് ലാ പ്രൊവിഡന്‍സ് സ്‌കൂളില്‍ വെച്ച് 1993-ലാണ് ഇമ്മാനുവല്‍ മാക്രോണും ബ്രിജിറ്റും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് ഇമ്മാനുവലിന് വെറും 15 വയസ് മാത്രമാണ് പ്രായം. ബ്രിജിറ്റിനാകട്ടെ 39 വയസും. ആ സ്‌കൂളില്‍ ഇമ്മാനുവലിന്റെ അധ്യാപികയായിരുന്നു ബ്രിജിറ്റ്. ഫ്രഞ്ചും ലാറ്റിനുമാണ് അവര്‍ പഠിപ്പിച്ചിരുന്നത്.

ബാങ്കറായ ആന്ദ്രെ ലൂയിസ് ഓസിയര്‍ ആയിരുന്നു ബ്രിജിറ്റിന്റെ ആദ്യ ഭര്‍ത്താവ്. 1974-ലായിരുന്നു ബ്രിജിറ്റിന്റെ ആദ്യവിവാഹം. ഇരുവര്‍ക്കും മൂന്ന് മക്കളാണുള്ളത്. മൂത്തമകന്‍ സെബാസ്റ്റ്യന്‍, മാക്രോണിനേക്കാള്‍ മൂന്ന് വയസ് മൂത്തതാണ്. മകള്‍ ലൊറന്‍സയാകട്ടെ ഇമ്മാനുവല്‍ മാക്രോണിന്റെ ക്ലാസിലാണ് പഠിച്ചിരുന്നത്.1994 ലെ വേനല്‍ക്കാലത്താണ് ഇമ്മാനുവല്‍ മാക്രോണും ബ്രിജിറ്റും തമ്മിലുള്ള ബന്ധം കുടുംബമറിയുന്നത്. ഇരുവരുമൊന്നിച്ച് പൂളിനരികെ സണ്‍ബാത്ത് നടത്തുന്നത് കുടുംബക്കാര്‍ കാണുകയായിരുന്നുവെന്ന് ഫ്രഞ്ച് പ്രഥമവനിതയുടെ ജീവചരിത്ര പുസ്തകത്തില്‍ പറയുന്നു. ബ്രിജിറ്റും ഓസിയറും പിന്നീട് വിവാഹമോചിതരായി.

മക്രാണിന്റേയും ബ്രിജിറ്റിന്റേയും പ്രണയം പലര്‍ക്കും സ്വീകാര്യമായിരുന്നില്ല. പിന്നീട് തന്റെ ഉപരിപഠനത്തിനായി ഇമ്മാനുവല്‍ നഗരം വിട്ടു. പാരിസിലെ സര്‍വകലാശാലയിലായിരുന്നു അദ്ദേഹത്തിന്റെ ഉപരിപഠനം. 2007ല്‍ ബ്രിജിറ്റിന്റെ വിവാഹമോചനത്തിന്റെ നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ അതേവര്‍ഷം ഇരുവരും വിവാഹിതരായി. ബ്രിജിറ്റിന്റെ ആദ്യവിവാഹം നടന്ന ലെ തൗക്കെറ്റ് എന്ന തീരനഗരത്തില്‍ വെച്ച് തന്നെയായിരുന്നു മാക്രോണുമായുള്ള വിവാഹവും നടന്നത്.