മാസ്സ് എന്ന് പറഞ്ഞാൽ പോര മരണമാസ്. ടാറ്റയുടെ ചിറകിലേറിയുള്ള എയർ ഇന്ത്യയുടെ തിരിച്ചുവരവിനെ ഇങ്ങനെ വിശേഷിപ്പിച്ചാലും തെറ്റില്ല. നഷ്ടത്തിലേക്ക് കൂപ്പുകുത്തി കേന്ദ്രസർക്കാർ വിറ്റഴിച്ച എയർ ഇന്ത്യയ്ക്ക് ഇങ്ങനെയൊരു തിരിച്ചുവരവുണ്ടാകുമെന്ന് എതിരാളികൾ പോലും കരുതിക്കാണില്ല. ലോകത്തെ മുൻനിര വിമാനക്കമ്പനികളെ പോലും ഞെട്ടിച്ചാണ് 470 പുതിയ വിമാനങ്ങൾ വാങ്ങാനുള്ള വമ്പൻ കരാറിൽ എയർ ഇന്ത്യ ഒപ്പിട്ടത്. ഫ്രഞ്ച് വിമാന നിർമാണക്കമ്പനിയായ എയർബസ്, അമേരിക്കൻ കമ്പനിയായ ബോയിങ് എന്നിവയുമായാണ് കരാർ. ലോക വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റത്തവണ വിമാനം വാങ്ങൽ കരാറാണിത്. ഇതോടെ ആഗോള വ്യോമയാന മേഖലയിലെ മുൻനിര ശക്തികളിലൊന്നായി എയർ ഇന്ത്യ മാറും.

To advertise here,

സുപ്രധാന കരാർ ഇന്ത്യൻ വ്യോമയാന മേഖലയ്ക്ക് മാത്രമല്ല യുഎസിനും ഫ്രാൻസിനും ബ്രിട്ടണും വലിയ നേട്ടമാണ് സമ്മാനിച്ചത്. ഈ മൂന്ന് രാജ്യങ്ങളിലും ലക്ഷക്കണക്കിന് പുതിയ തൊഴിൽ സൃഷ്ടിക്കാൻ കരാർ വഴിയൊരുക്കും. ഒരു ഇന്ത്യൻ കമ്പനിയുടെ ഇടപാട് വഴി സമ്പന്ന രാജ്യങ്ങളിൽ ഇത്രയധികം പേർക്ക് ജോലി ലഭിക്കുമെന്നത് ഒട്ടും ചെറിയ കാര്യമല്ല. ഇടപാടിന് പിന്നാലെ യുഎസും ഫ്രാൻസും ബ്രിട്ടണും ഇന്ത്യയെ പ്രകീർത്തിച്ച് രംഗത്തെത്തിയതും കരാർ വഴി അവർക്ക് എത്രമാത്രം നേട്ടമുണ്ടെന്നതിന്റെ തെളിവാണ്. ലോക വ്യോമയാന മേഖലയിലും കരാർ വലിയ സാധ്യതകൾ തുറക്കും. ഇന്ത്യയുടെ സാമ്പത്തിക-തൊഴിൽ-വിനോദ സഞ്ചാര മേഖലകളിലും ഇത് പ്രതിഫലിക്കും. 

യുഎസിൽ 10 ലക്ഷം തൊഴിൽ, കോടികളുടെ നിക്ഷേപം

എയർ ഇന്ത്യ-ബോയിങ് ഇടപാടിലൂടെ അമേരിക്കയിലെ 44 സംസ്ഥാനങ്ങളിലായി 10 ലക്ഷം തൊഴിൽ സൃഷ്ടിക്കപ്പെടും. മറ്റാരുമല്ല, ഇരുകമ്പനികളും തമ്മിലുള്ള കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കരാർ അമേരിക്കൻ തൊഴിൽ രംഗത്ത് വലിയ മാറ്റമുണ്ടാക്കുമെന്ന് വ്യക്തം. ഇരുരാജ്യങ്ങളിലേയും രണ്ട് സ്വകാര്യ കമ്പനികൾ തമ്മിലുള്ള കരാർ സംബന്ധിച്ച വിവരം അമേരിക്കൻ പ്രസിഡന്റ് തന്നെ നേരിട്ട് പ്രഖ്യാപിച്ചതിനുള്ള കാരണവും ഇതാണ്. എയർ ഇന്ത്യയുടെ ഇടപാടിനെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച ബൈഡൻ ഇതുവഴി ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തിപ്പെടുമെന്നും അഭിപ്രായപ്പെട്ടിരുന്നു.

എയർബസുമായുള്ള കരാർ പ്രഖ്യാപനവും ഇരുരാജ്യങ്ങളിലേയും ഭരണതലവൻമാരുടെ സാന്നിധ്യത്തിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവർ പങ്കെടുത്ത വെർച്വൽ കോൺഫറൻസിൽ ടാറ്റ സൺസ്‌ ചെയർമാൻ എൻ ചന്ദ്രശേഖരനാണ് കരാർ വിവരം പ്രഖ്യാപിച്ചത്. കരാർ രാജ്യത്തെ വ്യോമയാന മേഖലയിലെ സുപ്രധാന ചുവടുവയ്പ്പെന്നാണ് മോദി വിശേഷിപ്പച്ചത്. ഇതിലൂടെ ഇന്ത്യ-ഫ്രഞ്ച് ബന്ധം കൂടുതൽ ദൃഢമാകുമെന്നും മോദി പ്രതികരിച്ചിരുന്നു. കരാറിലൂടെ ഇന്ത്യയും ഫ്രാൻസും തമ്മിൽ തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുതിയ ഘട്ടത്തെ അടയാളപ്പെടുത്തുകയാണെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞത്. 

കരാറിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഇടപാടിനെ സ്വാഗതംചയ്തിരുന്നു. പുതിയ വിമാനങ്ങളുടെ നിർമാണ പ്രവർത്തനങ്ങളിൽ ഏറെയും ബ്രിട്ടണിലാണ് നടക്കുക. കോടികളുടെ നിക്ഷേപവും നിരവധി തൊഴിൽ സാധ്യതയും കരാറിലൂടെ ബ്രിട്ടണിൽ ലഭിക്കുമെന്നും ഇന്ത്യയെ പ്രകീർത്തിച്ചുകൊണ്ട് ഋഷി സുനക് വ്യക്തമാക്കിയിരുന്നു.

വിമാനം വാങ്ങുന്നത്‌ 17 വർഷത്തിനുശേഷം, 6 ലക്ഷം കോടിയുടെ കരാർ

എയർബസിൽനിന്ന് 250 വിമാനങ്ങളും ബോയിങ്ങിൽനിന്ന് 220 വിമാനങ്ങളും വാങ്ങാനാണ് ധാരണ. അടുത്ത പത്തുവർഷം ഇതേ കരാറിന്റെ ഭാഗമായി ആവശ്യമെങ്കിൽ 370 വിമാനങ്ങൾകൂടി അധികമായി വാങ്ങാനും കരാറിൽ വ്യവസ്ഥയുണ്ട്. 470 വിമാനങ്ങൾ വാങ്ങിയ അതേ നിരക്കിൽ തന്നെ 370 വിമാനങ്ങൾ കൂടി വാങ്ങാൻ കഴിയുമെന്ന് ചുരുക്കം. അങ്ങനെയെങ്കിൽ ആകെ 840 വിമാനങ്ങളാകും എയർ ഇന്ത്യയുടെ ഭാഗമാകുക. ടാറ്റ ഏറ്റെടുത്ത ശേഷം പുതിയ വിമാനം വാങ്ങാനുള്ള എയർ ഇന്ത്യയുടെ ആദ്യ ഇടപാടാണിത്. 

17 വർഷങ്ങൾക്ക് ശേഷമാണ് പുതിയ വിമാനങ്ങൾ എയർ ഇന്ത്യയുടെ ഭാഗമാകുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇതിനുമുമ്പ് 2006ലാണ് അവസാനമായി എയർ ഇന്ത്യ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഏർപ്പെട്ടത്. അന്ന് 111 വിമാനങ്ങൾ വാങ്ങിയതിൽ 68 എണ്ണം ബോയിങ്ങിൽ നിന്നും 43 എണ്ണം എയർബസിൽ നിന്നുമായിരുന്നു. എയർ ഇന്ത്യയെ അടിമുടി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി പഴക്കംചെന്ന ഈ വിമാനങ്ങളുടെ സ്ഥാനത്തേക്ക് പുത്തൻ വിമാനങ്ങളുടെ വരവ്.

3,400 കോടി ഡോളർ (2.80 ലക്ഷം കോടി രൂപ) ചെലവിലാണ് ബോയിങ്ങിൽനിന്ന് വിമാനം വാങ്ങുക. ഡോളറിൽ കണക്കാക്കുമ്പോൾ ബോയിങ്ങിന്റെ ഇതുവരെയുള്ളതിൽ മൂന്നാമത്തെ വലിയ കരാറാണിത്. എയർബസുമായുള്ള കരാർ കൂടി ചേരുമ്പോൾ ആകെ ചെലവ് ആറ് ലക്ഷം കോടി രൂപ കടക്കും. ഒന്നിച്ചുള്ള വലിയ ഓർഡർ ആയതിനാൽ തുകയിൽ വലിയ ഇളവും എയർ ഇന്ത്യയ്ക്ക് ലഭിക്കാം. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന നമ്മുടെ അയൽരാജ്യമായ പാകിസ്താൻ ഐഎംഎഫ് സഹായത്തിനായി കൈനീട്ടിയിരിക്കുമ്പോഴാണ് ലക്ഷക്കണക്കിന് കോടി രൂപയ്ക്ക് ഇന്ത്യൻ കമ്പനിയുടെ കരാർ എന്നതും ശ്രദ്ധേയമാണ്. 

ലണ്ടനിലെ ടാറ്റ ഹോട്ടലിൽ മാസങ്ങളോളം രഹസ്യചർച്ച

ആറ് ലക്ഷം കോടി രൂപ വലിയൊരു സംഖ്യയാണ്. ഇത്ര ഉയർന്ന തുക മുടക്കി ഒരു കരാറിൽ ഒപ്പുവെക്കണമെങ്കിൽ അതിന് പിന്നിൽ മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾ നടന്നിട്ടുണ്ടാകണം. കഴിഞ്ഞ വർഷം എയർ ഇന്ത്യയെ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ തന്നെ കരാറിനുള്ള നീക്കങ്ങൾ ടാറ്റ ആരംഭിച്ചിരുന്നുവെന്നാണ് വിവരം.

മാസങ്ങൾ നീണ്ട രഹസ്യചർച്ചകൾക്ക് ശേഷമാണ് കരാറിൽ അന്തിമ തീരുമാനമെടുത്തത്. ഇക്കഴിഞ്ഞ ഡിസംബറോടെ ഇതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലെത്തി. ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിന് സമീപമുള്ള സെന്റ് ജെയിംസ് കോർട്ട് ആഡംബര ഹോട്ടലിലായിരുന്നു ചർച്ചകളുടെ കേന്ദ്രം. ടാറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള ഹോട്ടലാണിത്. ചർച്ചകൾക്കായി വിമാന നിർമാതാക്കളും എൻജിൻ ഭീമൻമാരും ദിവസങ്ങളോളം ഹോട്ടലിൽ തങ്ങിയിരുന്നുവെന്നും ടാറ്റയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. കേരളം, ഗോവ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ സീഫുഡ് വിഭവങ്ങൾക്ക് പേരുകേട്ട ഈ ഹോട്ടലിൽ കഴിഞ്ഞ ഡിസംബറിലെ ഒരുരാത്രിയിൽ അത്താഴവിരുന്നോടെയാണ് സുപ്രധാന ചർച്ചകൾ അവസാനിച്ചത്. 

ഇപ്പോഴുള്ളത് 113 വിമാനം മാത്രം, ഇനി കളിമാറും

470 വിമാനങ്ങൾ എന്നത് ഇത്ര വലിയ സംഖ്യയാണോ? സ്വഭാവികമായും ചിലരെങ്കിലും സംശയിച്ചേക്കാം. എയർ ഇന്ത്യയിൽ ഇപ്പോൾ സർവീസ് നടത്തുന്ന വിമാനങ്ങളുടെ ആകെ എണ്ണം അറിഞ്ഞാൽ പുതിയ കരാർ എത്രത്തോളം വലുതാണെന്ന് ബോധ്യപ്പെടും. 113 വിമാനങ്ങളാണ് നിലവിൽ എയർ ഇന്ത്യയ്ക്കുള്ളത്. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ 26 വിമാനങ്ങൾ കൂടി ചേർത്താലും ആകെ വിമാനങ്ങളുടെ എണ്ണം 140നുള്ളിൽ ഒതുങ്ങും. എയർ ഏഷ്യ, ടാറ്റയ്ക്ക് പങ്കാളിത്തമുള്ള വിസ്താര എന്നിവ കൂടി ചേർന്നാലും എണ്ണം 220നപ്പുറം കടക്കില്ല. ഇതിന്റെ ഇരട്ടിയിയേലറെ വിമാനങ്ങളാണ് പുതുതായി വരുന്നത്. ഇതോടെ എയർ ഇന്ത്യയുടെ ആകെ വിമാനങ്ങളുടെ എണ്ണം 600 കടക്കും. രാജ്യത്തെ ആഭ്യന്തര വിമാനയാത്രാ മേഖലയിൽ ഒന്നാം സ്ഥാനക്കാരായ ഇൻഡിഗോയ്ക്ക് 305 വിമാനമാണുള്ളത്. ഇതിന്റെ ഇരട്ടിയോളം അംഗബലം എയർ ഇന്ത്യ കൈവരിക്കും.

placeholder
എയർ ഇന്ത്യ വിമാനം. photo: UNI

ലോകത്തെ ഏറ്റവും വലിയ വിമാനക്കമ്പനി ഏതാണ്? ഈ ചോദ്യത്തിനുള്ള ഉത്തരം പലതരത്തിൽ നിർവചിക്കാം. വരുമാനം-ആസ്തി-വിപണി വിഹിതം എന്നിവയുടെ അടിസ്ഥാനത്തിൽ അമേരിക്കയിലെ ഡെൽറ്റ എയർലൈൻസാണ് ഒന്നാമത്. യാത്രക്കാരുടെ എണ്ണത്തിൽ ചൈന സതേൺ എയർ ഹോൾഡിങ്‌സും വിമാനങ്ങളുടെ എണ്ണം കണക്കിലെടുത്താൽ അമേരിക്കൻ എയർലൈൻസുമാണ് ആദ്യ സ്ഥാനത്ത്. ഏറ്റവും കൂടുതൽ രാജ്യങ്ങളിലേക്ക് സർവീസുള്ളത് തുർക്കിഷ് എയർലൈൻസിനാണ്. വിമാനങ്ങളുടെ എണ്ണത്തിൽ ഒന്നാമതുള്ള അമേരിക്കൻ എയർലൈൻസിന് 934 വിമാനമുണ്ട്. ഡെൽറ്റാ എയർലൈൻസിന് 910 വിമാനവും അമേരിക്കയിലെ തന്നെ യുണൈറ്റഡ് എയർലൈൻസിന് 861 വിമാനവുമുണ്ട്. 500ലേറെ വിമാനമുള്ള ആറ് കമ്പനികളാണ് ലോകത്തുള്ളത്. ഇക്കൂട്ടത്തിലേക്കാണ് ഇന്ത്യൻ കമ്പനിയായ എയർ ഇന്ത്യയും കടന്നുവരുന്നത്.

2023 അവസാനത്തോടെ കരാർപ്രകാരമുള്ള പുതിയ വിമാനങ്ങൾ എയർ ഇന്ത്യയ്ക്ക് ലഭ്യമായി തുടങ്ങും. 2025 പകുതിയോടെ കൂടുതൽ വിമാനങ്ങളും ഒന്നിച്ചെത്തും. ഇതോടെ ടാറ്റയുടെ കൈപിടിച്ച് എയർ ഇന്ത്യ പറപറക്കുമെന്ന കാര്യത്തിൽ സംശയമില്ല. 

എയർ ഇന്ത്യയുടെ സുപ്രധാന നീക്കത്തോടെ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നാലെ ആഗോള വ്യോമയാന മേഖലയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയായി ഇന്ത്യ മാറും. എയർ ഇന്ത്യയുടെ വികസന പദ്ധതികൾ ഗൾഫ് രാജ്യങ്ങളിലെ വമ്പൻമാരായ എമിറേറ്റ്സിനും ഖത്തർ എയർവേസിനും ഇതിഹാദിനും ഗൾഫ് എയറിനുമാണ് കൂടുതൽ വെല്ലുവിളി ഉയർത്തുക. ഗൾഫിലേക്കുള്ള സർവീസുകളുടെ എണ്ണവും വിമാനത്തിലെ സൗകര്യങ്ങളും വർധിക്കുന്നതോടെ ഇന്ത്യക്കാരായ യാത്രക്കാർ കൂടുതലായി എയർ ഇന്ത്യയെ ആശ്രയിക്കുമെന്ന് കമ്പനി കരുതുന്നു. ചൈനയെ പിന്നിലാക്കി ലോകത്തെ ഏറ്റവും കുടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറാൻ അധികം സമയം വേണ്ടിവരില്ലെന്ന് കണക്കുകൾ. അങ്ങനെയെങ്കിൽ രാജ്യത്തെ വ്യോമയാന വിപണി വീണ്ടും വളരും. ഇതോടെ ഗൾഫ് രാജ്യങ്ങളിലേക്ക് എയർ ഇന്ത്യയുടെ പുതിയ വിമാനങ്ങളും കൂടുതൽ സർവീസുകളും ഇടംപിടിക്കും

placeholder
എമിറേറ്റ്‌സ് വിമാനം. photo: AP

വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർഷംതോറും ഇന്ത്യയിൽ ഏകദേശം 10 ശതമാനത്തോളം വർധനവ് രേഖപ്പെടുത്തുന്നുണ്ടെന്നാണ് കണക്ക്. നിലവിൽ അമേരിക്കയിലേക്കും യൂറോപ്പിലേക്കും പോകുന്ന യാത്രക്കാരുടെ പ്രധാന ട്രാൻസിറ്റ് ഹബ്ബ് ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളാണ്. എയർ ഇന്ത്യയുടെ കരാർ യഥാർഥ്യമാകുന്നതോടെ ഇതിൽ വലിയ മാറ്റം വരും. ഇതുവരെ ദുബായ്, അബുദാബി, ദോഹ വിമാനത്താവളങ്ങൾ പോലെ ഡൽഹി, മുംബൈ വിമാനത്താവളങ്ങൾ ഹബ്ബായി മാറും. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഓസ്‌ട്രേയിലയിലേക്കും നേരിട്ടുള്ള സർവീസുകളുടെ എണ്ണവും കൂടും. ഇത് ആഗോളതലത്തിൽ എയർ ഇന്ത്യയുടെ അടിത്തറ വിപുലപ്പെടുത്തും.

ഇന്ത്യയിൽ രണ്ട് ലക്ഷത്തോളം തൊഴിൽ, പുതിയ വിമാനത്താവങ്ങൾ

137 വിമാനത്താവളങ്ങളാണ്‌ ഇന്ത്യയിലുള്ളത്. ഇതിൽതന്നെ കരിപ്പൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം, കണ്ണൂർ എന്നിവ ഉൾപ്പെടെ 24 എണ്ണം അന്താരാഷ്ട്ര വിമാനത്താവങ്ങളാണ്. അടുത്ത 15 വർഷത്തിനകം രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം നാനൂറിലേക്ക് എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിൽ 50 പുതിയ വിമാനത്താവങ്ങൾക്ക് അനുമതി നൽകിയതും വ്യോമയാന മേഖലയ്ക്ക് കേന്ദ്രസർക്കാർ വലിയ പ്രധാന്യം നൽകുന്നുവെന്നതിന്റെ തെളിവാണ്. അടുത്ത 15 വർഷത്തിനുള്ളിൽ 2000 ത്തോളം വിമാനങ്ങൾ ഇന്ത്യയ്ക്ക് വേണ്ടിവരുമെന്ന് എയർ ഇന്ത്യയുടെ കരാർ പ്രഖ്യാപന വേളയിൽ മോദിയും പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം വിരൽചൂണ്ടുന്നത് വ്യോമയാന മേഖലയിൽ വലിയൊരു കുതിച്ചുചാട്ടത്തിനാണ് ഇന്ത്യ ശ്രമിക്കുന്നു എന്നതാണ്.

എയർ ഇന്ത്യയുടെ വിമാനക്കരാർ അമേരിക്കയിലും ഫ്രാൻസിലും മാത്രമല്ല ഇന്ത്യയിലും ലക്ഷക്കണക്കിന് തൊഴിൽ സാധ്യതകൾ തുറക്കും. നിലവിലുള്ള 113 വിമാനങ്ങൾ പറത്താൻ എയർ ഇന്ത്യയിൽ 1600 പൈലറ്റുമാരാണ് ഉള്ളത്. എയർ ഇന്ത്യ എക്‌സ്പ്രസ്, എയർ ഏഷ്യ എന്നിവയ്ക്ക് 54 വിമാനങ്ങളുണ്ട്. ഇത് പറത്താനായി ഏകദേശം 850 പൈലറ്റുമാരും വിസ്താരയുടെ 53 വിമാനങ്ങങ്ങൾക്കായി 600ലധികം പൈലറ്റുമാരുമുണ്ട്. പുതിയ 470 വിമാനങ്ങൾ സർവീസിന് സജ്ജമാകുന്നതോടെ എയർ ഇന്ത്യയ്ക്ക് 6500 പൈലറ്റുമാരെ ആവശ്യമായി വരും. ഇതിന് പുറമേ കാമ്പിൻ ക്ര്യൂ, സാങ്കേതിക, സാങ്കേതികേതര ജീവനക്കാർ, പരിപാലനം തുടങ്ങിയ അനുബന്ധ മേഖലകളിൽ നേരിട്ടും അല്ലാതെയും ഏകദേശം രണ്ട് ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ധർ പറയുന്നത്. 

placeholder
എയർ ഇന്ത്യ വിമാനം. photo: UNI

വാങ്ങുന്ന വിമാനത്തിന്റെ എണ്ണം, മോഡൽ, കാറ്റഗറി

40എയർബസ് A350വൈഡ് ബോഡി
210എയർബസ് A320/321 നിയോസ്നാരോ ബോഡി
20ബോയിങ് 787വൈഡ് ബോഡി
10ബോയിങ് 777-9വൈഡ് ബോഡി
190ബോയിങ് 737 മാക്‌സ്നാരോ ബോഡി

എയർബസിൽ നിന്ന് വാങ്ങുന്ന 250 വിമാനത്തിൽ 40 എണ്ണം വൈഡ് ബോഡി A350 വിമാനങ്ങളാണ്. ഇതിനുതന്നെ A350 1000, A350 900 എന്നീ രണ്ട് വകഭേദങ്ങളുണ്ട്. ഇതിൽ A350 900 മോഡൽ 350 യാത്രക്കാരെ വഹിക്കും. A350 1000 മോഡൽ 410 യാത്രക്കാരേയും. ബാക്കിയുള്ള 210 എണ്ണം A 320 നിയോ നാരോ ബോഡി വിമാനങ്ങളാണ്. അതിൽ 194 ആണ് സീറ്റിങ് കപ്പാസിറ്റി. പ്രധാനമായും 16 മണിക്കൂറിലേറെ പറക്കേണ്ടി വരുന്ന ദീർഘദൂര റൂട്ടിലാണ് വൈഡ് ബോഡി വിമാനങ്ങൾ ഉപയോഗിക്കുക. അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള ദീർഘദൂര സർവീസുകളുടെ എണ്ണം ഇതോടെ വർധിപ്പിക്കാനാകും.

നാലു മുതൽ അഞ്ചു മണിക്കൂർവരെ യാത്രവരുന്ന സർവീസുകൾക്കാണ് നാരോ ബോഡി വിമാനങ്ങൾ ഉപയോഗിക്കുക. A350 വിമാനത്തിന് റോൾസ് റോയ്‌സിന്റെ എൻജിനാണ് കരുത്തേകുക. ബോയിങ് 777, 787 വിമാനങ്ങളിൽ ജിഇ എയറോസ്‌പോസിന്റെ എൻജിനുകളും മറ്റുള്ളവയിൽ സിഎഫ്എം ഇന്റർനാഷണൽ എൻജിനും ഇടംപിടിക്കും. ഇതിനും കരാറായിട്ടുണ്ട്.

പഴി കേൾക്കാൻ ഇനി എയർ ഇന്ത്യയില്ല

വലിയ പണം നൽകിയാണ് യാത്രയെങ്കിലും അതിനുള്ള മികച്ച സൗകര്യങ്ങളില്ല, സേവനവും അത്ര പോര. നഷ്ടത്തിലോടിയ എയർ ഇന്ത്യയെക്കുറിച്ച് യാത്രക്കാർക്ക് പരാതികൾ പതിവായിരുന്നു. എന്നാൽ ഉടമസ്ഥാവകാശം ടാറ്റ നേടിയതോടെ പഴയപോലെ യാത്രക്കാരുടെ പഴി കേൾക്കാൻ എയർ ഇന്ത്യയ്ക്ക് ഒട്ടും താത്പര്യമില്ല.

നിലവിൽ മിക്ക വിമാനക്കമ്പനികൾക്കും ഇൻ-ഫ്ളൈറ്റ് സൗകര്യങ്ങളും സാങ്കേതിക വിദ്യകളും നൽകുന്നതും ടാറ്റയാണ്. അതിനാൽ സ്വന്തം ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിലെ സൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ അടിമുടി മാറ്റാൻ ടാറ്റയ്ക്ക് അധികം സമയംവേണ്ട. ഇതിനുള്ള ശ്രമങ്ങൾ കമ്പനി ആരംഭിച്ചിട്ടുമുണ്ട്.

സുരക്ഷ, ഉപഭോക്തൃ സേവനം, സാങ്കേതികവിദ്യ, എൻജിനിയറിങ്, നെറ്റ്വർക്ക്, ഹ്യൂമൺ റിസോഴ്‌സ് എന്നിവയിലെല്ലാം എയർ ഇന്ത്യ വലിയൊരു പരിവർത്തന യാത്രയിലാണ്. ഈ മാറ്റത്തിനായി ആധുനികവും കാര്യക്ഷമവുമായ പുതിയ വിമാനങ്ങൾ അടിസ്ഥാന ഘടകമാണെന്നും പുതിയ വിമാനങ്ങൾ എയർ ഇന്ത്യയെ ആധുനിക വത്ക്കരിക്കുമെന്നും വിമാനക്കരാറിന് പിന്നാലെ ടാറ്റ വ്യക്തമാക്കിയിരുന്നു.

പുതിയ വിമാനങ്ങൾ വാങ്ങുന്നതിന് മുമ്പേ പരിഷ്‌കരണത്തിന്റെ ഭാഗമായി എയർഇന്ത്യ ഇതിനകം 11 ബി777 വിമാനങ്ങളും 25 എ 350 വിമാനങ്ങളും വാടകയ്ക്ക് എടുത്തിരുന്നു. കെട്ടിലും മട്ടിലും പൂർണമായൊരു മാറ്റത്തിനാണ് ടാറ്റയുടെ ശ്രമം. കണ്ടുപഴകിയ എയർ ഇന്ത്യയുടെ അകത്തളവും ഇനി മാറും. പൂർണമായും പുതിയ ക്യാമ്പിൻ ഇന്റീരിയർ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ വിമാനങ്ങളിൽ ഉൾപ്പെടുത്തും. 2024 മധ്യത്തോടെ ഈ രീതിയിലുള്ള ആദ്യ എയർ ഇന്ത്യ വിമാനം സർവീസ് തുടങ്ങുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഒരുകാലത്ത് ഇന്ത്യൻ വ്യോമയാന മേഖല അടക്കിവാണിരുന്ന എയർ ഇന്ത്യയ്ക്ക് തിരിച്ചടിയായത് നടത്തിപ്പിലെ പിടിപ്പുകേടായിരുന്നു. നിരക്ക് കുറഞ്ഞ ബജറ്റ് എയർലൈൻസുകളുടെ കടന്നുവരവോടെ പതനത്തിന്റെ ആക്കം കൂടി. എങ്കിലും ഇന്നും രാജ്യത്തെ ആഭ്യന്തര വിപണിയിൽ 26 ശതമാനം പങ്കാളിത്തം എയർ ഇന്ത്യക്കുണ്ട്. പകുതിയിലേറെ വിപണി വിഹിതവുമായി (54.9 ശതമാനം) ബജറ്റ് എയർലൈൻസായ ഇൻഡിഗോ ആണ് ഒന്നാമത്. ഈ മേധാവിത്വം തിരിച്ചുപിടിക്കുക എന്നതും എയർ ഇന്ത്യയുടെ പ്രധാന ലക്ഷ്യമാണ്.

18000 കോടിക്ക് എയർ ഇന്ത്യയെ തിരിച്ചുപിടിച്ച ടാറ്റ

1932-ൽ ജെആർഡി ടാറ്റയുടെ നേതൃത്വത്തിലായിരുന്നു എയർ ഇന്ത്യയുടെ തുടക്കം. 1953ൽ കേന്ദ്രസർക്കാർ ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമാക്കി. നഷ്ടത്തിലായ എയർ ഇന്ത്യയെ നീണ്ട 69 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ വർഷമാണ് ടാറ്റ തിരിച്ചുപിടിച്ചത്. ലേലത്തിൽ 18000 കോടി രൂപ കേന്ദ്രസർക്കാരിന് നൽകിയാണ് മധുരപ്രതികാരംവീട്ടി എയർ ഇന്ത്യയുടെ ഉടമസ്ഥാവകാശം ടാറ്റ വീണ്ടെടുത്തത്.  മുമ്പ് 1990 കാലഘട്ടത്തിൽ സിംഗപ്പൂർ എയർലൈൻസുമായി ചേർന്ന് ഇന്ത്യയിൽ വിമാനകമ്പനിക്ക് ടാറ്റ ശ്രമിച്ചിരുന്നെങ്കിലും അന്ന് അതിന് അനുമതി ലഭിച്ചില്ല. അതേ ടാറ്റ തന്നെ ഇന്ത്യയുടെ ഔദ്യോഗിക വിമാന സർവീസിനെ തിരിച്ചുപിടിച്ചു.

placeholder
എയർ ഇന്ത്യ വിമാനം. photo: ANI

ഏകദേശം എഴുപതിനായിരം കോടിയുടെ സഞ്ചിത നഷ്ടമുണ്ടാക്കിയ എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിക്കുന്നത് 2017ലാണ്. നഷ്ടം സഹിച്ച് ഇനിയും മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന് കണ്ട് 2020 ഡിസംബറിലാണ് എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ തീരുമാനിച്ചത്. അവസാന റൗണ്ടിൽ സ്പൈസ് ജെറ്റിനെ മറികടന്നാണ് എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയത്. ടാറ്റ 18000 കോടി ക്വാട്ട് ചെയ്തപ്പോൾ സ്പൈസ് ജെറ്റ് ലേലത്തിൽ വിളിച്ചത് 15100 കോടി രൂപയായിരുന്നു. 18000 കോടിയുടെ ഇടപാടായിരുന്നെങ്കിലും 2700 കോടി മാത്രമാണ് കേന്ദ്ര സർക്കാരിന് ലഭിച്ചത്. ബാക്കി തുക എയർ ഇന്ത്യയുടെ കടമാണ്. അത് ടാറ്റ ഏറ്റെടുത്തു.

പുതിയ വിമാനങ്ങൾ ഉൾപ്പെടെ എത്തിച്ച് വ്യോമയാന രംഗത്ത് എയർ ഇന്ത്യ ടോപ് ഗിയറിൽ മുന്നേറ്റം ആരംഭിച്ചതിനാൽ രാജ്യത്തെ മറ്റു ബജറ്റ് എയർലൈൻസുകളും പരിഷ്‌ക്കരണ നടപടികൾക്ക് വേഗം കൂട്ടും. ടാറ്റയുമായുള്ള മത്സരത്തിനായി പുതിയ വിമാനങ്ങൾ വാങ്ങി അവരും കൂടുതൽ ഇടങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കും. ഇതുവഴി രാജ്യത്തെ സാമ്പത്തിക രംഗത്തും തൊഴിൽ മേഖലയിലും തുടർന്നും കാതലായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.