
അബുദാബി : വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് പ്രവാസലോകത്തുനിന്ന് സഹായമൊഴുകുന്നു. ദുരന്തത്തിലകപ്പെട്ട് അനാഥരായ എല്ലാകുട്ടികളെയും ദത്തെടുക്കാനും അവരെ വളർത്താനും അബുദാബി ആസ്ഥാനമായ അഹല്യ മെഡിക്കൽ ഗ്രൂപ്പ് സന്നദ്ധത പ്രകടിപ്പിച്ചു. കുട്ടികൾക്കുവേണ്ട വിദ്യാഭ്യാസം അവർ ആഗ്രഹിക്കുന്നതലംവരെ നൽകാനും ഗ്രൂപ്പ് സന്നദ്ധത പ്രകടിപ്പിച്ചു. അഹല്യ മെഡിക്കൽ ഗ്രൂപ്പിന്റെ പാലക്കാട് കാംപസിൽ പ്രവർത്തിക്കുന്ന അഹല്യ ചിൽഡ്രൻസ് വില്ലേജിലേക്കാണ് കുട്ടികളെ ദത്തെടുക്കാൻ തീരുമാനിച്ചത്. ഇതിനുവേണ്ടിയുള്ള നിയമപരമായ അനുവാദത്തിനായി കേരളസർക്കാരുമായും, വയനാട് ജില്ലാ ഭരണകൂടവുമായും ചർച്ചകൾ തുടങ്ങിയതായും അഹല്യ മെഡിക്കൽ ഗ്രൂപ്പ് അറിയിച്ചു. അഹല്യ ചിൽഡ്രൻസ് വില്ലേജുമായി 9544000122 എന്നനമ്പറിൽ ബന്ധപ്പെടാം.
വയനാട്ടിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകുമെന്ന് ആരോഗ്യസംരക്ഷണ സേവനദാതാക്കളായ മെഡ് 7 ഗ്രൂപ്പ് പ്രഖ്യാപിച്ചു. ഉരുൾപൊട്ടലിൽ ജീവൻനഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഗ്രൂപ്പ് ചെയർമാൻ ജുനൈദ് ആനമങ്ങാടൻ അനുശോചനമറിയിച്ചു.
അബുദാബി കേരള സോഷ്യൽ സെന്റർ 10 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയെ ഏൽപ്പിച്ചു. ഇത്തരത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ സംഘടനകൾ പണമയയ്ക്കും.
റാസൽഖൈമയിലെ കേരളസമാജവും കോൺഗ്രസ് അനുഭാവികളും ഓരോ വീടുവീതം നിർമിച്ചുനൽകും. ഒട്ടേറെപ്പേർ വ്യക്തിപരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സാമ്പത്തികസഹായം നൽകുന്നുണ്ട്.
പുനരധിവാസത്തിനായി സർക്കാർ സ്ഥലംകണ്ടെത്തിയാൽ വീട് നിർമിച്ചുനൽകാൻ പ്രവാസികളുടെ ഭാഗത്തുനിന്ന് കൂടുതൽപ്പേർ മുന്നോട്ടുവരുന്നുണ്ട്.
ഗ്രാമീണകൂട്ടായ്മകൾ, സമുദായസംഘടനകൾ, ആധ്യാത്മികസമിതികൾ, കലാപ്രവർത്തകരുടെ കൂട്ടായ്മകൾ, ജീവകാരുണ്യപ്രവർത്തകർ തുടങ്ങിയവരെല്ലാം ശരാശരി ഒരുവീടെങ്കിലും നിർമിച്ചുനൽകാനും തീരുമാനമെടുക്കുന്നുണ്ട്. ഇതുസംബന്ധിച്ച കൂട്ടായ്മകളുടെ യോഗം നടന്നുകൊണ്ടിരിക്കുന്നു. പലരും നാട്ടിലായതിനാൽ ഓൺലൈനിലാണ് യോഗംചേരുന്നത്.
ചെറിയസംഘടനകൾ അവശ്യവസ്തുക്കൾ പരമാവധി ശേഖരിച്ചുകൊണ്ട് വയനാട്ടിലേക്കയക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കളക്ടർ, റവന്യുവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ അനുമതിയോടെമാത്രമേ ഇപ്രാവശ്യം സാധനങ്ങൾ അയക്കേണ്ടതുള്ളൂവെന്നാണ് സംഘടനകളുടെ തീരുമാനം.
Content Highlights: Wayanad Landslide relief fund from diaspora
Published: 06 Aug 2024, 02:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented