കൊച്ചി: വയനാട് ദുരന്തത്തിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേന്ദ്രം വയനാടിന് പണം നല്‍കില്ലെന്ന് ധാര്‍ഷ്ട്യം കാണിക്കുമ്പോള്‍ സംസ്ഥാനം കാണുന്നത് സര്‍ക്കാരില്ലായ്മയാണ്. ദുരന്തമുണ്ടായി നാലര മാസം കഴിഞ്ഞിട്ടും പുനരധിവാസത്തിനുള്ള സ്ഥലം പോലും കണ്ടുപിടിക്കാന്‍ സാര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ തയാറാക്കിയ ദുരിതബാധിതരുടെ പട്ടിക പോലും അബദ്ധമാണ്. വളരെ ചുരുക്കും ആളുകളെ ഉള്‍പ്പെടുത്തി തയാറാക്കിയ പട്ടികയില്‍ പോലും നൂറ് പേരുടെ പേരുകള്‍ ഇരട്ടിപ്പാണ്. എല്‍.പി. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളെ ഏല്‍പ്പിച്ചാല്‍ പോലും അവര്‍ ഇതിലും നന്നായി ഈ പട്ടിക തയറാക്കി നല്‍കുമായിരുന്നു. ഒട്ടും സുഷ്മതയില്ലാതെയാണ് സര്‍ക്കാര്‍ ഇത് കൈകാര്യം ചെയ്യുന്നതെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
നാല് മന്ത്രിമാര്‍ക്കായിരുന്നു വയനാടിന്റെ ചുമതല. പ്രധാനമന്ത്രി വന്നുപോയതിന് ശേഷം ഇതില്‍ ഒരാള്‍ പോലും വയനാട്ടിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ഈ നാല് മന്ത്രിമാരും ഒരുമിച്ച് വയനാട്ടില്‍ പോയിട്ടുപോലുമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ആരംഭശൂരത്വം മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്ന് തെളിയിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വയനാട് പുനരധിവാസത്തില്‍ അടിയന്തരമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തണം. മൈക്രോ ഫാമിലി പാക്കേജുകള്‍ പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. കാലതാമസമുണ്ടായത് ദൗര്‍ഭാഗ്യകരമാണെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ഞങ്ങളുടെ സമീപനം ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രിയങ്ക ഗാന്ധിക്കെതിരെ വിജയരാഘവന്‍ നടത്തിയ പ്രസ്താവനയെയും അദ്ദേഹം വിമര്‍ശിച്ചു. സി.പി.എം. കുറെ നാളായി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംഘപരിവാറിനെ സന്തോഷിപ്പിക്കുന്ന രാഷ്ട്രീയ തീരുമാനങ്ങളാണെടുക്കുന്നത്. നാലുക്ഷത്തിലധികം വോട്ടുകള്‍ക്ക് ജയിച്ച പ്രിയങ്ക ഗാന്ധി വര്‍ഗിയവാദികളുടെ വോട്ടുകൊണ്ടാണ് ജയിച്ചതെന്ന് വിജയരാഘവന്‍ അല്ലാതെ വേറെയാരെങ്കിലും പറയുമോയെന്നും വി.ഡി. സതീശന്‍ ചോദിച്ചു.
ഡല്‍ഹിയില്‍ സംഘപരിവാറിന് സംസാരിക്കാന്‍ വിഷയം ഉണ്ടാക്കി കൊടുക്കുകയാണ് വിജയരാഘവന്‍ ചെയ്തത്. ഇതുതന്നെയാണ് ഡല്‍ഹിയില്‍ അവരും പറയാന്‍ പോകുന്നത്. പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ വിജയരാഘവന്‍ അല്ലാതെ വേറെയാരെങ്കിലും പറയുമോ. എന്തും പറയാന്‍ സി.പി.എമ്മും പിണറായിയും വിജയരാഘവനെ ഉപയോഗിക്കുകയാണ്. സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന രീതിയിലാണ് സി.പി.എം. ഇപ്പോള്‍ വര്‍ഗീയ പ്രചരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: VD Satheesan slams Kerala govt slow response to Wayanad flood relief
Published: 22 Dec 2024, 11:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented