ദുബായ്: ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസൺ ആരംഭിക്കാനിരിക്കെ, വ്യാജ ടിക്കറ്റ് പാക്കേജുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്ന വ്യാജ വെബ്സൈറ്റുകൾക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കുമെതിരെ മുന്നറിയിപ്പുമായി ദുബായ് പോലീസ്. സീസൺ 31 വി.ഐ.പി പാക്കുകൾക്കുള്ള ഡിമാൻഡ് മുതലെടുത്ത് വ്യക്തിഗത വിവരങ്ങളും പണവും തട്ടിയെടുക്കാൻ സൈബർ കുറ്റവാളികൾ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ജാഗ്രതാ നിർദ്ദേശം.

To advertise here,

ഗ്ലോബൽ വില്ലേജ് വി.ഐ.പി പാക്കുകൾ കോക്കകോള അറീനയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമാണ് വിതരണം ചെയ്യുന്നത്. സെപ്റ്റംബർ 21 മുതൽ 25 വരെ പ്രീ-സെയിലും, സെപ്റ്റംബർ 26 മുതൽ പൊതുജനങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പനയും ആരംഭിക്കും. എല്ലാ വർഷവും ഗ്ലോബൽ വില്ലേജ് പാക്കേജുകൾ പ്രഖ്യാപിക്കുന്ന സമയത്ത് ഇത്തരം സൈബർ തട്ടിപ്പുകൾ വീണ്ടും പ്രത്യക്ഷപ്പെടാറുണ്ടെന്ന് ദുബായ് പോലീസ് വ്യക്തമാക്കി.

ഔദ്യോഗിക പേജുകൾക്ക് സമാനമായ വ്യാജ സൈറ്റുകളും സോഷ്യൽ മീഡിയ പേജുകളും നിർമിച്ചാണ് തട്ടിപ്പുകാർ ആളുകളെ ആകർഷിക്കുന്നത്. ഇവ വഴി ഇടപാടുകൾ നടത്തുമ്പോൾ ബാങ്ക് വിവരങ്ങളും പണവും നഷ്ടപ്പെടാൻ സാധ്യതയേറെയാണ്.

വിപണി നിരക്കിലും വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന പാക്കേജ് ഓഫറുകളിൽ വീഴരുത്. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അജ്ഞാത അക്കൗണ്ടുകൾ പിന്തുടരുകയോ ചെയ്യരുത്. ടിക്കറ്റുകളും പാക്കേജുകളും ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ വഴി മാത്രം വാങ്ങുക.

സംശയാസ്പദമായ വെബ്സൈറ്റുകളോ വ്യാജ സോഷ്യൽ മീഡിയ ലിങ്കുകളോ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പോലീസിന്റെ ഇ-ക്രൈം പ്ലാറ്റ്ഫോം വഴിയോ 901 എന്ന നമ്പറിൽ ബന്ധപ്പെട്ടോ ഉടനടി വിവരമറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. കൃത്യസമയത്തുള്ള പരാതികൾ സൈബർ കുറ്റകൃത്യങ്ങൾ തടയാനും മറ്റുള്ളവരെ തട്ടിപ്പിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും.