ദുബായ് : ദുബായിലെ തൊഴിലാളി താമസകേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്ലാനിങ് മാനദണ്ഡങ്ങൾ ഓർമ്മിപ്പിച്ച് ദുബായ് മുൻസിപ്പാലിറ്റി. പുതിയ നിർദേശങ്ങൾ പ്രകാരം താമസമുറികളിൽ ഒരു വ്യക്തിക്ക് കുറഞ്ഞത് 3.7 ചതുരശ്രമീറ്റർ വിസ്തീർണമുള്ള കിടപ്പുമുറി സൗകര്യം നിർബന്ധമായും നൽകിയിരിക്കണം. ഇതിനുപുറമെ വിനോദത്തിനും വ്യായാമത്തിനുമായി ഒരാൾക്ക് 0.75മുതൽ 1.5 ചതുരശ്ര മീറ്റർവരെ തുറസ്സായസ്ഥലവും വിനോദ സൗകര്യങ്ങളുമൊരുക്കണമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കുന്നു.

To advertise here,

തൊഴിലാളി മേഖലകളുടെ വികസനവും ഇൻഫ്രാസ്ട്രക്ചർ നവീകരണവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന തന്ത്രപ്രധാന പദ്ധതികളുടെ ഭാഗമായാണ് ദുബായ് മുൻസിപ്പാലിറ്റി ഈ മാനദണ്ഡങ്ങൾ ഓർമ്മിപ്പിച്ചത്. 2020-ലെ അഡ്മിനിസ്‌ട്രേറ്റീവ് റെസല്യൂഷൻ പ്രകാരം നിലവിലുള്ളതാണ് ഈ 3.7 ചതുരശ്ര മീറ്റർ വിസ്തീർണ നിയമമെങ്കിലും, പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഇത് വീണ്ടും ഊന്നിപ്പറഞ്ഞത്.

നവീകരണ പദ്ധതിയുടെ ഭാഗമായി ഇതുവരെ 1,417-ലധികം ലേബർ അക്കമഡേഷൻ കെട്ടിടങ്ങൾ സർവേ നടത്തി വിലയിരുത്തി. ഉയർന്നനിലവാരം പുലർത്തുന്ന 19 താമസകേന്ദ്രങ്ങൾക്ക് പ്ലാറ്റിനം (3 എണ്ണം), ഗോൾഡ് (9 എണ്ണം), സിൽവർ (7 എണ്ണം) എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളാക്കി ആദരിച്ചു.

വിവിധ മേഖലകളിലെ ഭൗതിക സാഹചര്യങ്ങളും വികസന ആവശ്യങ്ങളും കൃത്യമായി മനസ്സിലാക്കാൻ ദുബായ് മുൻസിപ്പാലിറ്റി ഏകീകൃത ഗവൺമെന്റ് ഡേറ്റാബേസിന് രൂപം നൽകിയിട്ടുണ്ട്.

തൊഴിലാളികൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ജീവിതാന്തരീക്ഷം ഉറപ്പാക്കുന്ന ദുബായിയുടെ ‘വർക്കേഴ്സ് അക്കമഡേഷൻ പോളിസി’ നടപ്പാക്കുന്നതിന് ഈ നടപടികൾ വൻ കരുത്താകുമെന്ന് അധികൃതർ വ്യക്തമാക്കി.