ലൈസന്‍സില്ലാത്ത ഏജന്‍സികള്‍ വഴിയുള്ള റിക്രൂട്ട്മെന്റ് വന്‍ തട്ടിപ്പിലേക്ക് നയിച്ചേക്കാം

ദുബായ്: സോഷ്യൽ മീഡിയകളിലും മറ്റും കുറഞ്ഞ നിരക്കിൽ ഗാർഹിക തൊഴിലാളികളെ വാഗ്ദാനം ചെയ്തുകൊണ്ട് പ്രത്യക്ഷപ്പെടുന്ന വ്യാജ പരസ്യങ്ങൾക്കും ലൈസൻസില്ലാത്ത റിക്രൂട്ട്മെന്റ് ഓഫീസുകൾക്കുമെതിരെ നിവാസികൾക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്. ആകർഷകമായ വിലക്കുറവും ഓഫറുകളും വാഗ്ദാനം ചെയ്ത് നടത്തുന്ന ഇത്തരം തട്ടിപ്പുകൾ വലിയ സാമ്പത്തിക നഷ്ടത്തിനും മറ്റ് സുരക്ഷാ ഭീഷണികൾക്കും കാരണമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
ശനിയാഴ്ച സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ബോധവൽക്കരണ വീഡിയോയിലാണ് ദുബായ് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയത്. ലൈസൻസില്ലാത്ത ഏജൻസികളിലൂടെയോ വ്യാജപരസ്യങ്ങൾ വഴിയോ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. അജ്ഞാതമായ പരസ്യങ്ങളിൽ വിശ്വസിച്ച് പണം കൈമാറുന്നത് തട്ടിപ്പുകാർ പണം തട്ടിയെടുക്കാൻ ഇടയാക്കും. കൂടാതെ, അനധികൃതമായി എത്തുന്ന തൊഴിലാളികൾ വീടുകളിൽ മോഷണമോ മറ്റ് സുരക്ഷാ ഭീഷണികളോ ഉണ്ടാക്കിയാൽ നിയമപരമായ സംരക്ഷണം ലഭിക്കില്ല.
പ്രാരംഭഘട്ടത്തിൽ കുറഞ്ഞ തുക മാത്രം ഈടാക്കുന്ന പരസ്യങ്ങൾ കണ്ട് വഞ്ചിക്കപ്പെടരുത്. ഇത്തരം തട്ടിപ്പുകളിൽ അകപ്പെടുന്നത് പിന്നീട് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കും. ഏതെങ്കിലും റിക്രൂട്ട്മെന്റ് ഏജൻസികളുമായി കരാറിൽ ഏർപ്പെടുന്നതിനോ പണം കൈമാറുന്നതിനോ മുൻപ്, ആ സ്ഥാപനത്തിന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരമുണ്ടോ എന്ന് പരിശോധിക്കണം.
മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അംഗീകൃത റിക്രൂട്ട്മെന്റ് ഏജൻസികളുടെ പട്ടിക ലഭ്യമാണ്. ഔദ്യോഗിക സ്രോതസ്സുകൾ മാത്രം ഉപയോഗിച്ച് സുരക്ഷിതമായ രീതിയിൽ തൊഴിലാളികളെ നിയമിക്കണമെന്ന് ദുബായ് പോലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Published: 19 Sept 2026, 06:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented