ദുബായ്: മനുഷ്യരില്‍ മൃഗങ്ങളുടെ അവയവങ്ങളും ലബോറട്ടറികളില്‍ കൃത്രിമമായി നിര്‍മിച്ച അവയവങ്ങളും ഉപയോഗിക്കുന്നതില്‍ കര്‍ശനമായ നിയമം അവതരിപ്പിച്ച് യുഎഇ. ഇത്തരം ശസ്ത്രക്രിയകള്‍ക്ക് കര്‍ശനമായ ഉപാധികളോടെ അനുമതി നല്‍കും. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ച ഫെഡറല്‍ നിയമത്തിലാണ് സുപ്രധാന പരിഷ്‌കാരം. അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കായി മനുഷ്യ അവയവങ്ങള്‍ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ അവസരമൊരുക്കുന്നതാണ് പുതിയ നിയമം.

To advertise here,

മൃഗങ്ങളുടെ അവയവങ്ങളോ അല്ലെങ്കില്‍ ലാബുകളില്‍ വികസിപ്പിച്ചെടുത്ത കൃത്രിമ അവയവങ്ങളോ മാറ്റിവയ്ക്കാനായി ഉപയോഗിക്കാം. എന്നാല്‍ ഇതിനായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക ലൈസന്‍സ് നിര്‍ബന്ധമാണ്. രോഗിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ക്ലിനിക്കല്‍, ലബോറട്ടറി പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും രോഗിയില്‍ നിന്ന് കൃത്യമായ സമ്മതപത്രം വാങ്ങുകയും വേണം. മനുഷ്യ അവയവങ്ങളുടെ കടത്ത് തടയുന്നതിനുള്ള കര്‍ശന നിര്‍ദ്ദേശങ്ങളും പുതിയ നിയമത്തിലുണ്ട്. ത്രീഡി ബയോ പ്രിന്റിങ് പോലുള്ള നൂതന സാങ്കേതികവിദ്യകള്‍ക്കും പ്രോത്സാഹനം നല്‍കുന്നതാണ് നിയമം.

മനുഷ്യനില്‍ മൃഗങ്ങളുടെ അവയവങ്ങള്‍, ത്രിഡി പ്രിന്റ് ചെയ്ത അവയവങ്ങള്‍, കൃത്രിമമായി നിര്‍മിച്ച ടിഷ്യൂകള്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ രാജ്യം ഒരുങ്ങുന്ന സാഹചര്യത്തിലാണ് സുരക്ഷ, ധാര്‍മികത, മെഡിക്കല്‍ മേല്‍നോട്ടം എന്നിവ ഉറപ്പാക്കാന്‍ കര്‍ശനമായ നിയമങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. കൃത്രിമ അവയവങ്ങളും മൃഗങ്ങളുടെ അവയവങ്ങളും മനുഷ്യനില്‍ പരീക്ഷിക്കുന്നത് സംബന്ധിച്ച് കൃത്യമായ നിയമ ചട്ടക്കൂട് നിര്‍മിക്കുന്നത് ഇതാദ്യമായാണ്. മൃഗങ്ങളില്‍ നിന്ന് അവയവങ്ങള്‍ നീക്കുന്നതിനും മനുഷ്യനില്‍ അവ ഉപയോഗിക്കുന്നതിനും ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും പ്രാദേശിക ആരോഗ്യ അതോറിറ്റികളില്‍ നിന്നും അനുമതി വാങ്ങിയിരിക്കണം. നിയമം ലംഘിച്ചാല്‍ ജയില്‍ ശിക്ഷയും ഒരു ലക്ഷത്തിനും 20 ലക്ഷം ദിര്‍ഹമിനും ഇടയിലുള്ള പിഴയും ചുമത്തും.

കൃത്രിമ അവയവങ്ങള്‍ മാറ്റിവെക്കുന്നതിന് മുമ്പ് അവ മനുഷ്യന് എത്രമാത്രം സുരക്ഷിതമാണോ എന്നും ഫലവത്താണോ എന്നും തെളിയിക്കുന്ന അംഗീകൃത ക്ലിനിക്കുകളില്‍ നിന്നും ലാബുകളില്‍ നിന്നുമുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. രോഗിക്ക് അവയവം യോജിച്ചതാണോ എന്ന് വിഗദ്ധ ഡോക്ടര്‍ ഉറപ്പുവരുത്തുകയും വേണം. കൂടാതെ അവയവം മാറ്റിവെക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ സ്ഥിതിയെ കുറിച്ച് രോഗിയേയും ബന്ധുക്കളേയും അറിയിക്കുകയും വേണം. മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് മുമ്പ് ഓരോ നടപടികളും പ്രത്യേക കമ്മിറ്റിയുടെ അംഗീകാരം നേടിയിരിക്കണം. ഇതിനായുള്ള പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.