ദുബായ്: അബുദാബിയിലെയും അൽ ഐനിലെയും ജനങ്ങൾക്ക് പ്രാഥമിക ആരോഗ്യസേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി പ്യൂർഹെൽത്തിന്റെ പ്രമുഖ നെറ്റ്വർക്കായ സേഹ ക്ലിനിക്കുകൾ വിപുലീകരിക്കുന്നു. ഈ വർഷം 22 പുതിയ ക്ലിനിക്കുകളും അപ്ഗ്രേഡ് ചെയ്ത കേന്ദ്രങ്ങളും മൊബൈൽ ഹെൽത്ത്കെയർ യൂണിറ്റുകളുമാണ് ആരംഭിക്കുന്നത്. ആറ് പുതിയ പ്രൈമറി ഹെൽത്ത് ക്ലിനിക്കുകൾ, മൂന്ന് വിസ സ്‌ക്രീനിംഗ് സെന്ററുകൾ, ആറ് മൊബൈൽ ഹെൽത്ത് യൂണിറ്റുകൾ, കൂടാതെ അഞ്ച് നിലവിലുള്ള ക്ലിനിക്കുകളുടെ വിപുലീകരണവും രണ്ടെണ്ണത്തിന്റെ പുനരാരംഭവും ഇതിൽ ഉൾപ്പെടുന്നു. അബുദാബിയിലെ ജനസംഖ്യാ വർധനവും പുതിയ നഗരപ്രദേശങ്ങളുടെ വികാസവും കണക്കിലെടുത്താണ് ഈ സുപ്രധാന നടപടി.
ജനങ്ങളുടെ താമസസ്ഥലങ്ങൾക്ക് സമീപം തന്നെ പ്രാഥമിക ആരോഗ്യ പരിരക്ഷ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ദീർഘദൂരം യാത്ര ചെയ്യാതെ തന്നെ നിത്യേനയുള്ള പരിശോധനകൾ, പ്രതിരോധ സ്‌ക്രീനിംഗുകൾ, വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനങ്ങൾ എന്നിവ ഉറപ്പാക്കാൻ ഇത് താമസക്കാരെ സഹായിക്കും. അബുദാബി ആരോഗ്യ വകുപ്പിന്റെ സുസ്ഥിരവും രോഗപ്രതിരോധത്തിലൂന്നിയതുമായ ആരോഗ്യനയങ്ങൾക്ക് പിന്തുണ നൽകുന്നതാണ് ഈ വിപുലീകരണമെന്ന് പ്യൂർഹെൽത്ത് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഷെയ്‌സ്ത ആസിഫ് പറഞ്ഞു. പ്രാദേശിക ക്ലിനിക്കുകളുടെ ശേഷി വർധിപ്പിക്കുന്നതിലൂടെ രോഗങ്ങൾ നേരത്തെ കണ്ടെത്താനും നിരന്തരമായ പരിചരണം ഉറപ്പാക്കാനും സാധിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി.
അൽ റൗദ, സാദിയാത്ത് ഐലൻഡ്, അൽ ദഫ്രയിലെ ലിവ എന്നിവിടങ്ങളിൽ പുതിയ കേന്ദ്രങ്ങൾ ഇതിനകം തന്നെ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങൾ അബുദാബിയിൽ പ്രവർത്തനസജ്ജമാകും. വെയർഹൗസുകളിലും വിദൂര ജനവാസ മേഖലകളിലും നേരിട്ടെത്തി ആരോഗ്യസേവനങ്ങൾ നൽകാൻ പ്യൂർഹെൽത്ത് കമ്പനിയായ വൺഹെൽത്ത് രൂപകൽപ്പന ചെയ്ത മൊബൈൽ ഹെൽത്ത് യൂണിറ്റുകൾക്ക് സാധിക്കും. കൂടാതെ, കുടുംബാരോഗ്യം, പീഡിയാട്രിക്‌സ്, കാർഡിയോളജി ഉൾപ്പെടെ 20-ലധികം വിഭാഗങ്ങളിലായി തൊണ്ണൂറിലധികം പ്രമുഖ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും ഈ ക്ലിനിക്കുകളിൽ ലഭ്യമാണ്. വർഷത്തിൽ 365 ദിവസവും പ്രവർത്തിക്കുന്ന ഈ കേന്ദ്രങ്ങളിൽ അത്യാധുനിക കൃത്രിമബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡേറ്റാ അധിഷ്ഠിത രോഗനിർണ്ണയ സംവിധാനങ്ങളും കണ്ണുകളുടെ പരിശോധനയ്ക്കുള്ള അന്താരാഷ്ട്ര സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
സേഹ ക്ലിനിക്കുകളിലെ സേവനങ്ങൾ തേടിയെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഔട്ട്‌പേഷ്യന്റ് വിഭാഗത്തിൽ 41 ലക്ഷം സന്ദർശനങ്ങളാണ് നടന്നത്. ഇത് മുൻവർഷത്തേക്കാൾ 14.5 ശതമാനം കൂടുതലാണ്. കൂടാതെ 14 ലക്ഷം വിസ സ്‌ക്രീനിംഗുകളും വിജയകരമായി പൂർത്തിയാക്കി. നിലവിൽ 24 ലക്ഷത്തിലധികം ആളുകൾക്ക് സേഹ നെറ്റ് വർക്ക് ആരോഗ്യപരിരക്ഷ നൽകുന്നുണ്ട്. യു.എ.ഇയുടെ 2026 'വർഷം കുടുംബത്തിന്'
നൽകുന്ന പ്രാധാന്യത്തിന് അനുസൃതമായി കുടുംബങ്ങൾക്ക് അവരുടെ തൊഴിലിടങ്ങൾക്കും വീടുകൾക്കും സമീപം തന്നെ അന്താരാഷ്ട്ര നിലവാരമുള്ള സൌകര്യങ്ങൾ ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സേഹ ക്ലിനിക്കുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. ഖദീജ അൽ മറാഷ്ദ വ്യക്തമാക്കി.
Published: 22 Sept 2026, 04:38 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented