ദുബായ് : അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ആൻഡ് ഡെന്റൽ ഗ്രാജ്വേറ്റ്‌സ് (എ.കെ.എം.ജി) എമിറേറ്റ്‌സും ദുബായ് ഇന്ത്യൻ കോൺസുലേറ്റും സംയുക്തമായി നടപ്പാക്കുന്ന 'ക്ലിയർ' കാംപെയ്ൻ (കമ്യൂണിറ്റി ലേണിങ് ഓൺ ആൽക്കഹോൾ റിസ്ക്‌സ് ) എന്ന ബോധവത്കരണപരിപാടിക്ക് തുടക്കമായി. തൊഴിലാളികളിൽ മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുകയും ആരോഗ്യകരമായ ജീവിതത്തിനായി അവരെ പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇന്ത്യൻ കോൺസൽ ജനറൽ ഡോ. വിഷ്ണുവർധൻ റെഡ്ഡി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

To advertise here,

എ.കെ.എം.ജി. എമിറേറ്റ്‌സ് പ്രസിഡന്റ് ഡോ. സുഗു മലയിൽ കോശി അധ്യക്ഷത വഹിച്ചു. ഡോ. നിത സലാം, ഡോ. ഫിറോസ് ഗഫൂർ, ഡോ. പങ്കജം ഇന്ദ്രജിത്, ഡോ. നിർമല രഘുനാഥൻ, ഡോ. നയീം മൊയ്തീൻ എന്നിവർ സംസാരിച്ചു. ഡോക്ടർമാരായ ജമാലുദ്ദീൻ അബൂബക്കർ, ആരിഫ് കണ്ടോത്ത്, ഫാത്തിമ ഫയസ്, ശ്രീകുമാർ നായർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

നിലവിൽ പുരോഗമിക്കുന്ന വേനൽക്കാല ആരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങളിൽ സജീവമായി നേതൃത്വം നൽകിയ ഡോ. അർച്ചന നായർ, ഡോ. മിനി ജോൺ പനമ്പള്ളി, ഡോ. വിനീത്ത് സക്കറിയ, ഡോ. സബീന അലി, ഡോ. എലിസബത്ത് കുര്യൻ, ഡോ. സോണിയ ശശിധരൻ, ഡോ. പ്രേമ ഏബ്രഹാം, ഡോ. ഫാത്തിമ ഫയസ് എന്നിവരെ കോൺസൽ ജനറൽ അനുമോദിച്ചു. തുടർന്ന് ‘സെന്തമിഴ് സന്ധ്യ’ എന്ന പേരിൽ ഡോക്ടർമാരുടെയും കുടുംബാംഗങ്ങളുടെയും കലാസന്ധ്യ സംഘടിപ്പിച്ചു.

വിവിധ ലേബർ ക്യാമ്പുകളിൽ എം.കെ.എം.ജി. ഡോക്ടർമാർ, ആരോഗ്യപ്രവർത്തകരുടെയും സാമൂഹികസംഘടനകളുടെയും സഹകരണത്തോടെ മദ്യത്തിന്റെ ആരോഗ്യപരവും സാമൂഹികവുമായ ദോഷങ്ങളെക്കുറിച്ചുള്ള ബോധവത്കരണപരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.