ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് സംഘടിപ്പിക്കുന്ന "ഓണത്താളം 2026" സെപ്റ്റംബർ 6 ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടക്കും. കൈരളി പ്രവർത്തകർ ഒരുക്കുന്ന മനോഹരമായ ഓണപ്പൂക്കളത്തോടെ ഓണത്താളം 2026-ന് തുടക്കംകുറിക്കും. വിവിധ കലാരൂപങ്ങളുടെയും വർണ്ണ കുടകളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായി മാവേലിയെ ആഘോഷവേദിയിലേക്ക് ആനയിക്കും. തുടർന്ന് ശിങ്കാരിമേളം, നൃത്തനൃത്യങ്ങൾ, തിരുവാതിര, ഗാനമേള എന്നി കലാപരിപാടികളും സാംസ്കാരിക സദസ്സും ഓണാഘോഷ പരിപാടിയുടെ ഭാഗമായി അരങ്ങേറും.

To advertise here,

ഓണത്താളം 2026-ന്റെ പോസ്റ്റർ പ്രകാശനം ഫുജൈറ കൈരളി ഓഫീസിൽ നടന്നു. ലോക കേരള സഭാംഗം ലെനിൻ ജി. കുഴിവേലി പ്രകാശനം നിർവഹിച്ചു. കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുജിത് വി.പി., പ്രസിഡന്റ് വിൽസൺ പട്ടാഴി, ഫുജൈറ യൂണിറ്റ് ആക്ടിങ് പ്രസിഡന്റ് ജുനൈസ്, ആക്ടിങ് സെക്രട്ടറി നിഷാൻ പിലാപ്പറമ്പിൽ, സ്വാഗത സംഘം ജനറൽ കൺവീനർ ശിവപ്രസാദ് എന്നിവരും ജോയിന്റ് കൺവീനർ ഡാന്റോ യൂണിറ്റ് കമ്മറ്റി അംഗങ്ങളും സ്വാഗതസംഘം പ്രവർത്തകരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

പ്രദീപ് രാധാകൃഷ്ണൻ ചെയർമാനും ശിവപ്രസാദ് ജനറൽ കൺവീനറുമായുള്ള സ്വാഗത സംഘം പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു. കൈരളി ഓണാഘോഷ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.