ദുബായ് : ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കബറടക്കച്ചടങ്ങുകൾ സബീൽ ഗ്രാൻഡ് മസ്ജിദിൽ നടന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് നടന്ന പ്രത്യേക പ്രാർഥനകളിൽ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, മറ്റ് ഭരണാധികാരികൾ, പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ പങ്കെടുത്തു. ദേശീയപതാക പുതപ്പിച്ച ശൈഖ് അഹമ്മദിന്റെ ഭൗതികശരീരം ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ദുബായ് ഒന്നാം ഉപഭരണാധികാരിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ചേർന്നാണ് മസ്ജിദിലേക്ക് വഹിച്ചുകൊണ്ടുവന്നത്.

To advertise here,

യു.എ.ഇ.യുടെ രൂപവത്കരണത്തിലും വികസനത്തിലും നിർണായക സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു ശൈഖ് അഹമ്മദെന്ന് ശൈഖ് മുഹമ്മദ് അനുസ്മരിച്ചു. ദുബായ് മുൻ ഭരണാധികാരി ശൈഖ് റാഷിദ് ബിൻ സായിദ് അൽ മക്തൂമിന്റെ ഇളയ മകനായ അദ്ദേഹം ദുബായ് പോലീസ് ആൻഡ് പബ്ലിക് സർവീസസ് ഡെപ്യൂട്ടി ചെയർമാനായും അൽ വസൽ സ്പോർട്‌സ് ക്ലബ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശൈഖ് അഹമ്മദിന്റെ വേർപാടിൽ ദുബായിൽ 10 ദിവസത്തെ ദുഃഖാചരണം തുടരുകയാണ്. എമിറേറ്റിലുടനീളം ദേശീയപതാക താഴ്ത്തിക്കെട്ടിയിട്ടുണ്ട്. ബന്ധുക്കളിൽനിന്നും പൊതുജനങ്ങളിൽനിന്നുമുള്ള അനുശോചനങ്ങൾ സബീൽ മജ്‌ലിസിൽ സ്വീകരിച്ചുതുടങ്ങി. ബുധൻ, വ്യാഴം, ദിവസങ്ങളിലും നിശ്ചിതസമയങ്ങളിൽ മജ്‌ലിസിൽ അനുശോചനം അറിയിക്കാൻ സൗകര്യമുണ്ടാകും.