അബുദാബി: മുൻകൂർ ഔദ്യോഗിക അനുമതിയില്ലാതെ നിർമിതബുദ്ധി (എഐ) അല്ലെങ്കിൽ മറ്റ് ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് യു.എ.ഇയുടെ ദേശീയ ചിഹ്നങ്ങൾ, ഭരണാധികാരികൾ, പ്രമുഖ വ്യക്തികൾ എന്നിവരുടെ ചിത്രങ്ങളോ വീഡിയോകളോ നിർമിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമെതിരെ കർശന മുന്നറിയിപ്പുമായി യു.എ.ഇ നാഷണൽ മീഡിയ അതോറിറ്റി. ഇത്തരം രീതികൾ രാജ്യത്തെ മാധ്യമ നിബന്ധനകളുടെയും ഉള്ളടക്ക മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്ന് അതോറിറ്റി വ്യക്തമാക്കി. രാജ്യത്ത് നിലവിലുള്ള മാധ്യമ ചട്ടങ്ങൾ അനുസരിച്ചാണ് അതോറിറ്റിയുടെ ഈ മുന്നറിയിപ്പ്.

To advertise here,

യു.എ.ഇയുടെ ഭരണസംവിധാനം, ദേശീയ ചിഹ്നങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങൾ, ദേശീയ വ്യക്തിത്വം എന്നിവയെ ബഹുമാനിക്കണമെന്നും അവയെ വികൃതമാക്കുന്ന രീതിയിലുള്ള നിർമിത ദൃശ്യങ്ങളോ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വിവരങ്ങളോ പ്രചരിപ്പിക്കരുതെന്നും ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു. 

സാധാരണ രേഖാമൂലമുള്ള നിർദേശങ്ങൾ നൽകി യഥാർഥമെന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും ശബ്ദരേഖകളും നിർമിച്ചെടുക്കാൻ ഇന്നത്തെ എഐ ഉപകരണങ്ങൾ വഴി സാധിക്കും. യഥാർഥ ചിത്രങ്ങളും വ്യാജമായി നിർമിച്ചവയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതിനാലാണ് അതോറിറ്റി നിയമനടപടികൾ കടുപ്പിക്കുന്നത്. ഡിജിറ്റൽ രംഗത്ത് തെറ്റായ സന്ദേശങ്ങളും വ്യാജ പ്രചാരണങ്ങളും തടയുന്നതിന്റെ ഭാഗമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇന്റർനെറ്റിലും ഇത്തരം എഐ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.