ഒരുങ്ങുന്നത് വൻപദ്ധതികൾ

To advertise here,

: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഒഴുകിയെത്തുന്ന മഞ്ഞക്കടലും, അവരുടെ കാതടപ്പിക്കുന്ന ആർപ്പുവിളികളും കണ്ട ഏതൊരു ഫുട്‌ബോൾ പ്രേമിയുടെയും മനസ്സ്‌ ഒരുനിമിഷം അമ്പരക്കും. ആരാധകരുടെ ഈ അടങ്ങാത്ത ആവേശമാണ് ഏഷ്യൻ ഫുട്‌ബോളിലെതന്നെ ഏറ്റവുംവലിയ അത്ഭുതങ്ങളിലൊന്നായി കേരള ബ്ലാസ്റ്റേഴ്‌സിനെ നിലനിർത്തുന്നത്. എന്നാൽ മൈതാനത്തെ ഈ പോരാട്ടവീര്യത്തിനപ്പുറം, സാമ്പത്തിക ഭദ്രതയുടെയും പ്രൊഫഷണലിസത്തിന്റെയും പുതിയൊരു ലോകത്തേക്ക് ക്ലബ്ബ്‌ ചുവടുവെക്കുകയാണിപ്പോൾ. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കായികവികസന കൺസോർഷ്യമായ അൽ ഫുർസാൻ ഗ്രൂപ്പ് ബ്ലാസ്റ്റേഴ്‌സിന്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത കായികലോകത്ത് വലിയൊരു തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഷാർജ ഭരണകുടുംബത്തിലെ പ്രമുഖനായ ശൈഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയുടെ നേതൃത്വത്തിലാണ് അൽ ഫുർസാൻ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. സ്‌പോർട്‌സ് ഇൻവെസ്റ്റ്മെന്റ്, സ്‌പോർട്‌സ് ടെക്‌നോളജി, ആഗോള കായിക അക്കാദമികളുടെ നടത്തിപ്പ് തുടങ്ങിയ മേഖലകളിൽ വൻതരംഗംസൃഷ്ടിച്ച ഒരു ബിസിനസ് കൂട്ടായ്മയാണിത്. ‘പ്രൊജക്ട് ബ്ലാസ്റ്റേഴ്‌സ്’ എന്ന പേരിൽ അന്താരാഷ്ട്ര തലത്തിൽ തങ്ങളുടെ സ്‌പോർട്‌സ് ഇക്കോസിസ്റ്റം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇവർ ബ്ലാസ്റ്റേഴ്‌സിനെ ഏറ്റെടുക്കുന്നത്. കായിക സാങ്കേതികവിദ്യ, അത്‌ലറ്റുകളുടെ ട്രെയിനിങ്, ക്ലബ് മാനേജ്മെന്റ്, അക്കാദമികളുടെ നിർമാണം എന്നിവയാണ് ഇവരുടെ പ്രധാന പ്രവർത്തന മേഖലകൾ. അറബ് ലോകത്തുനിന്ന് പെട്ടെന്നൊരുദിവസം കേരളത്തിലെ ഒരു ഫുട്‌ബോൾ ക്ലബ്ബിലേക്ക് അൽ ഫുർസാൻ ഗ്രൂപ്പ് കണ്ണുവെക്കാൻ കൃത്യമായ ചില കാരണങ്ങളുണ്ട്. അതിൽ പ്രധാനം ബ്ലാസ്റ്റേഴ്‌സിന്റെ വറ്റാത്ത ആരാധക പിന്തുണ തന്നെയാണ്. ‘മഞ്ഞപ്പട’ എന്ന പേരിൽ ലോകമെമ്പാടും പടർന്നുപന്തലിച്ചു കിടക്കുന്ന ആരാധകവൃന്ദം ഏതൊരു നിക്ഷേപകനും സ്വപ്നം കാണുന്ന ഒന്നാണ്. ഏഷ്യയിൽതന്നെ ഏറ്റവുംകൂടുതൽ ഡിജിറ്റൽ റീച്ചും സ്റ്റേഡിയം ക്രൗഡുമുള്ള ഒരു ക്ലബ്ബിൽ നിക്ഷേപം നടത്തുന്നത് അൽ ഫുർസാന്റെ ബ്രാൻഡ് മൂല്യം ആഗോളതലത്തിൽ ഉയർത്താൻ സഹായിക്കും. കൂടാതെ, ഗൾഫ് നാടുകളിൽ ജീവിക്കുന്ന ദശലക്ഷക്കണക്കിന് പ്രവാസി മലയാളികളിലേക്ക് നേരിട്ടെത്താനുള്ള ഏറ്റവുംവലിയ പാലമായി ബ്ലാസ്റ്റേഴ്‌സ് മാറും. ഇന്ത്യൻ കായികവിപണി അതിവേഗം വളരുന്ന സാഹചര്യത്തിൽ, ദീർഘകാലാടിസ്ഥാനത്തിൽ ലാഭകരമായ ഒരു തന്ത്രപ്രധാന നീക്കംകൂടിയാണിത്.

ഈ കൈകോർക്കൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാവിതന്നെ തിരുത്തിയെഴുതിയേക്കാം. സ്വന്തമായി അത്യാധുനിക സ്റ്റേഡിയം, ലോകോത്തര പരിശീലന കേന്ദ്രങ്ങൾ, മികച്ച അക്കാദമികൾ എന്നിവ യാഥാർഥ്യമാക്കാൻ അൽ ഫുർസാന്റെ സാമ്പത്തിക കരുത്ത് വഴിതുറക്കും. ട്രാൻസ്ഫർ വിപണിയിൽ വൻതുക മുടക്കി ഉയർന്നനിലവാരമുള്ള വിദേശതാരങ്ങളെയും കോച്ചുകളെയും ടീമിലെത്തിക്കാൻ ഇത് മാനേജ്മെന്റിന് കരുത്താകും. അതോടൊപ്പം, അൽ ഫുർസാന്റെ അന്താരാഷ്ട്ര നെറ്റ്‌വർക്ക് ഉപയോഗിച്ച് മലയാളി യുവതാരങ്ങൾക്ക് വിദേശത്ത് പരിശീലനം നേടാനും ആഗോളതലത്തിൽ പ്രതിഭ തെളിയിക്കാനും വഴിതെളിയും.

സാമ്പത്തിക പ്രതിസന്ധികളുടെയും തിരിച്ചടികളുടെയും കഥകൾ പഴങ്കഥയാക്കി, സാമ്പത്തിക ഭദ്രതയുടെയും പ്രൊഫഷണൽ മാനേജ്മെന്റിന്റെയും ചിറകിലേറി കേരള ബ്ലാസ്റ്റേഴ്‌സ് ഇനി ഏഷ്യൻ ഫുട്‌ബോളിന്റെ ഉന്നതികളിലേക്ക് ചിറകടിച്ചുയരുമെന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള മഞ്ഞപ്പട ആരാധകർ.