ദുബായ്: ഡെലിവറി ഓർഡറുകൾക്കായി കാത്തുനിൽക്കുന്ന ചെറിയ ഇടവേളയിൽ, മോട്ടോർ സൈക്കിളിന് അരികെ ശാന്തനായി ഇരുന്ന് വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന യു.എ.ഇയിലെ ഡെലിവറി റൈഡർ മൻസൂർ കതബാൽവയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കഴിഞ്ഞ രണ്ട് വർഷമായി യു.എ.ഇയിൽ ജോലിചെയ്യുന്ന ഉഗാണ്ട സ്വദേശിയായ മൻസൂർ കഴിഞ്ഞ അഞ്ച് മാസമായി 'തലബാത്' ഡെലിവറി റൈഡറായി പ്രവർത്തിച്ചു വരികയാണ്.
ഉഗാണ്ടയിലുള്ള ഭാര്യയ്ക്കും രണ്ട് മക്കൾക്കും നല്ലൊരു ഭാവിയും സാമ്പത്തിക ഭദ്രതയും നൽകുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് മൻസൂർ യു.എ.ഇയിലേക്ക് വണ്ടികയറിയത്. റോഡിലെ കഠിനമായ പ്രവൃത്തി സമയങ്ങൾക്കിടയിലും ദൈവചിന്തയിലും പ്രാർത്ഥനയിലും സമയംകണ്ടെത്താൻ മൻസൂർ പ്രത്യേകം ശ്രദ്ധിക്കുന്നു. മൂന്ന് വർഷം മുൻപ് അച്ഛനും അമ്മയും സഹോദരനും വേർപിരിഞ്ഞ തീരാവേദനയിലാണ് മൻസൂർ ഖുർആൻ പൂർണമായി മനഃപാഠമാക്കിയത്.
യാത്രയിലുടനീളം ഫോണിൽ ഖുർആൻ പാരായണം ശ്രവിക്കുന്ന മൻസൂർ, ഓർഡറുകൾക്ക് ഇടയിലുള്ള സമയങ്ങളിൽ കയ്യിൽകരുതുന്ന വിശുദ്ധ ഖുർആന്റെ പ്രതിയെടുത്താണ് പാരായണം ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ വൻ ശ്രദ്ധ നേടിയെങ്കിലും ഇത് ക്യാമറയ്ക്ക് മുന്നിലെ അഭിനയമല്ലെന്നും തനിക്ക് ജന്മം നൽകി മരണമടഞ്ഞ മാതാപിതാക്കളുടെ പരലോക മോക്ഷത്തിനായി നടത്തുന്ന പ്രാർത്ഥനയാണെന്നും ഈ ഇരുപത്തേഴുകാരൻ പറയുന്നു.
വീട്ടുകാരിൽനിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ കഠിനാധ്വാനം ചെയ്യുമ്പോഴും പ്രാർത്ഥനയിലൂടെയും ഖുർആൻ പാരായണത്തിലൂടെയും മനസ്സിന് ശാന്തികണ്ടെത്താൻ കഴിയുന്നുണ്ടെന്ന് മൻസൂർ വ്യക്തമാക്കി. യു.എ.ഇയിലെ പ്രവാസികൾക്കിടയിൽ ഈ യുവാവിന്റെ ജീവിതം വലിയ പ്രചോദനമായി മാറുകയാണ്.
Published: 01 Oct 2026, 01:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented