എല്ലാ കുടുംബങ്ങൾക്കും സൗജന്യ ഇൻഷുറൻസ് നൽകിയാൽ തീരുന്നതാണോ കേരളത്തിലെ ചികിത്സാച്ചെലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. തൊലിപ്പുറത്തെ ചികിത്സപോലെ ഇൻഷുറൻസ് പരിരക്ഷ തത്കാലത്തേക്ക് ആശ്വാസം നൽകിയേക്കാം. ദീർഘകാലാടിസ്ഥാനത്തിൽ അത് പ്രായോഗികമല്ലെന്നുകാണാം.

മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശിയായ ചെറുപ്പക്കാരൻ. സ്ഥിരവരുമാനമൊന്നുമില്ലെങ്കിലും കൊച്ചിയിൽ ഡെലിവറി ബോയ് ആയും രാത്രി തട്ടുകടകളിൽ ജോലിചെയ്തും കുടുംബം പുലർത്തുന്നു. വീട്ടിൽ ഭാര്യ, രണ്ടുകുട്ടികൾ, പിന്നെ അച്ഛനും അമ്മയും.
ഒരുദിവസം ഡെലിവറി ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടു. സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചു. ഇ.സി.ജി. എടുത്തപ്പോൾ നോർമൽ. എങ്കിലും വേദന കലശലായതിനാൽ ഡോക്ടർ സി.ടി. സ്കാൻ ചെയ്യാൻ നിർദേശിച്ചു. ഫലംവന്നപ്പോൾ രക്തക്കുഴലിൽ തകരാർ (ടൈപ്പ് എ അയോർട്ടിക് ഡിസെക്‌ഷൻ). ശസ്ത്രക്രിയ വൈകുന്തോറും മരണസാധ്യത കുത്തനെ കൂട്ടുന്ന വില്ലൻ. ഉടൻതന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉടൻ ഓപ്പറേഷൻ ചെയ്യണമെങ്കിൽ 45 ലക്ഷം രൂപ വേണ്ടിവരും. പണമില്ലാത്തതിനാൽ സ്വകാര്യ ആശുപത്രിക്കാർ അപ്പോൾത്ത ന്നെ കൈയൊഴിഞ്ഞു. എങ്കിലും കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചാൽ സാധ്യതയുണ്ടെന്നും അവർ ഒപ്പമുണ്ടായിരുന്നവരെ അറിയിച്ചു.
പിന്നെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മരണപ്പാച്ചിൽ. രാത്രി പത്തുമണിക്ക് മെഡിക്കൽ കോളേജിലെത്തിച്ചു. ശസ്ത്രക്രിയ പെട്ടെന്ന് ചെയ്യാനാകും. പക്ഷേ, ശസ്ത്രക്രിയക്കുവേണ്ട പല ഉപകരണങ്ങളും ആശുപത്രിയിലില്ല. കമ്പനികൾക്ക് നൽകാനുള്ള പണം കുടിശ്ശിക ആയതിനാൽ വിതരണമില്ലാത്തതാണ് കാരണം. പുറമേനിന്ന് വാങ്ങാൻ രണ്ടുലക്ഷം രൂപയെങ്കിലുമാകും. രോഗിയുടെ ഒപ്പമുണ്ടായിരുന്നവരുടെ പക്കൽ ഒരുലക്ഷം രൂപയ്ക്കടുത്തുണ്ട്. ‘‘സഹായിക്കണം, ബാക്കി ഞങ്ങൾ എങ്ങനെയെങ്കിലും ഒപ്പിച്ചുതരാം’’ - അവരുടെ നിസ്സഹായത കണ്ട ഡോക്ടർ ആ പാതിരാത്രിയിൽ വിതരണച്ചുമതലയുള്ള കമ്പനിയുടെ പ്രതിനിധികളെ വിളിച്ചുണർത്തി. അവരുടെ മറുപടി ഇങ്ങനെയായിരുന്നു: ‘‘സാറെ, ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കണം. 40 ലക്ഷം രൂപയാണ് ഞങ്ങൾക്ക് കിട്ടാനുള്ളത്. ആശുപത്രിയിൽനിന്ന് ആവശ്യപ്പെട്ട പ്രകാരം ആറുമാസത്തിനിടെ രണ്ടുവട്ടം വീണ്ടും വിതരണം ചെയ്തു. ഇതുവരെ ആ പൈസ കിട്ടിയിട്ടില്ല.’’ എങ്കിലും ഡോക്ടർ വിടാൻ തയ്യാറായിരുന്നില്ല. ‘‘ഒരു ചെറുപ്പക്കാരന്റെ ജീവനല്ലേ. എന്തെങ്കിലും ചെയ്യൂ’’വെന്നുപറഞ്ഞ് കെഞ്ചി. മനുഷ്യത്വമുള്ള ആ ഡോക്ടറുടെ വാക്കുകൾ തള്ളാൻ വിതരണക്കമ്പനിക്കാർക്കായില്ല. രാത്രിതന്നെ ശസ്ത്രക്രിയാ ഉപകരണങ്ങൾ എത്തിച്ചുനൽകി. ശസ്ത്രക്രിയ വിജയമായിരുന്നു. 12 ദിവസത്തിനുശേഷം ആ ചെറുപ്പക്കാരൻ ഡിസ്ചാർജ് ആയിപ്പോകുംമുൻപ് ഡോക്ടർ പറഞ്ഞത് ഇത്രമാത്രം‘‘ശസ്ത്രക്രിയക്കായി പുറമേനിന്ന് വാങ്ങിയ സാധനങ്ങളുടെ പണം വൈകാതെ അടച്ചാൽ നന്നാകുമായിരുന്നു. ഇനിയും നിങ്ങളെപ്പോലുള്ളവർ വരുമ്പോൾ എനിക്ക് കമ്പനിക്കാരോട് സഹായം ചോദിക്കണമെങ്കിൽ അതു നല്ലതാണ്...’’
അഭിമാനമുണ്ട്, പക്ഷേ, പണമില്ല
ഹൃദയചികിത്സാരംഗത്ത് കേരളത്തിന്റെ അഭിമാനമായ ആതുരാലയമാണ് കോട്ടയം മെഡിക്കൽ കോളേജ്. കഴിവിനൊപ്പം മനുഷ്യത്വവുംകൂടി ചേർന്ന ഡോക്ടർമാരുടെ ഒത്തൊരുമയാണ് ഇവിടത്തെ വിജയം. പത്തുവർഷംമുന്നേ ഹൃദയംമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി ചരിത്രം സൃഷ്ടിച്ചു. ഇതുവരെ നടത്തിയത് 12 ഹൃദയംമാറ്റിവെക്കൽ ശസ്ത്രക്രിയകൾ. ഇതിലും കൂടുതൽ ഹൃദയംമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ഒരു ആശുപത്രിയേ കേരളത്തിലുള്ളൂ. അത് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയാണ്.
ഇത്രയും മികവാർന്ന മെഡിക്കൽ കോളേജ് ആയിട്ടും വൻതുക മുടക്കി ശസ്ത്രക്രിയാ ഉപകരണങ്ങളടക്കം പുറത്തുനിന്ന് വാങ്ങാൻ രോഗികളോട് പറയേണ്ടിവരുന്നു.
ബില്ലെത്ര? 97 ലക്ഷം
തലച്ചോറിൽ രക്തസ്രാവവുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വീട്ടമ്മയ്ക്ക് 96.7 ലക്ഷം രൂപയുടെ ബിൽ. ഏതെങ്കിലും വിദേശരാജ്യത്തെ ആശുപത്രിയിൽനടന്ന സംഭവമല്ലിത്. ഇങ്ങ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ 59-കാരിക്ക് ചികിത്സ കഴിഞ്ഞപ്പോൾ ചെലവായതാണിത്.
തലച്ചോറിൽ രക്തസ്രാവവും തുടർന്ന് തലച്ചോറിൽ ദ്രാവകം നിറയുന്ന അവസ്ഥയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണവരെ. ചികിത്സയ്ക്കിടെ ഹൃദയാഘാതവും വൃക്കപരാജയവും സംഭവിച്ചു. ആന്തരികാവയവങ്ങളിൽ മിക്കതിനും പ്രശ്നങ്ങൾ. രോഗിയാകട്ടെ ആളെപ്പോലും തിരിച്ചറിയാനാകാതെ പൂർണമായും കിടപ്പിലുമായി. എല്ലാറ്റിനുമൊടുവിൽ ബിൽ വന്നപ്പോഴാണ് ഒരുകോടിക്കടുത്താകുന്നത്. 24 ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ കിട്ടി. ബാക്കി തുകയടയ്ക്കാൻ വീടുവിറ്റു. എന്നിട്ടും 11 ലക്ഷത്തോളം രൂപ അടയ്ക്കാൻ ബാക്കി. ഒടുവിൽ പലരും സഹായിച്ചാണ് ആ തുക അടച്ചത്. ഡിസ്ചാർജ് ആയശേഷം പണമടയ്ക്കുംവരെ ആശുപത്രിയുടെ ‘നിരീക്ഷണത്തിലാ’യിരുന്നു രോഗിയും ഭർത്താവും.
ഇൻഷുറൻസ് പരിരക്ഷപോലും എങ്ങുമെത്താത്തത്ര വലിയ ചികിത്സാച്ചെലവാണ് ഇപ്പോൾ കേരളത്തിൽ. നിസ്സാര രോഗങ്ങൾക്കുള്ള ചികിത്സ സാധാരണക്കാരെ സംബന്ധിച്ച് ഇപ്പോൾ വലിയ ബാധ്യതയല്ല. അക്കാര്യത്തിൽ നമ്മുടെ സർക്കാർ ആശുപത്രികൾ സുസജ്ജമാണുതാനും. എന്നാൽ, ശസ്ത്രക്രിയയടക്കം വേണ്ടിവരുന്ന അപ്രതീക്ഷിത രോഗങ്ങൾ വന്നുകയറുമ്പോഴാണ് സാധാരണക്കാർ പെട്ടുപോകുന്നത്. സർക്കാർ ആശുപത്രികളിലോ മെഡിക്കൽ കോളേജിലോ ചെന്നാൽ അത്തരം രോഗങ്ങൾക്ക് ചികിത്സ കിട്ടുമെന്ന് ഒരുറപ്പുമില്ല. ഒരു പരീക്ഷണത്തിനു നിൽക്കാൻ തയ്യാറാകാതെ രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ നിർബന്ധിതരാകുന്നു. എന്നാൽ, ഇൻഷുറൻസ് പരിക്ഷയിൽപ്പോലും ഒതുങ്ങാത്ത ചികിത്സാച്ചെലവാകും അവിടെ അവരെ കാത്തിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ 20 ലക്ഷത്തിനുമുകളിലെത്തുന്ന ചികിത്സാച്ചെലവുകൾ പുതിയ വാർത്തയല്ല. സുമനസ്സുകളുടെ സഹായംതേടിക്കൊണ്ട്, കേരളത്തിന്റെ മുക്കിലുംമൂലയിലും കാണുന്ന ചികിത്സാസഹായ വാഹനങ്ങളും സഹായക്കമ്മിറ്റികളും ഇതിന്റെ തുടർച്ചയാണ്. രോഗം ചോദ്യചിഹ്നമായി നിൽക്കുന്ന പല കുടുംബങ്ങൾക്കുംമുന്നിലുള്ള പ്രതീക്ഷ ചുറ്റുപാടുമുള്ള ഇത്തരം കൈത്താങ്ങുകളാണ്. നിനച്ചിരിക്കാതെ വരുന്ന രോഗങ്ങളിൽനിന്ന് കരകയറാൻ ഇൻഷുറൻസും സർക്കാർ സംവിധാനങ്ങളും പര്യാപ്തമാകുന്നില്ലെന്നുകൂടി ഇത് അടിവരയിട്ടുറപ്പിക്കുന്നു.
കോടതികയറുന്ന രോഗികൾ
‘‘ഹൃദയസംബന്ധമായ അസുഖം ചികിത്സിച്ചതിന് രണ്ടേകാൽ ലക്ഷം രൂപയാണ് എനിക്ക് ആശുപത്രിയിൽ ചെലവായത്. കാഷ്‌ലെസ് സൗകര്യമുള്ള ഇൻഷുറൻസ് സ്കീമായിരുന്നു. എന്നാൽ, മുട്ടാപ്പോക്ക് ന്യായംപറഞ്ഞ് എന്റെ ക്ലെയിം ഇൻഷുറൻസ് കമ്പനി നിരസിച്ചു. റീ ഇംബേഴ്‌സിനുവേണ്ടി ഞാൻ മൂന്നുമാസത്തോളം നടന്നുവലഞ്ഞു. എന്നിട്ടും കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂലനടപടിയുണ്ടായില്ല. ഒടുവിൽ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തെ സമീപിച്ചു. കേസ് വിളിക്കുന്നതിനുതൊട്ടുമുൻപ് ഇൻഷുറൻസ് കമ്പനിയുടെ വക്കീൽ എന്റെ വക്കീലിന്റെ അടുത്ത് ഒത്തുതീർപ്പിനുവന്നു. 2.20 ലക്ഷം രൂപയ്ക്ക് അവർ മുൻകൈയെടുത്ത് ഒത്തുതീർപ്പാക്കി. ആശുപത്രിയിൽവെച്ച് തീരേണ്ട വിഷയം. ആറുമാസത്തോളമാണ് ഞാൻ അതിന്റെ പുറകെ നടക്കേണ്ടിവന്നത്’’ -പാലായിൽ ടയർ കടയുടമയായ ജോസഫ് മാത്യുവിന് ഇൻഷുറൻസ് കമ്പനിയുടെ അനാസ്ഥയോടുള്ള രോഷം തീർന്നിട്ടില്ല.
ചെറിയൊരു ശ്വാസതടസ്സമുണ്ടായപ്പോൾ പൊൻകുന്നം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ് ജോസഫ് മാത്യുവിനെ. പരിശോധന നടത്തിയപ്പോൾ ഹൃദയത്തിൽ ബ്ലോക്കാണെന്നു കണ്ടെത്തി. താലൂക്ക് ആശുപത്രിയിൽവെച്ചുതന്നെ ആൻജിയോഗ്രാം ചെയ്തു. സാധാരണ കൊഴുപ്പടിഞ്ഞാണ് ബ്ലോക്ക് ഉണ്ടാകാറെങ്കിൽ ജോസഫ് മാത്യുവിന്റെ ഹൃദയധമനികളിൽ അടിഞ്ഞത് കാൽസ്യമായിരുന്നു. താലൂക്ക് ആശുപത്രിയിൽവെച്ചുതന്നെ ആൻജിയോപ്ലാസ്റ്റി ചെയ്യാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതോടെ കുറച്ചുകൂടി സൗകര്യമുള്ള ആശുപത്രിയിൽനിന്ന് ചെയ്യുന്നതാകും നല്ലതെന്ന് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിച്ചു. വൈകിയില്ല, ഏറ്റുമാനൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ ജോസഫ് മാത്യുവിനെ പ്രവേശിപ്പിച്ചു. ആൻജിയോ പ്ലാസ്റ്റി വിജയമായിരുന്നു. അഞ്ചുദിവസം കഴിഞ്ഞ് ഡിസ്ചാർജും എഴുതിനൽകി. എന്നാൽ, വൈകീട്ടോടെ വീട്ടിൽപ്പോകാൻ കാത്തിരുന്ന ജോസഫ് മാത്യുവിനെ ബില്ലിങ് വിഭാഗത്തിൽനിന്ന് വിളിപ്പിച്ചിട്ട് ഇങ്ങനെ പറഞ്ഞു. ‘‘നിങ്ങളുടെ ഇൻഷുറൻസ് പാസായിട്ടില്ല. അതിനാൽ മുഴുവൻ പണവും അടയ്ക്കണം’’ ക്ലെയിം നിഷേധിക്കാനുള്ള കാരണം ചോദിച്ചപ്പോൾ, ഇത് മുമ്പേയുള്ള അസുഖമാണെന്നാണ് ഇൻഷുറൻസുകാർ മറുപടി നൽകിയതെന്നും ആശുപത്രി അധികൃതർ ജോസഫ് മാത്യുവിനോട് പറഞ്ഞു.കൈയിലുള്ള പണം കിഴിച്ചാൽ ഡിസ്ചാർജ് ചെയ്യണമെങ്കിൽ ബാക്കി ഒന്നേമുക്കാൽ ലക്ഷത്തോളം രൂപവേണം. ഒപ്പമുണ്ടായിരുന്ന സഹോദരി തന്റെ വള തൊട്ടടുത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയംവെച്ചാണ് അവശേഷിച്ച തുക അടച്ചത്. ഒരാഴ്ച കഴിഞ്ഞു, ക്ഷീണിതനായിരുന്നിട്ടും ജോസഫ് മാത്യു കോട്ടയത്തുള്ള സ്വകാര്യ ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിലെത്തി ക്ലെയിം നിരസിച്ചതിന് കാരണംതിരക്കി. ആശുപത്രിയിൽനിന്ന് കുറച്ചുകൂടി പേപ്പറുകൾ വാങ്ങിനൽകണമെന്നും അതിനുശേഷം പറയാമെന്നുമായി ഇൻഷുറൻസ് കമ്പനി അധികൃതർ. കോട്ടയത്തുനിന്ന് നേരേ ഏറ്റുമാനൂരിലേക്ക്. ഡിസ്ചാർജ് ആയതിനാൽ പല കടലാസുകളും നൽകാൻ ആശുപത്രിക്കാർക്കും വിമുഖത. കടലാസുകൾക്കും കാര്യങ്ങൾക്കുമായി വീണ്ടും പലദിവസങ്ങളിൽ പലവട്ടം അലയേണ്ടിവന്നു. ഒരു നടപടിയുമാകുന്നില്ലെന്ന് മനസ്സിലായതോടെയാണ് ഉപഭോക്തൃതർക്കപരിഹാര ഫോറത്തിൽ പരാതി ഫയൽചെയ്തത്. മൂന്നുമാസത്തിനുശേഷം കേസ് വിളിച്ചു. രാവിലെ കോടതിയിലെത്തുമ്പോഴേക്ക് ഒത്തുതീർപ്പുമായി കമ്പനി വക്കീലുമെത്തി. ‘‘ഞാൻ കേസിനുപോയതുകൊണ്ടല്ലേ എനിക്ക് പണം കിട്ടിയത്. അങ്ങനെ പോകാൻ പാങ്ങും സമയവുമില്ലാത്ത എത്രപേരുണ്ടാകും?’’ -ജോസഫ് മാത്യു ചോദിക്കുന്നു.
എന്തു ധൈര്യത്തിൽ ആശുപത്രിയിൽപ്പോകും?
ആശുപത്രിച്ചെലവ് ഓർക്കുമ്പോൾ ഒട്ടുമിക്ക കുടുംബങ്ങളുടെയും ധൈര്യം ആരോഗ്യ ഇൻഷുറൻസ് ഉള്ളതാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സർക്കാരിന്റെ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി (കാസ്പ്), കാരുണ്യ ബെനവലന്റ് ഫണ്ട്, സർക്കാർജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പാക്കുന്ന മെഡിസെപ്, ഇതിനുപുറമേയാണ് സ്വകാര്യ ഹെൽത്ത് ഇൻഷുറൻസ് കമ്പനികളും ബാങ്കുകളും.
നിഷേധിക്കപ്പെടുന്ന ക്ലെയിമുകൾ ആശുപത്രികളിൽ നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. സർക്കാർ പണം കുടിശ്ശികയായതും ചികിത്സയ്ക്ക് നിശ്ചയിച്ച തുക കുറവാണെന്നും കാണിച്ച് ഒട്ടേറെ സ്വകാര്യ ആശുപത്രികൾ കാരുണ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ള പദ്ധതികളിൽനിന്ന് പിൻവാങ്ങി. മെഡിസെപിന്റെ കാര്യവും അങ്ങനെത്തന്നെ. ഡിസ്ചാർജ് ചെയ്യുന്ന അന്നുതന്നെ ക്ലെയിം പാസാകാത്ത അനുഭവങ്ങളാണേറെയും. ഫലത്തിൽ രോഗിതന്നെ കൈയിൽനിന്ന് പണംമുടക്കേണ്ട സ്ഥിതി. രോഗം ഭേദമായി ഡിസ്ചാർജായിട്ടും ആശുപത്രിയിൽനിന്നിറങ്ങാനുള്ള പണത്തിനായി പരക്കംപായേണ്ട അവസ്ഥ. അടിയന്തരസാഹചര്യത്തിൽ ആശുപത്രിയിലായാൽ കൈത്താങ്ങെന്ന നിലയിലാണ് സാധാരണക്കാർ ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നത്. എത്ര വലിയ പോളിസി കൈയിലുണ്ടെങ്കിലും ഇൻഷുറൻസ് നിഷേധിക്കപ്പെട്ടാൽ എന്തു പ്രയോജനം? കോവിഡിനുശേഷം കേരളത്തിലെ ആരോഗ്യ ഇൻഷുറൻസ് വിപണി വളർച്ചയുടെ പാതയിലാണ്. അതേസമയം, ക്ലെയിം നിഷേധിച്ച് കൊള്ളലാഭം കൊയ്യാനുള്ള കോർപ്പറേറ്റ് പ്രവണതകളും ഇക്കാലത്ത് കൂടുകയുംചെയ്തു. ഭാരിച്ച ചികിത്സാച്ചെലവിനെ ഇൻഷുറൻസ് പരിരക്ഷകൊണ്ട് മറികടക്കാമെന്ന സാധാരണക്കാരന്റെ പ്രതീക്ഷകൾക്കുമേൽ കരിനിഴൽ വീഴുന്ന കാഴ്ച.
കേരളത്തിലെ ആരോഗ്യ ഇൻഷുറൻസ് വിപണി വളർച്ചയുടെ പാതയിലാണ്. അതേസമയം, ക്ലെയിം നിഷേധിച്ച് കൊള്ളലാഭം കൊയ്യാനുള്ള കോർപ്പറേറ്റ് പ്രവണതകളും ഇക്കാലത്ത് കൂടുകയുംചെയ്തു
ആരോഗ്യ ഇൻഷുറൻസും കേരളവും
സർക്കാർവക മെഡിസെപ്
ആകെ പരിരക്ഷ 31,20,914
ജീവനക്കാരും പെൻഷൻകാരും ആശ്രിതരുമടക്കം
ജീവനക്കാർ 5,49,944
പെൻഷൻകാർ 6,03517
ആശ്രിതർ 19,67453
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി
കുടുംബങ്ങൾ 43,07,073
ഗുണഭോക്താക്കൾ 78,83,794
സ്വകാര്യമേഖല
സംസ്ഥാനത്തെ ഒരു മുൻനിര സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് കമ്പനിയുടെ കണക്ക് നോക്കുക
പോളിസി ഉടമകൾ 25.4 ലക്ഷം
ഈ വർഷം ഏപ്രിൽമുതൽ ജൂൺവരെ 42,000 ക്ലെയിമുകൾ
വിതരണം ചെയ്തത് 295 കോടി രൂപ
മുൻഭാഗങ്ങൾ വായിക്കാം
മലയാളികളുടെ ചികിത്സാച്ചെലവ് ആറുവർഷം കൊണ്ട് കൂടിയത് 200%, ആരോഗ്യരംഗത്ത് കുത്തകകളുടെ കുത്തൊഴുക്ക്
അറവുശാലയാകുന്ന ചികിത്സാലയങ്ങൾ, പൊൻമുട്ടയിടുന്ന ആരോഗ്യരംഗം; ചികിത്സിച്ച് മരിക്കുന്ന കേരളം
150 കോടിയുടെ ഓഫറുകൾ, നിശ്ശബ്ദ ഏറ്റെടുക്കലുകൾ; ഗ്രാമീണ ആരോഗ്യമേഖല വിലയ്ക്ക് വാങ്ങുമ്പോൾ
(തുടരും)
Content Highlights: Explore the impact of rising healthcare costs and insurance challenges in Kerala, highlighting real-life stories of patients facing financial burdens.
Published: 01 Oct 2026, 04:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented