ഗാന്ധിനഗർ: ഫ്‌ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റ് നടത്തിയ ആക്രമണത്തെ ചെറുത്തുതോൽപിച്ച് 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് പുരസ്‌കാരം നൽകി ആദരിക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ. അദ്ദേഹത്തിന് വിശിഷ്ട് ഗുജറാത്ത് ഗരിമ അവാർഡ് സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പ്രഖ്യാപിച്ചു. ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പോയ വിമാനത്തിൽ ബുധനാഴ്ചയായിരുന്നു സംഭവം. ഒമാൻ പൗരനായ സഹപൈലറ്റാണ് സ്മിത്തിനെ ആക്രമിച്ചത്. 

To advertise here,

‘ഇസ്രയേലിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ഇന്ന് ലോകമാകെ അഭിവാദനം ചെയ്യുകയാണ്. ആക്രമണത്തെത്തുടർന്ന് രക്തത്തിൽ കുതിർന്നപ്പോഴും 174 യാത്രക്കാരുടെ ജീവൻ രക്ഷിക്കാനുള്ള അസാധാരണമായ ധീരത അദ്ദേഹം പ്രകടിപ്പിച്ചു. അത്യന്തം പ്രചോദനാത്മകവും അഭിനന്ദനാർഹവുമാണത്’, എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ ഗുജറാത്ത് മുഖ്യമന്ത്രി കുറിച്ചു.

‘ഗുജറാത്തിന്റെ വീരനായ പുത്രൻ, അദ്ദേഹത്തിന്റെ ധീരതയാൽ ഗുജറാത്തിന്റെ പേരിനും രാജ്യത്തിന്റെ പേരിനും ലോകത്തിനുമുൻപാകെ തിളക്കമേകി. അദ്ദേഹത്തിന്റെ സിരകളിലൂടെയൊഴുകുന്ന 'ഗുജറാത്തി ആവേശം' നമ്മളെയെല്ലാം അഭിമാനം കൊള്ളിക്കുന്നു. അദ്ദേഹം പ്രകടിപ്പിച്ച അസാധാരണ ധീരതയെയും മനുഷ്യത്വത്തെയും ആദരിക്കുന്നതിനായി ഗുജറാത്ത് സർക്കാർ ക്യാപ്റ്റൻ സ്മിത് മച്ചാറിന് വിശിഷ്ട് ഗുജറാത്ത് ഗരിമ പുരസ്‌കാരം സമ്മാനിക്കും’, ഭൂപേന്ദ്ര പട്ടേൽ എക്‌സിലെ കുറിപ്പിൽ കൂട്ടിച്ചേർത്തു.