അബുദാബി: വീടുകളില്‍ സ്വന്തമായി കൃഷി ചെയ്യാന്‍ താമസക്കാര്‍ക്ക് യു.എ.ഇ.സൗകര്യമൊരുക്കുന്നു. രാജ്യത്തുടനീളമുള്ള എല്ലാ സ്‌കൂളുകളിലും വീടുകളിലും കാര്‍ഷിക ആശയങ്ങള്‍ എത്തിക്കുക ലക്ഷ്യമിട്ടാണിത്.

To advertise here,

പ്ലാന്റ് ദ എമിറേറ്റ്‌സ് പദ്ധതിയുടെ ഭാഗമായി പ്രധാന കാര്‍ഷിക ഉല്പ്പന്നങ്ങള്‍ വീട്ടില്‍തന്നെ നട്ടുവളര്‍ത്താന്‍ താമസക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ജനങ്ങള്‍ക്ക് പങ്കെടുക്കാനാവുന്ന ഒട്ടേറെ പരിപാടികള്‍ക്ക് മന്ത്രാലയം ആതിഥേയത്വം വഹിക്കുമെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് സയീദ് സുല്‍ത്താന്‍ അല്‍ നുഐമി പറഞ്ഞു.

വീട്ടുപരിസരത്ത് നന്നായി വളരുന്ന കാര്‍ഷിക ഉല്പ്പന്നങ്ങള്‍ ഏതാണെന്ന് കണ്ടെത്താന്‍ താമസക്കാരെ പ്രാദേശിക കര്‍ഷകരുമായി ബന്ധിപ്പിക്കും. വിവിധ തരം പച്ചക്കറികളും പഴങ്ങളും വളര്‍ത്താന്‍ അവരെ പ്രോത്സാഹിപ്പിക്കും. നാരങ്ങ, മാങ്ങ, മുള്ളന്‍, പേര, അത്തിപ്പഴം, ബീന്‍സ്, റോക്കറ്റ് ലീവ്‌സ്, ഉള്ളി, വെണ്ട, ചീര, റാഡിഷ് എന്നിങ്ങനെ പച്ചക്കറികളും തുളസി, പുതിന, മല്ലി, കാശിത്തുമ്പ തുടങ്ങിയവയും തോട്ടങ്ങളില്‍ വളര്‍ത്താനാവും. വീട്ടില്‍ വളര്‍ത്താവുന്ന ചെടികള്‍ തിരഞ്ഞെടുക്കാനും അവ പരിപാലിക്കാനും അലങ്കാര സസ്യങ്ങള്‍, ഔട്ട്‌ഡോര്‍, സെമി ഔട്ട്‌ഡോര്‍ സസ്യങ്ങള്‍ എന്നിവയുടെ വളര്‍ച്ചയെക്കുറിച്ച് മനസ്സിലാക്കാനും താമസക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. കൂടാതെ ദേശീയ കാര്‍ഷിക കേന്ദ്രം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ വാണിജ്യ ഫാമുകള്‍ സ്ഥാപിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പരിശീലന കോഴ്‌സുകള്‍ സംഘടിപ്പിക്കും. യു.എ.ഇയിലുടനീളം ഹരിത ഇടങ്ങള്‍ വികസിപ്പിക്കാനുള്ള പ്രതിബദ്ധതയാണ് ഈ സംരംഭത്തിലൂടെ നടപ്പാക്കുന്നതെന്നും അല്‍ നുഐമി പറഞ്ഞു.

വീടുകളില്‍ കാര്‍ഷികോത്പ്പന്നങ്ങള്‍ വളര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഭക്ഷണം എത്രമാത്രം വിലപ്പെട്ടതാണെന്ന ആശയവും പ്രചരിപ്പിക്കും. ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കുന്നതിനായാണ് പ്ലാന്റ് ദ എമിറേറ്റ്‌സ് പദ്ധതി ആരംഭിച്ചത്.