ചെലവ് പരമാവധി കുറച്ചുവേണം കൃഷിചെയ്യാൻ. ഒന്നുകിൽ ഒട്ടും ചെലവില്ലാതെ, അല്ലെങ്കിൽ തീരേ കുറഞ്ഞ ചെലവിൽ കൃഷിക്ക് വേണ്ട സമ്പുഷ്ടമായ ജൈവവളങ്ങളും കീടനാശിനികളും വീട്ടിൽനിന്നുത്തന്നെ ഉത്പാദിപ്പിക്കാം. അടുക്കളമാലിനത്തൈ വളമാക്കുമ്പോൾ ശുചിത്വവും സമ്പത്തും ഒരുപോലെ കൈവരികയാണ്. ചായച്ചണ്ടിയും കാപ്പിമട്ടും ഉൾപ്പെടെ എല്ലാവിധ ഭക്ഷ്യാവശിഷ്ടങ്ങളും പറമ്പിലെ കരിയിലയുമെല്ലാം നമുക്ക് വളമാക്കിമാറ്റാം. തദ്ദേശസ്ഥാപനങ്ങൾ വഴി സബ്സിഡിയോടെ വിതരണം ചെയ്യുന്ന റിങ് കമ്പോസ്റ്റുകളാണ് വീട്ടിലെ പ്രധാന വളനിർമാണ യൂണിറ്റ്. നല്ല പൊടിഞ്ഞ ജൈവവളമുണ്ടാക്കാൻ സഹായിക്കുന്ന ഇവ നല്ലൊരു ശതമാനം വീടുകളിൽ ഇപ്പോഴുമെത്തിയിട്ടില്ല.

To advertise here,

പഴത്തൊലി വളം: പഴത്തൊലി ചെറിയ കഷണങ്ങളായി മുറിച്ച് അവ മുങ്ങിക്കിടക്കുന്നവിധം വെള്ളത്തിലിട്ട് വായു കടക്കാത്തരീതിയിൽ പാത്രത്തിൽ അടച്ചുവെക്കുക. നാലുദിവസം കഴിഞ്ഞ് അരിച്ചെടുത്ത് ഇരട്ടിവെള്ളം ചേർത്ത് ചെടിയുടെ ചുവട്ടിലൊഴിക്കുക. നാലിരട്ടി വെള്ളത്തിൽ നേർപ്പിച്ച് ഇലകളിൽ സ്‌പ്രേ ചെയ്യാം. പൊട്ടാസ്യം അടങ്ങിയ പഴത്തൊലികൊണ്ടുള്ള വളം പൂക്കൾ കൊഴിയാതിരിക്കാനും പുഷ്പിക്കാനും കായ്ക്കാനും സഹായിക്കും.

കഞ്ഞിവെള്ളംകൊണ്ടൊരു കിടിലൻ വളം : രണ്ടോ മൂന്നോ ദിവസം പുളിപ്പിച്ച കഞ്ഞിവെള്ളവും ബാക്കിവന്ന പുളിച്ച മാവും പഴകിയ തൈരും പാലും രണ്ടുദിവസം പഴക്കമുള്ള തേങ്ങാവെള്ളവും ചേർത്തൊരു സൂപ്പർ വളമുണ്ടാക്കാം. ഇവ രണ്ട് കപ്പ് വെള്ളം ചേർത്ത് ബക്കറ്റിലൊഴിച്ച് നന്നായി ഇളക്കുക. തുടർന്ന് അഞ്ചിരട്ടി വെള്ളം ചേർത്ത് ചെടികളുടെ ചുവട്ടിലൊഴിക്കുക. എല്ലാം പുളിച്ചതായതുകൊണ്ട് അപ്പോൾത്തന്നെ ഉപയോഗിക്കാം. തേങ്ങവെള്ളത്തിൽ പൊട്ടാസ്യവും മഗ്നീഷ്യവും തൈരിൽ കാത്സ്യവും മറ്റു ധാതുക്കളും മാവിൽ ജീവകങ്ങളും അടങ്ങിയതിനാൽ പച്ചക്കറികളുടെ വളർച്ചയ്ക്കും കായ്പിടിത്തത്തിനും ഒരുപോലെ സഹായകം.

കാന്താരി-ഗോമൂത്രം കീടനാശിനി : നാല് കാന്താരിമുളകോ അതില്ലെങ്കിൽ പച്ചമുളകോ അരച്ചെടുത്ത് ഒരുകപ്പ് ഗോമൂത്രത്തിൽ ചേർത്ത് അരിച്ചെടുക്കുക. മൂന്നിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് സ്‌പ്രേ ചെയ്താൽ വെള്ളീച്ച ഉൾപ്പെടെയുള്ള കീടങ്ങളെ തടയാനാകും.

ജൈവ സ്ലറി : രണ്ട് കിലോ പച്ചച്ചാണകവും ഒരു കിലോവീതം വേപ്പിൻപ്പിണ്ണാക്കും കടലപ്പിണ്ണാക്കും എല്ലുപൊടിയും അരക്കിലോ വെല്ലവും അല്പം ശീമക്കൊന്നയും ഡ്രമ്മിലോ അടപ്പുള്ള വലിയ പാത്രത്തിലോ ഇടുക. ഇവ മുങ്ങുന്നവിധം വെള്ളമൊഴിക്കുക. നന്നായി മൂടിവെക്കുക. എല്ലാദിവസവും ഒരുനേരം ഒരേദിശയിൽ വടികൊണ്ട് ഇളക്കുക. എഴുദിവസത്തിനുശേഷം അഞ്ചിരട്ടി വെള്ളം ചേർത്ത് ചെടികളുടെ ചുവട്ടിലൊഴിക്കാം. നൈട്രജൻ, ഫോസ്‌ഫറസ്, പൊട്ടാസ്യം ഉൾപ്പെടെയുള്ള മൂലകങ്ങൾ അടങ്ങിയ നല്ല വളമാണിത്.

ഫിഷ് അമിനോ ആസിഡ് : ഒരുകിലോ മത്തിയും ഒരുകിലോ വെല്ലവുമാണ് ഇതിനുവേണ്ടത് (ഒരേ അനുപാതത്തിൽ കുറഞ്ഞ അളവിലുമെടുക്കാം). മത്തി കഷണങ്ങളാക്കിയും വെല്ലം പൊടിച്ചും നല്ല അടപ്പുള്ള പാത്രത്തിലിടുക. അധികം വെയിൽത്തട്ടാത്ത സ്ഥലത്ത് വെക്കണം. ആഴ്ചയിൽ ഒരു തവണ ഇളക്കുക. 45 ദിവസംകൊണ്ട് കുഴമ്പുരൂപത്തിൽ ഫിഷ് അമിനോ ആസിഡ് തയ്യാറാകും. ഇത് അരിച്ചെടുത്ത് അഞ്ച് മില്ലി ഒരുലിറ്റർ വെള്ളത്തിൽ ചേർത്ത് ചുവട്ടിലൊഴിക്കാം. രണ്ട് മില്ലി ഒരുലിറ്റർ വെള്ളത്തിൽ ചേർത്ത് സ്‌പ്രേ ചെയ്യാം. അളവൊട്ടും കൂടാതെ നോക്കണം. ചെടികൾ നന്നായി വളരാനും പൂക്കാനും ഇത് സഹായിക്കും.

എഗ് അമിനോ ആസിഡ് : മുട്ട, ചെറുനാരങ്ങ, വെല്ലം എന്നിവയാണ് ഇതുണ്ടാക്കാൻ വേണ്ടത്. നാടൻമുട്ടയാണ്‌ (ഫെർട്ടിലൈസ്ഡ് എഗ്ഗ്) ഉപയോഗിക്കേണ്ടത്. ഒരു മുട്ട വിസ്താരം കുറഞ്ഞ കുപ്പിയിലിടുക. അത് മുങ്ങുന്നവിധം കുരുവില്ലാത്ത ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിക്കുക. 20 ദിവസം വെയിലില്ലാത്ത സ്ഥലത്ത് മൂടിവെച്ചശേഷം തുറന്ന് ഒരു മുട്ടയ്ക്ക് 25 ഗ്രാം വെല്ലം പൊടിച്ച് കുപ്പിയിലിടുക. നന്നായി ഇളക്കുക. 10 ദിവസം കൂടി കുപ്പിയിൽ അടച്ചിട്ടാൽ കുഴമ്പുരൂപത്തിലുള്ള എഗ്ഗ് അമിനോ ആസിഡ് തയ്യാർ. ഇത് അരിച്ചെടുത്ത് രണ്ട് മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് സ്‌പ്രേ ചെയ്യാം. പൂവിടാൻ പാകത്തിലെത്തിയ ചെടികളിലാണ് തളിക്കേണ്ടത്. കൂടുതൽ പൂക്കളുണ്ടാകാനും കായ്ക്കാനുമാണിത്.

ട്രൈക്കോഡെർമകൊണ്ട് സമ്പുഷ്ടീകരിച്ച ചാണകം : രോഗകാരികളായ ഫംഗസുകളെ നശിപ്പിച്ച് ചെടികൾക്ക് പ്രതിരോധശേഷി നൽകുന്ന മിത്രകുമിളാണ് ട്രൈക്കോഡെർമ. ചെടികൾക്ക് കരുത്തുപകരാൻ ട്രൈക്കോഡെർമകൊണ്ട് സമ്പുഷ്ടീകരിച്ച ചാണകം ഫലപ്രദമാണ്. 90 കിലോ ഉണക്ക ചാണകം, 10 കിലോ പൊടിഞ്ഞ വേപ്പിൻപ്പിണ്ണാക്ക്, ഒരു കിലോ ട്രൈക്കോഡെർമ എന്നിവ അല്പം വെള്ളം ചേർത്ത് പുട്ടിന്റെ പരുവത്തിൽ നന്നായി ഇളക്കി ‘മിക്സാ’ക്കുക. വെയിലില്ലാത്ത സ്ഥലത്തുവെച്ചായിരിക്കണം ഇത് ചെയ്യേണ്ടത്. ഒരടിയിലധികം ഉയരംവരാത്തവിധം പരത്തിയിടണം. തുടർന്ന് നനഞ്ഞ ചണച്ചാക്കുകൊണ്ട് മൂടിവെക്കുക. അഞ്ച് ദിവസം കൂടുമ്പോൾ വീണ്ടും ഇളക്കി മൂടിവെക്കണം. രണ്ടാഴ്ചകൊണ്ട് സമ്പുഷ്ടീകരിച്ച ട്രൈക്കോഡെർമ തയ്യാർ.

കൃഷിക്കു വേണ്ട എല്ലാ വളവും കീടനാശിനിയും അടുക്കളയിൽനിന്നുത്തന്നെ ഉണ്ടാക്കാം. ജൈവകീടനാശിനിയായതുകൊണ്ട് ഇവയെല്ലാം ഒന്നിടവിട്ട ദിവസങ്ങളിൽ പ്രയോഗിക്കണം. 20 വർഷത്തിലേറെയായി വലിയതോതിൽ ജൈവപച്ചക്കറി കൃഷി ചെയ്യുന്ന എന്റെ തോട്ടത്തിൽ വെള്ളീച്ചയോ മറ്റെന്തെങ്കിലും കീടങ്ങളോ വരാറില്ല. കരുത്തോടെ ചെടികൾ വളരുന്നുമുണ്ട്.- ബി. രമാദേവി, ജൈവകർഷക, പെരുന്ന