ഉമ്മുൽഖുവൈൻ : ശൈത്യകാല ക്യാമ്പിങ് അനുമതികൾക്കായുള്ള അപേക്ഷകൾ തിങ്കളാഴ്ച മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് ഉമ്മുൽഖുവൈൻ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. അടുത്തമാസം ഒന്നിനാണ് ക്യാമ്പിങ് സീസൺ ആരംഭിക്കുന്നത്.
അൽ അഖ്റാൻ, അൽ താനിയ എന്നിവിടങ്ങളിലെ ക്യാമ്പിങ് സൈറ്റുകൾക്കായി ഈ മാസം 30 വരെ അപേക്ഷകൾ സമർപ്പിക്കാം. മൂന്ന് മുതൽ ആറ് മാസം വരെ സാധുതയുള്ള അനുമതികളാണ് നൽകുക. ഉമ്മുൽഖുവൈൻ എമിറേറ്റിന്റെ വിസ ഉള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ അനുവാദമുള്ളൂ. അനുവദിക്കപ്പെട്ട ക്യാമ്പിങ് സൈറ്റുകൾ പെർമിറ്റ് ഉടമകൾക്ക് സ്വകാര്യ, താത്കാലിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. സൈറ്റുകൾ വാടകയ്ക്ക് നൽകാനോ വാണിജ്യ പ്രവർത്തനങ്ങൾ നടത്താനോ പാടില്ല. അനുവദിച്ച സ്ഥപരിധിക്കുള്ളിൽ തന്നെ തുടരണം.
ക്യാമ്പിങ് സൈറ്റിൽ ശുചിത്വവും അഗ്നിസുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കണം. ക്യാമ്പിങ് മേഖലകളിൽ അശ്രദ്ധമായി വാഹനമോടിക്കരുത്. മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്ന രീതിയിൽ ലൈറ്റുകൾ, സ്പീക്കറുകൾ, ഡ്രോണുകൾ തുടങ്ങിയവ പ്രവർത്തിപ്പിക്കരുത്. അപേക്ഷ മുനിസിപ്പാലിറ്റി സ്വീകരിച്ചാൽ മൂന്ന് ദിവസത്തിനുള്ളിൽ നിശ്ചിത നിരക്കും സെക്യൂരിറ്റി ഡിപ്പോസിറ്റും അടയ്ക്കണം. അല്ലെങ്കിൽ പെർമിറ്റിനായുള്ള അപേക്ഷ റദ്ദാക്കപ്പെടും. ക്യാമ്പിങ് നിബന്ധനകൾ ലംഘിച്ചാൽ പെർമിറ്റ് റദ്ദാക്കുകയും പിഴ ഉൾപ്പടെയുള്ള നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.
Published: 18 Oct 2026, 01:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented