പമ്പ : ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കൽ, മറ്റ് തീർഥാടന ഇടങ്ങൾ എന്നിവിടങ്ങളിലെ പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. തീർഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്തുകയായിരുന്നു അദ്ദേഹം.
നിലയ്ക്കലിലെ 21 പാർക്കിങ് ഗ്രൗണ്ടുകൾ വൃത്തിയാക്കി മികച്ച രീതിയിൽ സജ്ജമാക്കണമെന്ന് ദേവസ്വം ബോർഡിന് നിർദേശം നൽകി. വകുപ്പുകൾ പ്രവൃത്തികളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാരിൽ അറിയിക്കണം. നിലയ്ക്കലിൽ പുതിയതായി നിർമാണം പൂർത്തിയായ പോലീസ് ബറാക്കിൽ 600 പേർക്ക് സൗകര്യമുണ്ട്. പഴയ ബറാക്കിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്നും നിർദേശിച്ചു.
റോഡുകളുടെ അറ്റകുറ്റപ്പണി രണ്ടാഴ്ചയ്ക്കകം തീർക്കണം
പമ്പ-ചാലക്കയം റോഡിന്റെ ആധുനികരീതിയിലുള്ള നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ പൊതുമരാമത്ത് നിരത്തുവകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകി. മറ്റ് റോഡുകളുടെ അറ്റകുറ്റപ്പണി രണ്ടാഴ്ചയ്ക്കകം തീർക്കണം. നിലയ്ക്കലിൽ ജർമൻ മാതൃകയിലുള്ള പന്തലോടെയുള്ള പോലീസ് എയ്ഡ് പോസ്റ്റ് നിർമാണം, പമ്പ, സന്നിധാനം പോലീസ് മെസ്, പമ്പ പഴയ പോലീസ് സ്റ്റേഷൻ, സന്നിധാനത്തെ എസ്.എച്ച്.ഒ.യുടെ സ്റ്റേഷൻ തുടങ്ങി പോലീസിനായുള്ള സൗകര്യങ്ങളുടെ അറ്റകുറ്റപ്പണി എന്നിവ ദേവസ്വം ബോർഡ് സമയബന്ധിതമായി നടത്തണം.
മരക്കൂട്ടം-ശരംകുത്തി പാതയിൽ ബാരിക്കേഡിങ് ഉറപ്പാക്കണം. സ്ഥിര, താത്കാലിക കെട്ടിടങ്ങളുടെ ഫിറ്റ്നസ് പൊതുമരാമത്ത് കെട്ടിടവിഭാഗം ഉറപ്പാക്കണം. മാലിന്യസംസ്കരണത്തിനും ശുചിത്വത്തിനും ഏറ്റവും പ്രാധാന്യം നൽകണം. കുടിവെള്ള വിതരണത്തിന് കൃത്യമായ നിരീക്ഷണം ഉണ്ടാകണം. തീർഥാടകർക്ക് തദ്ദേശസ്ഥാപനങ്ങളിൽനിന്ന് പരമാവധി സഹായം നൽകണമെന്നും വകുപ്പുകൾ കൃത്യമായ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എട്ട് മന്ത്രിമാരും രണ്ട് എം.പി.മാരും യോഗത്തിൽ പങ്കെടുത്തു.
എം.എൽ.എ.മാരായ പഴകുളം മധു, അബിൻ വർക്കി, സി.വി.ശാന്തകുമാർ, വർഗീസ് മാമ്മൻ, കെ.യു.ജനീഷ് കുമാർ, എം.ജെ.സെബാസ്റ്റ്യൻ, സിറിയക് തോമസ്, റോണി കെ.ബേബി, ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ, എ.ഡി.ജി.പി. പി.വിജയൻ, ജില്ലാ കളക്ടർ എ.നിസ്സാമുദ്ദീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ്, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷർ, വകുപ്പ് സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Published: 18 Oct 2026, 12:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented