ദേശീയ വികസനവും ഭരണനേട്ടങ്ങളും ചർച്ചയായി

To advertise here,

ദുബായ് : യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായി ദുബായിലെ അൽ മർമൂമിൽ കൂടിക്കാഴ്ച നടത്തി. ദുബായ് ഒന്നാം ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും യോഗത്തിൽ സംബന്ധിച്ചു. രാജ്യത്തിന്റെ സമഗ്രവികസനത്തെയും ദേശീയ പ്രാധാന്യമുള്ള നിർണായക വിഷയങ്ങളെയും യോഗം വിശദമായി വിലയിരുത്തി.

യു.എ.ഇയുടെ സമഗ്രമായ വളർച്ച ത്വരപ്പെടുത്തുന്നതിനും ആഗോളതലത്തിൽ രാജ്യത്തിന്റെ മുന്നേറ്റവും നേതൃപാടവവും കൂടുതൽ ഉറപ്പുവരുത്തുന്നതിനുമുള്ള വിവിധ വികസന പദ്ധതികൾ ഭരണാധികാരികൾ ചർച്ച ചെയ്തു. ഭരണനിർവഹണത്തിലെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും, വിവിധ മേഖലകളിലെ വികസന മുൻഗണനകൾ വേഗത്തിലാക്കുന്നതിനുമുള്ള തന്ത്രപ്രധാന തീരുമാനങ്ങളും യോഗത്തിൽ ഉയർന്നു വന്നു. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും രാജ്യത്തിന്റെ ഭാവി അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനും സർക്കാർ സംവിധാനങ്ങളുടെ ഏകോപനം അത്യന്താപേക്ഷിതമാണെന്ന് യോഗം വിലയിരുത്തി. ഭാവി വെല്ലുവിളികളെയും അവസരങ്ങളെയും മുൻകൂട്ടി കണ്ട് പ്രവർത്തിക്കാനും, അവയെ പുതിയ വളർച്ചാസാധ്യതകളാക്കി മാറ്റാനും പരസ്പരം ഏകോപിപ്പിച്ചുള്ള ദേശീയ ശ്രമങ്ങൾ ആവശ്യമാണെന്ന് നേതാക്കൾ ഊന്നിപ്പറഞ്ഞു.