ഔട്ട്‌ഡോർ പരസ്യ നിയന്ത്രണങ്ങൾ കടുപ്പിച്ച് മുനിസിപ്പാലിറ്റി

To advertise here,

ദുബായ് : ദുബായ് നഗരത്തിന്റെ തനതായ ദൃശ്യഭംഗിയും നഗരസംസ്കാരവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുറംഭാഗങ്ങളിലെ പരസ്യങ്ങൾക്ക് പുതിയ നിയന്ത്രണങ്ങളും പൊതു മാർഗനിർദേശങ്ങളും പ്രഖ്യാപിച്ച് ദുബായ് മുനിസിപ്പാലിറ്റി.

'അഡ്വർടൈസിങ് കണ്ടന്റ് റെഗുലേഷൻ ഗൈഡ്‌ലൈൻസ് ഫോർ ദ എമിറേറ്റ് ഓഫ് ദുബായ്' എന്ന പേരിൽ പുറത്തിറക്കിയ ഈ പുതിയ ചട്ടക്കൂട്, പരസ്യങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനൊപ്പം ഡിസൈനുകളിലെ സർഗാത്മകതയെയും നവീകരണത്തെയും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്നു.

എഴുതപ്പെട്ട സന്ദേശങ്ങൾ, ചിത്രങ്ങൾ, ലോഗോകൾ, പ്രമോഷണൽ ആനിമേഷൻ പ്രദർശനങ്ങൾ, ഇന്ററാക്ടീവ് പരസ്യഘടകങ്ങൾ എന്നിവയുൾപ്പെടെ ഔട്ട്ഡോർ പരസ്യങ്ങളുടെ എല്ലാ മേഖലകൾക്കും പുതിയ മാർഗനിർദേശങ്ങൾ ബാധകമായിരിക്കും.

വാണിജ്യ പരസ്യങ്ങൾ നഗരത്തിന്റെ വാസ്തുവിദ്യയ്ക്കും ഭംഗിക്കും തടസ്സമാകാത്ത രീതിയിലും, എമിറേറ്റിലെ സാംസ്‌കാരിക മൂല്യങ്ങൾക്ക് അനുയോജ്യമായ രീതിയിലും പ്രദർശിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനാണ് മുനിസിപ്പാലിറ്റി ഈ തത്വങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്.

അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകളുടെയും നിർമിതബുദ്ധിയുടെയും കടന്നുവരവോടെ മാറിയ പരസ്യശൈലികളെ കൃത്യമായി ഉൾക്കൊള്ളുന്നതാണ് പുതിയ ചട്ടങ്ങൾ.

വൻതോതിൽ പ്രചരിക്കുന്ന എ.ഐ. ഡിജിറ്റൽ സ്ക്രീൻ പരസ്യങ്ങൾക്ക് ഏകീകൃത നിലവാരം കൊണ്ടുവരുന്നതിലൂടെ നഗരത്തിന്റെ മനോഹാരിതയ്ക്ക് പരസ്യങ്ങൾ പോസിറ്റീവായ സംഭാവന നൽകുന്നുവെന്ന് ഉറപ്പാക്കും. മാറുന്ന സാങ്കേതികവിദ്യകൾക്കൊപ്പം നഗരത്തിന്റെ കാഴ്ചഭംഗി ഒട്ടുംകുറയാതിരിക്കാൻ ഈ മാനദണ്ഡങ്ങൾ സഹായിക്കും.

പുതിയ പരസ്യനിയന്ത്രണങ്ങളെക്കുറിച്ചും വിജ്ഞാപനങ്ങളെക്കുറിച്ചും കൂടുതൽ അറിയാനും വിവരങ്ങൾ ശേഖരിക്കാനും ആഗ്രഹിക്കുന്ന ബിസിനസ് സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും ദുബായ് മുനിസിപ്പാലിറ്റിയുടെ കോൾ സെന്റർ നമ്പറായ 800900 എന്ന നമ്പറിൽ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

നിയമലംഘനങ്ങൾ ഒഴിവാക്കാൻ വ്യാപാരികൾ പുതിയചട്ടങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.