ഷാർജ പോലീസിന്റെ രഹസ്യ നിരീക്ഷണത്തിലൂടെ പുറത്തുവന്നത് വൻ സൈബർ കുറ്റകൃത്യം
ഷാർജ : അന്താരാഷ്ട്രതലത്തിൽ ഡിജിറ്റൽ മോഷണം, പണമിടപാട് തട്ടിപ്പ്, ഭീഷണിപ്പെടുത്തി പണംതട്ടൽ, എ.ഐ ഉപയോഗിച്ചുള്ള സൈബർ ആക്രമണങ്ങൾ എന്നിവ നടത്തിവന്ന നാല് ആഗോള കുറ്റകൃത്യ ശൃംഖലകളെ പൂർണമായി തകർത്ത് ഷാർജ പോലീസ്. ‘എൻഡ് ഓഫ് ദ ബാറ്റിൽ’ എന്ന് പേരിട്ട അതിസാഹസികമായ ദൗത്യത്തിലൂടെ 12 രാജ്യങ്ങളിൽനിന്നുള്ള 33 പ്രമുഖ കുറ്റവാളികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലോകമെമ്പാടുമുള്ള മുപ്പതിലധികം കമ്പനികളുടെയും സ്ഥാപനങ്ങളുടെയും 6,500 കോടിയിലധികം ദിർഹം മൂല്യമുള്ള ആസ്തികൾ സുരക്ഷിതമാക്കാനും പോലീസിനായി.
അത്യാധുനിക രീതിയിൽ 882.5 കോടിയിലധികം ദിർഹത്തിന്റെ അനധികൃത പണമിടപാടുകൾ ഇവർ വിവിധ ബാങ്ക് അക്കൗണ്ടുകൾ, ഡിജിറ്റൽ വാലറ്റുകൾ, അന്താരാഷ്ട്ര ഫിനാൻഷ്യൽ പ്ലാറ്റ്ഫോമുകൾ എന്നിവവഴി വെളുപ്പിച്ചതായി ഷാർജ പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തി. തട്ടിയെടുത്ത പണംകൊണ്ട് വാങ്ങിക്കൂട്ടിയ 20 കോടിയിലധികം ദിർഹത്തിന്റെ സമ്പത്തും, 17 ആഡംബര കാറുകൾ, 29 വിലപിടിപ്പുള്ള വാച്ചുകൾ, ആഭരണങ്ങൾ, വില്ലകൾ, ഭൂമി എന്നിവ അധികൃതർ കണ്ടുകെട്ടി. കൂടാതെ സൂക്ഷ്മ പരിശോധനയ്ക്കായി അയ്യായിരത്തിലധികം ഡിജിറ്റൽ വാലറ്റുകളും ആറായിരത്തിലധികം രേഖകളും പോലീസ് കണ്ടെടുത്തു.
മൂന്ന് വ്യത്യസ്ത ഘട്ടങ്ങളിലൂടെയും കൃത്യമായ ചുമതലകളിലൂടെയുമാണ് ഈ നാല് ശൃംഖലകളും പ്രവർത്തിച്ചിരുന്നത്. ആദ്യ ശൃംഖല വിവരങ്ങൾ ചോർത്തുന്നതിലും, രണ്ടാമത്തേത് ഡിജിറ്റൽ ആസ്തികൾവഴി പണം വെളുപ്പിക്കുന്നതിലും, മൂന്നാമത്തേത് എ.ഐ സംവിധാനങ്ങൾ ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുന്നതിലും, നാലാമത്തെ സംഘം ഡിജിറ്റൽ വാലറ്റുകളുടെ പാസ്വേഡുകൾ കൈക്കലാക്കാൻ ഇരകളെ ശാരീരികമായി ഉപദ്രവിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഡാർക്ക് വെബിലൂടെയാണ് ചോർത്തിയ വ്യക്തിഗതവിവരങ്ങൾ വിറ്റഴിച്ചിരുന്നത്. ഡ്രൈവർരഹിത കാറുകളും ലക്ഷ്വറി ജീവിതവും നയിച്ച് അന്താരാഷ്ട്ര തലത്തിൽ മാന്യന്മാരായി നടന്നിരുന്നവരാണ് പിടിയിലായ പ്രധാനസൂത്രധാരന്മാർ.
നിഗൂഢമായ ഡിജിറ്റൽ വാലറ്റും വലിയതുകയും കൈവശം വെച്ചിരുന്ന കൗമാരക്കാരനെ കേന്ദ്രീകരിച്ച് നടത്തിയ രഹസ്യാന്വേഷണമാണ് ഈ തട്ടിപ്പുസംഘത്തിന്റെ പതനത്തിന് വഴിതുറന്നത്. വലിയതോതിൽ ഡിജിറ്റൽ ആസ്തികളുള്ള വിദേശികളെ തട്ടിക്കൊണ്ടുപോയി സ്വത്തുക്കൾ തട്ടിയെടുക്കാൻ പ്രതികൾ തയാറാക്കിയ വൻ പദ്ധതിയും ഷാർജ പോലീസിന്റെ യഥാസമയത്തുള്ള ഇടപെടൽ മൂലം തകർക്കപ്പെട്ടു. ഒപ്പം എട്ട് മണിക്കൂർ കൂടുമ്പോൾ മാറുന്ന എൻക്രിപ്റ്റഡ് സെക്യൂരിറ്റി കോഡുകൾ ഉപയോഗിച്ചായിരുന്നു പ്രതികളുടെ ആശയവിനിമയം. യു.എ.ഇ. ആഭ്യന്തരമന്ത്രാലയം, ഷാർജ പബ്ലിക് പ്രോസിക്യൂഷൻ, വിദേശ സുരക്ഷാ ഏജൻസികൾ എന്നിവരുടെ പിന്തുണയോടെയും അത്യാധുനിക സാങ്കേതികവിദ്യയുടെ കരുത്തിലുമാണ് ചരിത്രത്തിലെ ഏറ്റവുംവലിയ ഈ സൈബർ വേട്ട ഷാർജ പോലീസ് വിജയകരമായി പൂർത്തിയാക്കിയത്.
Published: 16 Oct 2026, 12:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented