ദുബായ് : പാസ്പോർട്ടോ ബോർഡിങ് പാസോ കൈയിൽ കാണിക്കാതെ, ഇമിഗ്രേഷൻ കൗണ്ടറിനുമുന്നിൽ നിൽക്കാതെ നടന്ന് പോകുന്നതിനിടെ യാത്രാനടപടികൾ പൂർത്തിയാക്കുന്ന ദുബായിയുടെ 'റെഡ് കാർപെറ്റ്' ബയോമെട്രിക് സംവിധാനം കൂടുതൽ യാത്രക്കാരിലേക്ക്.

To advertise here,

2026 ജനുവരി മുതൽ ഓഗസ്റ്റ് വരെ 7,45,188 യാത്രക്കാരാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുഖംതിരിച്ചറിയൽ സാങ്കേതികവിദ്യയും ഉപയോഗിക്കുന്ന റെഡ് കാർപെറ്റ് സംവിധാനം പ്രയോജനപ്പെടുത്തിയതെന്ന് ദുബായ് താമസ, കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ.) മേധാവി ലഫ്. ജനറൽ മുഹമ്മദ് അൽ മർറി അറിയിച്ചു.

ശരാശരി 3.4 സെക്കൻഡിനുള്ളിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന സംവിധാനത്തിലൂടെ യാത്രക്കാരെ നിർത്താതെ കടത്തിവിടുന്ന 100 ശതമാനം 'സ്റ്റോപ്പ്-ഫ്രീ' നിരക്കും ഇത് രേഖപ്പെടുത്തി.

റെഡ് കാർപെറ്റ് നിലവിലെ ഇമിഗ്രേഷൻ പ്രോസസ്സിങ് സമയം 12.5 സെക്കൻഡിൽനിന്ന് 3.4 സെക്കൻഡായി, അതായത് 60 ശതമാനം കുറയ്ക്കാനും സാധിച്ചു. ഒരേസമയം 10 യാത്രക്കാരെ വരെ പ്രോസസ്സ് ചെയ്യാൻ സംവിധാനത്തിന് കഴിയും.

പേപ്പർ രേഖകളും ശാരീരികസ്പർശവും ഒഴിവാക്കുന്നതോടൊപ്പം സുരക്ഷാ പരിശോധനകളും തത്സമയം പൂർത്തിയാക്കുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

എട്ട് മാസത്തിനിടെ 2.58 കോടി യാത്രക്കാരാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളംവഴി സഞ്ചരിച്ചത്.

ഇതിൽ 93.82 ലക്ഷം പേർ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ച് പ്രവേശന-പുറത്തുകടക്കൽ നടപടികൾ പൂർത്തിയാക്കി.

ആകെ യാത്രക്കാരിൽ 60 ശതമാനത്തിലധികം പേർ സ്മാർട്ട് ഗേറ്റ് സംവിധാനമാണ് ഉപയോഗിച്ചതെന്ന് ദുബായിലെ എയർപോർട്ടുകൾക്കായുള്ള ജി.ഡി.ആർ.എഫ്.എ.യുടെ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷാൻക്വിതി പറഞ്ഞു.

20.66 ലക്ഷം കുട്ടികൾക്ക് പ്രത്യേക സേവനം

: കുട്ടികൾക്കായി ഒരുക്കിയ പ്രത്യേക പാസ്പോർട്ട് പ്ലാറ്റ്‌ഫോം ആരംഭിച്ചതുമുതൽ 20,66,195 കുട്ടികൾക്ക് സേവനംനൽകി. ഇതിൽ 2026-ലെ ആദ്യ എട്ട് മാസത്തിൽമാത്രം 2,12,746 കുട്ടികൾ ഉൾപ്പെടുന്നു. കുട്ടികൾക്ക് കൂടുതൽ സൗഹൃദപരവും ആകർഷകവുമായ അന്തരീക്ഷത്തിലാണ് ഇവിടെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന കുട്ടിയാത്രക്കാർക്ക് യാത്ര ഒരു വേറിട്ട അനുഭവം സമ്മാനിക്കുന്നതിനായി 2023 ഏപ്രിൽ 18-നാണ് ജി.ഡി.ആർ.എഫ്.എ.-പ്രത്യേക പാസ്പോർട്ട് കൺട്രോൾ കൗണ്ടറുകൾ തുറന്നത്. എയർപോർട്ടിന്റെ ടെർമിനൽ മൂന്നിൽ, നാലുമുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഈ കൗണ്ടറുകളിൽ, കുട്ടികൾക്ക് തന്നെ സ്വന്തമായി പാസ്പോർട്ടിൽ ഇമിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിക്കാനുള്ള അപൂർവ അവസരവുമുണ്ട്. ദുബായിൽ എത്തുന്ന കുട്ടികൾക്ക് അവിസ്മരണീയമായ സ്വീകരണാനുഭവം നൽകാൻ ഈ സംരംഭത്തിലൂടെ സാധിക്കുന്നു. നിശ്ചയദാർഢ്യമുള്ള വിഭാഗത്തിലുള്ള യാത്രക്കാർക്കായി പ്രത്യേക ഇമിഗ്രേഷൻ ലെയിനുകൾ, കേൾവി സഹായ സംവിധാനങ്ങൾ, ആക്‌സസിബിൾ സൗകര്യങ്ങൾ എന്നിവയും ദുബായ് എയർപോർട്ടിൽ ഒരുക്കിയിട്ടുണ്ട്. ഇവർക്കായി 263 ഉദ്യോഗസ്ഥരെയും ഫെസിലിറ്റേറ്റർമാരെയും പരിശീലിപ്പിച്ചു. സേവനനിലവാരം വിലയിരുത്താൻ 15 പ്രത്യേക സംഘങ്ങളും വിമാനത്താവളം സന്ദർശിച്ചു.