ബാലരാമപുരം : വിഴിഞ്ഞം രാജ്യാന്തര തുറമുഖവികസനത്തിന്റെ ഭാഗമായി ബാലരാമപുരത്ത് ആരംഭിക്കുന്ന ആദ്യ കണ്ടെയ്‌നർ ഫ്രൈറ്റ് സ്റ്റേഷൻ വരുന്നതോടെ ബാലരാമപുരം-വിഴിഞ്ഞം റോഡിലെ പൊതുചന്ത നിർമാണം ത്രിശങ്കുവിലായി.

To advertise here,

കഴിഞ്ഞ ബുധനാഴ്ച വൈകീട്ടാണ് ആദ്യ കണ്ടെയ്‌നർ ഫ്രൈറ്റ് സ്റ്റേഷന്റെ തറക്കല്ലിടൽകർമം വാണിജ്യ വ്യാവസായിക വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ബാലരാമപുരത്ത് നിർവഹിച്ചത്. വിഴിഞ്ഞം റോഡിലെ സ്പിന്നിങ് മിൽ വളപ്പിലാണ് കണ്ടെയ്‌നർ ഫ്രൈറ്റ് സ്റ്റേഷൻ നിർമിക്കുന്നത്.

ഫ്രൈറ്റ് സ്റ്റേഷന്റെ നിർമാണം പൂർത്തിയാകുന്നതോടെ ബാലരാമപുരം-വിഴിഞ്ഞം റോഡ് വികസവും ഉണ്ടാകുമെന്നാണ് കരുതുന്നത്. റോഡ് വികസനം വരുമ്പോൾ ബാലരാമപുരം കവലവരെയാകും വികസനം നടക്കുന്നത്. റോഡ് വികസനത്തിന്റെ സാധ്യത മുന്നിൽക്കണ്ടാണ് പൊളിച്ചുമാറ്റിയ സ്ഥലത്തെ ചന്തനിർമാണം പഞ്ചായത്തിനെ ആശയക്കുഴപ്പത്തിലാക്കുന്നത്.

വെള്ളിയാഴ്ച ചന്തയുടെ നിർമാണവുമായി ബന്ധപ്പെട്ടു പൊളിച്ചുമാറ്റിയ സ്ഥലത്ത് താലൂക്ക് അധികതർ വസ്തു അളന്നുതിട്ടപ്പെടുത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷീല പറഞ്ഞു.

കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് ചന്തനവീകരിക്കുന്നതിന്റെ ഭാഗമായി ചന്തയിലുണ്ടായിരുന്ന കാലപ്പഴക്കംചെന്ന കെട്ടിടങ്ങൾ പൊളിച്ചത്. ചന്ത പൊളിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിൽത്തന്നെ അന്ന് ഭിന്നാഭിപ്രായമുണ്ടായിരുന്നു. വിഴിഞ്ഞം വികസനവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ മുന്നിൽക്കണ്ടാകണം പുതിയ കെട്ടിടം നിർമിച്ചാൽ പൊളിക്കേണ്ടി വന്നേക്കാമെന്നും അന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ അതൊന്നും കാര്യമാക്കാതെയാണ് ചന്തയിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതും വ്യാപാരികളെ ഒഴിപ്പിച്ചതും. വ്യാപാരികളിൽ ഒരു വിഭാഗം പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.

പുതിയ സ്ഥലം വേണ്ടെന്ന്‌ വ്യാപാരികൾ 

വിഴിഞ്ഞം റോഡിൽ പ്രവർത്തിച്ചിരുന്ന പൊതുചന്ത പൊളിച്ചതിനെത്തുടർന്ന് പഞ്ചായത്ത് വ്യാപാരികൾക്ക്‌ കൊടിനടയിലെ കച്ചേരിക്കുളത്ത് സ്ഥലം കണ്ടെത്തിയെങ്കിലും അവർ കച്ചവടം ചെയ്യാൻ തയ്യാറായില്ല. അടിസ്ഥാനസൗകര്യങ്ങൾ കുറവെന്ന കാരണത്താലാണ് വ്യാപാരികൾ കച്ചേരിക്കുളത്തേക്കു മാറാത്തത്‌.

എന്നാൽ ജലവിതരണവും വൈദ്യുതിയുമായും ബന്ധപ്പെട്ട് പണികൾ പൂർത്തിയാക്കിയിരുന്നു. ശൗചാലയം മാത്രമാണ് ഇല്ലാത്തത്‌. ഇതിനു പരിഹാരമായി കൊടിനടയിൽ ശൗചാലയം നിർമിക്കാൻ തീരുമാനിച്ചു.

എന്നാൽ വ്യാപാരികൾ കച്ചവടത്തിന് എത്താതെവന്നതിനാൽ ശൗചാലയനിർമാണവും മുടങ്ങുകയാണുണ്ടായത്.