ഗ്ലോബൽ വില്ലേജിന്റെ 31-ാമത് പതിപ്പ് ബുധനാഴ്ച ആരംഭിച്ചപ്പോൾ
3500-ലേറെ ഷോപ്പിങ് കേന്ദ്രങ്ങൾ, സാഹസിക റൈഡുകൾ
90-ലേറെ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 29 പവിലിയനുകൾ
രുചിവൈവിധ്യങ്ങളുമായി 250-ലേറെ റസ്റ്ററന്റുകൾ
ദുബായ് : ഗ്ലോബൽ വില്ലേജിന്റെ 31-ാമത് പതിപ്പിന് ബുധനാഴ്ച തുടക്കമായി. ആദ്യദിനം തന്നെ ആയിരക്കണക്കിനാളുകളാണ് ഗ്ലോബൽ വില്ലേജിലെത്തിയത്. പതിവ് കലാപരിപാടികളൊരുക്കി വില്ലേജ് ജനങ്ങളെ സ്വീകരിച്ചു. അടുത്ത വർഷം മേയ് വരെ നീളുന്ന പുതിയ പതിപ്പിൽ പതിവുപോലെ ഒട്ടേറെ ആകർഷണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈവിധ്യമാർന്ന വിനോദ പരിപാടികൾ, 3500-ലേറെ ഷോപ്പിങ് കേന്ദ്രങ്ങൾ, സാഹസിക റൈഡുകൾ, 90-ലേറെ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 29 പവിലിയനുകൾ, രുചിവൈവിധ്യങ്ങളുമായി 250-ലേറെ റസ്റ്ററന്റുകൾ തുടങ്ങിയവയാണ് പുതിയ പതിപ്പിന്റെ സവിശേഷതകൾ.
‘എ മോർ വണ്ടർഫുൾ വേൾഡ്’ എന്നതാണ് ഇത്തവണത്തെ പ്രമേയം. പ്രവൃത്തിദിനങ്ങളിൽ 25 ദിർഹവും വാരാന്ത്യങ്ങളിൽ 30 ദിർഹവുമാണ് പ്രവേശനത്തിനായി നൽകേണ്ടത്.
ഗ്ലോബൽ വില്ലേജിന്റെ ഔദ്യോഗിക വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ഗേറ്റുകളിലും ടിക്കറ്റുകൾ ലഭ്യമാകും. തിങ്കൾമുതൽ ബുധൻവരെ വൈകീട്ട് നാലുമണിമുതൽ അർധരാത്രിവരെയും വ്യാഴംമുതൽ ഞായർവരെയും പൊതു അവധി ദിനങ്ങളിലും പുലർച്ചെ ഒരു മണിവരെയും പ്രവർത്തിക്കും.
സന്ദർശകരുടെ സംതൃപ്തിക്കായി ഒട്ടേറെ സേവനങ്ങളും സൗകര്യങ്ങളും പുതിയ പതിപ്പിലും ഒരുക്കിയിട്ടുണ്ട്. വി.ഐ.പി. പാർക്കിങ്ങിന് പ്രത്യേക വെൻഡിങ് യന്ത്രങ്ങൾ വഴി സെൽഫ്-െപയ്മന്റ് സംവിധാനം അവതരിപ്പിക്കും. എക്സിറ്റ് പോയിന്റുകളിൽ എത്തുന്നതിന് മുമ്പ് സന്ദർശകർക്ക് പാർക്കിങ് നിരക്കുകൾ അടയ്ക്കുന്നത് തിരക്ക് കുറയ്ക്കാം.
നേരത്തെ എക്സിറ്റിൽ മാത്രമേ പാർക്കിങ് നിരക്ക് നൽകാൻ സൗകര്യമുണ്ടായിരുന്നുള്ളൂ. ഗ്ലോബൽ വില്ലേജിന്റെ പ്രത്യേക വി.ഐ.പി. പായ്ക്കുകൾ ഇല്ലാത്തവർ വി.ഐ.പി. പാർക്കിങ്ങിനായി 200 ദിർഹം പ്രതിദിനം നൽകണം.
ഹാപ്പിനെസ് ഗേറ്റ് പ്രവേശന കവാടത്തിന് സമീപത്തായി ഒട്ടേറെ പണമടച്ചുള്ള പാർക്കിങ് സോണുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ 75 ദിർഹം മുതൽ 120 ദിർഹം വരെ പാർക്കിങ്ങിന് ചെലവാകും.
നിശ്ചയദാർഢ്യമുള്ളവർക്കായി പ്രത്യേക പാർക്കിങ്ങും സന്ദർശകർക്കായി ഒട്ടേറെ സൗജന്യ പാർക്കിങ് സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. എമിറേറ്റിലെ പ്രധാനപ്പെട്ട ഷോപ്പിങ്-വിനോദ കന്ദ്രമാണ് ദുബായ് ഗ്ലോബൽ വില്ലേജ്.
Published: 15 Oct 2026, 01:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented