ഉപ്പുതറ : ഇടുക്കി വന്യജീവി സങ്കേതത്തിലെ കണ്ണംപടി വനമേഖലയിലുള്ള ആദിവാസി ഊരുകൾക്ക് വന്യമൃഗശല്യത്തിൽ നിന്ന് സംരക്ഷണമൊരുക്കാനുള്ള പദ്ധതികളുടെ നിർമാണം അന്തിമഘട്ടത്തിലേക്ക്. മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വതപരിഹാരം കാണുന്നതിനായി നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ 2,35,92,744 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരള പോലീസ് ഹൗസിങ് കൺസ്ട്രക്ഷൻ സൊസൈറ്റിക്കാണ് നിർമാണച്ചുമതല.
35 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന 12 ആദിവാസി ഊരുകളുടെ സംരക്ഷണത്തിനായി 10.4 കിലോമീറ്റർ ട്രഞ്ചും 5.4 കിലോമീറ്റർ സൗരോർജ വൈദ്യുതി തൂക്കുവേലിയുമാണ് നിർമിക്കുന്നത്. ഇതിൽ 7.27 കിലോമീറ്റർ ട്രഞ്ചിന്റെയും 2.7 കിലോമീറ്റർ വേലിയുടെയും നിർമാണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
ഭക്ഷണവും വെള്ളവും ഉറപ്പാക്കും
വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാൻ കാടിനുള്ളിൽ തന്നെ ഭക്ഷണവും വെള്ളവും ഉറപ്പാക്കുന്നതിനായി 60.35 ലക്ഷം രൂപയുടെ മറ്റൊരു പദ്ധതിയും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്.
ചതുപ്പുനിലങ്ങൾ (വയലുകൾ), കുളങ്ങൾ, ചെക്ക് ഡാമുകൾ എന്നിവ നവീകരിച്ചും പുതിയവ നിർമിച്ചുമാണ് കാട്ടിനുള്ളിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നത്.
1200-ഓളം കുടുംബങ്ങൾക്ക് ആശ്വാസമാകും
പരമ്പരാഗതമായി വനത്തിനുള്ളിൽ താമസിക്കുന്നവർക്ക് പുറമേ, ഇടുക്കി പദ്ധതിക്കായി മുത്തംപടിത്താഴെ, ചെറുശേരിത്തടം, കെട്ടുചിറ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് കുടിയൊഴിപ്പിച്ച് സർക്കാർ പുനരധിവസിപ്പിച്ചവരുമടക്കം 1200-ഓളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. കൃഷിയും വനവിഭവ ശേഖരണവും നടത്തുന്ന ഈ കുടുംബങ്ങളുടെ കൃഷിയിടങ്ങൾ വന്യമൃഗങ്ങൾ നശിപ്പിക്കുന്നത് പതിവായിരുന്നു.
പുതിയ പദ്ധതികൾ പൂർത്തിയാകുന്നതോടെ വന്യജീവി സങ്കേതത്തിലെ മുഴുവൻ മനുഷ്യവാസ മേഖലകൾക്കും പൂർണസംരക്ഷണം ഉറപ്പാക്കാൻ സാധിക്കുമെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.
പദ്ധതി നടപ്പാക്കുന്ന മേഖലകൾ
സൗരോർജവേലി : ഇഞ്ചപ്പാറ, വൻമാവ്, കൊല്ലത്തിക്കാവ്, കോതപാറ.
ട്രഞ്ച് : മേമാരി, ചൊക്കള്ളി, ചെമ്പകശ്ശേരി, പെരമ്പൻ, ഈട്ടിക്കൽപടി, നാഗമുത്തി, കണ്ണംപടി, കിഴുകാനം, ചന്ദനകാനം, ചെമ്പകപ്പാറ, കല്ലേക്കുളം, കത്തിതേപ്പൻ, പൂക്കൊമ്പൻപടി, പുള്ളുവേലി ഗിരീഷ് പടി, പാറൻതോട്ടം, കുമരി കുളം, കോയിപ്രാംപടി, മേമാരി ഇഡിസി പടി, ജയിംസ്പടി.
Published: 23 Sept 2026, 02:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented