കട്ടപ്പന : ഏതാനും ദിവസങ്ങളായി ഇടവിട്ട് ചാറ്റൽമഴ ലഭിച്ചതോടെ പ്രതീക്ഷയിൽ ഏലം കർഷകർ.

To advertise here,

മികച്ചവില ലഭിക്കുന്ന സമയത്ത് മഴ ഇങ്ങനെ തുടർന്നാൽ ഉത്പാദനം വർധിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ.

കഴിഞ്ഞ വേനൽ ശക്തമായതും കാലവർഷം പ്രതീക്ഷിച്ച രീതിയിൽ ലഭിക്കാതെ വന്നതും ഏലം കർഷകർക്ക് തിരിച്ചടിയായിരുന്നു.

ജൂൺ, ജൂലായ്‌ മാസങ്ങളിൽ മഴകുറഞ്ഞത് വലിയരീതിയിൽ ഏലച്ചെടികളെ ബാധിച്ചിരുന്നു.

19-20 ഡിഗ്രിയിൽ താപനില ഉണ്ടാവേണ്ട തോട്ടങ്ങളിൽ മഴ കുറഞ്ഞതോടെ 24 ഡിഗ്രി ചൂടായിരുന്നു നിലനിന്നത്.

കട്ടപ്പന, നെടുങ്കണ്ടം പ്രദേശങ്ങളിലെ ഏലം ഉത്പാദന കേന്ദ്രങ്ങളിൽ കഴിഞ്ഞ രണ്ടുദിവസമായി മഴ ലഭിക്കുന്നുണ്ട്.

മഴക്കുറവിനെ തുടർന്ന് ഏലക്കാവില ഉയരുമെന്ന് ചെറുകിട വ്യാപാരികളും കർഷകരും മനസ്സിലാക്കിയിരുന്നു.

ഇതോടെ 3000 രൂപയിൽ താഴെ വില നൽകി സംഭരിച്ച ഏലക്കായ 3250 രൂപയ്ക്ക് വരെ വിറ്റഴിക്കാനായി. ഏലംവിലയിൽ നേരിയ വർധനവ് ഉണ്ടായതിന് പിന്നാലെ വളത്തിനും കീടനാശിനികൾക്കും വില ഉയർന്നത് പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് കർഷകർ പറയുന്നു.

500-700 രൂപവരെ വിവിധകമ്പനികൾ വളത്തിന് വില വർധിപ്പിച്ചത് കർഷകർക്ക് അധികച്ചെലവ് ഉണ്ടാക്കുന്നുണ്ട്.

നിറയാതെ പടുതാക്കുളങ്ങൾ

വേനൽക്കാലത്ത് കൃത്യമായ ജലസേചനം നൽകിയാൽ മാത്രമേ ഏലച്ചെടികൾ നില നിൽക്കുകയുള്ളു.

വൻകിട എസ്റ്റേറ്റുകളിൽ തടയണകളും കുളങ്ങളുമാണ് ഇതിന് ഉപയോഗിക്കുന്നത്.

എന്നാൽ ചെറുകിട കർഷകർക്ക് പടുതാക്കുളങ്ങളാണ് ആശ്രയം. ഇത്തവണ പടുതാക്കുളങ്ങൾ കാലവർഷത്തിലും പിന്നീട് ന്യൂനമർദത്തെ തുടർന്ന് ലഭിച്ച മഴയിലും നിറയാത്തത് കർഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്.

തുലാവർഷം ശക്തമായി ലഭിച്ച് കുളങ്ങൾ നിറഞ്ഞില്ലെങ്കിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ജലസേചനത്തിന് ബുദ്ധിമുട്ടുണ്ടാകും.

ചെറിയ കൈത്തോട്ടുകളാലും നീരുറവകളാലും സമൃദമായിരുന്ന ഒട്ടേറെ തോട്ടംമേഖലകളിൽ ഇവയെല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

കുഴൽക്കിണറുകളെ ആശ്രയിക്കുന്ന കർഷകരും ഒട്ടേറെയുണ്ടെങ്കിലും ഭൂഗർഭജലത്തിന്റെ അളവ് ഗണ്യമായിക്കുറയുന്നത് തിരിച്ചടിയാകും.