ദുബായ്: യു.എ.ഇയിലെ സ്വകാര്യ മേഖലയിൽ നടന്ന വ്യാജ സ്വദേശിവത്കരണത്തിനെതിരെ നടപടി കടുപ്പിച്ച് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. 2026-ന്റെ ആദ്യ പകുതിയിൽ നടപ്പിലാക്കിയ പരിശോധനകളിൽ 266 സ്വകാര്യ കമ്പനികളിലായി 377 വ്യാജ സ്വദേശിവത്കരണ കേസുകൾ കണ്ടെത്തിയതായി മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. നിശ്ചിത സ്വദേശിവത്കരണ ലക്ഷ്യങ്ങൾ മറികടക്കുന്നതിനായി നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കമ്പനികൾക്കും ഇതിന് കൂട്ടുനിന്ന വ്യക്തികൾക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
സ്വകാര്യ സ്ഥാപനങ്ങളിൽ യഥാർഥത്തിൽ ജോലി നൽകാതെയോ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കാതെയോ സ്വദേശികളുടെ പേരുകൾ വ്യാജമായി രജിസ്റ്റർ ചെയ്ത് സർക്കാരിന്റെ നിർബന്ധിത സ്വദേശിവത്കരണ ക്വാട്ട പൂർത്തിയാക്കുന്ന പ്രവണതയാണ് വ്യാജ സ്വദേശിവത്കരണം. എന്നാൽ രാജ്യത്തെ തൊഴിൽ വിപണിയിൽ ഇത് വ്യാപകമായ സംഭവമല്ലെന്നും ചില സ്ഥാപനങ്ങൾ നടത്തുന്ന ഒറ്റപ്പെട്ട നിയമലംഘനങ്ങൾ മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കി. കൃത്യമായ പരിശോധനകളിലൂടെ ഇത്തരക്കാരെ കണ്ടെത്തുന്നത് തുടരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സ്വദേശിവത്കരണ നയങ്ങളും ലക്ഷ്യങ്ങളും പൂർണ്ണമായും പാലിക്കാൻ സ്വകാര്യ സ്ഥാപനങ്ങളോടും യു.എ.ഇ പൗരന്മാരോടും മന്ത്രാലയം അഭ്യർഥിച്ചു. നിയമങ്ങൾ വളച്ചൊടിക്കാനും വ്യാജ നിയമനങ്ങൾ നടത്താനും ശ്രമിക്കുന്നവർക്കെതിരെ കടുത്ത പിഴയും നിയമനടപടികളും ഉണ്ടാകുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. വ്യാജ സ്വദേശിവത്കരണം സംബന്ധിച്ച് സംശയങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 600590000 എന്ന കോൾ സെന്റർ വഴിയോ, മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ അല്ലെങ്കിൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ പൊതുജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

To advertise here,