വണ്ണപ്പുറം : ഇടുക്കിയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ആനചാടികുത്ത് വെള്ളച്ചാട്ടത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തത് സഞ്ചാരികൾക്ക് വലിയ ഭീഷണിയാണ്. മലപ്പുറത്ത് കഴിഞ്ഞദിവസമുണ്ടായ അപകടത്തിന് സമാനമായി പെട്ടെന്ന് വെള്ളം ഒഴുകിയെത്തി ജീവനുകളെ ഒഴുക്കിക്കൊണ്ട് പോകാൻ സാധ്യതയുള്ള സ്ഥലമാണിത്. മുണ്ടന്മുടി മലനിരകളിൽനിന്ന് ഒഴുകിയെത്തുന്ന തോട് നാക്കയം തോടായും പിന്നീട് വെള്ളാരം തോടായും ഒടുവിൽ കാളിയാർ പുഴയിൽ ലയിക്കുന്നതിനിടയിൽ ആണ് ആനചാടികുത്ത് വെള്ളച്ചാട്ടം.

To advertise here,

പ്രത്യക്ഷത്തിൽ അപകടം തോന്നില്ലെങ്കിലും മലയിലും വനത്തിലും അപ്രതീക്ഷിതമായി ഉണ്ടാകുന്ന ശക്തമായ മഴയിൽ പെട്ടെന്ന് വെള്ളം കുതിച്ചെത്താൻ സാധ്യതയുണ്ട്. ഇതോടെ കുത്ത് രൗദ്രഭാവത്തിലാകും. ഇങ്ങിനെ കലങ്ങിമറിഞ്ഞു കുതിച്ചെത്തുന്നവെള്ളം സഞ്ചാരികളെ വെള്ളച്ചാട്ടത്തിന് ഇരുകരകളിലും കുടുക്കും. ഓർക്കാപ്പുറത്ത് കുതിച്ചെത്തുന്ന വെള്ളം വെള്ളച്ചാട്ടത്തിൽ ഇറങ്ങിനിൽക്കുന്ന സഞ്ചാരികൾക്കും അപകടം ഉണ്ടാക്കാം. ഇത്ചിലപ്പോൾ വലിയ ദുരന്തങ്ങൾക്ക് വഴിവെച്ചേക്കാം. വെള്ളച്ചാട്ടത്തിന് ഇരുവശത്തുമുള്ള അപകടകരമായ പാറക്കെട്ടുകളിൽ സഞ്ചാരികൾ കയറിയിരുന്ന് ഫോട്ടോയെടുക്കുന്നതും വിനോദങ്ങളിൽ ഏർപ്പെടുന്നതും പതിവാണ്. മലനിരകളിൽ മഴ പെയ്ത് പെട്ടെന്ന് വെള്ളം ഉയരുമ്പോൾ ഈ പാറക്കെട്ടുകളിൽ അകപ്പെട്ട് സഞ്ചാരികൾ കുടുങ്ങിപ്പോകാനും സാധ്യതയേറെയാണ്.

കഴിഞ്ഞകാലങ്ങളിൽ സമാനമായ രീതിയിൽ ഇവിടെ സഞ്ചാരികൾ കുടുങ്ങിയിട്ടുണ്ട് അഗ്നിരക്ഷാസേന എത്തിയാണ് ഇവരെ മറുകര എത്തിച്ചത്. ഉടമസ്ഥാവകാശത്തിന്റെ പേരിൽ വണ്ണപ്പുറം പഞ്ചായത്തും വനംവകുപ്പും ആനചാടി കുത്തിന്റെ പേരിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഇത് ഇവിടെ സുരക്ഷാ ക്രമീകരണം ഒരുക്കാൻ തടസ്സമാണ്. സർക്കാർ ഇടപെട്ട് അവകാശതർക്കം പരിഹരിക്കണം. പഞ്ചായത്തും ടൂറിസം വകുപ്പും ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെയും സഞ്ചാരികളുടെയും ആവശ്യം.

വേണം മുന്നറിയിപ്പ്

അപകടാവസ്ഥയെക്കുറിച്ചും മഴക്കാലത്ത് സ്വീകരിക്കേണ്ട ജാഗ്രതയെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ ഇവിടെയില്ല. പാറക്കെട്ടുകളിലേക്ക് കയറുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്കായി വേലി നിർമിക്കുകയും വേണം.