സർക്കാരിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യം
ദുബായ് : അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് വിജയകരമായ ഭരണം കാഴ്ചവെക്കുന്നതിനായി മൂന്ന് അടിസ്ഥാന തത്ത്വങ്ങൾ മുന്നോട്ടുവെച്ച് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സാഹചര്യങ്ങൾക്കനുസരിച്ച് മാറാനുള്ള കഴിവ്, ശാക്തീകരിക്കൽ, തീരുമാനങ്ങൾ വേഗത്തിൽ കൈക്കൊള്ളൽ എന്നിവയാണ് ഭാവി നേതൃത്വത്തിന്റെ അടിത്തറയെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ പുതിയ പുസ്തകമായ 'ദ മെസ്സേജസ്'എന്ന ഗ്രന്ഥത്തിലെ 'എന്റെ ടീമിനുള്ള സന്ദേശം' എന്ന അധ്യായത്തിലാണ് രാജ്യത്തിന്റെ വികസന യാത്രയിൽ തന്നോടൊപ്പം അഹോരാത്രം പ്രയത്‌നിച്ച സർക്കാർ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും അഭിസംബോധന ചെയ്തുകൊണ്ട് ശൈഖ് മുഹമ്മദ് ഭാവി ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയത്.
കേവലം സിവിൽ സർവീസുകാരായി നിൽക്കാതെ ഓരോ സർക്കാർ ജീവനക്കാരനും മികച്ച നേതാവായി വളരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പഴയകാലത്തെപ്പോലെയല്ല ഇന്നത്തെ ലോകമെന്ന് ശൈഖ് മുഹമ്മദ് ഓർമ്മിപ്പിച്ചു. പതിറ്റാണ്ടുകളിൽ ഒരിക്കൽ എന്നതിനുപകരം മാസം തോറുമോ അല്ലെങ്കിൽ ഓരോ ആഴ്ചയിലോ സാങ്കേതികവിദ്യ മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും ആഗോള സാമ്പത്തിക-രാഷ്ട്രീയ സംഭവവികാസങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഒരു പ്രാരംഭ കമ്പനിയിലെ പ്രോഗ്രാമർ എഴുതുന്ന ഒരൊറ്റ വരിക്ക് പോലും കോടിക്കണക്കിന് ഡോളർ മൂല്യമുള്ള കമ്പനികളുടെയും ആഗോള സാമ്പത്തിക രംഗത്തിന്റെയും ഗതി മാറ്റാൻ സാധിക്കും. അത്തരം സങ്കീർണമായ ലോകത്ത് പരമ്പരാഗത രീതിയിലുള്ള ഭരണനേതൃത്വത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാവി നേതാക്കൾക്കുള്ള മൂന്ന് തത്ത്വങ്ങൾ
ദീർഘകാല പദ്ധതികൾക്ക് പകരം ഫ്‌ളെക്‌സിബിലിറ്റി അതാണ് ഒന്നാമത്തെ തത്ത്വം. ഭാവിയിലെ മികച്ച നേതാവ് അഞ്ചോ പത്തോ വർഷത്തെ ദീർഘകാല പദ്ധതികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആളാകരുത്. പകരം എപ്പോഴും പഠിക്കാനും, പഴയത് മറന്ന് പുതിയത് ഉൾക്കൊള്ളാനും കഴിവുള്ള സ്ഥാപനങ്ങളെയും ടീമുകളെയും രൂപപ്പെടുത്തുകയാണ് ചെയ്യേണ്ടത്. ഭാവിയെ മുൻകൂട്ടി പ്രവചിക്കുന്നതിനേക്കാൾ പ്രധാനം അതിനെ നേരിടാൻ എപ്പോഴും സജ്ജരായിരിക്കുക എന്നതാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
മനുഷ്യവിഭവശേഷിയാണ് ഏറ്റവും വലിയ ആസ്തി. ഇതാണ് രണ്ടാമത്തെ തത്ത്വം. യന്ത്രങ്ങളോ കംപ്യൂട്ടറുകളോ അല്ല ഒരു സ്ഥാപനത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, മറിച്ച് അതിൽ ജോലി ചെയ്യുന്ന മനുഷ്യരാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സർഗാത്മകതയുടെയും പുതിയ ആശയങ്ങളുടെയും ഉറവിടം ആളുകളാണ്. പരമ്പരാഗത നേതാക്കൾ ജീവനക്കാരെ നിരീക്ഷിക്കുകയും അവരുടെ തെറ്റുകളെ ഭയപ്പെടുകയും ചെയ്യുമ്പോൾ, ഭാവിയിലെ മികച്ച നേതാവ് അവരുടെ കഴിവുകളെ സ്വതന്ത്രമാക്കുകയും പുതിയ പരീക്ഷണങ്ങൾ നടത്താനുള്ള അന്തരീക്ഷം ഒരുക്കുകയും ചെയ്യുന്നു.
തീരുമാനങ്ങൾ എടുക്കുന്നതിലെ വേഗതയാണ് മൂന്നാമത്തെ തത്ത്വം. സ്ഥാപനങ്ങൾ പ്രതികരിക്കുന്ന വേഗത കുറഞ്ഞാൽ ആ സ്ഥാപനങ്ങൾ അതിവേഗം തകർച്ചയിലേക്ക് കൂപ്പുകുത്തും.
തെറ്റായ തീരുമാനങ്ങളേക്കാൾ അപകടകരമാണ് തീരുമാനങ്ങൾ എടുക്കുന്നതിൽ വരുത്തുന്ന വൈകൽ. പൂർണ ഉറപ്പുണ്ടാകുന്നതുവരെ കാത്തിരിക്കാതെ കൃത്യസമയത്ത് ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നവരാണ് ചരിത്രം സൃഷ്ടിക്കുന്നത്. കൃത്രിമബുദ്ധി പോലുള്ള സാങ്കേതികവിദ്യകളെ സമയം ലാഭിക്കാനും തീരുമാനങ്ങൾ വേഗത്തിലാക്കാനും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഭാവി ആർക്കും വേണ്ടി കാത്തുനിൽക്കില്ലെന്നും, വഴക്കമുള്ള പ്രവർത്തന സംസ്‌കാരം വളർത്തിയെടുത്ത് വേഗത്തിൽ തീരുമാനങ്ങൾ എടുത്ത് മുന്നേറിയാൽ രാജ്യം കൂടുതൽ മികച്ച ഭാവിയിലേക്ക് എത്തുമെന്നും ആശംസിച്ചുകൊണ്ടാണ് ശൈഖ് മുഹമ്മദ് സന്ദേശം അവസാനിപ്പിച്ചത്.
Published: 29 Sept 2026, 01:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented