അബുദാബി: രാജ്യത്തെ ആഭ്യന്തര ഹെലിപോർട്ടുകളുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള സമയപരിധി രണ്ട് പ്രവൃത്തി ദിവസമായി (48 മണിക്കൂർ) കുത്തനെ കുറച്ച് യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ). നേരത്തെ ഹെലിപോർട്ടുകൾക്ക് അനുമതി ലഭിക്കുന്നതിനായി നൽകിയിരുന്ന സർട്ടിഫിക്കേഷൻ പ്രക്രിയയ്ക്ക് 135 ദിവസത്തോളം സമയം എടുത്തിരുന്ന സ്ഥാനത്താണ് പുതിയ ഇളവുകൾ പ്രാബല്യത്തിൽ കൊണ്ടുവന്നത്.
റെഗുലേറ്ററി നടപടിക്രമങ്ങൾ ഒഴിവാക്കി വ്യോമയാന മേഖലയിലെ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അതിവേഗ ഗതാഗത സംവിധാനങ്ങൾക്ക് വഴിയൊരുക്കുന്നതിനുമാണ് ഈ നിർണായക തീരുമാനം. സർട്ടിഫിക്കേഷൻ സമ്പ്രദായത്തിന് പകരം ലളിതമായ പുതിയ രജിസ്‌ട്രേഷൻ സംവിധാനമാണ് ഇതിനായി അതോറിറ്റി സജ്ജമാക്കിയിരിക്കുന്നത്.
അതേസമയം, അന്താരാഷ്ട്ര സർവീസുകൾ നടത്തുന്ന ഹെലിപോർട്ടുകൾക്കും സർട്ടിഫിക്കേഷൻ അത്യാവശ്യമായ മറ്റ് പ്രധാന വ്യോമയാന കേന്ദ്രങ്ങൾക്കും നിലവിലുള്ള വിശദമായ മാനദണ്ഡങ്ങളും പരിശോധനകളും തുടർന്നും ബാധകമായിരിക്കും. യു.എ.ഇയിലെ വ്യോമയാന മേഖല കൈവരിച്ച വളർച്ചയുടെ പ്രതിഫലനമാണ് പുതിയ നിയമമെന്ന് ജി.സി.എ.എ ഡയറക്ടർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സുവൈദി പറഞ്ഞു.
സുരക്ഷാ മാനദണ്ഡങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെ തന്നെ ഭരണപരമായ കാലതാമസം ഒഴിവാക്കാൻ ഇത് സഹായിക്കും. റിസ്‌ക് കുറഞ്ഞ ആഭ്യന്തര സർവീസുകൾക്ക് ലളിതമായ നടപടികളും ഉയർന്ന റിസ്‌കുള്ള മേഖലകളിൽ കൃത്യമായ നിരീക്ഷണവും ഉറപ്പാക്കുന്നതാണ് പുതിയ രീതി. യു.എ.ഇ സർക്കാരിന്റെ 'സീറോ ഗവൺമെന്റ് ബ്യൂറോക്രസി' നയത്തിന്റെ ഭാഗമായാണ് ഈ പരിഷ്‌കാരമെന്ന് ഏവിയേഷൻ സേഫ്റ്റി അഫയേഴ്‌സ് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അഖീൽ അൽ സറൂണി വ്യക്തമാക്കി. ഇതിലൂടെ പുതിയ ഹെലികോപ്റ്റർ സർവീസുകൾക്കും ഭാവിയിലെ വെർട്ടിക്കൽ ഏവിയേഷൻ സാങ്കേതികവിദ്യകൾക്കും കൂടുതൽ നിക്ഷേപങ്ങൾ എത്താൻ വഴിയൊരുങ്ങും.
ഇറാനിയൻ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ജി.സി.എ.എ
യു.എ.ഇക്കും ഇറാന്റെ വിവിധ നഗരങ്ങൾക്കുമിടയിൽ ഇറാനിയൻ വിമാനക്കമ്പനികൾ നടത്തുന്ന എല്ലാ സർവീസുകളും സെപ്റ്റംബർ 24 മുതൽ താൽക്കാലികമായി നിർത്തിവെച്ചതായി ജി.സി.എ.എ അറിയിച്ചു. ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്ക് തുടരുമെന്നും അതോറിറ്റി വ്യക്തമാക്കി.
Published: 28 Sept 2026, 05:04 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented